Friday 07 July 2023 09:59 AM IST : By സ്വന്തം ലേഖകൻ

‘ജീവിതപ്പാതിയിൽ പങ്കാളി അപ്രതീക്ഷിതമായി വിടപറഞ്ഞു പോയാൽ?’: ഒറ്റപ്പെടലിൽ തുണയാകും ഈ വാക്കുകൾ

old-age

പ്രശസ്ത ധ്യാനഗുരുവും ഫാമിലി കൗൺസലറും ആയ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ പംക്തി

നമ്മൾ ദിവസവും ഒരു സൂര്യന് രണ്ടു മുഖം കാണുന്നു. ഒന്ന് ഉദയസൂര്യൻ. രണ്ട് അസ്തമയസൂര്യൻ. ഉദയസൂര്യന്റെ മുഖത്ത് നല്ല തിളക്കമാണ്. ചെയ്യേണ്ട കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം അതിനെ ജ്വലിപ്പിക്കുന്നു. ജീവിതത്തിൽ ഒരു കാലത്ത് നമ്മളെല്ലാം ഉദയസൂര്യനെ പോലെയാണ്. വിവാഹം കഴിച്ച്, മക്കൾക്ക് ജന്മം കൊടുത്തു, വിവാഹം കഴിച്ചു, സാമൂഹിക ഭദ്രതയുണ്ടാക്കി....തലമുറകളെ വാർത്തെടുത്തു. ഉദയസൂര്യൻ ചൂടോടെ ഒാടിനടന്നു. മറ്റൊന്ന് അസ്തമയസൂര്യനാണ്. അസ്തമയസൂര്യനും സന്തോഷമാണ്. പുറകോട്ടു തിരിഞ്ഞുനോക്കി ചെയ്തതിനെക്കുറിച്ച് നന്ദി പറയുന്നു.

വാർധക്യം അസ്തമയസൂര്യന്റെ അവസ്ഥയാണ്. ജീവിതം അവസാനിച്ചു എന്നല്ല. അസ്തമയസൂര്യന്റെ തൃപ്തി വാർധക്യത്തിൽ ഉണ്ടാകണം. ഒരുപക്ഷേ, വിചാരിച്ചതുപോലെ മരുമക്കളിൽ നിന്നും മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നും സ്നേഹം തിരിച്ചു കിട്ടണമെന്നില്ല. അങ്ങനെ കിട്ടാതെ ഇരിക്കുമ്പോഴും എന്റെ കടമ നിർവഹിച്ചല്ലോ എന്ന തൃപ്തി വേണം. എന്റെ ഒാട്ടം നന്നായിത്തന്നെ പൂർത്തിയാക്കി, ബാക്കിയെല്ലാം വരുംപോലെ എന്ന ഒരു നിറവ് വാർധക്യത്തിൽ അനുഭവിക്കാൻ ഒാരോ വ്യക്തിക്കും കഴിയണം.

ഒരു പ്രായം കഴിയുമ്പോൾ പാലിക്കേണ്ട പ്രത്യേകതയാണ് മൗനം. മക്കളോ കൊച്ചുമക്കളോ തെറ്റു ചെയ്യുന്നതു കണ്ടാൽ ശാസിക്കണം, അരുതെന്നു വിലക്കണം. അതേസമയം എന്തിലും കയറി കമന്റ് പറയരുത്. നിങ്ങളുടെ കാലഘട്ടമല്ല ഇപ്പോഴത്തെ കാലഘട്ടം. നിങ്ങളുടെ അറിവല്ല ഇപ്പോഴത്തെ അറിവ്. ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ചില കാര്യങ്ങൾ കാലോചിതമായി ചെയ്യുമ്പോൾ എന്റെ കാലം, എന്റെ കുട്ടിക്കാലം, ഞാൻ പണ്ട്... എന്നിങ്ങനെ പഴഞ്ചൻ തത്വങ്ങളും പറഞ്ഞുകൊണ്ടുവരുത്. മാറിയ ലോകത്തെ മനസ്സിലാക്കുക. നമ്മൾ പലതും പറഞ്ഞിട്ട് ആരും സ്വീകരിച്ചില്ലെങ്കിൽ ഉള്ള വില പോകും. പിന്നെ വീട്ടിൽ നിന്ന് ഔട്ടായതുപോലെ തോന്നും.

അതുണ്ടാകാതിരിക്കണമെങ്കിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുക. എല്ലാ കാര്യങ്ങളിലും കമന്റ് പറയുന്നതു വിവേകം അല്ല. ട്രാഫിക് ലൈറ്റുകൾ രണ്ടെണ്ണമുണ്ട്. ഒന്ന് ചുവപ്പ്, മറ്റൊന്ന് പച്ച. സ്േറ്റാപ് എന്നു കാണിക്കാൻ ചുവന്ന ലൈറ്റ്, പ്രൊസീഡ് എന്നു കാണിക്കാൻ പച്ച ലൈറ്റ്. കുടുംബത്തിനു ചേരാത്തതും അന്തസ്സിനു ചേരാത്തതുമായ പെരുമാറ്റം ഉണ്ടാവുമ്പോൾ അരുത് എന്നു പറയുന്ന ചുവപ്പു ലൈറ്റാകാൻ കാരണവന്മാർ ശ്രദ്ധിക്കുക. കുടുംബത്തിനും സമൂഹത്തിനും നന്മ വരുന്ന പ്രവൃത്തി നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രോത്സാഹനം കൊടുക്കുക.

നല്ല വായന വേണം. മതഗ്രന്ഥങ്ങളും ഭക്തിപുസ്തകങ്ങളും മാത്രം വായിച്ചാൽ പോര. നല്ല പുസ്തകങ്ങൾ വായിക്കണം. പുതിയ മാറ്റങ്ങളും രീതികളും ഊഹിക്കാൻ പറ്റണമെങ്കിൽ പുതിയ വായന വേണം. കണ്ണു കാണാൻ പറ്റുന്നവരെല്ലാം വായിക്കണം. ഇല്ലെങ്കിൽ പുസ്തകങ്ങൾ ഒാഡിയോ രൂപത്തിൽ കേൾക്കാൻ സംവിധാനമുണ്ട്. അതു കേൾക്കണം.

ഒരിക്കലും പഴഞ്ചനായി എന്നു സ്വയം കരുതരുത്. എനിക്കു പ്രായമായി, ഇനിയൊന്നിനും കൊള്ളുകേല എന്ന തോന്നൽ ദൂരെക്കളയുക. വായിച്ചും കാലികപ്രസക്തമായ പരിപാടികൾ കണ്ടും സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെയും മിനിമമായ അറിവെങ്കിലും എല്ലാത്തിലും ശേഖരിക്കുക.

മറ്റൊന്നാണ് സഹവാസം. ചെറുപ്പക്കാരനായ മകനും മരുമകളും കുഞ്ഞുകുട്ടികളും ഉള്ളിടത്ത് പ്രായമുള്ളവർക്ക് തലമുറകളുടെ വിടവു തോന്നും. അതു തോന്നാതിരിക്കാൻ നിങ്ങളുടെ അടുത്തുള്ള സമപ്രായക്കാരുമായി ബന്ധം സ്ഥാപിക്കുക. ഒരുമിച്ചു ടിവി കാണാം, പ്രഭാതസവാരിക്കോ സായാഹ്ന സവാരിക്കോ പോകാം. അല്ലെങ്കിൽ അത്തരം ക്ലബുകളിൽ പോവാം. ഇന്നത്തെ വ്യഥകളും നാളത്തെ സ്വപ്നങ്ങളും പങ്കുവയ്ക്കാം. എല്ലാവരും അവരവരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ എന്റെ അതേ അവസ്ഥയുള്ള ഒരുപാട് പേരുണ്ട് എന്ന തിരിച്ചറിവുണ്ടാകും. ഒരേ പ്രായക്കാർ ഒരുമിച്ചുകൂടുമ്പോൾ അവരുടെയിടയിൽ സൗഹൃദമുണ്ട്. സ്നേഹത്തിന്റെ സംഭാഷണമുണ്ട്. അതിലൂടെ ഒത്തിരിയേറെ പിടിച്ചുനിൽക്കാനും മനസ്സിനെ ബലപ്പെടുത്താനും സാധിക്കും.

മറ്റൊന്നാണ് മാതൃകയായി ജീവിക്കുക എന്നത്. പ്രായമായ കാർന്നോമ്മാര് തമ്മിൽ വഴക്കാണെങ്കിൽ മകനും ഭാര്യയ്ക്കും അവരോടുള്ള ആദരവ് നഷ്ടപ്പെടും. കരുണയുടെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, വിട്ടുവീഴ്ചയുടെ അക്ഷരങ്ങൾ കൊച്ചുമക്കൾ കണ്ടുപഠിക്കുന്നത് കാരണവന്മാരിൽ നിന്നാണ്. കാര്യഗൗരവം, കൃത്യനിഷ്ഠ, ഉത്തരവാദിത്തബോധം, മതനിഷ്ഠ, ധാർമിക മൂല്യങ്ങൾ ഇതിന്റെയൊക്കെ അർഥതലങ്ങൾ പഠിക്കുന്നത് പ്രായമായവരിൽ നിന്നാണ്. അതുകൊണ്ട് നിങ്ങൾ ഗുണങ്ങളുടെ നിഘണ്ടുവാകുക.

പ്രായമായ ദമ്പതികൾ ദിവസവും അൽപനേരം ഒരുമിച്ചിരുന്നു സംസാരിക്കണം. തൊലിപ്പുറത്തെ സൗന്ദര്യമൊക്കെ തീർന്നു. പല്ലു കൊഴിഞ്ഞു, മുടി നരച്ചു, മുഖത്തു ചുളിവുകൾ വീണു. ശരി തന്നെ. പക്ഷേ, സ്നേഹം തൊലിപ്പുറത്തല്ല, അത് മനസ്സിലാണ്. ശരീരത്തിന്റെ വെണ്മയിലും മിനുസ്സത്തിലും മിടുക്കിലുമല്ല, അത് ഉള്ളിലാണ്. വാർധക്യത്തിൽ ദമ്പതികൾ തമ്മിൽ സ്നേഹം കാണിക്കുമ്പോൾ പുതിയ തലമുറയ്ക്ക് അതൊരു മനോഹരമായ പാഠമാണ്.

കൂടൊഴിഞ്ഞെന്ന തോന്നൽ

ജീവിതമങ്ങനെ ഒഴുകുമ്പോൾ ചിലപ്പോൾ പങ്കാളി അപ്രതീക്ഷിതമായി വിടപറഞ്ഞു പോകാം. ഒറ്റയ്ക്കാകുന്ന പങ്കാളിക്ക് വലിയ ഏകാന്തത അനുഭവപ്പെടും. കൂടൊഴിഞ്ഞ അവസ്ഥ. മനസ്സ് ആകുലമാകും, പതിയെ വിഷാദക്കയത്തിലേക്ക് കൂപ്പുകുത്താം. ഒാരോരുത്തരുടെയും മതവിശ്വാസമനുസരിച്ചുള്ള പ്രാർഥന, മതഗ്രന്ഥ പാരായണം, ധ്യാനം ഇവയൊക്കെ വിഷമങ്ങളിൽ താങ്ങാകും. എന്നാൽ ചിലരിൽ ഒറ്റപ്പെടലിന്റെ വേദന വഴക്കായും വാശിയായും വളർന്ന് അപകടകരമായ അവസ്ഥയിലേക്കത്താം. ഒറ്റപ്പെടലും വിഷാദവും നമ്മുടെ പിടിയിലൊതുങ്ങുന്നില്ല എന്നു തോന്നുന്നുവെങ്കിൽ ഒളിച്ചുവയ്ക്കരുത്, വിദഗ്ധ സഹായം തേടാൻ മടിക്കുകയുമരുത്.

ഒാർക്കുക, വാർധക്യം ഉള്ളിലേക്കൊതുങ്ങാനുള്ളതല്ല...അസ്തമയസൂര്യൻ മാഞ്ഞുപോകുന്നതിനു മുൻപ് ഒരൽപം വെളിച്ചം വിതറിയാണ് പോവുക. സായംകാലത്തിന്റെ അരുണശോഭ... വാർധക്യവും സ്നേഹത്തിന്റെയും കരുതലിന്റെയും അരുണശോഭ പരത്താനുള്ള സമയമാകട്ടെ....