മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കെട്ടാമെന്നു പ്രമാണം. എന്നാൽ അതിനു മുടിയില്ലെങ്കിലോ? പിന്നെ പരിഹാരം തേടി പരക്കം പാച്ചിലായി. കൗമാരപ്രായക്കാർ മുതൽ വൃദ്ധർവരെ എല്ലാവരേയും ഒരുപോലെ അലട്ടുന്നതും പരിഹാരമാർഗ്ഗങ്ങൾക്കും ചികിത്സയ്ക്കുമായി ധാരാളം പണം ചിലവാക്കപ്പെടുന്നതുമായ ഒരവസ്ഥയാണ് മുടി കൊഴിച്ചിൽ. മനുഷ്യ സൗന്ദര്യത്തിന്റെ ബാഹ്യനിർവ്വചനപ്പട്ടികയിൽ പ്രമുഖ സ്ഥാനം മുടിയഴകിനുണ്ട്. അത് പുരുഷനായാലും സ്ത്രീയായാലും അതുകൊണ്ടുതന്നെ അൽ പ്പമൊന്നു ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ കുറയ്ക്കാനും ഉള്ള മുടി ആരോഗ്യത്തോെട സംരക്ഷിക്കാനും അതുവഴി സൗന്ദര്യം നിലനിർത്താനും കഴിയും.
മുടി കൊഴിച്ചിൽ
ആരോഗ്യവാനായ ഒരാളുടെ തലയോട്ടിയിൽ നിന്ന് ദിവസേന 50 മുതൽ 100 വരെ മുടികൾ കൊഴിയാറുണ്ട്. ഇത് തികച്ചും സ്വാഭാവികം. ലക്ഷത്തോടടുത്ത് മുടികൾ തലയിലുള്ളപ്പോൾ ഇത് അത്ര കാര്യമാക്കേണ്ടതും ഇല്ല. മുടി നഷ്ടപ്പെടുന്നതുപോലെ തന്നെ പുതിയ മുടി മുളയ്ക്കുകയും ചെയ്യും. എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. മുടികൊഴിച്ചിൽ എന്നു പൊതുവായി പറയുമ്പോൾ തലയിലെ മുടി എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിലും ദേഹത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും രോമം പൊഴിയാം (താടിമീശ, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ രോമങ്ങൾ എന്നിവ). രോമം കൊഴിയുന്നതിനെ അലോപേഷ്യ (alopecia) എന്നാണ് പറയുന്നത്.
മുടികൊഴിച്ചിലുണ്ടായാൽ എല്ലാ ചികിത്സാരീതികളും പരീക്ഷിക്കുന്നവരാണ് പുതിയ തലമുറയിലുള്ളവർ. കൃത്യമായ കാരണം കണ്ടെത്തി ചികിത്സ നൽകുകയും മുടി വളരാനുള്ള സാവകാശവും സമയവും നൽകിയാൽ നഷ്ടപ്പെട്ടതും വളർച്ച മുരടിച്ചതുമായ മുടി വീണ്ടും വളരാനുള്ള സാധ്യത കൂടും.
രണ്ടുതരം കൊഴിച്ചിൽ
മുടി കൊഴിച്ചിൽ രണ്ടു തരത്തിൽ ഉണ്ട്. താൽക്കാലിക മുടി കൊഴിച്ചിലും, സ്ഥിരമായ മുടി കൊഴിച്ചിലും. പേരു സൂചിപ്പിക്കുന്നതുപോലെ താൽക്കാലിക മുടി കൊഴിച്ചിൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടു സംഭവിക്കുന്നതും ചികിത്സിച്ചു മാറ്റാവുന്നതും ആണ്. കൊഴിച്ചിലിന്റെ ആ പ്രത്യേക കാരണം മാറുമ്പോൾ തനിയെ മാറുകയും ചെയ്യാം.
സ്ഥിരമായ മുടി കൊഴിച്ചിലാകട്ടെ ചികിത്സയിൽ മാറാത്തതും പലപ്പോഴും പ്രായം കൂടുന്നതിനനുസരിച്ച് സംഭവിക്കുന്നതുമാണ്. (ഉദാ: കഷണ്ടി).
മിക്ക മുടി കൊഴിച്ചിലും താൽക്കാലികവും പ്രത്യേക കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്നതും ആയതിനാൽ ഭയക്കേണ്ടതില്ല. അതേ സമയം മുടി കൊഴിച്ചിലിനെക്കുറിച്ച് ഓർത്ത് ടെൻഷനടിച്ചാൽ മുടി കൊഴിച്ചിലിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ടെന്നും ഓർക്കുക.
ഹോർമോൺ കാരണം
ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങളിലെല്ലാം മുടികൊഴിച്ചിൽ കണ്ടുവരാറുണ്ട്. പലപ്പോഴും ഇത് താൽക്കാലികവുമാണ്. ഗർഭാവസ്ഥ, പ്രസവശേഷം, ആർത്തവ വിരാമത്തിനുശേഷം, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുമ്പോഴും അവ നിറുത്തുമ്പോഴും എല്ലാം മുടി കൊഴിച്ചിൽ കണ്ടു വരാറുണ്ട്.
ശരീരഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റ് ചെയ്യുന്നവരിലും കാര്യമായമുടികൊഴിച്ചിൽ കാണാറുണ്ട്. വൈറ്റമിൻ B12 കുറവു കാരണവും തെറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യത്തിന്റെ ഫലമായും ഇത്തരം മുടികൊഴിച്ചിൽ ഉണ്ടാകാം. തലമുടി മാത്രമല്ല പുരികം, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുടി കൊഴിയുന്ന അവസ്ഥ തെറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യമുള്ളവരിൽ ഉണ്ടാകാം. അവരിൽ മുടിനാരിന്റെ സ്നിഗ്ധത കുറഞ്ഞുവരുന്നതായും കാണാറുണ്ട് .
രോഗങ്ങളും അണുബാധകളും
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ (ഹോർമോണിന്റെ കുറവോ കൂടുതലോ), മുടിയുടെ വേരുകളെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺരോഗമായ അലോപേഷ്യ ഏറിയേറ്റ (ഒരു പ്രത്യേക ഭാഗത്ത് വട്ടത്തിൽ മുടി പൊഴിയുന്നത്), ലൈക്കൻ പ്ലാനസ്, ചിലതരം ലൂപ്പസ് ബാധകൾ (SLE), റിങ് വേം എന്നിവയൊക്കെ മുടി കൊഴിച്ചിലിനു കാരണമാകാം.
സാധാരണയിൽ കവിഞ്ഞ അളവിൽ മുടികൊഴിയുന്ന പലർക്കും കുറച്ച മാസങ്ങൾക്കു മുൻപ് ഡെങ്കിപ്പനി, പൊങ്ങൻപനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വന്നിട്ടുണ്ടാകാം.
∙ ഭക്ഷണത്തിലെ പോരായ്മകൾ
ഭക്ഷണത്തിൽ പ്രോട്ടീന്‍, അയൺ, ചില ധാതുലവണങ്ങൾ എന്നിവയുടെ അപര്യാപ്തത മുടി കൊഴിയാന്‍ കാരണമായേക്കാം. അതിനാൽ സമീകൃതമായ ഭക്ഷണം മുടിക്കും അനിവാര്യമാണ്.
ഭക്ഷണം ശ്രദ്ധിക്കുക
ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം വൈറ്റമിൻ എ (കാരറ്റ്, മീനെണ്ണ, മുട്ട, ചീര, മറ്റ് ഇലക്കറികൾ മുതലാവയ), വൈറ്റമിൻ ഇ (ആൽമണ്ട്, കപ്പലണ്ടി, സോയാബീൻ, സൂര്യകാന്തി എണ്ണ മുതലായവ). വൈറ്റമിൻ ബി (തവിടോടു കൂടിയ ധാന്യങ്ങൾ , മുട്ട, പയറുവർഗ്ഗങ്ങൾ, പാൽ ചീസ് മുതലായവ) എന്നിവ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. ഇവ തലയോട്ടിയിലെ എണ്ണമയം വർധിപ്പിക്കാനും മുടിയുടെ വേരുകൾക്കു ബലമുണ്ടാക്കാനും, മുടിക്കു തിളക്കവും നിറവും വർധിപ്പിക്കാനും സഹായിക്കും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സുനിൽ മൂത്തേടത്ത്
പ്രഫസർ,
അമൃത കോളേജ്
ഓഫ് നഴ്സിങ്,
കൊച്ചി