Saturday 05 February 2022 04:15 PM IST

‘അന്ന് വയർ ഒതുക്കുന്നതിനായി ബെൽറ്റ് കെട്ടേണ്ടി വന്നു...പിന്നെ’; റിമിടോമി മെലിഞ്ഞ് സുന്ദരിയായതിന്റെ രഹസ്യം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

rimi-c

ഭാവമധുരിമയുള്ള സ്വരത്താൽ പാടുന്നതെല്ലാം സൂപ്പർ ഹിറ്റുകളാക്കുന്ന പാട്ടുകാരി ഒരു പുതിയ തീരുമാനമെടുത്തപ്പോൾ സംഗീത ജീവിതം കൂടുതൽ മനോഹരമായി. അമിതഭാരത്തെ ജീവിതമെന്ന സ്‌റ്റേജിനു പുറത്തു നിർത്തിയാലോ എന്ന ആലോചന റിമി ടോമിയെ ഡയറ്റിങ് എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കാണെത്തിച്ചത്. ഈ പാലാക്കാരിക്കു പറയാൻ കുറെ ഡയറ്റ് വിശേഷങ്ങളുണ്ട്.

Q പ്രചോദനം?

ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ഇടാൻ കഴിയുന്നതു പോലെ. എനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറു ചാടിയിരുന്നാലോ. പണ്ടു സ്‌റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കുന്നതിനായി ബെൽറ്റ് കെട്ടുമായിരുന്നു. സ്‌റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു.

Q ഡയറ്റിനൊപ്പം വ്യായാമവും?

വ്യായാമം മുടങ്ങാതെ ചെയ്യുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആയിരിക്കുമ്പോൾ അവിടെ ജിമ്മുകളിൽ വർക്ഒൗട്ട് ചെയ്യും. അതു മുടക്കാറില്ല. 70ശതമാനം ആഹാരനിയന്ത്രണവും 30ശതമാനം വർക് ഒൗട്ടും എന്നാണല്ലോ പറയുന്നത്.

Q ഡയറ്റ് മെയ്‌‌ക് ഒാവർ ?

r1

ഫൂഡ് എനിക്കു വലിയ ക്രേസ് ആണ്. അൽപം കഴിച്ചാൽ തന്നെ തടിക്കും. ഡയറ്റിങ് തുടങ്ങിയ ശേഷം പാലിൽ പ്രഭാതഭക്ഷണത്തിനാവശ്യമായ പോഷകങ്ങൾ ചേർത്തു തയാറാക്കുന്ന ഒരു ന്യൂട്രീഷനൽ ഷെയ്ക് ആണ് ബ്രേക് ഫാസ്റ്റ്. മൂന്നു വർഷമായി ഇതു തുടരുന്നു. പ്രഭാത ഭക്ഷണത്തിനായി ബുഫെയിലേക്കൊക്കെ പോയാൽ ഡയറ്റിങ് താളം തെറ്റും. ഉച്ചയ്ക്കു വിശക്കാത്ത അവസ്ഥ വരും.അതൊക്കെ ഒഴിവാക്കി. ബ്രേക്ഫാസ്റ്റിൽ അപൂർവമായി ഇടയ്ക്ക് രണ്ട് ഇ‍ഡ്‌ലിയോ, ദോശയോ, അൽപം പുട്ടോ കഴിക്കും.

കേരളത്തിലാണെങ്കിൽ ഉച്ചയ്ക്ക് അൽപം ചോറു കഴിക്കണമെന്നുണ്ട്. കൂടെ തോരൻ, മീൻ കറി അല്ലെങ്കിൽ മീൻ വറുത്തത്, പുളിശ്ശേരി, ചമ്മന്തി അങ്ങനെ... പൊതിച്ചോറ് ഒാൺലൈനിൽ ഒാഡർ ചെയ്തു കഴിക്കാനുമിഷ്ടമാണ്. ചോറ് അളവു തീരെ കുറയ്ക്കാറില്ല. കാരണം എനിക്കു നാടൻ ഭക്ഷണം ഒരുപാടിഷ്ടമാണ്.

ചിക്കനും മീനും ഒന്നിച്ചു കഴിക്കില്ല. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കി. രാത്രി ഏഴരയാകുമ്പോഴേക്കും ചിക്കൻ വിത് സാലഡ്, അല്ലെങ്കിൽ ഫിഷ് വിത് സാലഡ് അങ്ങനെ കഴിക്കും. പിന്നെ കർക്കശഡയറ്റിങ് ഒന്നുമില്ല കെട്ടോ. ഞാൻ യാത്ര ഒരുപാടിഷ്ടമുള്ളയാളാണ്. ഈ യാത്രകളിൽ രാത്രിയിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കും. എങ്കിലും രാത്രി നേരത്ത് കാർബോഹൈഡ്രേറ്റ് ഒഴിവാക്കും. തിരികെയെത്തുമ്പോൾ കൃത്യമായി ഡയറ്റിങ് തുടരും.

വെള്ളം കുടിക്കലും പ്രധാനമാണ്. ദിവസവും മൂന്നര ലീറ്ററെങ്കിലും വെള്ളം കുടിക്കും. ഉച്ചഭക്ഷണത്തിന് അര മണിക്കൂർ മുൻപായി രണ്ടു ലീറ്റർ, ഉച്ചഭക്ഷണത്തിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒന്നരലീറ്റർ. ബോട്ടിലിൽ വെള്ളം കൂടെ കരുതിയാൽ വെള്ളം കുടിക്കൽ എളുപ്പമാണ്.

rimi

എണ്ണയിൽ വറുത്ത സ്നാക്സ് കഴിക്കാറില്ല. പഞ്ചസാര പൂർണമായും ഒഴിവാക്കും. ബ്ലാക് ടീ, ബ്ലാക് കോഫി, ഗ്രീൻ ടീ ഇവയാണു കഴിക്കാറുള്ളത്. ഇഷ്ടം തോന്നിയാൽ നെസ് കോഫിയോ, കാപ്പുച്ചീനോയൊ കുടിക്കും. പഴങ്ങളിൽ പപ്പായയും ഞാലിപ്പൂവൻ പഴവും ഇഷ്ടമാണ്.കുറച്ചു വർഷം മുൻപ് 64 കിലോ വരെ ഭാരം കൂടിയിരുന്നു. ഇപ്പോൾ 54 കിലോ ആണ് ഭാരം. എന്റെ ബോഡിമാസ് ഇൻഡക്സ് പ്രകാരം 52 കിലോ മതി. ഇടയ്ക്ക് 52–ൽ എത്തിയിരുന്നു. ഇപ്പോൾ അൽപമൊന്നു കൂടിയതാണ്.

ചിലപ്പോൾ ഈ ഡയറ്റിങ് ഭാരിച്ച ഒരു ഉത്തരവാദിത്തം പോലെ തോന്നും. എങ്കിലും പഴയ രൂപത്തെക്കുറിച്ച് ഒാർമിക്കുമ്പോൾ അതിലേക്കു തിരികെ പോകാനും വയ്യ. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് പേർ അഭിനന്ദിക്കാറുണ്ട്. അവർക്കെല്ലാം എങ്ങനെയാണ് ഞാൻ മെലിഞ്ഞതെന്ന് അറിയണം. ഡയറ്റ് ടിപ്സും ചോദിക്കാറുണ്ട്... റിമി വാചാലയാകുന്നു.

Tags:
  • Celebrity Fitness