Friday 02 September 2022 05:33 PM IST

‘ആറു വർഷം കഴിഞ്ഞ് അമ്മയാകാൻ ഒരുങ്ങിയപ്പോൾ ഒരു കാര്യം ആശിച്ചിരുന്നു’; കുഞ്ഞുവിന്റെ അമ്മ പറയുന്നു

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

അഭിനേതാക്കളുടെ ഭാര്യമാരിൽ പലരും താരപ്രഭയുടെ നിഴലിൽ മറഞ്ഞു നിൽക്കും. എന്നാൽ അവരിൽ ചിലർ പ്രതിഭയുടെ തിളക്കത്തിൽ, വ്യക്തിത്വത്തിന്റെ മനോഹാരിതയിൽ സ്വന്തം ഇടം കണ്ടെത്തും. അവിടെ എല്ലാവരെയും വിസ്മയിപ്പിച്ച് ഒരു വിജയഗാഥ നെയ്തെടുക്കും. തന്റെ സ്വപ്നങ്ങളും സർഗാത്മകതയും അതീവ

സുന്ദരമായി ലയിപ്പിച്ചപ്പോൾ സരിത ജയസൂര്യ ഒരു ബ്രാൻഡ് ന്യൂ ഡിസൈനറായി. സിനിമയിലെ കോസ്‌റ്റ്യൂം ഡിസൈനറായി. എത്ര തൻമയത്വത്തോടെയാണ് അഴകോലുന്ന ഉടയാടകൾ ഒരുക്കി സരിത സ്വന്തം പേര് നമ്മുടെ മനസ്സിൽ തുന്നിച്ചേർത്തത്. കൊച്ചി പനമ്പിള്ളി നഗറിലെ സരിത ജയസൂര്യ ഡിസൈൻ സ്‌റ്റുഡിയോയുടെ അമരക്കാരിയായ സരിതയെ മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയുടെ പ്രിയതമയായാണ് ‌ നമുക്കു കൂടുതൽ പരിചയം. എട്ടുവയസ്സുകാരി വേദക്കുട്ടിയുടെ അമ്മയുടെ റോളിലും സരിത സൂപ്പറാണ്. വേദ സരിതയ്ക്കു കുഞ്ഞുവാണ്. അമ്മയുടെ ഹൃദയം കവർന്നെടുത്ത കുഞ്ഞുവും കുഞ്ഞുവിന്റെ ഹൃദയം കവർന്നെടുത്ത അമ്മയും. അതറിയാൻ ഈ വായനയുടെ ദൂരം മാത്രം മതി. സരിത മനസ്സു തുറക്കുകയാണ്.

ആദി ജനിച്ച് ആറു വർഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോൾ അതൊരു പെൺകുഞ്ഞാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അപ്പോൾ ആൺകുട്ടിയും പെൺകുട്ടിയുമാകുമല്ലോ. ഗർഭകാലം ഏഴാം മാസമായപ്പോഴേക്കും എന്റെ മനസ്സിൽ എപ്പോഴും വേദ എന്നൊരു പേര് ഒാടിയെത്തുമായിരുന്നു. കുഞ്ഞിന്റെ ജെൻഡർ അറിയില്ല. എങ്കിലും അതൊരു പെൺകുഞ്ഞായിരിക്കുമെന്നു മനസ്സു പറഞ്ഞു. ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാൻ ജയനോടു പറഞ്ഞിരുന്നു. പ്രസവസമയത്ത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. വേദ എന്നാൽ അറിവ് എന്നാണർഥം. കൊച്ചി മരട് ഗ്രീഗോറിയൻ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് വേദ

.# മകളും സ്വപ്നങ്ങളും

എനിക്ക് കുഞ്ഞുവിനെക്കുറിച്ച് എത്ര ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ആഗ്രഹങ്ങൾ പൂർത്തീകരിക്കേണ്ടത് അവളാണ്. അവൾ ഒരു നല്ല കുഞ്ഞായി, മൂല്യങ്ങളുള്ള കുഞ്ഞായി വളരുക എന്നതാണ് എന്റെ സ്വപ്നം. വിദ്യാഭ്യാസത്തിനും മേലെയാണല്ലോ മൂല്യങ്ങൾ. മാർക്ക് എന്നതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്നു പോകുന്നതാണ്. എന്നാൽ കുഞ്ഞു നന്നായി പെരുമാറുമ്പോഴോ നല്ലൊരു സ്വഭാവഗുണം പ്രകടിപ്പിക്കുമ്പോഴോ ആണ് അമ്മ എന്ന രീതിയിൽ സന്തോഷം തോന്നുന്നത്. ആ സന്തോഷം മാർക് ഒാറിയന്റഡ് അല്ല.

ഭാവിയിൽ അവളൊരു കരുത്തയായ സ്ത്രീ ആകണമെന്നാണ് എന്റെ ആഗ്രഹം. തന്റെ സ്വപ്നങ്ങൾ സഫലീകരിക്കുകയും അതിനൊപ്പം മറ്റുള്ളവർക്കു വില കൽപിക്കുകയും ചെയ്യുന്ന ഒരാളാകണം. അവളുടെ ആഗ്രഹങ്ങൾ അത് ശരിയായ വഴിയിലൂടെ നേടിയെടുക്കാനവൾക്ക് സാധിക്കട്ടെ. ഈ എട്ടാം വയസ്സിൽ അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രമേ അറിയാറായിട്ടുള്ളൂ. സ്വപ്നമെന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ്.

വിശദമായ വായന മനോരമ ആരോഗ്യം ഏപ്രില്‍ ലക്കത്തിൽ