രതി എപ്പോഴാണ് അധികമാകുന്നത്?
കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.
ഹൃദ്രോഗങ്ങളും രതിയും
ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.
സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.
ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.
ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.
മരുന്നുകളും സെക്സും
ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്ന മരുന്നുകളെന്നു കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലെത്തുക വയാഗ്ര, അല്ലെങ്കിൽ സിൽഡനാഫിൽ സിട്രേറ്റ് എന്ന മരുന്നാണ്. ലിംഗത്തിലേക്കുള്ള രക്തയോട്ടക്കുറവു മൂലം ഉണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങൾക്കുള്ളതാണ് ഈ മരുന്ന്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വഴി മാത്രം നൽകാൻ പാടുള്ള മരുന്നുകളുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ഇവ.
ശരിയായ രോഗനിർണയം നടത്താതെ, രഹസ്യമായി, തെറ്റായ അളവിലും തെറ്റായ രീതിയിലും ഈ മരുന്ന് ഉപയോഗിച്ചാൽ ഗുരുതര പാർശ്വഫലമുണ്ടാകാം. ചില ഹൃദ്രോഗമരുന്നുകൾ, മദ്യം എന്നിവയ്ക്കൊപ്പം കഴിച്ചാൽ ഈ മരുന്ന് കാഴ്ച നഷ്ടപ്പെടുത്താനോ മരണം വരെ വരുത്താനോ കാരണമാകാം.
നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകൾ ലൈംഗികതാൽപര്യം മുതൽ ഉദ്ധാരണത്തെ വരെ പ്രതികൂലമായി ബാധിക്കാം. അമിത രക്തസമ്മർദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ (Atenol, Nefedipine), വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകളിൽ (Carbamazepine, Benzodiazepines, Fluoxetine)ചിലതൊക്കെ ലൈംഗികതയെ ബാധിക്കാം.
അതുപോലെ പ്രോസ്റ്റേറ്റ് വീക്കത്തിന് കഴിക്കുന്ന Fenasteride അലർജിക്കുള്ള Diphenhydramine കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന വിവിധ മരുന്നുകൾ എന്നിവ ലൈംഗികശേഷിയെയും താൽപര്യത്തെയും കുറയ്ക്കാം. മരുന്നുകൾ ലൈംഗികതയെ ബാധിക്കുന്നതായി തോന്നിയാൽ അക്കാര്യം ഡോക്ടറോട് തുറന്നു പറഞ്ഞ് പരിഹാരം തേടണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അജിത് ചക്രവർത്തി
സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം