Wednesday 02 November 2022 11:57 AM IST : By സ്വന്തം ലേഖകൻ

മൈഗ്രേയ്ൻ മാറ്റാൻ സെക്സിന് സാധിക്കുമോ, എങ്ങനെ?: ആരോഗ്യകരമായ സെക്സിന് ആറ് ടിപ്സ്: ഡോക്ടറുടെ മറുപടി

sexx43535

മനു വയസ്സ് 28. ഒരു ഐടി കമ്പനിയിൽ സീനിയർ എൻജിനീയറാണ്. ഭാര്യ പ്രമുഖ ബാങ്കിൽ ഓഫീസറായി ജോലി നോക്കുന്നു. മൂന്നു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ദാമ്പത്യ ജീവിതത്തിൽ ലൈംഗികത അത്ര വലിയ ഘടകമല്ലെന്നു ചിന്തിക്കുന്നയാളാണു ഭാര്യ. അതുകൊണ്ടു തന്നെ വളരെ അപൂർവമായി മാത്രമുള്ള ലൈംഗികബന്ധമേ അവർക്കിടയിലുള്ളൂ. നേരേ വിപരീതമാണ് മനുവിന്റെ സ്വഭാവം. ഭാര്യയിൽ നിന്നും താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകാതെ വരുന്നതു ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താൻ തുടങ്ങിയെന്ന് അയാൾക്കു മനസ്സിലായി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിവാഹമോചനക്കേസുകളിൽ മുപ്പതു ശതമാനത്തിനും കാരണം ദമ്പതികളുടെ ലൈംഗിക ജീവിതത്തിലെ പൊരുത്തക്കേടുകളാണ്. സന്താനലബ്ധിയിൽ കവിഞ്ഞ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും ദമ്പതികൾക്കിടയിലെ ലൈംഗികജീവിതത്തിനുണ്ട്. ഭാര്യയ്ക്കും ഭർത്താവിനുമിടിയിലുള്ള അനുരാഗത്തിന്റെയും പരസ്പരമുള്ള ഇഴയടുപ്പത്തിന്റെയും ജീവിതസംതൃപ്തിയുടെയും സന്തോഷത്തിന്റെയും കൂടി പ്രതീകമാണ് അവർക്കിടയിലെ ലൈംഗികത. ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവുമായ ഒട്ടേറെ ഗുണങ്ങൾ ആരോഗ്യകരമായ ലൈംഗികത നമുക്കു സമ്മാനിക്കുന്നുണ്ട്. ദമ്പതികൾക്കിടയിൽ പരസ്പരവിശ്വാസം വളരുന്നതിനും ആരോഗ്യകരമായ ലൈംഗികത സഹായിക്കുന്നു. ഇവ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയാൽ വൈകാരികമായ ഇഴയടുപ്പം ദമ്പതികൾക്കു ലഭിക്കും.

ലൈംഗിക കാഴ്ചപ്പാടുകൾ

സ്കൂൾ–കോളജ് കാലഘട്ടം ഹോസ്റ്റലിൽ താമസിച്ചാണ് അമൽ പഠിച്ചത്. പഠനശേഷം ക്യാംപസ് പ്ലേസ്മെന്റിലൂടെ ഒരു മാധ്യമസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം നടക്കുന്നത്. ഭാര്യ ദീപ ഡിഗ്രി കഴിഞ്ഞിട്ടേയുള്ളൂ.

രാത്രി ദീപയ്ക്ക് അമലിന്റെ മുറിയിലേക്കു പോകാൻ മടിയാണ്. അമ്മയുടെ കൂടെ അടുക്കളയിൽ ചുറ്റിപ്പറ്റി നിൽക്കും. കഴുകിയ പാത്രങ്ങളൊക്കെ വീണ്ടും കഴുകും. അവസാനം അമൽ ഉറങ്ങിക്കഴിഞ്ഞാൽ മാത്രമേ മുറിയിലേക്കു പോവുകയുള്ളൂ. കുറേനാൾ തുടർന്നപ്പോൾ അമ്മയ്ക്കു സംശയമായി. അങ്ങനെയാണ് ഒരു കൗൺസലിങ്ങിനായി പോയത്.

ഹോസ്റ്റൽ കാലഘട്ടത്തിൽ കൂട്ടുകാരിൽ നിന്നും ലൈംഗികതയെക്കുറിച്ചു വികലമായ കാഴ്ചപ്പാടാണ് അമലിനു ലഭിച്ചത്. താൻ കണ്ട തരം താണ നീലച്ചിത്രങ്ങളിലെ നായികയെപ്പോലെ ഭാര്യ പെരുമാറണമെന്നു വാശിപിടിച്ചപ്പോൾ ലൈംഗികത ദീപയ്ക്കു പേടിസ്വപ്നമായി മാറി. പങ്കാളിയുടെ താൽപര്യം മനസ്സിലാക്കാതെയുള്ള സ്വാർഥത നിറഞ്ഞ ഇത്തരത്തിലുള്ള പെരുമാറ്റം ദമ്പതികൾക്കിടയിലുള്ള ബന്ധത്തിലെ ഊഷ്മളത തകർക്കുന്നതിനിടയാക്കും. മാത്രമല്ല ലൈംഗികതയിലൂടെ ലഭിക്കേണ്ട ശാരീരികവും മാനസികവുമായ ഗുണങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യാം.

വ്യായാമം മുതൽ ഉറക്കം വരെ

പഠനങ്ങൾ തെളിയിക്കുന്നതു ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനു ലൈംഗികത സഹായകരമെന്നാണ്. മികച്ചൊരു വ്യായാമം കൂടിയാണ് സെക്സ്. പുരുഷന്മാരിൽ ശരാശരി 100 കാലറിയും സ്ത്രികളിൽ ശരാശരി 60 കാലയും കൊഴുപ്പ് കത്തിച്ചുകളയുന്നതിന് ഒരു ലൈംഗികവേഴ്ച സഹായിക്കും. തുടർച്ചയായി സംതൃപ്തകമായ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളിൽ ഇമ്യൂണോഗ്ലോബുലിൻ എ എന്ന ആന്റിബോഡിയുടെ അളവു കൂടിയിരിക്കുന്നതായി പെൻസിൽവാനിയയിലുള്ള വിൽക്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസുഖങ്ങളെ അതിജീവിക്കുന്നതിനും ജലദോഷം, ഫ്ലൂ എന്നിവയെ നേരിടുന്നതിനും ലൈംഗിക ഇടപെടൽ സഹായകരമത്രേ. നന്നായി ഉറങ്ങുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ലൈംഗികത സഹായിക്കും.

ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോഴും ഉമ്മ വയ്ക്കുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും ഓക്സിടോസിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ‘ലൗ ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ശാന്തമായി ഉറങ്ങുന്നതിനു വളരെയധികം സഹായിക്കും. ഇതുകൊണ്ടാണു നല്ല ഒരു ലൈംഗികബന്ധത്തിനു ശേഷം ദമ്പതികൾക്കു നന്നായി ഉറങ്ങുവാൻ കഴിയുന്നത്. ഓക്സിടോസിൻ മറ്റു പല തരത്തിലും നമ്മുടെ ശരീരത്തിനു പ്രയോജനപ്രദമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ശാരീരികവേദനകൾ നിയന്ത്രിക്കുന്നതിനും ഇവ സഹായകമാണ്.

മൈഗ്രെയ്ൻ മാറ്റാനുള്ള മരുന്ന്

സതേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ മൈഗ്രെയിൻ ക്ലിനിക്കിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തിയത് മൈഗ്രെയ്ൻ മൂലം കടുത്ത തലവേദന അനുഭവപ്പെട്ടിരുന്ന സ്ത്രീകളിൽ പകുതിപ്പേർക്കും രതിമൂർച്ഛയുടെ പാരമ്യതയിൽ തലവേദനയ്ക്കു സ്വാസ്ഥ്യം ലഭിച്ചുവെന്നാണ്. മാത്രമല്ല, ആരോഗ്യകരമായ ലൈംഗിക ബന്ധം തുടരുന്നവരിൽ മൈഗ്രെയിൻ തലവേദനയുടെ ആവർത്തനം കുറയുന്നതായും നിരീക്ഷണമുണ്ട്.

തുടരെ ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ആർത്തവസമയ വേദനയുടെ ദൈർഘ്യം കുറയുന്നതായി കണ്ടുവരാറുണ്ട് ആരോഗ്യകരമായ ലൈംഗികബന്ധവും ഉത്തേജനവും പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

മാനസികാരോഗ്യസംരക്ഷണത്തിനും വൈകാരികമായ ബാലൻസ് സൂക്ഷിക്കുന്നതിനും പങ്കാളികളുമായുള്ള ലൈംഗികബന്ധം സഹായിക്കും. ജോലിയിലെയും ബിസിനസിലെയും മാനസികസമ്മർദ്ദം, കരിയറിലെ പ്രശ്നങ്ങൾ, വ്യക്തിജീവിതത്തിലെ പൊരുത്തക്കേടുകൾ എന്നിവയൊക്കെ നേരിടാൻ സംതൃപ്തമായ ലൈംഗിക ജീവിതം വ്യക്തികൾക്കു കരുത്തു പകരും. ലൈംഗികതയുടെ സമയത്തെ ശ്വസനക്രമം വയർ കുറയ്ക്കുന്നതിനും മികച്ച ബോഡി ഷെയ്പ് നിലനിർത്തുന്നതിനും സാഹയകമാണ്.

ആത്മവിശ്വാസം വർധിപ്പിക്കും.

നിങ്ങളുടെ പങ്കാളിക്കു മുൻപിൽ ഓരോരുത്തരുടെയും സ്വീകാര്യതയുടെ പ്രതീകമാണ് സംതൃപ്തകരമായ ലെഗികത. ഇതു വ്യക്തികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കും. എത്ര സുന്ദരിയോ സുന്ദരനോ ആണെങ്കിൽ കൂടി പങ്കാളി തിരിഞ്ഞുനോക്കുന്നില്ലെങ്കില്‍ അത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുവാനിടയുണ്ട്.

എണ്ണത്തിലല്ല കാര്യം

ആഴ്ചയിൽ രണ്ടു തവണയോ പത്തു തവണയോ ബന്ധപ്പെട്ടു എന്നുള്ളതിലല്ല കാര്യം. പങ്കാളികൾക്കിടിയുള്ള ലൈംഗികബന്ധം എത്രമാത്രം ഹൃദ്യവും അടുപ്പം നിറഞ്ഞതും സന്തോഷപ്രദവും സംതൃപ്തവുമായിരുന്നുവെന്നുള്ള താണ്. ഭാര്യയെയും ഭർത്താവിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലമായി ലൈംഗികത മാറണം.

പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവു സ്ത്രീകളെ അപേക്ഷിച്ച് 20 ഇരട്ടി കൂടുതലായതിനാൽ ലൈംഗിക സംതൃപ്തി അവർക്കു വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. മറിച്ച് വൈകാരിക ബന്ധത്തിനായിരിക്കും സ്ത്രീകൾ കൂടുതൽ പ്രാധാന്യം നൽകുക. പങ്കാളിയുമായി കൂടുതൽ നേരം സംസാരിച്ചിരിക്കുവാനും പരിലാളനങ്ങളിലേർപ്പെടാനുമൊക്കെ അവർ ആഗ്രഹിക്കുന്നു. ലൈംഗികബന്ധം പൂർത്തിയായാൽ പിന്നെ തിരിഞ്ഞു കിടക്കുന്ന പുരുഷന്മാരുണ്ട്. പല സ്ത്രീകളും ഇത് ഇഷ്ടപ്പെടുന്നില്ല. തന്നെ കെട്ടിപ്പിടിച്ചു തന്നോടു സംസാരിക്കുവാനും തന്നെ ചുംബിക്കുവാനുമൊക്കെയായിരിക്കും സ്ത്രീ ഈ ഘട്ടത്തിൽ മിക്കപ്പോഴും ആഗ്രഹിക്കുക.

പങ്കാളിയെ ഒഴിവാക്കി സ്വയംഭോഗത്തിൽ സംതൃപ്തി കണ്ടെത്തുന്നത് കുടുംബജീവിതത്തിലെ വൈകാരികമായ അടുപ്പം നഷ്ടപ്പെടുത്തുന്നതിനും വിവാഹജീവിതം താളപ്പിഴകളിലേക്കു കടക്കുന്നതിനും ഇടയാക്കുന്നു. ലൈംഗികതയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും തിരിച്ചറിയാനും ശ്രമിക്കുകയാണെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതവും കൂടുതൽ ഹൃദ്യമായിത്തീരും, തീർച്ച.

നല്ല ലൈംഗിക ജീവിതത്തിന് ടിപ്സ്

∙ പങ്കാളികള്‍ പരസ്പരം ഉള്ളുതുറന്നു സംസാരിക്കുന്നതു വൈകാരിക അടുപ്പം കൂട്ടും. ലൈംഗികത മെച്ചപ്പെടുത്തും.

∙ പങ്കാളിയുടെ ശരീരത്തെക്കുറിച്ചോ ശരീരത്തിലെ പാടുകളെക്കുറിച്ചോ മോശം കമന്റുകൾ പറയരുത്.

∙ ലൈംഗിക ബന്ധത്തിനു മുൻപ് അമിതമായി ഭക്ഷണം കഴിക്കരുത്.

∙ ലൈംഗികബന്ധത്തിനു മുൻപുള്ള പൂർവലീലകൾക്ക് (ഫോർപ്ലേ) വേണ്ടത്ര പ്രാധാന്യം നൽകണം.

∙ വേണ്ടത്ര വൃത്തിയും ശുചിത്വവും ലൈംഗികത മെച്ചപ്പെടുത്തും. പെർഫ്യും ഉപയോഗിക്കുന്നത് നല്ലത്. പക്ഷേ, പങ്കാളിയുടെ താൽപര്യത്തിനു ചേരുന്ന സുഗന്ധമാകണം.

∙പങ്കാളിയുടെ രതിമൂർച്ഛയ്ക്കു പരിഗണന കൊടുക്കാൻ മറക്കരുത്.