Thursday 20 October 2022 03:27 PM IST : By സ്വന്തം ലേഖകൻ

ചുവന്ന പാടുകളും കുരുക്കളും മാറി മിനുസമുള്ള ചർമം; വേദനയും പാർശ്വഫലവുമില്ലാതെ വാക്സ്

waxlead

വാക്സിങ്ങ് എന്നു കേൾക്കുമ്പോഴേ ഒരു ഞെട്ടലാണ് പലർക്കും. രോമങ്ങൾ പിഴുതു മാറ്റുന്ന വേദന. പിന്നെ ചർമത്തിലുണ്ടാവുന്ന വലിച്ചിലും കുരുക്കളും. പക്ഷേ, രോമങ്ങൾ നീക്കി ചർമം പട്ടു പോലെ തിളങ്ങാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗവും ഇല്ലതാനും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചർമത്തിനനുയോജ്യമായ വാക്സ് തിരഞ്ഞെടുത്താൽ മതിയെന്നേ.....

ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ വരുന്ന വ്യത്യാസങ്ങൾ അമിത രോമവളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. യഥാർഥ കാരണം കണ്ടുപിടിച്ച് അതിനു ചികിത്സ നൽകുകയാണ് വേണ്ടത്. പാരമ്പര്യ ഘടകങ്ങളാണ് അമിത രോമവളർച്ച ഉണ്ടാക്കുന്നതെങ്കിൽ വാക്സിങ്ങ് വഴി അവയെ നീക്കം ചെയ്യാവുന്നതേയുളളൂ.

രോമം വേരോടെ പിഴുതെടുക്കുന്ന എപ്പിലേഷൻ രീതിയാണ് വാക്സിങ്ങ്. അനാവശ്യ രോമങ്ങൾ കളയുന്നതോടൊപ്പം മൃത കോശങ്ങൾ കൂടി നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് ചർമത്തിനു മിനുസം കൂടും. രക്തയോട്ടം കൂടുന്നതുകൊണ്ട് ചർമത്തിന്റെ ആകർഷണീയത കൂടും.

എപ്പോൾ തുടങ്ങാം

∙ ചർമത്തിന്റെ ഘടന പൂർണമായി രൂപപ്പെടാൻ പതിനഞ്ചു വയസ്സ് എങ്കിലും കഴിയണം. അതിനുശേഷം വാക്സിങ് ചെയ്യുന്നതാണ് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്.

∙ ഒരിക്കൽ വാക്സിങ്ങ് ചെയ്തു കഴിഞ്ഞാൽ രോമം പൂർണമായി വളർന്നതിനു ശേഷമേ അടുത്ത വാക്സിങ് ചെയ്യാവൂ. കുറഞ്ഞത് നാൽപതു ദിവസമെങ്കിലും വേണ്ടിവരും രോമവളർച്ച പൂർണമാകാൻ. കൂടുതൽ തവണ ചെയാതാൽ അത് ചർമത്തിന്റെ ഇലാസ്തികതയെ ബാധിക്കും.

വാക്സിങ്ങിനു മുമ്പ് പ്രീ വാക്സിങ് ജെൽ

∙ വാക്സിങ്ങിനു മുമ്പ് പ്രീ വാക്സിങ് ജെൽ പുരട്ടുന്നത് നല്ലതാണ്. ഹോട്ട് വാക്സ് ഉപയോഗിക്കുമ്പോൾ ചർമത്തിൽ ചൂട് തട്ടാതിരിക്കാനും വേദന അനുഭവപ്പെടാതിരിക്കാനും ഇതു സഹായിക്കും.

∙ കൈകാലുകളിൽ എണ്ണമയമോ വെളളമോ മറ്റോ ഉണ്ടെങ്കിൽ വൃത്തിയാക്കിയ ശേഷം വാക്സിങ് തുടങ്ങാം.

∙ വാക്സിങ് കഴിഞ്ഞാൽ ആഫ്റ്റർ വാക്സിങ് ഓയിൽ പുരട്ടി മസാജ് ചെയ്യാം. വാക്സിന്റെ അംശം കളയാനും ചർമ്മത്തിനു കൂടുതൽ മൃദുത്വം കിട്ടാനും ഇതു സഹായിക്കും.

∙ വാക്സ് ചെയ്ത ഭാഗം വൃത്തിയാക്കി ഐസ് കട്ടകൾ കൊണ്ട് ഉരസണം. വാക്സിങ്ങിനു ശേഷം ചുവന്ന പാടുകൾ, കുരുക്കൾ ഇവ ഉണ്ടാകുന്നത് ഇതിലൂടെ ഒഴിവാക്കാം.

∙ ആന്റി സെപ്റ്റിക് ചർമമാണെങ്കിൽ വാക്സിങ്ങിനു ശേഷം മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്. ചർമത്തിന്റെ സ്നിഗ്ധത നിലനിർത്താൻ ഇതു സഹായിക്കും.

കൈകാലുകൾ വീട്ടിൽ തന്നെ വാക്സ് ചെയ്യാം

കൈകാലുകളിൽ എണ്ണമയമോ വെളളമോ മറ്റോ ഉണ്ടെങ്കിൽ വൃത്തിയാക്കിയ ശേഷം വാക്സിങ് തുടങ്ങാം.

∙ വാക്സിങ്ങിനു ശേഷം ഉടനെ സോപ്പിട്ടു കഴുകാതിരിക്കുക. ഒരു ദിവസത്തിനു ശേഷം മാത്രം സോപ്പു തേക്കാം.

∙ വാക്സിങ് കഴിഞ്ഞ് രണ്ടു ദിവസമെങ്കിലും കഴിഞ്ഞേ ഫേഷ്യൽ പോലുളള മറ്റു ബ്യൂട്ടി ട്രീറ്റ്മെന്റുകൾ ചെയ്യാവൂ.

വാക്സിങ് പല വിധം

ഹോട്ട് വാക്സ്, കോൾഡ് വാക്സ് എന്നീ രണ്ടു തരം വാക്സുകളുണ്ട്. കോൾഡ് വാക്സിങ്ങിൽ സാധാരണ താപനിലയുളള വാക്സ് നേർമയായി പുരട്ടി പേപ്പർ കഷണമോ തുണിക്കഷണമോ അതിൻമേൽ ഒട്ടിക്കും. പത്തു സെക്കൻഡ് കഴിഞ്ഞാൽ വലിച്ചെടുക്കുന്ന സ്ട്രിപ്പിനൊപ്പം രോമങ്ങളും വരും.

ഹോട്ട് വാക്സിങ്ങിൽ അല്പം ചൂടാക്കിയ വാക്സ് കുറച്ച് കട്ടിയിലാണ് പുരട്ടുന്നത്. തണുക്കുമ്പോൾ സ്പാച്യുല ഉപയോഗിച്ചോ സ്ട്രിപ് ഉപയോഗിച്ചോ നീക്കം ചെയ്യും. കോൾഡ് വാക്സുകൾ സെൻസിറ്റീവ് ചർമത്തിനു അത്ര യോജിക്കുന്നതല്ല. രോമവളർച്ച കൂടുതലുണ്ടെങ്കിലും കോൾഡ് വാക്സ് ശരീരം മുഴുവൻ വാക്സ് ചെയ്യാൻ തിരഞ്ഞെടുക്കാം.

പിങ്ക് സെൻസിറ്റീവ് വാക്സ്: പേരിലെന്നപോലെ ലോല ചർമക്കാർക്കുവേണ്ടിയുളള വാക്സാണിത്. വാക്സിങ് ചെയ്തു കഴിഞ്ഞാലുണ്ടാകുന്ന ചുവന്ന തടിപ്പും അലർജിയും ഓർത്തു മടിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.

സ്ട്രോബെറി വാക്സ്: വൈറ്റമിൻ സി ധാരാളമായി അടങ്ങിയ സ്ട്രോബെറി ചർമത്തിന് നറിഷ്മെന്റ് കൂടി നൽകും. രോമം നീക്കി സുന്ദരിയാക്കാം എന്നു മാത്രമല്ല സൺടാൻ മാറ്റാനും നല്ലതാണിത്. ഏതു ചർമത്തിനും യോജിക്കും.

ലെമൺ വാക്സ്: തുടയിടുക്കിലും അണ്ടർ ആംസിലും ചർമത്തിനു കറുപ്പു നിറം നൽകുന്ന മെലാനിൻ കൂടുതലായിരിക്കും. ഈ ഭാഗങ്ങളിൽ ലെമൺ വാക്സ് ഉപയോഗിക്കുന്നത് നിറം വയ്ക്കാൻ സഹായിക്കും. എണ്ണമയമുളള ചർമക്കാർക്ക് യോജിച്ച വാക്സ് കൂടിയാണിത്.

ലാവൻഡർ വാക്സ്: വരണ്ട ചർമമുളളവർ വാക്സിങ് ചെയ്യുമ്പോൾ ചർമം വലിഞ്ഞു പൊട്ടാം. ഇത്തരക്കാർക്കു ലാവൻഡർ വാക്സ് തിരഞ്ഞെടുക്കാം. ഇവയിൽ അടങ്ങിയ എണ്ണയുടെ അംശം ചർമത്തിനു വരൾച്ചയുണ്ടാവാതെ സഹായിക്കും.

ഗ്രീൻ ആപ്പിൾ വാക്സ്: ഏതു ചർമത്തെയും മൃദുവാക്കാൻ കഴിയുന്ന വാക്സാണിത്. രോമങ്ങൾ നീക്കം ചെയ്യുന്നതോ ടൊപ്പം ചർമം മൃദുവാക്കാനും ഈ വാക്സിലടങ്ങിയിരിക്കുന്ന ഗ്രീൻ ആപ്പിൾ സഹായിക്കും.

റെഡ്ഹോട്ട് വാക്സ്: ഈ വാക്സ് ഏതു ചർമക്കാർക്കും ഇണങ്ങും. വാക്സ് ചർമത്തിൽ പുരട്ടി കുറച്ചു സമയത്തിനു ശേഷം കൈകൊണ്ട് അടർത്തിയെടുക്കുകാണ് ചെയ്യുന്നത്.

അവക്കാഡോ വാക്സ്: ചർമസംരക്ഷണത്തിനു സഹായിക്കുന്ന വിറ്റമിൻ ഇ, എ, സി എന്നിവ അടങ്ങിയിട്ടുളള അവക്കാഡോ വാക്സ് കൂടുതൽ ഫലം തരും.

വാക്സിങ് വീട്ടിൽ ചെയ്യാം

രോമവളർച്ച അധികമില്ലെങ്കിൽ കൈകാലുകൾ വീട്ടിൽ തന്നെ വാക്സ് ചെയ്യാം. വാക്സ് ചെയ്യേണ്ട ഭാഗം ചെറുചൂടുവെളളത്തിൽ കഴുകുക. എണ്ണമയമോ മറ്റോ ഉണ്ടെങ്കിൽ അതു തുടച്ചു നീക്കി ടാൽകം പൗഡർ തൂവണം.

കടയിൽ വാങ്ങാൻ കിട്ടുന്ന ഹോട്ട് വാക്സ് വാങ്ങി അതിൽ നിന്ന് അൽപമെടുത്ത് ഒരു മെറ്റൽ പാത്രത്തിലാക്കി അടുപ്പത്തു വച്ചു നന്നായി ചൂടാക്കുക. ഒരു വാക്സിങ് നൈഫ് ഉപയോഗിച്ച് രോമങ്ങൾ വളർന്നു നിൽക്കുന്ന ദിശയിൽ കുറച്ചു തേച്ചു പിടിപ്പിക്കുക. വാക്സിങ് സ്ട്രിപ്പ് ഇതിനു മേലേ ഒട്ടിക്കുക. എതിർ ദിശയിലേക്ക് വലിച്ചെടുക്കുക. ഒരേ സ്ഥലത്ത് ഒന്നില ധികം തവണ വാക്സ് ചെയ്യരുത്. വാക്സിനുശേഷം തണുത്ത വെളളത്തിൽ കഴുകുകയോ ഐസ് കട്ടകൾ കൊണ്ടുരസുകയോ ചെയ്യണം. അതിനു ശേഷം മോയിസ്ചറൈസർ പുരട്ടുക.

ഒരു കപ്പ് പഞ്ചസാര പൊടിച്ചത് അടുപ്പത്തേക്ക് വച്ച് ചൂടാക്കി ബ്രൗൺ നിറമാക്കുക. ഇതിലേക്ക് ഒരു കപ്പ് തേനും അരക്കപ്പ് നാരങ്ങാനീരും ചേർത്തു ഒരു തടി സ്പൂൺ ഉപയോഗിച്ച് തുടരെയിളക്കി യോജിപ്പിക്കുക. കോരിയെടുക്കാൻ പാകത്തി ലായിരിക്കണം. വാക്സ് മിശ്രിതം കട്ടി കൂടുതലാണെങ്കിൽ അല്പം വെളളം കൂടി ചേർത്തു പാകപ്പെടുത്തുക.

വിവരങ്ങൾക്കു കടപ്പാട്: സ്വാനി സിബി, സ്വാനീസ് ബ്യൂട്ടി പാർലർ, എറണാകുളം. റീമ പത്മകുമാർ, റീമ്സ് ബ്യൂട്ടി പാർലർ, തിരുവനന്തപുരം

Tags:
  • Glam Up
  • Beauty Tips