ADVERTISEMENT

മഡഗാസ്കർ... ലോകത്തെ വലിയ ദ്വീപുകളിൽ നാലാമത്തേത്, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെന്ന് രേഖപ്പെടുത്തുമ്പോഴും മറ്റു ഭൂഖണ്ഡങ്ങളിലുള്ളവയുമായി സാമ്യത പുലർത്തുന്ന മനുഷ്യരും ജീവികളും സസ്യജാലങ്ങളും വളരുന്ന ഇടം. നൂറോളം സ്പീഷിസുകളുണ്ടായിട്ടും ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഒരു ജീവിവർഗത്തെ കാണാനും ഈ ദ്വീപിൽ അവസരമുണ്ട്. പ്രശസ്തമായ അനിമേഷൻ ചിത്രം മഡഗാസ്കറിലെ ‘‘ഞങ്ങൾ ലീമറുകളാണ്. ഇവിടെ ഞങ്ങൾ ഇത്രകാലം നിലനിന്നത് തന്നെ എന്നെ വിസ്മയിപ്പിക്കുന്നു’’ എന്നു പ്രഖ്യാപിച്ച ലീമർ രാജാവിന്റെ ജീവിവർഗം തന്നെ അത്. പ്രകൃതിസ്നേഹികളും വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരും മസായിമാരയിലും അന്റാർട്ടിക്കയിലും ആർട്ടിക്കിലുമൊക്കെ പോകുന്നതുപോലെ ഒരു ലൈഫ് ടൈം ട്രിപ്പ് ആയി കണക്കാക്കുന്ന മഡഗാസ്കറിലെ സഞ്ചാരാനുഭവവും ലീമർക്കാഴ്ചകളും പങ്കിടുന്നു സുനീർ മുഹമ്മദ്...

ജീവിതത്തിൽ 17 ദിവസമെന്നത് ഒരു വലിയ കാലയളവാണെന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്. ട്രിപ്പ് പോയി വന്ന ദിവസങ്ങൾ എന്നു വിശേഷിപ്പിച്ചാൽ മതിയാകില്ല അതിനെ. മറ്റൊരു ലോകത്ത് പോയി വന്നു എന്നു പറഞ്ഞാൽ... അതേ മഡഗാസ്കർ മറ്റൊരു ലോകം തന്നെയാണ്. വൈവിധ്യമേറിയ ശലഭങ്ങൾ, ചെറുപ്രാണികൾ, തവളകൾ, വിഷമില്ലാത്ത പാമ്പുകൾ തുടങ്ങി ലോകത്തെ ഓന്ത് വർഗത്തിലെ പകുതി ഇനങ്ങൾ വരെ കാണപ്പെടുന്ന ദ്വീപ്. എന്നാൽ അവിടേക്ക് ഏവരെയും ആകർഷിക്കുന്നത് ഒരു കൂട്ടരാണ്, ലീമർ എന്ന സസ്തനികൾ. മഡഗാസ്കറിലെത്തുന്നവരെ ‌ജീവലോകത്തിന്റെ വിശേഷമായൊരു കോണിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഈ ജീവികൾ.

madagascarlemurs1
വൈറ്റ് ഫൂട്ടഡ് സ്പോർട്ടിവ് ലീമർ, ഫ്ലാറ്റിഡ് ബഗ്സ്, ബെർ‌ട ക്രിസോലിനേറ്റ മോത്ത് Photos: Suneer Mohamed
ADVERTISEMENT

ദിലീപ് അന്തിക്കാടിനൊപ്പം സുഹൃത്തുക്കളും വനം, വന്യജീവി ഫൊട്ടോഗ്രഫർമാരുമായ 11 പേരുണ്ട് സഹയാത്രികരായി. വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ‍ കൂടിയായ ഭാര്യ നിഫിബയും എനിക്കൊപ്പം കൂടിയപ്പോൾ ഞങ്ങൾ 14 പേർ ലീമറുകളുടെ ദ്വീപിലേക്ക് പുറപ്പെടാൻ ഒരുങ്ങി. കെനിയ വഴി ആയിരുന്നു മഡഗാസ്കറിലേക്ക് പോയത്. നൈറോബിയിൽ നിന്ന് മൂന്നര മണിക്കൂർ വിമാനയാത്ര മഡഗാസ്കറിന്റെ തലസ്ഥാനമായ അന്റാനാരിയോയിലേക്ക്. രാജ്യത്തിന്റെ പുത്തൻ പുതിയ എയർപോർ‌ട്ട് എന്നൊക്കെ വിശേഷിപ്പിച്ചാണ് ഗൈഡ് ഞങ്ങളെ സ്വാഗതം ചെയ്തതെങ്കിലും അതിനു തക്ക പ്രൗഢിയൊന്നും അവിടെ കണ്ടില്ല. നാൽപത് മില്യൺ വർഷങ്ങൾക്കു മുൻപ് പരിണാമം നടന്നുണ്ടായ ലീമറുകളെ കാണാൻ പോകുമ്പോൾ എയർപോർട്ടിന്റെ പുതുമയോ പഴക്കമോ ഞങ്ങൾക്ക് വിഷയമായില്ല.

പ്രകൃതിവൈവിധ്യത്തിലും സസ്യജന്തുജാലങ്ങളിലും സമ്പന്നമായ രാജ്യമാണ് ഇതെങ്കിലും സാമ്പത്തിക കാര്യത്തിൽ ഒട്ടും തന്നെ സമ്പന്നമല്ല ഇവിടം. ഏതായാലും 500 അമേരിക്കൻ ഡോളർ കറൻസി എക്സ്ചേഞ്ച് കൗണ്ടറിൽ കൊടുത്തപ്പോൾ തിരിച്ച് ഒരു കൂടിലാക്കി തന്നത് രണ്ട് മില്യൺ മഡഗാസ്കർ അരിയാരി ആയിരുന്നു. അതൊന്ന് എണ്ണി തിട്ടപ്പെടുത്താൻ പോലും ഞങ്ങൾ അവിടെ നിന്നില്ല.

ADVERTISEMENT

രണ്ടാമത്തെ ദിവസം പുലർച്ചെ തന്നെ രാജ്യതലസ്ഥാനത്തു നിന്ന് അന്റാസിബെയിലെ അനാമലസോത്ര റിസർവിലേക്ക് പുറപ്പെട്ടു. ഏകദേശം നാല് മണിക്കൂർ സഞ്ചാരമുണ്ടായിരുന്നു. വഴിലെമ്പാടും സ്ത്രീകളും കുട്ടികളുമൊക്കെ പൂക്കൂടകളുമായി നിൽക്കുന്നു, ഒട്ടേറെപ്പേർ വന്ന് അവരിൽ നിന്ന് പൂക്കൾ മേടിച്ചു പോകുന്നുമുണ്ട്. ഈ നാട്ടുകാർ പൂക്കളുമായി ഞങ്ങളെ സ്വീകരിക്കാൻ നിൽക്കുകയാണോ എന്ന് സംശയിക്കുമ്പോഴാണ് ഗൈഡ് പറഞ്‍ഞത്, അത് മഡഗാസ്കറിലെ ജനങ്ങളുടെ ആചാരമാണത്രെ. എല്ലാവർഷവും നവംബർ ഒന്ന് അവർക്ക് പൂർവിക സ്മരണയുടെ ദിനമാണ്. അന്നേ ദിവസം നിറമുളള പൂക്കൾ വാങ്ങി, തങ്ങളുടെ പൂർവികരുടെ ശവകുടീരങ്ങളിൽ അർപ്പിക്കുക പതിവാണത്രേ.

വെള്ളം വേണ്ട, മണ്ണു തിന്നും ഇൻഡ്രി

ADVERTISEMENT

അന്റാസിബയിലേക്കുള്ള സഞ്ചാരത്തിൽ മഡഗാസ്കർ പോലെ ജൈവസമ്പന്നമായ രാജ്യത്തിന്റെ സ്വാഭാവിക വനത്തെ കൃഷിസ്ഥലത്തിനായും പ്രധാന കയറ്റുമതിയായ കരിക്കു വേണ്ടിയും കത്തിച്ച് ചാമ്പലാക്കിയതിന്റെ ദൃശ്യങ്ങൾ കണ്ടത് വേദനയോടെ ആയിരുന്നു.

അനമലസോത്രയില്‍ ഞങ്ങൾ ലക്ഷ്യമിട്ട പ്രധാന കാഴ്ച ഇൻഡ്രി ലീമർ ആയിരുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ വനാന്തരങ്ങളിൽ കുട്ടിത്തേവാങ്കുകളുടെ വർഗത്തിൽ നിന്ന് പരിണാമം സംഭവിച്ച് രൂപപ്പെട്ടവയാണ് ലീമറുകൾ എന്നാണ് ശാസ്ത്രീയ ചിന്ത. മഡഗാസ്കർ എന്ന വിശാലമായ ദ്വീപിൽ ഒതുങ്ങിപ്പോയ ഇവ അവിടത്തെ വൈവിധ്യമേറിയ പ്രകൃതിക്കനുസരിച്ച് വീണ്ടും പലതരത്തിൽ പരിണാമം സംഭവിച്ചതാണ് നൂറോളം ഇനങ്ങളായത്. ഇപ്പോളവിടെ ശേഷിക്കുന്ന ഇനങ്ങളെല്ലാം തന്നെ വംശനാശ ഭീഷണി നേരിടുന്നു. അക്കൂട്ടത്തിൽ ഏറ്റവും വലിയ ലീമർ ഇനമാണ് ഇൻഡ്രി.

madagascarlemurs2
ഇൻഡ്രി ലീമർ, ബ്ലാക്ക് ആൻഡ് വൈറ്റ് റൂഫ്ഡ് ലീമർ

മറ്റു പല ലീമറുകളെയും പോലെ ഇവയും കഴിയുന്നതും മരക്കൊമ്പിൽ മാത്രം ജീവിക്കുകയും അത്യാവശ്യം വന്നാൽ മാത്രം താഴെ ഇറങ്ങുന്നവയുമാണ്. ഉയരമേറിയ മരങ്ങൾക്കിടയിലൂടെ നടന്ന് നിരീക്ഷിക്കവേയാണ് ഒരു ചെറുമരത്തിൽ കെട്ടിപ്പിടിച്ചിരുന്ന് ഞങ്ങളെ തുറിച്ചു നോക്കുന്ന ഇൻഡ്രിയെ കണ്ടത്. ഇവ അൽപം പോലും വെള്ളം കുടിക്കാറില്ല എന്നതാണ് കൗതുകം. പതിവ് ഭക്ഷണമായ ഇലകളിലൂടെയും കായകളിലൂടെയും ശരീരത്തിലെത്തുന്ന ദ്രാവകാംശം മതി ഇൻഡ്രിക്ക്. അൽപം അമ്ലഗുണം കൂടിയ ഇലകളാണ് സ്വാഭാവിക ഭക്ഷണത്തിൽ ഏറെയും. അതുകൊണ്ട് വയറ്റിൽ അസിഡിറ്റി ഉണ്ടായാൽ ഉടനെ ഇവ താഴെ വന്ന് മണ്ണ് വാരി വായിലിടുമെന്നാണ് ഗൈഡ് പറഞ്ഞത്. അങ്ങനെയൊരു ദൃശ്യം കാണാൻ ആഗ്രഹിച്ചെങ്കിലും അവസരമുണ്ടായില്ല.

madagascarlemurs3
ക്രൗൺഡ് ലീമർ, റെഡ് ബല്ലീഡ് ലീമർ, റെഡ് റൂഫ്ഡ് ലീമർ

അനാമലസോത്ര റിസർവ് ക്യാമറയ്ക്ക് ഏറെ വിരുന്നൊരുക്കി.

കാടിനൊപ്പം സമീപത്തു തന്നെയുള്ള ലീമർ ഐലന്റ് എന്ന സ്ഥലത്തേക്കും പോയി. നാട്ടിലെ കൊതുമ്പുവള്ളം പോലുള്ള നാടൻ വഞ്ചിയിൽ തുഴഞ്ഞ് നദി കടന്നാണ് ലീമർ ഐലൻഡിൽ എത്തിയത്. ബ്രൗൺ ലീമർ, ബ്ലാക്ക് ആൻഡ് വൈറ്റ് റൂഫ്ഡ് ലീമർ, വൂളി ലീമർ, ലീമറുകളുടെ തന്നെ കുടുംബക്കാരായ സിഫാക്കകളിൽ സ്വർണ തൊപ്പിവച്ചതുപോലുള്ള ഗോൾ‌ഡൻ ക്രൗൺഡ് സിഫാക്ക, പാഴ്സൺ കമലിയോൺ, മൂസി ലീഫ് ഗെക്കോ, കോളർഡ് നൈറ്റ്ജാർ, ട്രീ ബോവ തുടങ്ങിയവയൊക്കെ ഞങ്ങളെ സന്തോഷിപ്പിച്ചു. ഇതിൽ മൂസിലീഫ് ഗെക്കോ കണ്ണടച്ചിരുന്നാൽ അതിരിക്കുന്ന മരത്തടിയിൽ നിന്ന് വേർതിരിച്ച് അറിയാൻ ഏറെ ബുദ്ധിമുട്ടാണ്.

മാക്രോ കാഴ്ചകളുടെ പാമേറിയം

അടുത്ത ദിവസം മൂന്നര മണിക്കൂർ റോഡ് ട്രിപ്പും പിന്നെ ഒരു മണിക്കൂറോളം ബോട്ട് ട്രിപ്പും നടത്തി പാമേറിയം റിസർവിലെത്തി. മഡഗാസ്കർ ട്രിപ്പിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു ബീച്ചിനോട് ചേർന്നുള്ള ഈ റിസർവ്. ചിത്രശലഭങ്ങൾ, ഒാന്തുകൾ, പാമ്പുകൾ തുടങ്ങി മാക്രോ കാഴ്ചകളുടെ ലോകമായിരുന്നു അത്. ലോകത്തെ ഏറ്റവും ചെറിയ ഓന്തിനെ കണ്ടതും ചിത്രം പകർത്തിയതും ഇവിടെയായിരുന്നു. മൈന്യൂട്ട് ലീഫ് കമലിയോൺ എന്ന ഈ ഇത്തിരിക്കുഞ്ഞന് രണ്ടോ മൂന്നോ സെന്റിമീറ്റർ മാത്രമേ നീളമുണ്ടാകു. മുൻപ് കണ്ടവ ഉൾപ്പടെ പലയിനം ലീമറുകളും ഇവിടത്തെ അന്തേവാസികളായിട്ടുണ്ട്.

ഈ റിസർവിന്റെ ഹൈലൈറ്റ് ലീമർ വർഗത്തിലെ തന്നെ ഏറ്റവും വിചിത്രമായ ജീവി അയി അയി ആണ്. ഏറ്റവും വിരൂപിയായ ജീവി എന്നു പറയാം. അതിനെ കാണുമ്പോൾ തന്നെ നമ്മൾ ഒന്ന് അമ്പരന്ന് പോകും. കറുത്തിരുണ്ട നിറവും വട്ടത്തിലുള്ള മുഖവും വവ്വാലിനെ ഓർമിപ്പിക്കുന്ന ചെവിയും ഉരുണ്ട കണ്ണുകളും നീളമുള്ള വിരലുകളും കറുത്ത് പനങ്കുല പോലെ രോമാവൃതമായ വാലും എല്ലാംകൂടി ഒരു വിസ്മയക്കാഴ്ച. ആ അമ്പരപ്പിൽ നിന്നു തന്നെയാണ് അയി അയി എന്ന പേരും വന്നത്.

madagascarlemurs4
ലോകത്തെ ഏറ്റവും ചെറിയ ഓന്ത് മൈന്യൂട്ട് ലീഫ് കമലിയോൺ ലീമർ വർഗത്തിലെ ഏറ്റവും വിചിത്രമായ ജീവി അയി അയി

വിശ്വാസത്തിലും കഥകളിലുമൊക്കെ ഏറെ വെറുക്കപ്പെടുന്ന ജീവികൂടിയാണ് അയി അയി. രാത്രിയിൽ മാത്രം സഞ്ചരിക്കുന്ന ഇവയെ കാണുന്നത് തന്നെ ദുശ്ശകുനമായിട്ടാണ് മലഗാസികൾ കണക്കാക്കുന്നത്. ഇവയുെട നടുവിരൽ ആരുടെ എഹ്കിലും നേരെ ചൂണ്ടിയാൽ അയാളുടെ മരണം അടുത്തു എന്നാണ് ഇവരുടെ വിശ്വാസം. കാഴ്ചയിലെ വൈരൂപ്യവും അന്ധവിശ്വാസവും ഒക്കെ കാരണം ഏറെ വേട്ടയാടപ്പെട്ട അയി അയി ഇനി ഏതാനും എണ്ണം മാത്രമേ ശേഷിക്കുന്നുള്ളു ഭൂമിയിൽ. ഞങ്ങൾ സന്ദർശിച്ച ദ്വീപിൽ പത്തിൽ താഴെ മാത്രമേ അയി അയി ബാക്കിയുള്ളു.

ആ രാത്രി അയി അയി ലീമറിനെ കണ്ട ശേഷം ഭക്ഷണം കഴിച്ച് മാക്രോഫൊട്ടോഗ്രഫിക്ക് ഇറങ്ങിയ എനിക്കും സുഹൃത്ത് വിഷ്ണുവിനും, ആ വിചിത്രജീവിയുടെ കാഴ്ച തന്ന ഭാഗ്യമാണോ എന്നറിയില്ല, അപൂർവചിത്രങ്ങളുടെ ചാകരയായിരുന്നു.

മഡഗാസ്കർ ദ്വീപിന്റെ വലിയൊരു പ്രത്യേകത അവിടത്തെ നാഷനൽ പാർക്കുകൾ തമ്മിലുള്ള ദൂരമായിരുന്നു. നൂറുകണക്കിനു കിലോമീറ്റർ താണ്ടിയാലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്ത് എത്താൻ സാധിക്കുകയുള്ളു. നാലാം ദിനം യാത്രയ്ക്കായി മാറ്റിവച്ചതായിരുന്നു. അന്റാനാരിയോയിലേക്കുള്ള ആ ട്രിപ്പിൽ മഡഗാസ്കറിലെ ഗ്രാമങ്ങളും നഗരങ്ങളും കാണാനുള്ള അവസരം കൂടിയായിരുന്നു. നാട്ടിലെപ്പോലെ ചക്കയും മാങ്ങയും സുലഭം. കുട്ടികളൊന്നും സ്കൂളുകളലൊന്നും പോകുന്നില്ല എന്നു തോന്നുന്നു. അവർ പലേ തെരുവുകളിലും ചാർക്കോളിന്റെയും മറ്റും കച്ചവടവുമായി സജീവമായിരിക്കുന്നു.

madagascarlemurs5
സാത്തനിക് ലീഫ് ടെയിൽഡ് ഗെക്കോ പച്ച ഇലകൾക്കിടയിൽ, അത് തന്നെ ഉണങ്ങിയ ഇലകളിൽ,, മൂസിലീഫ് ഗെക്കോ

തലസ്ഥാന നഗരിയിൽ നിന്ന് വീണ്ടും 11 മണിക്കൂർ സഞ്ചരിച്ചാണ് റനോമഫന റിസർവിൽ എത്തിയത്. 18 കിലോമീറ്റർ പൂർണമായും ട്രെക്ക് ചെയ്തായിരുന്നു ആ വനം കണ്ടറിഞ്ഞത്. അതതും മുഴുവൻ കയറ്റവും ഇറക്കങ്ങളും മാത്രം. അത് അമേരിക്കൻ വനിത സംരക്ഷിച്ച് ഗവേഷണം നടത്തുന്ന പ്രദേശമാണ്. മഡഗാസ്കറിനു തനതായ പ്രാണികളും ജീവികളും ഇവിടെ ഒട്ടേറെയുണ്ട്. അക്കൂട്ടത്തില്‍ വിസ്മയിപ്പിച്ച ഒരെണ്ണമാണ് സാത്തനിക് ലീഫ് ടെയിൽഡ് ഗെക്കോ. ഉണങ്ങിയ ഇലകളിൽ നിന്ന് പച്ചിലയിലേക്ക് മാറുമ്പോൾ അതിനുണ്ടാകുന്ന നിറംമാറ്റം അമ്പരപ്പിക്കുന്നതാണ്. പലവിധ ഓന്തുകളും പാമ്പുകളും ഒക്കെ അവിടത്തെ കാഴ്ചകളായിരുന്നു. ഞങ്ങളുടെ ലോക്കൽ ഗൈഡ് ആയിരുന്ന യുവാവ് റനോമഫനയില ഗവേഷകസംഘത്തിന്റെ ഭാഗംകൂടിയായിരുന്നതിനാൽ അവിടെ ഞങ്ങൾ ഏറെ ആസ്വദിച്ചാണ് കണ്ടത്. മാക്രോഫൊട്ടോഗ്രഫിയുടെ മെക്ക എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആ റിസർവ് ചിത്രങ്ങൾ നൽകുന്നതിലും ഒട്ടും പിശുക്ക് കാട്ടിയില്ല.

madagascarlemurs6
ഷോർട് ഹോൺഡ് കമലിയോൺ, പാഴ്സൺസ് കമലിയോൺ

വാലിൽ വലയങ്ങളുള്ളവർ

ലീമർ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചിത്രം പലർക്കും റിങ് ടെയിൽഡ് ലെമുറുകളുടേതാായിരിക്കും. കാണാൻ നല്ല ഭംഗിയുള്ള, വാലിൽ കറുത്ത വലയങ്ങളുള്ള, കൂട്ടമായി ജീവിക്കുന്ന മൃഗമാണ് ഇവ. മനുഷ്യരോട് വലിയ അകൽച്ച ഭാവിക്കാത്ത ഇവയുടെ ആവാസസ്ഥാനം അഞ്ച റിസർവിലാണ്. ഇതുവരെ കണ്ട ഭൂപ്രകൃതിയിൽ നിന്നു വ്യത്യസ്തമായി കല്ലുകളും പാറക്കെട്ടുകളുമുള്ള പ്രദേശം. റിങ് ടെയിൽഡ് ലമൂർ മനുഷ്യരോട് കുറേയൊക്കെ സൗഹൃദം പ്രകടിപ്പിക്കും. അതുപോലെ മനുഷ്യരുടേതുപോലെയുള്ള സ്നേഹപ്രകടനങ്ങളൊക്കെ അവയുടെ കൂട്ടത്തിനുള്ളിൽ കാണാം. അതുകൊണ്ടൊക്കയാാണ് മഡഗാസ്കറിന്റെ ദേശീയമൃഗമായി ഇവയെ തന്നെ സ്വീകരിച്ചതും. റിങ്ടെയിൽഡ് ലീമറുകളിൽ അമ്മമാർ കുട്ടികളെ മുതുകത്ത് എടുത്തുകൊണ്ട് നടക്കുന്നതും കാണാം.

madagascarlemurs7
നൃത്തക്കാരൻ ഡയഡിമ്ഡ് സിഫാക്ക, റിങ് ടെയിൽഡ് ലീമർ,

അഞ്ചായിലെ രണ്ടു ദിവസം ഏറെ രസകരമായിരുന്നു. മനോഹരമായ ചിത്രങ്ങളും അനുഭവങ്ങളും. ഒരു തവണ ചെങ്കുത്തായ പാറക്കെട്ടിനു മുകളിൽ റിങ്ടെയിൽഡ് ലെമുറുകൾ ഇരിക്കുന്നതു കണ്ടു. ഞാൻ ആ പാറക്കെട്ടിനു മുകളിലേക്ക് കയറാൻ ശ്രമിച്ചു. നന്നേ കുത്തനെയുള്ള കയറ്റമായിരുന്നു, എങ്കിലും പിൻവാങ്ങിയില്ല. ആകെയുള്ള ഭയം മുകളിലെത്തുമ്പോഴേക്ക് ലീമറുകൾ ഭയന്ന് ഓടിപ്പൊയ്ക്കളയുമോ എന്നതായിരുന്നു. എന്നാൽ അദ്ഭുതമെന്നു പറയട്ടെ, മുകളിൽ ആ മൃഗത്തെ തൊടാവുന്നത്ര അടുത്തെത്തിയിട്ടും അവ ഓടിപ്പോയില്ല. കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന തള്ള ലീമർ അവിടെത്തന്നെ കിടന്നിരുന്നു.

പിന്നീട് അഞ്ച റിസർവിന്റെ അതിർത്തി പ്രദേശത്ത്, ജനവാസ കേന്ദ്രത്തിനു സമീപം ശരീരത്ത് മുറിപ്പാടുകളോടെ ഒരു ലീമർ കുഞ്ഞിനെ കാണാനിടയായി. അത് കൂട്ടം തെറ്റിയതോ കൂട്ടത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടതോ ആകാമെന്ന് ഗൈഡ് പറഞ്ഞു. തൊട്ടടുത്തുള്ള വെള്ളക്കെട്ടിൽ ദാഹം ശമിപ്പിക്കാൻ രണ്ട് സംഘം ലീമറുകൾ ഒരുമിച്ച് വരികയും അവ തമ്മിൽ പരസ്പരം പോരടിക്കുകയും ചെയ്തിരുന്നു എന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞു. ആ ബഹളത്തിൽ അമ്മയുടെ മുതുകത്തു നിന്ന് വീണപോയതായിരിക്കും ഈ കുട്ടി.

madagascarlemurs8
റിങ്ടെയിൽഡ് ലീമറുകളിൽ അമ്മമാർ കുട്ടികളെ മുതുകത്ത് എടുത്തു നടക്കും

ഏതായാലും ഞങ്ങൾ ഫൊട്ടോഗ്രഫി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴേക്ക് ആ കുഞ്ഞി ലീമറിനെ അതിന്റെ അമ്മയുൾപ്പടെയുള്ള സംഘം തിരിച്ച് വന്ന് കൂട്ടിക്കൊണ്ട് പോയിരുന്നു.

madagascarlemurs9

ലീമറുകളുടെ ലോകം എത്രമാത്രം വിശാലമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഇന്ത്യയിലെ നാഷനൽ പാർക്കുകളിലോ കെനിയയിൽ മസായി മാരയിലോ ഇന്തൊനീഷ്യയിലോ ഒക്കെ പോയപ്പോൾ കണ്ടതിനെക്കാൾ മനസ്സിനെ പിടിച്ചുലച്ച അനുഭവങ്ങളും ചിത്രങ്ങളുമായി മഡഗാസ്കർ മനസ്സിൽ നിറഞ്ഞു. ജീവിതത്തിൽ ഇനി ഒരിക്കൽക്കൂടി പോകാൻ സാധിക്കുമോ എന്നറിയില്ല, പോയാലും എത്ര ലീമർ ഇനങ്ങൾ ബാക്കികാണുമെന്നും അറിയില്ല...

ADVERTISEMENT