ദക്ഷിണേന്ത്യയിലെ വനങ്ങളിൽ ആനകൾ സുലഭമാണ്. എന്നാൽ അതിൽ ചിലർ അതി പ്രശസ്തരാണ്. അങ്ങിനെ പ്രശസ്തരായ കാറ്റുകൊമ്പന്മാരെ തേടി ചിത്രം പകർത്തിയ ജീന അനൂപിന്റെ കാഴ്ച്ചകളും ചിത്രങ്ങളും...
ആദ്യമായി ക്യാമറയിൽ പകർത്താൻ ശ്രമിച്ച വന്യമൃഗം ആയതിനാലാണോ അതോ മലയാളി ആയതിനാലാണോ ഞാന്‍ കാട്ടാനപ്രേമി ആയതെന്നു ചോദിച്ചാൽ അത് ഉത്തരമില്ലാത്ത ചോദ്യമാണ്. കിളികളുടെ മായാപ്രപഞ്ചത്തിൽ മതിമറന്നു നടന്ന മൂന്നാർ ട്രിപ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആദ്യമായി കാട്ടാനയെ കണ്ടത്.
ഏലത്തോട്ടത്തിനുള്ളിലൂടെ ഒഴുകി നടക്കുന്ന കരിമ്പാറ പോലെ മാത്രമേ അതിനെ കാണാനും ഫോട്ടോ എടുക്കാനും പറ്റിയുള്ളൂ! പിന്നീടുള്ള യാത്രകളിൽ കണ്ണും മനസ്സും ആനകളെ തേടി അലഞ്ഞു! ഒടുക്കം കൺനിറയെ, ഉള്ളം കുളിർക്കെ ആനകളെ കണ്ടത് ആതിരപ്പിള്ളിയിൽ ആണ്. അതും പെരുമഴയത്ത്! ക്യാമറയും ഞാനും നനയുന്നത് അറിഞ്ഞതേ ഇല്ല. അന്ന് ആദ്യമായി ആനയുടെ കണ്ണുകൾ എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കുന്നത് പോലെ തോന്നി, പലപ്പോഴും ക്യാമറയിലൂടെ അവന്റെ കണ്ണിലേക്കു നോക്കി പടം എടുക്കാൻ മറന്ന് നിന്നിട്ടുമുണ്ട്.
മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആനകളെ കാണുമ്പോൾ ഫ്രെയിമിനെപ്പറ്റിയൊന്നും എന്റെ തലയിൽ വരാറില്ല. പകരം അവരുടെ കണ്ണുകളിലേക്കും കാലുകളിലേക്കും നഖങ്ങളിലേക്കും തുമ്പിക്കൈയിലേക്കും ഒക്കെ ആവും ഫോക്കസ് ചെയ്യുക. ഈ ഭൂമിയിൽ നിന്നും എപ്പോൾ വേണമെങ്കിലും തുടച്ചു മാറ്റപ്പെടാവുന്ന ഏറ്റവും വലിയ ജീവി. ആ ഒരു തിരിച്ചറിവാണ് എന്നെ ആനകളുടെ മുന്നിൽ എത്തിക്കുന്നത്. അതിനിടയിലെപ്പോഴോ ആണ് പല കാടുകളിലെയും ‘പ്രശസ്തരായ’ കൊമ്പൻമാരെ അന്വേഷിച്ചിറങ്ങിയത്.

കാണാൻ കൊതിക്കുന്ന കാട്ടാന
പ്രൗഢഗംഭീരമായ ആകാരം കൊണ്ടും വലുപ്പം കൊണ്ടും എന്നെ അദ്ഭുതപ്പെടുത്തിയ കാട്ടാനയാണ് മൂന്നാർ ‘പടയപ്പ’. ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളതും അതിനെ തേടി ആയിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവൻ എന്റെ ക്യാമറയ്ക്ക് മുഖം തന്നത്. അതും നേർക്കുനേർ!! വീണ്ടും കാണാനായി ഹൃദയം തുടിക്കുന്നതും ഈ ഒരു കാട്ടാനയുടെ കാര്യത്തിൽ മാത്രമാണ്.

നാട്ടുകാർ ഏഴാറ്റുമുഖം ഗണപതി എന്നു വിളിക്കുന്ന കാട്ടാനയെ അവന്റെ തടകത്തിൽ വച്ച് കാണുമ്പോൾ കൂടെ മഞ്ഞക്കൊമ്പൻ എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. പെരുമഴയത്തായിരുന്നു ആ കണ്ടുമുട്ടൽ. പനയോല എത്തി കുത്തി വലിച്ചു പറിക്കുന്നതിനിടയിൽ ഏറെ നേരം ആ ആനകൾ എന്റെ നേരെ നോക്കി നിന്നു, അനങ്ങാതെ! കാഴ്ച്ച ശക്തി താരതമ്യേന കുറവുള്ള ഇവർ, തുമ്പിക്കൈ പൊക്കി പലതവണ ഗന്ധം പിടിക്കുന്നുണ്ടായിരുന്നു.
മഞ്ഞക്കൊമ്പനെ ഓർമയില്ലേ? കേരളം കണ്ട വലിയ മഴയിൽ മലവെള്ളപാച്ചിലിൽ ഒഴുക്കിനെതിരെ നീന്തി മലയാളക്കരയെ ആശങ്കയിൽ ആഴ്ത്തി ഒടുക്കം വിജയക്കൊടി പാറിച്ചു ജീവിതത്തിലേക്ക് നീന്തി കയറിയവൻ!

ചില്ലി കൊമ്പനും കബനിയിലെ കൊമ്പൻമാരും
പ്രശസ്തിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ളവനാണ് ഈ നെല്ലിയാമ്പതിക്കാരൻ ചില്ലി കൊമ്പൻ. ആള് പൊതുവെ ശാന്തനാണ്! ചക്കയും മാങ്ങയും കുലുക്കിപറിച്ചു അല്ലറ ചില്ലറ കുരുത്തക്കേടുകളുമായി കാടിന്റെ മക്കളായ മനുഷ്യനൊപ്പം സഹജീവിതം നടത്തുന്നു. എന്നാൽ മദപ്പാട് സമയത്തിൽ ചില്ലി കൊമ്പൻ വേറെ കാടു കയറുമെന്നാണ് അറിഞ്ഞത്. അപ്പോൾ ചെന്നെത്തുന്ന ഇടം കുട്ടിച്ചോറാക്കാറുമുണ്ടത്രേ.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കൊമ്പിനുടമയായ ബോഗേശ്വര എന്ന ആനയുടെ കുടുംബക്കാരൻ എന്ന് ആളുകൾ വിശ്വസിക്കുന്ന ആനയാണ് ജൂനിയർ ബോഗേശ്വര. കബിനിയിലെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് ഇവൻ. കൊമ്പുകൾ നീണ്ടു നിലത്തു മുട്ടി അവിടുന്ന് വളഞ്ഞു മേലോട്ട് വളർന്നു കൊണ്ടിരിക്കുന്നു. 2.58 മീറ്ററോളം നീളമുണ്ടായിരുന്നു ബോഗശ്വരയുടെ കൊമ്പുകൾക്ക്. ഇപ്പോ കാണുന്ന ജൂനിയറിന്റെ മുത്തച്ഛൻ ആനയ്ക്ക് (പണ്ട് മൈസൂരിൽ കണ്ടെത്തിയത്) ഏകദേശം 3.26 മീറ്റർ നീളമുണ്ടെന്നു പറയപ്പെടുന്നു. അതുപോലെ തന്നെ പ്രശസ്തനായ മറ്റൊരു കൊമ്പനെയും അതേ ട്രിപ്പിൽ കബിനിയിൽ കാണാൻ ഭാഗ്യമുണ്ടായി. റോഡ് കിങ് എന്ന് അറിയപ്പെടുന്ന ഇവനെയും ജൂനിയർ ബോഗേശ്വരയെയും കാണുമ്പോൾ ഇവരിൽ ആരാണ് റോഡ്കിങ്, ആരാണ് ജൂനിയർ ബോഗേശ്വര എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്നതായി കേട്ടിട്ടുണ്ട്.

ഒരു ബന്ദിപൂർ യാത്രയിലാണ് റോഡിനു നടുവിൽ വണ്ടികൾക്കിടയിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കുന്ന കൊമ്പനെ കണ്ടത്. കാനനപാതയിൽ ടോൾ പിരിക്കാനിറങ്ങിയതെന്നാണ് അതിന്റെ ഭാവം, വെജിറ്റബിൾ രാജ എന്നാണ് നാട്ടുകാരിട്ട വിളിപ്പേര്. പച്ചക്കറികളുമായി വരുന്ന ലോറി മാത്രം തടഞ്ഞു നിർത്തി അതിൽനിന്നു വേണ്ടതെടുത്ത് തിന്നുമത്രേ. ഞാൻ കാണുമ്പോഴും കാറുകൾക്കിടയിലൂടെ അടുത്ത് കിടക്കുന്ന ലോറി ലക്ഷ്യമാക്കി വരികയായിരുന്നു.
മൂന്നാറിന്റെ സ്വന്തക്കാർ
മൂന്നാറിന്റെ കുളിരിൽ പച്ച വിരിച്ച തേയില തോട്ടങ്ങൾക്കിടയിൽ, പൈപ്പ് വെള്ളം പൊട്ടിച്ചു വെള്ളവും കുടിച്ചു വള്ളി പുല്ലുകൾ വലിച്ചു പറിച്ചു നീങ്ങുന്ന കാട്ടാന കൂട്ടങ്ങൾ, സഹവർത്തിത്വം വിളിച്ചു പറയുന്നവയാണ്. വനംവകുപ്പ് റാപിഡ് റസ്പോൺസ് സംഘത്തിന്റെ അവസരോചിതമായ ഇടപെടൽ പലപ്പോഴും അവിടങ്ങളിൽ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം ലഘുകരിച്ചിട്ടുണ്ട്. മൂന്നാറിലെ വേസ്റ്റ്കുഴിയിൽ വലിച്ചെറിയുന്ന പച്ചക്കറികളും പഴവർഗങ്ങളും കഴിക്കാൻ എത്തുന്ന കാട്ടാനകളുടെ എണ്ണം കൂടിയിട്ടുള്ളത് ആശങ്കാജനകമാണ്.

കൊമ്പിൽ ഹോസ് ഉടക്കി, പിന്നീട് എടുത്തുകളയാൻ പറ്റാതെ അതുമായി ജീവിച്ചു പോന്ന ആനയ്ക്ക് പതിഞ്ഞ പേരാണ് "ഹോസ്‌കൊമ്പൻ." ഒരു മാട്ടു പെട്ടി യാത്രയിൽ ആണ്, ഇവനെയും കുടുംബത്തെയും കാണുന്നത്. .

ആരോ ഇടുന്ന പേര്
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, കബാലി തുടങ്ങി ഇനിയമുണ്ട് പേരെടുത്ത കാട്ടുകൊമ്പൻമാർ. കാട്ടാനകൾക്ക് ഫോറസ്റ്റ് ഒഫീഷ്യൽസ് പേരിടാറില്ല. ആരെങ്കിലും വിളിക്കുന്ന പേരിൽ പിന്നീട് അതങ്ങനെ അറിയപ്പെട്ടു പോരുന്നു. എത്രയൊക്കെ ശാന്തനാണെന്നു കരുതുന്ന ആനയും മദപ്പാടിൽ അല്ലെങ്കിൽ എന്തെങ്കിലും പ്രകോപനത്തിൽ അവരുടെ വന്യ സ്വഭാവം പുറത്തെടുക്കും. എന്ത് പേരിട്ടാലും അത് കാട്ടാനയാണ് എന്ന ബോധം നമുക്കുണ്ടാകണം.

ആനക്കൂട്ടത്തെ തന്നെ കാണാമെന്ന പ്രതീക്ഷയിൽ പോയ ആനക്കുളത്തെ ഏക സൈറ്റിങ്ങിൽ കണ്ട കുട്ടിക്കൊമ്പൻ മുതൽ പേരില്ലാത്ത പിടിയാനകൾ വരെ ഒട്ടേറെ ആനക്കാഴ്ചകൾ കിട്ടിയിട്ടുണ്ട്. കോളജ് പഠന കാലം മുതൽ കടന്നുപോകുന്ന കാടാണ്, ഇടുക്കി-കുളമാവ്. ഇടുക്കിയിലെ വീട്ടിൽ നിന്ന് ഹസ്ബൻഡ് അനൂപിന്റെ പാലായിലെ വീട്ടിലേക്കും ഈ കാട്ടിലൂടെയുള്ള യാത്ര പതിവായി. പണ്ട് തൊടുപുഴയിൽ നിന്നു വാഴത്തോപ്പ് സ്കൂളിൽ പഠിപ്പിക്കാൻ വന്നുകൊണ്ടിരുന്ന അനൂപിന്റെ അമ്മ ബസ്സിനു നേരെ ചീറി പാഞ്ഞു വരുന്ന കൊമ്പന്റെ കഥകൾ പറയാറുണ്ട്. പക്ഷേ, ഒരിക്കൽ പോലും അവിടെ ഒരു ആനയെ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല . ഒടുവിൽ കഴിഞ്ഞ വർഷം അതുവഴി കടന്നു പോകുമ്പോൾ റോഡിനു മുകളിൽ മൂന്ന് പിടിയാനകളെ കണ്ടു. തുമ്പിക്കൈ പൊക്കി നമസ്കാരം പറഞ്ഞങ്ങനെ പോസ് ചെയ്യുന്നു... !.