അപ്സരസിന്റെ പിൻതലമുറക്കാരെന്നു വിശ്വസിക്കുന്ന ഒരു ജനവിഭാഗമേ ഭൂമുഖത്തുള്ളൂ, അതു വിയറ്റ്നാമികളാണ്. രണ്ടായിരത്തഞ്ഞൂറ് വർഷം മുൻപ് ജീവിച്ചിരുന്ന ലാക് ലോങ് കുവാൻ എന്നു പേരുള്ള വ്യാളിയാണത്രേ വിയറ്റ്നാമികളുടെ പൂർവ പിതാവ്. ഔകോകി എന്ന അപ്സരസിന് ലാക് ലോങ്ങിലുണ്ടായ നൂറു മക്കളാണ് വിയറ്റ്നാമിലെ ആദിമ മനുഷ്യരെന്ന് ഐതിഹ്യം.
ഇന്തോ - ചൈന ഉപദ്വീപിന്റെ കിഴക്കേയറ്റത്താണ് വിയറ്റ്നാം. എട്ടര കോടി ജനങ്ങൾ താമസിക്കുന്ന വിയറ്റ്നാമിൽ പറന്നിറങ്ങാൻ ഇന്ത്യയിൽ നിന്നു പുറപ്പെടുന്ന വിമാനത്തിൽ അഞ്ചേ മുക്കാൽ മണിക്കൂർ സഞ്ചരിക്കണം. അപ്സരസ്സുകളുടെ പിൻതലമുറയെ കാണാൻ നെടുമ്പാശേരിയിൽ നിന്നു പുറപ്പെടുമ്പോൾ ഐതിഹ്യത്തിന്റെ ബാക്കി ചിത്രം എന്തെന്നറിയാനുള്ള ആകാംക്ഷയാണ് മനസ്സിലുണ്ടായിരുന്നത്.
വിയറ്റ് ജെറ്റ് വിമാനത്തിലായിരുന്നു യാത്ര. രാത്രി 12.00നാണ് പറന്നുയർന്നത്. പുലർകാലത്തുള്ള യാത്രയിലും ഊർജസ്വലയായ എയർഹോസ്റ്റസ് നിറഞ്ഞ പുഞ്ചിരിയോടെ യാത്രക്കാരുടെ അരികിലെത്തി. അവർ വിളമ്പിയ സ്റ്റിക്കി റൈസും ചിക്കൻ കറിയും രുചികരമായിരുന്നു.

വിയറ്റ്നാമിലെ വലിയ നഗരമായ ഹോ ചി മിൻ സിറ്റിയിൽ രാവിലെ 6.45ന് വിമാനം നിലംതൊട്ടു. വിമാനത്താവളത്തിൽ നിന്നു ഹാനോയ് എന്ന സ്ഥലത്തേക്കാണു പോയത്. ഗൈഡ് എഡ്വാർഡ് ഹോച്ചി അവിടെ കാത്തിരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിലേക്കു നീങ്ങി. മുറിയിൽ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു. തലേദിവസം രാത്രി വിമാനത്തിൽ ഉറക്കം ശരിയാവാത്തതിനാൽ പിറ്റേന്നു ക്ഷീണം തോന്നിയെങ്കിലും അതൊക്കെ മറികടന്ന് ആദ്യ ഡെസ്റ്റിനേഷനിലേക്കു നീങ്ങി. മ്യൂസിയത്തിലേക്കാണ് ആദ്യം പോയത്. ‘ഹോ ചി മിന്‍ മൊസോളിയം’ വിയറ്റ്നാമിന്റെ ചരിത്രക്കാഴ്ചയാണ്. വിയറ്റ്നാമിലെ ആദ്യ സർവ്വകലാശാലയായ ദി ടെംപിൾ ഓഫ് ലിറ്ററേച്ചറായിരന്നു സെക്കൻഡ് പോയിന്റ്. തലസ്ഥാന നഗരം സ്ഥാപിച്ചപ്പോഴുള്ള ചരിത്രസ്മാരകമാണിത്. അവിടേക്കുള്ള റോഡ് യാത്രയിൽ വഴിയോരക്കാഴ്ച രസകരമായി. ഹോൺ കിം തടാകത്തെ ചുറ്റിയുള്ള ഡ്രൈവിങ്ങിൽ എൻഗോക് സോൺ ക്ഷേത്രവും ലി തായ് രാജാവിന്റെ പ്രതിമയും കണ്ടു.
ആദ്യ ദിവസത്തിന്റെ ഹൈലൈറ്റ് കാഴ്ച വാട്ടർ പപ്പറ്റ് ഷോയാണ്. വിയറ്റ്നാമിന്റെ പ്രാചീന കലാരൂപമാണ് വാട്ടർ പപ്പറ്റ് ഷോ. ഗ്രാമീണ ജീവിതവും ദേശീയ ചരിത്രവുമാണു പപ്പറ്റ് ഷോയിൽ അവതരിപ്പിക്കുന്നത്. പാവക്കൂത്ത് കണ്ടു മടങ്ങിയപ്പോഴും രാത്രിയായി. അത്താഴം കഴിക്കാൻ പോയത് ലോകപ്രശസ്തമായ ബീയർ സ്ട്രീറ്റിൽ ആയിരുന്നു. ആ തെരുവ് അർധരാത്രിയിലും അതിഥികൾക്ക് അന്നമൂട്ടുന്നു. വിയറ്റ്നാം വിഭവങ്ങൾ രുചികരമാണ്. ബൺ റിയു ക്വാ (വെർമിസെല്ലി), ബൺ ച, ബൺ തിത് നുഒങ് (ഗ്രിൽ ചെയ്ത പോർക്ക് ഇറച്ചിയുമായി വെർമിസെല്ലി), ബൺ ബോ ഹ്യു (ഇലകളുടെ കൂട്ടത്തിൽ ബീഫ്) എന്നിങ്ങനെ നാവിൽ കൊതിയുണർത്തുന്ന വിഭവങ്ങളുടെ നിര അവിടെയുണ്ട്.

ഹാലോങ് ബേയിലെ മണിമുത്തുകൾ
പിറ്റേന്നു രാവിലെ കാഴ്ചയുടെ സാഗരത്തിലേക്കിറങ്ങി. ഹാനോയിലെ ഹോട്ടലിൽ നിന്ന് 3 മണിക്കൂർ സഞ്ചരിച്ച് ഹലോങ് ബേയിൽ എത്തി. നഗരത്തിന്റെ മനോഹാരിത കൺകുളിർക്കെ ആസ്വദിച്ചു. ഈ പാതയോരത്ത് പേൾ ഫാക്ടറിയുണ്ട്. ഹാലോങ് ബേയിൽ ലഭിക്കുന്ന മുത്തുകൾ ലോകപ്രശസ്തമാണ്. പരിശുദ്ധിയും കനവും നിറത്തിന്റെ മിഴിവുമാണ് ഹാലോങ് പേളിന്റെ പ്രത്യേകത. 1960കളിലാണ് ഹലോങ് ബേയിൽ പേൾ എടുത്തു തുടങ്ങിയതെന്നു പറയപ്പെടുന്നു. വില നോക്കിയ ശേഷം അവയിൽ നിന്നു കുറച്ചു പേൾ വാങ്ങി.
ആഡംബര തുറമുഖത്തിന്റെ ഭംഗിയല്ല ഹാലോങ് ബേയുടേത്. എന്നാൽ, ആ തുറമുഖത്തിന്റെ മനോഹാരിത അവിടെ എത്തുന്നവരുടെ മനംമയക്കുന്നു. വിക്ടർ എന്നു പേരുള്ള ഗൈഡാണ് ഞങ്ങൾക്ക് ആ സ്ഥലം പരിചയപ്പെടുത്തിയത്. കൗതുകം നിറഞ്ഞ കണ്ണുകളുമായി ജലാശയത്തിലേക്കു നീങ്ങി. കാഴ്ചകൾ നന്നായി ആസ്വദിക്കാനായി ബോട്ടിന്റെ മുൻ ഭാഗത്ത് ഇരിപ്പുറപ്പിച്ചു. ഫാജിനയും ശാന്തിയും മുൻ നിര പിടിച്ചപ്പോൾ ശില്പയും തൈബയും പ്രിയയും ദിവ്യയും പിൻ നിരയിലേക്കോടി. സുഹൃത്തുക്കൾ ഒരുമിക്കുമ്പോൾ പ്രായം പറന്നകലുന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു.

ജലാശയത്തിലൂടെ മുപ്പതു മിനിറ്റ് ബോട്ട് സവാരി നടത്തി. അതിനു ശേഷം ‘ലാ പാന്റോറ ക്രൂസ്’ലേക്ക് മാറിക്കയറി. ഇനി ക്രൂസ് സവാരിയാണെന്ന് അറിയിപ്പ് ലഭിച്ചു. ഭംഗിയായി രൂപകൽപ്പന ചെയ്ത ആഡംബര ക്രൂസായിരുന്നു അത്. ക്രൂസിനുള്ളിലെ റസ്റ്ററന്റ് അതിഥികളുടെ ഇഷ്ടം തിരിച്ചറിഞ്ഞ് വിഭവങ്ങൾ ഒരുക്കി. ഞങ്ങൾ ക്രൂസിൽ നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനു ശേഷം കയാക്കിങ്, നീന്തൽ എന്നിങ്ങനെ രസകരമായ വിനോദപരിപാടികളിലും പങ്കെടുത്തു.
കയാക്കിങ്ങ് കഴിഞ്ഞ് ക്രൂസിൽ തിരിച്ചെത്തി വസ്ത്രം മാറി. അപ്പോഴേക്കും ഇരുട്ടായി. ഡിന്നർ കഴിക്കാനായി വീണ്ടും ക്രൂസിന്റെ നാലാം നിലയിൽ കയറി. അതിഥികൾക്കു വേണ്ടി രസകരമായ നേരംപോക്കുകൾ അവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഗൈഡ് വിക്ടർ പറഞ്ഞു. കുക്കറി ഷോ ആയിരുന്നു അതിൽ മികച്ചത്. പാചകവിദഗ്ധർ കൈപ്പുണ്യം തെളിയിക്കുന്നത് നേരിൽ കാണാൻ അവസരം ലഭിച്ചു. നിലാവുള്ള രാത്രിയിൽ ആകാശത്തെ സാക്ഷിയാക്കി ഞങ്ങളൊരുമിച്ചു പാട്ടുപാടി.
ഗുഹാമുഖത്തെ വാനമ്പാടി
മൂന്നാമത്തെ ദിവസം പ്രഭാതക്കാഴ്ച അദ്ഭുതങ്ങളുടേതായിരുന്നു. ചെറിയ ബോട്ടിൽ കയറി ഹലോങ് ബേയിലെ ഗുഹകൾ കാണാൻ പോയി. ആ പ്രകൃതിദൃശ്യം വിസ്മയമായി അനുഭവപ്പെട്ടു. പ്രപഞ്ചത്തിൽ രൂപപ്പെടുന്ന അനേകം പ്രതിഭാസങ്ങളുടെ മാതൃകയാണ് വിയറ്റ്നാമിലെ ഗുഹകൾ. അവിടേക്കുള്ള ബോട്ട് യാത്രയുടെ വിരസത മാറ്റാനായി വിയറ്റ്നാം സ്വദേശിനിയായ വനിത പാട്ടുപാടി. ഗാനാലാപനത്തോടെ തോണി തുഴയാൻ അവർക്കു സാധിച്ചത് ഞങ്ങൾക്ക് പുതിയ കാഴ്ചകൾ സമ്മാനിച്ചു. ആ യുവതിയുടെ പാട്ടിന് ശാന്തമായ താളമായിരുന്നു. ആ സ്ത്രീയുടെ ശബ്ദം ഗുഹകളിൽ തട്ടി പ്രതിധ്വനിക്കുന്നതായി തോന്നി. നമുക്കറിയാത്ത മറ്റൊരു ലോകത്ത് എത്തിച്ചേർന്നതു പോലെയായിരുന്നു അത്.
പ്രഭാതഭക്ഷണവും ക്രൂസിൽ തയാറായിരുന്നു. വിശപ്പു മാറ്റിയതിനു ശേഷമാണ് തുറമുഖത്ത് തിരിച്ചെത്തിയത്. ഗൈഡ് വിക്ടറിന്റെ ഡ്യൂട്ടി അവിടെ അവസാനിച്ചു. വീണ്ടും നായക സ്ഥാനം എഡ്വാർഡ് ഏറ്റെടുത്തു.
ജലസവാരി പൂർത്തിയാക്കി വീണ്ടും റോഡ് യാത്രയുടെ മാസ്മരികയിൽ പ്രവേശിച്ചു. അവിടുത്തെ റോഡുകൾക്ക് അനുയോജ്യമാിരുന്നു ഞങ്ങൾക്കു വേണ്ടി എത്തിച്ചിരുന്ന വാൻ. ആ വാഹനം ബാംബൂ ഫാക്ടറിയുടെ മുന്നിൽ നിർത്തി. വിയറ്റ്നാമിന്റെ കരവിരുതുകൾ തെളിയിക്കുന്ന വസ്ത്രങ്ങൾ തയാറാക്കുന്ന സ്ഥലമായിരുന്നു അത്. മുതിർന്നവർക്കും കുട്ടികൾക്കും മുളയിൽ തയാറാക്കിയ വസ്ത്രങ്ങൾ അവിടെ വിൽപനയ്ക്കുണ്ട്. മകൾക്കു വേണ്ടിയൊരു ബാംബൂ വസ്ത്രം വാങ്ങി. കൂടെയുള്ളവരെല്ലാം ഷോപ്പിങ് പ്രിയരായതിനാൽ ഏറെ നേരം അവിടെ ചെലവഴിച്ചു.
വീണ്ടുമൊരു വിമാന യാത്രയ്ക്ക് തയാറെടുക്കാൻ നേരമായെന്ന് ഗൈഡ് അറിയിച്ചു. ഡാ നാങ് എന്നു പേരുള്ള നഗരത്തിലേക്കാണു പോകുന്നത്. ഹാനോയ് വിമാനത്താവളത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. വൈകിട്ട് 5ന് വിയറ്റ് ജെറ്റ് വിമാനത്തിൽ കയറി. ഒരു മണിക്കൂർ പറന്ന് 6 മണിയോടെ ഡാ നാങിൽ എത്തി.
ഡാ നാങ് ബീച്ചിനു സമീപത്ത് ഒരു ഹോട്ടലിലാണ് മുറിയെടുത്തിട്ടുള്ളത്. ഹോട്ടലിനു സമീപത്ത് നിശാ കമ്പോളങ്ങളുണ്ട്. മസാജ് പാർലറുകളും വഴിയോര ഭക്ഷണ ശാലകളുമാണ് ആ സ്ഥലത്തേക്ക് ആളുകളെ ആകർഷിക്കുന്നത്.
വിയറ്റ്നാമിലെ തനിനാടൻ വിഭവങ്ങളാണ് അവിടുത്തെ തട്ടുകടകളിൽ വിൽക്കുന്നത്. നിശാമാർക്കറ്റിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഹോട്ടലിൽ എത്തിയപ്പോൾ തെരുവിൽ കണ്ടു മുട്ടിയ സുന്ദരികളെക്കുറിച്ചായിരുന്നു ഞങ്ങളുടെ ചർച്ച : വിയറ്റ്നാമിലെ യുവതികളുടെ മുഖവും ശരീരവും ആകർഷകമാം വിധം ഭംഗിയുള്ളതാണ്. അവരുടെ ശരീരരകാന്തിക്ക് മറ്റുള്ളവരുടെ മനസ്സിനെ വശീകരിക്കാനുള്ള ശേഷിയുണ്ട്.
വെളിച്ചം വിതറുന്ന ബുദ്ധൻ
തലേദിവസത്തെ തെരുവോരക്കാഴ്ചയുടെ ആലസ്യത്തിൽ മയങ്ങിയ ഞങ്ങളെ കൊണ്ടു പോകാൻ പിറ്റേന്നു രാവിലെ എത്തിയ അതിഥി അതി സുന്ദരിയായിരുന്നു. ജെന്നി എന്നാണ് അവളുടെ പേര്. ഇരുപത്താറു വയസ്സുകാരിയായ ജെന്നി ഗൈഡാണ്. അവളുടെ നേതൃത്വത്തിൽ ഞങ്ങൾ മാർബിൾ മൗണ്ടൻ കാണാൻ പോയി. അവിടെ എത്തിയ സമയത്ത് ചാറ്റൽ മഴ പെയ്തു. മഴത്തുള്ളികൾ തലോടിയ തണുപ്പുമായി മല കയറിയത് രസകരമായ അനുഭവമായി. ഹ്യാൻ കൊങ്ങ് ഗുഹ, ടാം തായ്, ലിൻഗ് ഉംഗ് പാഗോഡ എന്നീ സ്ഥലങ്ങളും ഈ യാത്രയ്ക്കിടെ സന്ദർശിച്ചു.
മാർബിൾ മൗണ്ടന്റെ നെറുകയിൽ നിന്നാൽ നഗരത്തിന്റെ മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാം. ഗുഹകളാണ് മറ്റൊരു വിശേഷം. ഗുഹയിൽ പ്രകൃതിദത്തമായി സൃഷ്ടിക്കപ്പെട്ട സുഷിരത്തിലൂടെ നനുത്ത വെളിച്ചം കടന്നു വരുന്നുണ്ട്. ആ പ്രഭാവലയത്തിൽ ഒരു ബുദ്ധ പ്രതിമ കണ്ടു. പ്രകൃതിയുടെ അനേകം കൗതുകങ്ങളിലൊന്നാണ് മാർബിൾ മൗണ്ടനിലെ ഈ അദ്ഭുതം.
ഉച്ചയ്ക്കു ശേഷം ഹോയാൻ ടൗണിലേക്കാണു പോയത്. കാഴ്ചയുടെ വലിയ നിര അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ജാപ്പനീസ് ബ്രിജ്, ചൈനീസ് അസംബ്ലി ഹാൾ, നാടൻ സംഗീതം... ഓർമയിൽ തങ്ങി ഒട്ടേറെ ദൃശ്യങ്ങളിലൂടെ കടന്നു പോകാൻ സാധിച്ചു. അതു പോലെ തന്നെ, ബാന ഹിൽസ് എന്നറിയപ്പെടുന്ന കുന്നിൻപ്രദേശത്തേക്കുള്ള പ്രയാണം മറക്കാനാവില്ല. 1487 മീറ്റർ ഉയരമുള്ള പർവതത്തിലേക്ക് കേബിൾ കാർ സർവീസുണ്ട്.
വ്യാളിയുടെ അനുഗ്രഹം
വിയറ്റ്നാമിലെ അവസാന രാത്രിയിലാണ് ഡ്രാഗൺ ബ്രിജിലേക്കു പോയത്. വിയറ്റ്നാമിലെ വലിയ കാഴ്ചയാണു ഡ്രാഗൺ ബ്രിജ്. വ്യാളിയുടെ ഐതിഹ്യത്താൽ പ്രശസ്തമായ വിയറ്റ്നാമിൽ വ്യാളി യെ കാണാനുള്ള സ്ഥലമാണ് ഡ്രാഗൺ ബ്രിജ്. വലിയ വ്യാളിയുടെ രൂപമാണ് അത്. വ്യാളിയുടെ വായിൽ നിന്ന് വെള്ളവും തീയും പുറത്തേക്കു തള്ളി വരുന്നു.
തുറന്ന കാറിലിരുന്നാണ് ആ ദൃശ്യം ആസ്വദിച്ചത്. ഷോ ആരംഭിച്ചപ്പോൾ അവിടെ എത്തിയ ആളുകൾ അതു ക്യാമറയിൽ പകർത്താനായി മത്സരിച്ചു. ഈ സമയത്ത് ഞങ്ങളുടെ വാഹനം വ്യാളിയുടെ തൊട്ടടുത്ത് എത്തിയിരുന്നു. പൊടുന്നനെ വ്യാളിയുടെ വായ തുറന്നു. അതിനുള്ളിൽ നിന്നു പുറത്തേക്കൊഴുകിയ വെള്ളത്തിൽ ഞങ്ങൾ നനഞ്ഞ് ഈറനായി. വലിയ കാഴ്ച കാണാനായെന്നു മാത്രമല്ല, അതിന്റെ റിയൽ ഫീൽ അനുഭവിക്കാനും സാധിച്ചു.
ഹോട്ടലിൽ മടങ്ങി എത്തിയ ഉടനെ വാഷ് റൂമിൽ കയറി കുളിച്ചു. വ്യാളിയുടെ വായിലൂടെയാണു വെള്ളം വന്നതെങ്കിലും അതു ദേഹത്തു വീണപ്പോഴുണ്ടായ അസ്കിത അപ്പോഴാണു മാറിക്കിട്ടിയത്. അത്താഴം തിരഞ്ഞുള്ള നടത്തമായിരുന്നു പിന്നീട്. ലാളിത്യ ഭംഗിയോടെ അലങ്കരിച്ചൊരുക്കിയ തെരുവ് വർണക്കടലായി മാറിയിരുന്നു.

ലാന്റേൺ വിളക്കുകളുടെ ദീപനാളങ്ങൾ സ്വർണ നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. ആകാരഭംഗി പ്രകടിപ്പിച്ച് സുന്ദരന്മാരായ പുരുഷന്മാരും ശരീരഭംഗി കാണിച്ചുകൊണ്ട് സുന്ദരികളും ആ വിളക്കുകളുടെ സമീപത്തു കൂടി കടന്നു പോകുന്നത് പറഞ്ഞറിയിക്കാനാവാത്ത ചിത്രങ്ങളായി ഇപ്പോഴം മനസ്സിലുണ്ട്.
ഐതിഹ്യം ഏറെക്കുറേ ശരിയാണെന്നു തോന്നുന്നു. ആദിമാതാവിന്റെ പാരമ്പര്യം നിലനിർത്തുന്ന അപ്സരസ്സുകളെ പോലെ സുന്ദരികളാണ് വിയറ്റ്നാമിലെ വനിതകൾ.
അവരുടെ പുരുഷന്മാർ ഗാംഭീര്യമുള്ളവരാണ്, കഥയിലെ പൂർവപിതാവായി അറിയപ്പെടുന്ന ലാക് ലോങ് കുവാനെ പോലെ.