ADVERTISEMENT

പല കഷണങ്ങൾ കൂട്ടി ചേർത്തതുപോലുള്ള കാലുകൾ, കൈകൾ, നീണ്ട ഉടൽ, ത്രികോണാകൃതിയിലുള്ള തല, അതിനു ചേരാത്ത വിധമുള്ള കണ്ണുകൾ... മുൻപിലെ കൈകൾ കൂപ്പിയുള്ള നിൽപ് കണ്ടാൽ പ്രാണികളുടെ ലോകത്തെ ഏറ്റവും സാധു. എന്നാൽ അവയുടെ ലോകത്തേക്ക് കടന്നാൽ കാണാം വലിയ ക്രൂര മൃഗങ്ങളെപ്പോലെ മുൻപിൽ കിട്ടുന്ന ഇരകളെ കൗശലത്തോടെയും വീര്യത്തോടെയും കയ്യിലൊതുക്കുന്ന വേട്ടക്കാരാണ് മാന്റിസ് അഥവാ തൊഴുകയ്യൻ. കണ്ടെത്താനും ചിത്രം പകർത്താനും എളുപ്പമല്ലാത്ത ഇക്കൂട്ടരെ പ്രവാസി മലയാളിയായ അനീഷ് കരിങ്ങാട്ടിൽ ക്യാമറക്കണ്ണുകളിലൂടെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതിനകം പല വിധത്തിലുള്ള തൊഴുകയ്യൻമാരെ കാണുക മാത്രമല്ല, അവയുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന, കൗതുകം നിറയ്ക്കുന്ന സന്ദർഭങ്ങൾ പലതും ചിത്രീകരിക്കുകകൂടി ചെയ്തിട്ടുണ്ട് അനീഷ്. തികച്ചും വ്യത്യസ്തമായ മാക്രോ ഫൊട്ടോഗ്രഫി ദൃശ്യങ്ങളിലൂടെ...

തൊഴുകയ്യൻമാരുടെ ലോകം

ADVERTISEMENT

പക്ഷികളെയും മണലാരണ്യത്തിലെ അപൂർവ ജീവികളെയും തേടിയുളള പുലർകാല സഞ്ചാരങ്ങളിലൊന്നിലാണ് തൊഴുകയ്യൻ പ്രാണിയിലേക്ക് ക്യാമറ കേന്ദ്രീകരിക്കുന്നത്. യാദൃച്ഛികമായി കണ്ട അതിന്റെ ശാരീരിക വിശേഷതകളും നാട്ടിലെ പ്രാണികളിൽ ചിലതിനോടുള്ള സാമ്യങ്ങളുമൊക്കെ കണ്ടാണ് ചിത്രീകരിച്ചത്. മാന്റിസുകളെ കണ്ടുകിട്ടാനുള്ള ക്ലേശവും നല്ല ചിത്രം കിട്ടാനുള്ള ബുദ്ധിമുട്ടുകളുമൊക്കെ കേട്ടപ്പോൾ മാന്റിസുകളുടെ പരമ്പര ചിത്രീകരിച്ചാലോ എന്നു തോന്നി. അത് സ്വയം നിശ്ചയിച്ച ചലഞ്ചായി ഏറ്റെടുത്തതോടെ പക്ഷി ചിത്രങ്ങൾ തേടിയുള്ള സഞ്ചാരങ്ങൾ മാന്റിസുകളുടെ അന്വേഷണമായി മാറുകയായിരുന്നു.

prayingmantis2
പലതരം പ്രേയിങ് മാന്റിസ് ജീവികൾ Photos : Anish Karingattil

ജീവിലോകത്ത് പാറ്റകളോടും പുൽച്ചാടികളോടും ചീവിടുകളോടുമൊക്കെ അകന്ന ബന്ധം പറയാവുന്ന തൊഴുകയ്യൻമാർ ഭൂമിയിൽ മൂന്നര ദശലക്ഷം വർഷങ്ങൾക്കുമുൻപേ തന്നെ ജീവിക്കാൻ തുടങ്ങിയിരുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. പച്ചയിൽ നിന്ന് തവിട്ട് നിറത്തിലേക്ക് നിറം മാറാൻ കഴിവുള്ള അവ അങ്ങേയറ്റം ‘കാമോഫ്ലേഗ്’ സ്വഭാവമുള്ള പ്രാണിയാണ്. ഇലകളിലോ തണ്ടുകളിലോ മരത്തടികളിലോ അതുമായി ചേർന്നു പോകുന്ന നിറത്തിൽ ഇരുന്നാൽ തൊഴുകയ്യൻമാരെ കാണുക അങ്ങേയറ്റം ദുഷ്കരം. കണ്ടെത്തിയാൽ തന്നെ തൊഴുകയ്യൻമാരുടെ ചിത്രങ്ങൾ പകർത്താൻ അതിനെക്കാൾ വെല്ലുവിളി. മാക്രോ ഫൊട്ടോഗ്രാഫിയിലായാലും അവയെ ഫോക്കസ് ചെയ്യുക എളുപ്പമല്ല.

prayingmantis3
ADVERTISEMENT

തൊഴുത് നിൽക്കും, ചാടി വീഴും...

റാസ് അൽ ഖൈമയിൽ വച്ച് ചിത്രീകരിച്ച ഒരു ‘ആക്ഷൻ ചിത്ര’മാണ് തൊഴുകയ്യൻമാരുടെ വേട്ട ചിത്രങ്ങളിൽ പ്രിയപ്പെട്ട ഒന്ന്. ആ പ്രാണിയുടെ ശാന്തതയും ചടുല പ്രവൃത്തിയുടെ തീവ്രതയും വ്യക്തമാക്കുന്നതാണ് ഫ്രെയിം. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്ക് പ്രശസ്തമായ ആ പ്രദേശത്ത് കള്ളിമുൾ ചെടിക്ക് സമാനമായൊരു സസ്യത്തിന്റെ തണ്ടിലാണ് തൊഴുകയ്യനെ കണ്ടത്. മഞ്ഞ തണ്ടും പച്ച മുള്ളുകളും നിറഞ്ഞ ചെടിയിൽ അതിനോട് ചേർന്നിരിക്കുന്ന നിറത്തിൽ തന്നെയായിരുന്നു ആ പ്രാണിയും. പതിയിരിക്കുന്ന അപകടത്തെക്കുറിച്ചറിയാതെ പറന്നു വന്ന് ചെടിത്തണ്ടിലിരുന്ന കടന്നൽ വർഗത്തിൽപെട്ട ഈച്ചയെ അൽപ സമയം എടുത്താണ് തൊഴുകയ്യൻ തന്റെ പിടിയിലമർത്തിയത്. ഈച്ചയെ ഒരു കൈ കൊണ്ട് പിടിച്ച് തലയുടെ പിന്നിൽ കടിച്ചു, കഴുത്തിൽ മുത്തം നൽകുന്നതുപോലെ. തുടർന്ന് രണ്ട് കൈകൊണ്ടും എടുത്ത് ഒരു ചിറക് തിന്നു. നിമിഷങ്ങൾക്കുള്ളിൽ ആ ഈച്ചയുടെ ശരീരം പൂർണമായും തൊഴുകയ്യന്റെ വയറ്റിലെത്തി.

prayingmantis4
തിസിൽ മാന്റിസ് ഇരയായ ഈച്ചയെ രണ്ട് കൈകൊണ്ടും എടുത്ത് തിന്നുന്നു
ADVERTISEMENT

അൽപം കൂടി ‘പൊടി പാറിയ’ വേട്ടയായിരുന്നു അജ്മാനിൽ വച്ച് ചിത്രീകരിച്ചത്. പതിവു പോലെ അതും പ്രഭാത ഷൂട്ടിങ് വേള. ചെടിയിൽ നാല് ചിത്രശലഭങ്ങൾ ഇരിക്കുന്നു. പുലർവെട്ടത്തിന്റെ തിളക്കത്തിൽ അവയുടെ മഞ്ഞച്ചിറകുകൾക്ക് സ്വർണശോഭയാണ്. പല കോണുകളിൽ നിന്ന് വിവിധ ഫ്രെയിമുകളിൽ ഫോട്ടോഷൂട്ട് തുടരുന്നതിനിടെ പെട്ടെന്ന് പൂമ്പാറ്റയുടെ ചിറകടി ശബ്ദം ഉയർന്നു. അത് ചിറക് വീശി പറന്നുയരുന്നതിന്റെ ശബ്ദമായിരുന്നില്ല, പ്രാണൻ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ മൃത്യുഭയത്തിന്റെ ശബ്ദമായിരുന്നു അത്. എന്നാൽ ആ പൂമ്പാറ്റ വൈകിപ്പോയിരുന്നു. തൊട്ടടുത്ത് എവിടെ നിന്നോ പാത്തും പതുങ്ങിയുമെത്തിയ തിസിൽ മാന്റിസിന്റെ അന്നത്തെ ഇരയായി മാറി ആ ശലഭം.

prayingmantis5
പൊടി പാറിയ പോരാട്ടം. തിസിൽ മാന്റിസിന്റെ ഇരയായി മാറിയ ശലഭം.

വെളിച്ചം നേരേ വന്നു പതിക്കുംവിധം ഇരിപ്പ് ഉറപ്പിച്ചിരുന്ന മാന്റിസിനെ ഫ്രെയിമിലാക്കാൻ പാകത്തിൽ നിലയുറപ്പിച്ച് ക്യാമറയുടെ സെറ്റിങ്സ് ശരിയാക്കി. വളരെ വേഗം കുറച്ച് സ്നാപ്സ് ക്ലിക്ക്് ചെയ്തു. മനോഹരമായ പ്രകാശത്തിൽ കിട്ടിയ ആ ചിത്രത്തിന്റെ ഹൈലൈറ്റ് തൊഴുകയ്യന്റെ പിടിയിൽ കിടന്ന് പിടയ്ക്കുന്ന പൂമ്പാറ്റയുടെ ചിറകിൽ നിന്ന് തെറിച്ചു പോകുന്ന പൊടിയുടെ കണികകളാണ്. വേട്ടക്കാരന്റെ വിജയത്തിനും ഇരയുടെ ദൈന്യതയ്ക്കുമപ്പുറം പ്രകൃതി നിശ്ചയിച്ച ഭക്ഷ്യശൃംഖയിലെ രണ്ട് പടവുകളിലൂടെ കടന്നു പോകുന്ന ഈ നിമിഷം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി എന്നത് കൂടുതൽ സന്തോഷമേകുന്നു.

ചുള്ളിക്കമ്പിൽ ചുള്ളിപോലെ

പ്രാണികളുടെ ലോകത്തെ ഭീമാകാരൻമാരാണ് തൊഴുകയ്യൻമാരെന്ന് പറയാം. നീളത്തിൽ ചുള്ളിക്കമ്പുപോലെ തോന്നിക്കുന്ന ഇവയ്ക്ക് 10 മില്ലീമീറ്റർ മുതൽ 12 സെന്റിമീറ്റർ വരെ നീളമുണ്ടാകുമത്രേ. ആറു കാലുകളും മുതിർന്നവരിൽ രണ്ട് ചിറകും ഉണ്ട്. എന്നാൽ ഇവ പറക്കാറില്ല. ഇരയെ കൈപ്പിടിയിലൊതുക്കാൻ സന്നദ്ധരായി, മുൻകൈകൾ ഉയർത്തിപ്പിടിച്ചാണ് ഇവ എപ്പോഴും ഇരിക്കുന്നത്. അങ്ങനെയാണ് പ്രേയിങ് മാന്റിസ് എന്ന് ഇംഗ്ലിഷിലും തൊഴുകയ്യൻ എന്നു മലയാളത്തിലും പേരു വന്നത്.

prayingmantis8

മഴയ്ക്കു ശേഷമുള്ള സമയങ്ങളിലാണ് ഇവയെ എളുപ്പം കാണാൻ സാധിക്കുന്ന സമയം. ഉഷ്ണമേഖലാ പ്രദേശത്തും മിതോഷ്ണ മേഖലാ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ മരുഭൂമിയിലും പുൽമേടുകളിലും എല്ലാം ഇവയെ കാണാം. പൊതുവെ ചെടികളുടെ തണ്ടിലും ഇലകളുടെ അടിയിലുമാണ് ഇവ ഇരിക്കാറുള്ളത്.

prayingmantis6
കോൺഹെഡ് മാന്റിസ്

അജ്മാനിലെ മറ്റൊരു ദിനം, നേരം വെളുക്കുന്നതേയുള്ളു. ആ വരണ്ട പ്രദേശത്ത് ഇലകൾ കൊഴിഞ്ഞുപോയ ചെടികളിൽ പരിസരങ്ങളുമായി ഇഴുകിച്ചേർന്നിരിക്കുന്ന രണ്ട് എംപുസ ഹെഡൻബോർഗി മാന്റിസിനെ കാണാൻ കഴിഞ്ഞു. അവയുടെ ശരീരങ്ങളുടെ നിറവും രൂപവും ഉണങ്ങിയ ചെടിത്തണ്ടിനോട് മാത്രമല്ല വരണ്ട പരിസരത്തിനോടും കൂടി ചേർന്ന് കിടക്കുന്നതായിരുന്നു. ഉണങ്ങിയ ചെടികളുടെ വലിയ ശിഖരങ്ങൾക്കിടയിൽ, ഇവയെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല. ഇണചേരലിനും വേട്ടയ്ക്കും ഈ മാന്റിസുകൾ പരിസരത്തിന്റെ സ്വാഭാവിക ഭാഗങ്ങളായി ചലനരഹിതരായി ഇരിക്കുകയായിരുന്നു. നിശ്ചലമായ നീണ്ട കൈകളും കൂർത്ത കണ്ണുകളും അവയെ പരിസരങ്ങളോട് ലയിപ്പിച്ച് ചേർക്കുന്നവയായി. പ്രകൃതിയുടേതായ ഒരു നിമിഷം, അവയുടെ നിഷ്കളങ്കതയും ഭീകരതയും ഒന്നിപ്പിക്കുന്ന അനശ്വരമായ ഫ്രെയിം ആണ് അതെന്നു തോന്നി.

റാസ് അൽ ഖൈമയിൽ ഒരു മഴക്കാല പുലരിയിൽ എടുത്ത ചിത്രമുണ്ട്. ജലകണികകൾ തിങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ, തിസിൽ മാന്റിസും എംപുസ ഹെഡൻബോർഗി മാന്റിസും ചെടിയുടെ ഒരേ തണ്ടിലിരിക്കുമ്പോൾ അവിടേക്ക് എന്റെ ക്യാമറക്കണ്ണുകളും ഫോക്കസ് ചെയ്യുകയായിരുന്നു.

prayingmantis7
തിസിൽ മാന്റിസും എംപുസ ഹെഡൻബോർഗി മാന്റിസും

അജ്മാനിൽ തന്നെ ഒരു ഫൊട്ടോ ട്രിപ്പിലാണ് മാന്റിസ് മോൾട്ടിങ് കാണാൻ അവസരം കിട്ടിയത്. പാമ്പുകളുടെ പടം പൊഴിക്കലിനു സമാനമായ, മാന്റിസുകളുടെ വളർച്ചാ പ്രക്രിയയാണ് മോൾട്ടിങ്. പ്രാണി അതിന്റെ ശരീരത്തിലെ പഴയ തൊലി ഉപേക്ഷിച്ച് പുതിയ ത്വക്കിൽ പുറത്തെത്തുകയാണ് ഇവിടെ. ഇത് കാണാൻ പറ്റുന്നതും ചിത്രമെടുക്കുന്നതും അപൂർവത്തിൽ അപൂർവമായാണ് കണക്കാക്കുന്നത്. പുതിയ ത്വക്കിൽ പുനർജനിക്കുന്ന മാന്റിസ് പഴയതിനെക്കാളും വലുത് ആയിരിക്കും.

മാന്റിസിനെ പിടിച്ച മാന്റിസ്

പൊതുവെ ഒറ്റയ്ക്കാണ് തൊഴുകയ്യൻമാരെ കാണാറുള്ളത്. ഇണ ചേരുന്ന കാലത്താണ് ജോഡികളായി ദൃശ്യമാകുക. നാട്ടിലെ ഒരു ബന്ധുവീട്ടിൽ പോയ സന്ദർഭത്തിലാണ് അവിടത്തെ പൂന്തോട്ടത്തിൽ ഇണ ചേരുന്ന തൊഴുകയ്യൻമാരെ കണ്ടത്. ലെപ്റ്റോ മാന്റിലെ എന്നാണ് ഈ മലയാളത്താൻമാരുടെ ശാസ്ത്രീയ നാമം. ഇവ മുട്ടയിടുന്നത് പതപോലുള്ള കൊഴുത്ത പദാർഥത്തിനുള്ളിലാ‍ണ്. ഇത് മരക്കൊമ്പിലും മറ്റും കട്ടിപിടിക്കുന്നു. അവിടെ ഒട്ടിപ്പിടിച്ച് ഇരിക്കുന്നു. ഊതക്ക എന്നാണ് ഈ എഗ് ക്യാപ്സൂളിനെ വിളിക്കുക. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ 3 മുതൽ 6 ആഴ്ച വരെ എടുക്കാറുണ്ട്. വിവിധ ഇനം മാന്റിസുകൾ ഇണ ചേരുന്നതും ഊതക്കയുടെയും മുട്ടവിരിഞ്ഞ് നിംഫ് സ്‌റ്റേജ് കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രാണിക്കുഞ്ഞുങ്ങളുടെയും ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

prayingmantis9
തൊഴുകയ്യൻമാരുടെ മുട്ടകൾ സംരക്ഷിക്കപ്പെടുന്ന ഊതക്കയിൽ രണ്ട് പ്രാണികൾ, കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് ഇറങ്ങുന്നു

ഫ്യുജൈറയിലെ ഒരു രാത്രി ഫോട്ടോ ഷൂട്ടിലാണ് പച്ച ഇലയിൽ ഇരിക്കുന്ന ഹെഡ്‌ജോഗീ മാന്റിസിനെ കണ്ടത്. അതിന്റെ നല്ല ഫോട്ടോസ് എടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് അതിനെപ്പോലെ തന്നെ ഇരിക്കുന്ന മറ്റൊരു പ്രാണികൂടി അവിടേക്ക് എത്തി. രണ്ടും ഒന്നിച്ച് ഇരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. ഒരേ പോലുള്ള മറ്റൊരു മാന്റിസ് കൂടി ആ ഇലയിലേക്കു പെട്ടെന്ന് കടന്നു വന്നു രണ്ടും ഒരുമിച്ചു ഇരുന്നു എന്താണെന്നു പെട്ടെന്ന് മനസിലായില്ല, പിന്നീടാണ് ഞാൻ കണ്ടത് ഒരു തിസിൽ മാന്റിസ് ഓടിച്ചു കൊണ്ട് വന്നതാണ് രണ്ടാമത്തേതായി അവിടെത്തിയ ഹെഡ്ജോഗിയെ.

prayingmantis11
പ്രേയിങ് മാന്റിസ്, ഫോട്ടോഗ്രഫർ അനീഷ് കരിങ്ങാട്ടിൽ

ഇനി അവിടെ എന്തു നടക്കും എന്നതായി എന്റെ കൗതുകം. കുറച്ച് സമയം കൂടി അവയെ ശല്യം ചെയ്യാതെ അവിടെത്തന്നെ തുടർന്നു. പെട്ടന്നാണ് ആ തിസില്‍ മാന്റിസ് ഒരു ഹെഡ്ജോഗി മാന്റിസിന്റെ മുകളിലേക്ക് ചാടിവീണത്. നിമിഷാർധത്തിൽ ഇരയെ കയ്യിലൊതുക്കിയ തിസിൽ മാന്റിസ് അവിടെ നിന്ന് ചാടി മറയുകയും ചെയ്തു. രാത്രി 11.30 മുതൽ പുലർച്ചെ 2 വരെ നീണ്ട കാത്തിരുപ്പിന്റെ അവസാനം കൂടിയായിരുന്നു ആ ഇരപിടിത്തം... മാന്റിസുകൾക്കിടയിൽ സ്വന്തം വർഗക്കാരെ തന്നെ കൊന്നു തിന്നുന്നത് അപൂർവമല്ല എന്നു കേട്ടിട്ടുണ്ടായിരുന്നു, അന്ന് അത് നേരിൽ കാണാനും പറ്റി.

prayingmantis10

പല തരക്കാർ പച്ചപ്പിലും മഞ്ഞിലും മൂടി നിൽക്കുന്ന അജ്മാനിൽ തണുപ്പുള്ള ഒരു വെളുപ്പാൻ കലത്തു മാന്റിസുകളെ തിരഞ്ഞുള്ള സ‍ഞ്ചാരത്തിൽ അവിചാരിതമായി കിട്ടിയ കുറേ ചിത്രങ്ങളുണ്ട്. തൊഴുകയ്യൻമാരുടെ വേട്ടച്ചിത്രങ്ങൾ പലതും അങ്ങനെ കിട്ടിയവ തന്നെ. കൂടാതെ പല ഇനങ്ങളിലുള്ള മാന്റിസുകൾ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ, ഇരയെ കാത്തിരിക്കുന്ന മാന്റിസ് തുടങ്ങി അവയുടെ ക്ഷണികമായ ജീവിതത്തിലെ ഒട്ടേറെ സന്ദർഭങ്ങൾ കണ്ണിനും ക്യാമറയ്ക്കും വിരുന്നായിട്ടുണ്ട്. മനുഷ്യരുടെ കാഴ്ചയിൽ നിസ്സാരക്കാരായ പ്രാണികളുടെ ലോകത്തെ ഇത്തരം വലിയ ചിത്രങ്ങൾ ജീവികളുടെ ലോകത്തെ അതിന്റെ അളക്കാനാകാത്ത ആഴത്തിലേക്കു കൂടി കൂട്ടുന്നു..

ADVERTISEMENT