പച്ചപ്പട്ട് വിരിച്ചതുപോലെ പരന്നുകിടക്കുന്ന ഷോലകാടുകളും പുൽമേടുകള്‍ പൊതിഞ്ഞ മലമടക്കുകളും, ഇതാണ് കഥകളിൽ കേട്ട ആ സ്വപ്ന ഭൂമി
Mail This Article
കർണാടകയിലെ പ്രകൃതിരമണീയമായ നേത്രാവതി കൊടുമുടി. കാറ്റിന് കവിതയുടെ ഈണമുള്ള, പച്ചപ്പിന് നിറമേഴുമഴകുള്ള പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഉയരം. പുൽമേടുകൾക്കിടയിലൂടെ, കോടമഞ്ഞ് പൊതിഞ്ഞ താഴ്‌വരകളിലൂടെ നടന്ന് പ്രകൃതിയുടെ നിശബ്ദ സംഗീതത്തിന് ചെവിയോർത്ത് മനസ്സുനിറയെ വനത്തിന്റെ തണുപ്പും ശാന്തതയും അനുഭവിച്ച സഞ്ചാരം, അതാണ് നേത്രാവതി ട്രെക്കിങ്. ചിക്കമംഗളൂരു ജില്ലയിൽ കുദ്രേമുഖ് നാഷണൽ പാർക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, കേരളീയരായ ട്രെക്കിങ് പ്രേമികൾക്കിടയിൽ ഇന്ന് ഏറ്റവും പ്രശസ്തമായതും, തിരക്കേറിയതുമായ ട്രെക്കിങ് റൂട്ടാണ്.
പച്ചപ്പട്ട് വിരിച്ചതുപോലെ പരന്നുകിടക്കുന്ന ഷോലകാടുകളും പുൽമേടുകള്‍ പൊതിഞ്ഞ മലമടക്കുകളുമാണ് നേത്രാവതിയെ സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കി മാറ്റുന്നത്. ട്രെക്കിങ് പ്രേമികൾക്കിടയിൽ കുദ്രേമുഖ് പീക്കിനുള്ള ഒരു മികച്ച ബദലായി നേത്രാവതി പ്രശസ്തി നേടിയിട്ട് അധികകാലമായിട്ടില്ല. ഇന്ന് കർണ്ണാടക വനം വകുപ്പിന് കീഴിലുള്ള ഏറ്റവും ഡിമാൻഡ് ഉള്ള ട്രെക്കിങ്ങാണ് നേത്രാവതി.
ഇളയ മകളുടെ ഊര്
ഇളയ മകളുടെ ഊര് എന്നാണ് ചിക്കമംഗളൂരു എന്ന വാക്കിന്റെ അർഥം. സക്രേ പട്ടണയുടെ തലവൻ രുഗ്മാഗദ രാജാവ് ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്തതാണത്രേ ഈ സ്ഥലം. കർണ്ണാടകയിലെ ഉയരം കൂടിയ ആദ്യത്തെ മൂന്ന് മലകളും ചിക്കമംഗളൂരു ജില്ലയിലാണ്. കാപ്പിയുടെ നാടും കൂടിയാണ് ഇവിടം. കർണ്ണാടകയിൽ കാപ്പി വന്നതിനു പിറകിൽ ഒരു ഐതീഹ്യമുണ്ട്. സൂഫി വര്യനായ ബാബ ബുധൻ മക്കയിലേക്കുള്ള യാത്രക്കിടയിൽ യെമനിലെ തുറമുഖ നഗരമായ മോച്ചയിൽ താമസിക്കുകയുണ്ടായി. തനിക്ക് കുടിക്കാൻ കിട്ടിയ കറുത്ത പാനീയം അദ്ധേഹത്തിന് വളരെയേറെ ഇഷ്ടപ്പെട്ടു. അവിടെ നിന്നും വറുക്കാത്ത ഏഴ് കാപ്പിക്കുരു തന്റെ താടിയിൽ ഒളിപ്പിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു. അങ്ങനെ ആദ്യമായി നമ്മുടെ നാട്ടിൽ കാപ്പിക്കുരു എത്തി എന്നാണ് കഥ.
സംസെ എന്ന കൊച്ചുഗ്രാമമാണ് നേത്രാവതി ട്രെക്കിങ്ങിന്റെ ബേസ് ക്യാംപ്. തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം മനോഹരമായ കാഴ്ചയാണ്. ട്രെക്കിങ് തുടങ്ങുന്ന ഇടത്തേക്ക് മൂന്നുനാലു കിലോമീറ്റർ ഉണ്ട്. അവിടെയാണ് വനം വകുപ്പിന്റെ ടിക്കറ്റ് പരിശോധനയും, ബാഗ് പരിശോധനയും നടക്കുന്നത്. ഇവിടെ നിന്നു തന്നെയാണ് വനം വകുപ്പ് ഗൈഡിനെ അനുവദിച്ച് കൊടുക്കുന്നതും. വനം വകുപ്പ് അനുവദിക്കുന്ന ഗൈഡിനൊപ്പമേ ട്രെക്കിങ്ങിന് അനുവാദമുള്ളൂ. ട്രെക്കിങ്ങിന്റെ തുടക്ക ഭാഗമായ ആദ്യത്തെ 3-4 കിലോമീറ്റർ ദൂരമുള്ള ഓഫ് റോഡ് യാത്ര തന്നെ സാഹസികതയുടെ സൂചന നൽകി. വഴിക്കിരുവശവും കാപ്പിത്തോട്ടങ്ങളും, കമുങ്ങിൻതോപ്പുകളും. ഇടയ്ക്കിടെ മിന്നിമായുന്ന കോടമഞ്ഞ്.
ഒന്നാം ഘട്ടം: വെള്ളച്ചാട്ടങ്ങളും ചോലക്കാടും
ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം, ഗൈഡിനൊപ്പം മുകളിലേക്കുള്ള കയറ്റം തുടങ്ങി. തുടക്കം പാറക്കെട്ടുകളിലൂടെയാണ്. ഏകദേശം 1-1.5 മണിക്കൂർ വേണം ഈ ഭാഗം പിന്നിടാൻ. ഈ പാതയിലൂടെ മുന്നോട്ട് പോകുമ്പോൾ, നേത്രാവതി നദിയിലേക്ക് ഒഴുകിച്ചേരുന്ന രണ്ട് തട്ടുള്ള ഒരു ചെറിയ വെള്ളച്ചാട്ടം കാണാം. യാത്രാക്ഷീണം മാറ്റാനും കുടിവെള്ളം ശേഖരിക്കാനും പറ്റിയ ഒരിടമാണിത്. മൺസൂൺ സമയങ്ങളിൽ ഇവിടെ നല്ല ഒഴുക്കുണ്ടാകും. ആ സമയത്ത് ഇത് മുറിച്ചു കടക്കുക സാഹസികമാണ്. ആ വെള്ളച്ചാട്ടം പിന്നിട്ട് നിബിഢമായ ഷോളാ വനത്തിലേക്ക് പ്രവേശിച്ചു. സൂര്യരശ്മി പോലും താഴെ എത്താൻ മടിക്കുന്നത്ര ഇടതൂർന്ന മരങ്ങളും, തണുത്ത അന്തരീക്ഷവും, പക്ഷികളുടെ കളകളാരവവും യാത്രയ്ക്ക് ഒരു പ്രത്യേക അനുഭൂതി നൽകി. ഇടയ്ക്കിടെ ചെറിയ വെള്ളച്ചാലുകൾ മുറിച്ചു കടന്നുവേണം മുന്നോട്ട് പോകാൻ. ഷോലക്കാടുകളിൽ കോടയിറങ്ങുന്ന വഴിയിലൂടെയുള്ള സഞ്ചാരം മനോഹരമാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ടാണ് മുന്നോട്ട് നീങ്ങുന്നത്.
അത്യാവശ്യം വലുപ്പമുള്ളൊരു തോട് ചോലവനത്തെ പകുത്തുകൊണ്ടു പോകുന്നുണ്ട്. അക്കരെ ഇക്കരെ കടക്കാൻ കയർ കെട്ടിയതുകൊണ്ടും, വെള്ളം കുറവായിരുന്നതുകൊണ്ടും അത് ബുദ്ധിമുട്ടില്ലാതെ കടക്കാൻ പറ്റി. നേത്രാവതി പീക്കിന്റെ താഴ്‌വരയിൽ നിന്നാണ് പുണ്യനദിയായ നേത്രാവതി ഉദ്ഭവിക്കുന്നത്. നദിക്ക് പേര് നൽകിയ ഈ മലനിരകൾക്ക് ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുണ്ട്.വനത്തിന്റെ നിശബ്ദതയിൽ നേത്രാവതി നദിയുടെ നേർത്ത കളകളാരവം കേട്ട് മുന്നോട്ട് പോകുമ്പോൾ, വലിയൊരു പുൽമേടിന്റെ അരികിലെത്തും.
രണ്ടാം ഘട്ടം: പുൽമേടുകളിലൂടെ കൊടുമുടിയിലേക്ക്
വനപാത അവസാനിക്കുന്നതോടെ വിശാലമായ പുൽമേടുകൾ കാണാം. ഇവിടെ നിന്നാണ് ട്രെക്കിങ്ങിന്റെ ഏറ്റവും മനോഹരവും എന്നാൽ വെല്ലുവിളി നിറഞ്ഞതുമായ ഭാഗം ആരംഭിക്കുന്നത്. ചുറ്റും പശ്ചിമഘട്ടത്തിലെ മറ്റു മലനിരകളുടെ കാഴ്ചകൾ. ഈ ഭാഗത്ത് ഒരുപാട് മരങ്ങളോ തണലോ ഇല്ലാത്തതിനാൽ, വെയിലുള്ള ദിവസങ്ങളിൽ ശ്രദ്ധിക്കണം. കൊടുമുടിയിലേക്ക് എത്തുംതോറും ചില തെറ്റായ കൊടുമുടികൾ (False Peaks) കയറേണ്ടി വരും. യഥാർഥ കൊടുമുടി ഇതാണെന്ന് തെറ്റിദ്ധരിച്ച് സന്തോഷിക്കുമ്പോഴായിരിക്കും, മുന്നോട്ട് നോക്കുമ്പോൾ ഇതിലും ഉയരത്തിലുള്ള അടുത്ത കയറ്റം കാണുക! ഈ കയറ്റങ്ങളാണ് പലപ്പോഴും ട്രെക്കിങ്ങിന്റെ പ്രയാസം വർധിപ്പിക്കുന്നത്. പരിചയമുള്ള ഒരു ഗൈഡിന്റെ ഗുണം ഇവിടെയാണ് പ്രയോജനപ്പെടുന്നത്. നേത്രാവതി ട്രെക്കിന്റെ ഏറ്റവും വലിയ ആകർഷണം മലമടക്കുകളിൽ തരംഗരൂപത്തിൽ പരന്നുകിടക്കുന്ന പച്ചപ്പുള്ള ഷോല പുൽമേടുകളാണ്. കുത്തനെയുള്ള കയറ്റം കയറുമ്പോൾ, ഇരുവശത്തും കാണുന്ന ഈ കാഴ്ച ഏത് ക്ഷീണവും അകറ്റാൻ പോന്നതാണ്. മൺസൂൺ സമയത്തും ശേഷവും മലമുകളിൽ കോടമഞ്ഞിന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നു. മൂടൽമഞ്ഞിൽ അലിഞ്ഞുചേർന്ന് നടന്നുനീങ്ങുന്നത് ഒരവിസ്മരണീയമായ അനുഭവമാണ്. ഏകദേശം 3-4 മണിക്കൂർ നീണ്ട കഠിനമായ സഞ്ചാരത്തിനു ശേഷം ഒടുവിൽ ഞങ്ങൾ നേത്രാവതി കൊടുമുടിയിൽ എത്തിച്ചേർന്നു. മുകളിലെ കാഴ്ചകൾ യാത്രയുടെ എല്ലാ ക്ഷീണവും ഇല്ലാതാക്കും. 1520 മീറ്റർ ഉയരത്തിൽ നിന്നുള്ള 360 ഡിഗ്രി പനോരമിക് കാഴ്ചകൾ അതിമനോഹരമാണ്. മഞ്ഞും മേഘങ്ങളും താഴ്‌വരയിൽ തങ്ങിനിൽക്കുന്നതും, ചിലപ്പോൾ നമ്മെ വന്ന് മൂടുന്നതും അനുഭവിക്കുമ്പോൾ അക്ഷരാർഥത്തിൽ മേഘങ്ങൾക്ക് മുകളിൽ എത്തിയ അനുഭൂതി ലഭിക്കും. താഴെ ബെൽത്തങ്ങാടി പട്ടണത്തിന്റെ വിദൂര കാഴ്ചയും, കുദ്രേമുഖിന്റെ മറ്റ് ഭാഗങ്ങളും ഇവിടെ നിന്ന് കാണാൻ കഴിയും. ഏറ്റവും ഡിമാൻഡ് ഉള്ള ട്രെക്കിങ് ആയതുകൊണ്ട് ഒരു ദിവസം മുന്നൂറു പേർക്ക് മാത്രമാണ് വനം വകുപ്പ് അനുവാദം കൊടുക്കുന്നത്. മനം മയക്കുന്ന കാഴ്ചകൾ കണ്ടുകൊണ്ട് കുറച്ച് നേരം വിശ്രമിച്ചപ്പോഴേക്കും ടീമിലെ ബാക്കിയുള്ളവരും എത്തിചേർന്നു. അതിനിടയിൽ കോടമൂടിയും, തെളിഞ്ഞും നേത്രാവതി തന്റെ സൗന്ദര്യം ഞങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുന്നുണ്ടായിരുന്നു. കുറെ നേരത്തെ വിശ്രമത്തിനു ശേഷം താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കൂട്ടായി മഴ എത്തി. കുത്തനെയുള്ള ഇറക്കങ്ങൾ ശ്രദ്ധിച്ച് വേണം നടക്കാൻ. മഴ ഒളിച്ചും തെളിഞ്ഞും ചാറി പെയ്തുകൊണ്ടിരുന്നു. താഴേക്കുള്ള ഇറക്കം കുറച്ച് കഠിനമായിരുന്നു. പുൽമേട് കഴിഞ്ഞുള്ള ചെറിയ പുഴയരികിലിരുന്നു ഉച്ച ഭക്ഷണം കഴിച്ചു. നേത്രാവതി കീഴടക്കിയ ആവേശതിളക്കം ഓരോരുത്തരുടെ കണ്ണുകളിലും മിന്നി.
നേത്രാവതിയുടെ ശാന്തമായ താഴ്‌വരകളിൽ നിന്നും, പ്രകൃതിയുടെ അനുഗ്രഹം ഏറ്റുവാങ്ങി മടങ്ങുമ്പോൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞത് ആ മലനിരകളുടെ ഹൃദയതുടിപ്പാണ്. കാടിന്റെ നിശബ്ദതയിൽ നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞ ആ നിമിഷങ്ങൾ... ഉയരങ്ങളിലേക്ക് നടന്നടുക്കുമ്പോൾ ശ്വാസം മുട്ടിയെങ്കിലും, കൊടുമുടിയിൽ നിന്നുള്ള വിശാലമായ കാഴ്ചയും, തണുത്ത കാറ്റും നൽകിയ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ മലമടക്കുകളിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്ന ഏതൊരാൾക്കും നേത്രാവതി പീക്ക് ട്രെക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.