ദൂരെ മാറി കറുത്ത ഒരു ജീവിയുടെ ശരീരം ചുരുണ്ട് കിടപ്പുണ്ട്, അടുത്ത് ചെന്നപ്പോൾ അദ്ഭുതപ്പെട്ടു! കാട്ടിലെ നിമിഷങ്ങളുമായി ഒരു വന്യജീവി ഫൊട്ടൊഗ്രഫർ
Mail This Article
എത്ര കഴിച്ചാലും മതി വരാത്ത വിശിഷ്ട വിഭവം പോലെയാണ് കാട്. ഓരോ തവണ ആസ്വദിക്കുമ്പോഴും ഏറ്റവും മികച്ച രുചി, എങ്കിലും ഇനിയും മികച്ചതാക്കാൻ ചില സാധ്യതകൾ... വനം, വന്യജീവി ഫൊട്ടോഗ്രഫർമാരുടെ കാടനുഭവങ്ങളും ഇങ്ങനെ തന്നെ. ഓരോ ചിത്രം തരുമ്പോഴും അതിൽ മറ്റൊരു സാധ്യത ഒളിപ്പിക്കുന്നു വനം. കാട്ടിലേക്കുള്ള അടുത്ത സഞ്ചാരം വരെ മനസ് കടന്നുപോവുക ആ വേറിട്ട സാധ്യതകളിലൂടെയാവും. ഒട്ടേറെ വർഷങ്ങളിലെ വൈൽഡ്‌വൈഫ് ഫോട്ടോകൾ ചേർത്തു വയ്ക്കുമ്പോഴാകും അത്തരം ‘മിസ്സിങ് ഡോട്ട്സ്’ പൂരിപ്പിക്കാനാകുക എന്ന് പറയുന്നു പതിറ്റാണ്ടിലേറെയായി കാടുകളിലൂടെ സഞ്ചരിക്കുന്ന ജോസ് കല്ലുകാരൻ. ബന്ദിപ്പുര്, കബനി, നെല്ലിയാംപതി, മൂന്നാർ, ജിംകോർബറ്റ് നാഷനൽ പാർക്ക്, സത്താൽ, തഡോബ... നീണ്ട കാടനുഭവങ്ങളിൽ ക്യാമറയിൽ പതിഞ്ഞ മൃഗങ്ങളും ഒട്ടേറെ.
കബനിയിലെയും തഡോബയിലെയും കടുവകൾ, മൂന്നാറിലെ ഓസ് കൊമ്പൻ, ചന്ദർപുരിലെ പുള്ളിപ്പുലി, ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളെക്കാളേറെ മനസ്സിൽ ഉറഞ്ഞുപോയ ചില നിമിഷങ്ങളാണ് ജോസിന്റെ കാനനയാത്രകളെ ഫോക്കസിൽ എത്തിക്കുന്നത്.
ചുട്ടിപ്പരുന്തുകളുടെ പ്രണയം
ബന്ദിപ്പുർ യാത്രകളൊരോന്നും മനോഹരമായ ഫൊട്ടോഗ്രാഫുകളിലൂടെയാണ് ഓർത്തിരിക്കുന്നത്. അതിൽ ഏറ്റവും തിളക്കമുള്ള ഓർമ ചുട്ടിപ്പരുന്തുകളുടെ അപൂർവദൃശ്യമാണ്. ജനവാസകേന്ദ്രങ്ങളിൽ പോലും പക്ഷിനിരീക്ഷകർ കാണാറുള്ള ചുട്ടിപ്പരുന്തിന് കാട്ടിൽ എന്താ ഇത്ര പ്രത്യേകത എന്നല്ലേ? അന്ന് ബന്ദിപ്പുർ കാട് ക്യാമറയ്ക്കു മുൻപിൽ ഒട്ടും കനിഞ്ഞിരുന്നില്ല. അതിനു കാരണമുണ്ട്. വേനൽക്കാലം തുടങ്ങുന്നതിനു തൊട്ടുമുൻപ് കാടിന്റെ അതിരുകളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഫയർലൈൻ ഒരുക്കും. ഒരു തീപ്പൊരി കാട്ടുപാതകളിലൊ മനുഷ്യവാസ കേന്ദ്രങ്ങളിൽനിന്നോ പാറി വീണാലും അത് വലിയ കാട്ടുതീയായി ആളിപ്പടരാതിരിക്കാൻ കാടതിരുകളിൽ ഉണക്കപ്പുല്ലും ചപ്പുചവരുകളും ചേർത്ത് വനപാലകർ തീകത്തിക്കുന്നതാണ് ഫയർലൈൻ.
അന്ന് മൃഗങ്ങൾ തീയും ചൂടും കാരണം ഉൾക്കാടുകളിലേക്ക് മാറിയതിനാൽ സൈറ്റിങ് സാധ്യത നന്നേ കുറവാണ്. എങ്കിലും കാടിന്റെ പ്രകൃതി ഭംഗിയും ശീതളിമയും ആസ്വദിക്കാൻ ഞങ്ങൾ സഫാരി പുറപ്പെട്ടു. കാടിനുള്ളിൽ ഒരു ഭാഗത്ത് വണ്ടി നിൽക്കുമ്പോൾ സമീപത്ത് മരത്തിൽ ചുട്ടിപ്പരുന്തിനെ കണ്ടു. പരുന്തെങ്കിൽ പരുന്ത്, എന്ന ചിന്തയിൽ ക്യാമറ എടുത്തു. വാഹനത്തിന് ഏറെ അരികിലായിരുന്നു അതിന്റെ സ്ഥാനം. ആ ചിത്രങ്ങൾ പകർത്തി ഇരിക്കുമ്പോഴാണ് മറ്റൊരു പരുന്ത് അവിടേക്ക് പറന്നു വന്നത്. രണ്ടു പരുന്തുകളും മുഖാമുഖം നോക്കി, ഒരുമിച്ച് അവിടേക്കും ഇവിടേക്കും നോക്കി, പെട്ടന്ന് അവർ ഇണചേരാൻ തുടങ്ങി. കുറഞ്ഞ സമയംകൊണ്ട് ഇണചേരൽ അവസാനിപ്പിച്ച് അവ പറന്നുപോകുകയും ചെയ്തു. അവിടെ സുലഭമായി കാണുന്ന മാനുകളെപ്പോലും കാണാൻ കിട്ടാതിരുന്ന സമയത്ത് കാട് സമ്മാനിച്ച ചിത്രമായിരുന്നു അത്.
ചുട്ടിപ്പരുന്തുകൾ മരത്തിലിരിക്കുന്നതും പറക്കുന്നതും പാമ്പിനെ പിടിക്കുന്നതുമൊക്കെ ഒട്ടേറെ ഫൊട്ടോഗ്രാഫർമാർ പകർത്തിയിട്ടുണ്ട്. എന്നാൽ, അവയുടെ ജീവിതത്തിലെ ഇണചേരൽ സന്ദർഭം രേഖപ്പെടുത്താൻ അധികം ഫൊട്ടോഗ്രാഫർമാർക്ക് സാധിച്ചിട്ടില്ല.
കടുവക്കുട്ടികളുടെ വേട്ട
കഴിഞ്ഞ ജൂൺ മാസത്തിലെ കബനി സന്ദർശനത്തിലാണ് ആവേശകരമായ ദൃശ്യം കണ്ടത്, മഴക്കാലം തുടങ്ങിയതിനാൽ സഞ്ചാരികൾ കുറവ്. പച്ചപ്പ് നിറഞ്ഞ കാട്ടിലൂടെ സഫാരി വാഹനം അതിവേഗം പാഞ്ഞു. അന്നത്തെ രണ്ടാമത്തെ സഫാരിയായിരുന്നു അത്. ആദ്യ സഫാരിയിൽ കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനക്കൂട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾ കിട്ടിയിരുന്നു. സഫാരി വാഹനത്തിന്റെ വേഗം കൂടിയപ്പോൾ സ്വാഭാവികമായി കൗതുകം തോന്നി. സാധാരണ ഏതെങ്കിലും മൃഗത്തിന്റെ സൈറ്റി്ങ്ങ് വിവരം ലഭിക്കുമ്പോഴാണ് ഇത്തരത്തിൽ വേഗം കൂടുക. കാര്യം തിരക്കിയപ്പോൾ അടുത്തു തന്നെ കടുവയുടെ വേട്ട നടന്നിട്ടുണ്ട്, അവിടേക്കാണത്രേ പോകുന്നത്.
വൈകാതെ സഫാരി വാഹനം ഒരു സ്ഥലത്ത് ഒതുക്കി. അൽപം മുൻപിൽ പൊന്തക്കാട്ടിൽ കടുവ പതുങ്ങിയിരിക്കുന്നതു കാണാം. കടുവ എന്നു വിളിക്കാനാവില്ല, സബ് അഡൽറ്റ് എന്നു പറയുന്ന പരുവം. കുട്ടിത്തം വിട്ടു, എന്നാൽ മുതിർന്നവനായിട്ടുമില്ല. ഡ്രൈവറോട് അൽപം കൂടി മുന്നോട്ട് വണ്ടി കയറ്റിനിർത്താമോ എന്നു ചോദിച്ചു. മടിച്ചാണെങ്കിലും വാഹനം നീക്കിയിട്ടു.
ദൂരെ മാറി കറുത്ത ഒരു ജീവിയുടെ ശരീരം ചുരുണ്ട് കിടപ്പുണ്ട്. കാട്ടുപന്നിയാണത്്, കൂട്ടത്തിലാരോ പറഞ്ഞു. പെട്ടന്ന് പൊന്തക്കാട്ടിനു പിന്നിൽ ഇളക്കം. മറ്റൊരു സബ് അഡൽറ്റ് കടുവ ചെടിക്കൂട്ടം തള്ളിമാറ്റി പുറത്തിറങ്ങി. അവിടെ നിൽക്കുന്നവരെ ശ്രദ്ധിക്കാതെ കൊന്നിട്ട ജീവിയെ കടിച്ചു വലിച്ച് കാടിനകത്തേക്ക് നീങ്ങി. അപ്പോഴാണ് ഇരയെ നന്നായി കണ്ടത്. അത് കാട്ടുപന്നി ആയിരുന്നില്ല, ആനക്കുട്ടിയായിരുന്നു.
ആനക്കൂട്ടത്തിനിടയിൽ നിന്ന് കുട്ടിയാനയെ പിടിക്കുക എളുപ്പമല്ല. മാത്രമല്ല, കടുവകൾ സാധാരണ ഒറ്റയ്ക്കേ വേട്ടയാടാറുള്ളു. ഇത് സബ്അഡൽറ്റ് ആയതുകൊണ്ടാവാം രണ്ടെണ്ണം ഒന്നിച്ചത്. അവയുടെ അമ്മ ആ പരിസരത്തു തന്നെ മറഞ്ഞിരിക്കുന്നുണ്ടാകുമെന്നാണ് സഫാരി വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞത്. ആ കാഴ്ച മറക്കാനാവാത്തതായെങ്കിലും അവിടെ നിന്ന് നല്ല ചിത്രം കിട്ടിയില്ല. കടുവകളുടെ അകലം മാത്രമായിരുന്നില്ല പ്രശ്നം, കുട്ടിയാനയുടെ ശരീരം ഉപേക്ഷിട്ട് ആനക്കൂട്ടം പോകാതിരുന്നതും തടസ്സമായിരുന്നു.
വേഴാമ്പലുകളുടെ കാട്
ഒരു ദശാബ്ദം മുൻപാണ് വേഴാമ്പലുകളെ തേടി ആദ്യമായി നെല്ലിയാമ്പതി മല കയറിയത്. അന്ന് അവിടെ വേഴാമ്പലുകളുടെ കാഴ്ച ഇന്നത്തെ അത്ര എളുപ്പമായിരുന്നില്ല. മരത്തിലിരിക്കുമ്പോൾ അവയെ കണ്ടെത്തുക ദുഷ്കരം. പറക്കുമ്പോഴോ അല്ലെങ്കിൽ ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാക്കുമ്പോഴോ മാത്രമേ അവയുടെ സാന്നിധ്യം മനസ്സിലാകുകയുള്ളു. എങ്കിലും ഓരോ നെല്ലിയാമ്പതി ട്രിപ്പിലും വേഴാമ്പലുകളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ അവസരങ്ങൾ ലഭിച്ചിരുന്നു. പറക്കുന്നതിന്റെ ചിത്രം മാത്രമല്ല, വേഴാമ്പൽ ഇണകൾ ഒന്നിച്ചിരിക്കുന്നതും ഒന്ന് മറ്റൊന്നിന് ഭക്ഷണം ചുണ്ടിൽ വച്ചുകൊടുക്കുന്നത് തുടങ്ങിയ പല പോസുകൾ. എന്നാൽ ഇപ്പോൾ നെല്ലിയാമ്പതിയിൽ വേഴാമ്പലുകൾ സുലഭമാണ്. അവയുടെ എണ്ണം വർധിച്ചതുപോലെ തന്നെ ഒക്ടോബറിൽ വാൽപാറയിലെയും മറ്റും വേഴാമ്പലുകൾ ഇവിടേക്ക് പറന്നെത്തുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ആ സമയത്ത് അഭൂതപൂർവമാമായ സൈറ്റിങ് ലഭിക്കാറുണ്ട്. ഒരിക്കൽ ഒരു ഫ്രെയിമിൽ 50 വേഴാമ്പലുകൾ വരെ ഉൾക്കൊണ്ട് പടം ലഭിച്ചിട്ടുണ്ട്. മറ്റൊരു പ്രത്യേകത അതിഥികളായി നെല്ലിയാമ്പതിയിലെത്തുന്ന പക്ഷികൾ അവിടുത്തുകാരെക്കാൾ അടുപ്പം കാണിക്കാറുണ്ടെന്നാണ് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുള്ളത്.
വനമൊരു കാൻവാസ്
ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് നാഷനൽ പാർക്ക് ഒരു തവണയെ സന്ദർശിച്ചുള്ളു എങ്കിലും അത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഫൊട്ടോഗ്രഫിക്ക് ഇത്ര മനോഹരമായ പശ്ചാത്തലം നൽകുന്ന മറ്റൊരു കാട് രാജ്യത്തുണ്ടാകില്ല. വെള്ളാരങ്കല്ല് നിറഞ്ഞ രാംഗംഗ നദിയിലെ തെളിനീര്‍ അരുവി മുറിച്ചു കടക്കുന്ന ആനക്കൂട്ടവും മാനുകളും പിതിയിരിക്കുന്ന കടുവയുമൊക്കെ എല്ലാ വന്യജീവി ഫൊട്ടോഗ്രാഫർമാരുടെയും സ്വപ്നമാണ്.
പക്ഷിച്ചിറകേറിയ സ്വപ്നം
നാനാഭാഗത്തു നിന്ന് വൈവിധ്യമേറിയ പക്ഷികൾ പറന്നിറങ്ങുന്ന തൃശൂരിലെ കോൾനിലങ്ങൾക്കു സമീപമാണ് വീട്. അതിനാലാകാം പക്ഷികളാണ് ക്യാമറയ്ക്ക് ഏറെ വിരുന്നൊരുക്കിയിട്ടുള്ളത്. വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫിയിലേക്ക് എത്തിച്ചേർന്നതും പത്രത്തിൽ കണ്ട ഒരു പക്ഷി ചിത്രത്തിന്റെ പിന്നാലെ സഞ്ചരിച്ചാണ്. വാടാനപ്പിള്ളി ഭാഗത്തെ പാടങ്ങളിൽ പറന്നിറങ്ങുന്ന പെയിന്റഡ് സ്‌റ്റോർക്ക് എന്ന വർണഭംഗിയേറിയ കൊക്കിന്റെ ചിത്രമായിരുന്നു അത്,. നമ്മുടെ നാട്ടിലും ഈ പക്ഷികൾ വരുന്നെങ്കിൽ ചിത്രം പകർത്താൻ കൊതിച്ച് ഒരു ബ്രിജ് ക്യാമറ സ്വന്തമാക്കി. പിന്നീട് ദേശാടനക്കിളികളുടെ പിന്നാലെ അലയാൻ തുടങ്ങിയപ്പോൾ കാനൻ 550ഡി എന്ന ക്യാമറ ഉപയോഗിച്ചു തുടങ്ങി. 18–135 എംഎം ലെൻസും. പക്ഷേ, പക്ഷികളുടെ ചിത്രങ്ങൾക്ക് ആ ലെൻസ് പോര. അങ്ങനെ 55–250 എംഎം സ്വന്തമാക്കി. അടുത്ത സീസണിലാണ് പെയിന്റഡ് സ്റ്റോർക്കിനെ കണ്ടത്. ക്യാമറയുമായി അന്ന് തുടങ്ങിയ സഞ്ചാരം കോൾപാടങ്ങളിൽ നിന്ന് കാടുകളിലേക്ക് വളർന്നു, പശ്ചിമഘട്ടത്തിൽ നിന്ന് ഹിമാലയം വരെ വിശാലമായി, കൊക്കിൽ നിന്ന് ആന, കടുവ, കാട്ടുപോത്ത് വരെ ഫോക്കസിലെത്തി. ഇന്നും ക്യാമറയുടെ പാനിങ് തുടരുകയാണ്, ജീവലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക്.
