Friday 01 April 2022 04:35 PM IST : By സ്വന്തം ലേഖകൻ

ഡെക്കാന്റെ താജ്മഹൽ; പാവപ്പെട്ടവന്റെയും

little taj1

താജ്മഹൽ എന്നു കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തും ആ വെണ്ണക്കൽ സൗധത്തിന്റെ രൂപവും ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയത്തിന്റെ കഥയും. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മറ്റൊരു മുഗൾ ചക്രവർത്തി തന്റെ പത്നിയുടെ ഓർമ അനശ്വരമാക്കാൻ നിർമിച്ച ശവകുടീരമുണ്ട്, രൂപത്തിലും ശിൽപിയിലും നിർമാണവസ്തുക്കളിലും ഒക്കെ താജ്മഹലിനോട് ബന്ധം പുലർത്തുകയും എന്നാൽ വ്യക്തമായ വ്യത്യാസം നിലനിർത്തുകയും ചെയ്യുന്ന ബീബി ക മക്ബര. സാദൃശ്യത്താൽ ഡെക്കാനി താജ്മഹൽ എന്നറിയപ്പെടുന്ന ഈ സ്മാരകം താജ്മഹലിന്റെ നിർമാണത്തിനു ശേഷം ഒരു ദശകം കഴിഞ്ഞ് പണികഴിപ്പിച്ചതാണ്.

ചരിത്രമുറങ്ങുന്ന ഔറംഗബാദ്

അഹമ്മദ് നഗർ ഭരണാധികാരിയായിരുന്ന ഷാ മുർതാസ നിസാമിന്റെ പ്രധാന മന്ത്രിയായിരുന്ന മാലിക് അംബർ 1610 ൽ ഖഡ്കി എന്നൊരു ഗ്രാമത്തെ തന്റെ ഭരണ തലസ്ഥാനമാക്കി മാറ്റി. മാലിക് അംബറിനുശേഷം ആ സ്ഥാനത്തേക്ക് ഉയർന്ന മകൻ ഫത്തേഹ് ഖാൻ ഖഡ്കിയുടെ പേര് ഫത്തേഹ് നഗർ എന്നാക്കി. വർഷങ്ങൾക്കിപ്പുറം മുഗൾ സുൽത്താനേറ്റിന്റെ ഭാഗമായ ഈ സ്ഥലത്തേക്ക് 1636 ൽ ഡക്കാൻ ഗവർണറായി ഔറംഗസീബ് എത്തിയതോടെ ഫത്തേഹ് നഗർ ഔറംഗബാദായി മാറി.

1637 ൽ ഔറംഗസീബ് ദിൽറാസ് ബാനു ബീഗത്തെ വിവാഹം കഴിച്ചു. പേർഷ്യൻ ഭരണവംശമായ സഫ്ദവി കുടുംബാംഗവും മുഗൾ ദർബാറിലെ ശക്തമായ സാന്നിധ്യവും ഗുജറാത്തിലെ വൈസ്രോയിയുമായിരുന്ന മിർസ ഡെക്കാൻ ഷാനവാസ് ഖാന്റെ മകളായിരുന്നു ദിൽറാസ് ബാനു. രണ്ടു ദശകത്തോളം നീണ്ട ആ ദാമ്പത്യത്തിൽ അവർക്ക് അഞ്ചു കുട്ടികൾ ഉണ്ടായി. 1657 ൽ അഞ്ചാമത്തെ കുട്ടിയായ മുഹമ്മദ് അക്ബറിനെ പ്രസവിച്ച് ഒരു മാസത്തിനുശേഷം ദിൽറാസ് മരണമടഞ്ഞു. ഔറംഗസേബിനും കുട്ടികൾക്കും വലിയൊരു ആഘാതമായിരുന്നു അപ്രതീക്ഷിതമായ ഈ വിയോഗം. മൂത്ത മകൻ അമ്മയുടെ മരണത്തെ തുടർന്നു കുറച്ചു കാലം രോഗാതുരനായി.

little taj3

ദിൽറാസ് ബാനു ബീഗത്തിന്റെ മരണശേഷം ഏതാനും വർഷം കഴിഞ്ഞാണ് ഔറംഗസീബ് തന്റെ പ്രിയ പത്നിയുടെ ശവകുടീരത്തെ അനശ്വരമായൊരു സ്മാരകമാക്കി മാറ്റാൻ തീരുമാനിച്ചത്. ക്ലാസിക്കൽ മുഗൾ ശൈലിയിലുള്ള ഒരു മുസോളിയം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മറ്റു മുഗൾ ഭരണാധികാരികളിൽനിന്നു വ്യത്യസ്തമായി സ്മാരകങ്ങളോ വലിയ മോസ്കുകളോ കോട്ട കൊട്ടാരങ്ങളോ നിർമ്മിക്കാത്ത ഔറംഗസേബ് ഇത്തരത്തിൽ ഒരു നിർമിതിക്കു മുൻകയ്യെടുത്തത് അദ്ദേഹത്തിനു ദിൽറാസ് ബാനു ബീഗത്തോടുണ്ടായിരുന്ന പ്രണയത്തിന്റെ തെളിവായിട്ടാണ് കണക്കാക്കുന്നത്.

രൂപത്തിൽ മാത്രമല്ല താ‍ജ് ബന്ധം

ദിൽ റാസ് ബാനു ബീഗത്തെ റാബിയ–ഉദ്–ദുറാനി എന്ന മരണാനന്തര ബഹുമതിയോടെ കബറടക്കിയ സ്ഥാനം ബീബി ക മക്ബര എന്ന പേരിൽ ഒരു സ്മൃതി കുടീരമാക്കി മാറ്റിയത് 1668–69 കളിലാണെന്നു കണക്കാക്കുന്നു. ഒരു വർഷത്തിനു ശേഷം മകൻ അസം ഷാ, സ്മാരകത്തെ അൽപം കൂടി മനോഹരമാക്കാൻ നവീകരിക്കുകയും ചെയ്തു. ബീബി ക മക്ബരയുടെ നിർമാണത്തിനു ചുക്കാൻ പിടിച്ചത് അത–ഉള്ള എന്ന ശിൽപിയും ഹാൻസ്പത് റായി എന്ന എൻജിനീയറും ആണെന്നു പ്രധാന കവാടത്തിനു സമീപമുള്ള ശിലാലിഖിതം വെളിവാക്കുന്നു. ആഗ്രയിലെ താജ്മഹലിന്റെ രൂപകൽപനയിൽ പ്രധാന പങ്കു വഹിച്ച ഉസ്താദ് അഹ്മദ് ലഹോറിയുടെ മകനാണ് അത–ഉള്ള. താജ്മഹലിന്റെ നിർമിതിയിലും പങ്കാളിയായിരുന്നു അദ്ദേഹം എന്നും പറയപ്പെടുന്നു.

little taj4

ആഢംബരങ്ങളിൽ താൽപര്യമില്ലാതിരുന്ന ഔറംഗസീബ് ഏഴു ലക്ഷം രൂപ മാത്രമാണ് ബീബി ക മക്ബറയുടെ നിർമാണത്തിനായി അനുവദിച്ചിരുന്നത്. ജയ്പുരിൽ നിന്നു കൊണ്ടുവന്ന മാർബിളിലാണ് ഈ സൗധം പടുത്തുയർതത്തിയത്.

പാവപ്പെട്ടവന്റെ താജ്മഹൽ

ബീബി ക മക്ബരയ്ക്കു താജ്മഹലിന്റെ രൂപസാദൃശ്യം യാദൃച്ഛികമായിരുന്നില്ല എന്നാണ് കരുതുന്നത്. ഉയരത്തിലുള്ള സമചതുര അടിത്തറ കെട്ടി അതിനു മുകളിൽ നാലു മൂലയിലും ഉയരമുള്ള മിനാരങ്ങളും നടുക്ക് വമ്പൻ താഴികക്കുടത്തോടു കൂടിയ ശവകുടീരവും എന്ന രീതിയിൽ താജ്മഹലിന്റെ അതേ അടിസ്ഥാന രൂപമാണ് ഔറംഗബാദിലും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മുസോളിയത്തിന്റെ പ്രധാന താഴികക്കുടത്തിന് താജ്മഹലിനെ അപേക്ഷിച്ച് വലിപ്പം കുറവാണ്.

ലാളിത്യമാണ് ബീബി ക മക്ബരയുടെ അഴക്. കെട്ടിടത്തിന്റെ പകുതിക്കു താഴോട്ടുള്ള ഭാഗവും മുകളിലെ താഴികക്കുടവും മാർബിളിൽ നിർമിച്ചതാണ്. ഇടയ്ക്കുള്ള ഭാഗം ഡെക്കാൻ പോലെ അഗ്നിപർവത ലാവയിൽനിന്നു രൂപപ്പെടുന്ന ഭൂപ്രദേശത്തു മാത്രം കാണപ്പെടുന്ന പ്രത്യേക ഇനം മണ്ണു പൂശിയതാണ്. വെള്ള നിറം കിട്ടുന്ന പരുവത്തിൽ പ്രത്യേക ചാന്ത് തയാറാക്കിയാണ് ഇതു പ്രയോഗിച്ചിട്ടുള്ളത്. കൊത്തുപണികളിലും അലങ്കാര നിർമിതികളിലുമൊക്കെ പലപ്പോഴും താജ് മഹലിനോടു സാമ്യം കാണാം. എന്നാൽ ഒന്നിലും താജിന്റെ അത്ര ധാരാളിത്തം ഇല്ല. വലിപ്പത്തിലും കൊത്തുപണികളിലും ചെലവായ പണത്തിന്റെ കാര്യത്തിലും ഒക്കെ താജ് മഹലിനു സമീപത്തെങ്ങും എത്താത്തതിനാൽ ബീബി ക മക്ബരയെ ‘പാവപ്പെട്ടവന്റെ താജ്മഹൽ’ എന്നും വിശേഷിപ്പിക്കാറുണ്ട്.

little taj2

നാലു വശത്തും ഉദ്യാനത്തോടു കൂടിയ വലിയൊരു വളപ്പിലാണ് ബീബി ക മക്ബര സ്ഥിതി ചെയ്യുന്നത്. സമീപത്തു തന്നെയുള്ള ജലധാരകളും കുളങ്ങളും വെള്ളമൊഴുകുന്ന ചാലുകളും ഈ ഉദ്യാനത്തിനും സൗധത്തിനും സവിശേഷമായ അഴകു നൽകുന്നു.

ഇന്ത്യയിൽ എത്ര താജ്മഹലുകൾ...?

little taj6

ആഗ്രയിലെ താജ്മഹലും ബീബി ക മക്ബരയും കൂടാതെ ബീജാപുരിലെ ഇബ്രാഹിം റൗസ എന്ന മോസ്ക്–മുസോളിയ സമുച്ചയവും താജ്മഹലിനോട് സാദൃശ്യം പുലർത്തുന്ന നിർമിതിയാണ്. ‘കറുത്ത താജ് മഹൽ എന്നറിയപ്പെടുന്ന ഇബ്രാഹിം റൗസ ഇബ്രാഹിം ആദിൽ ഷാ ചക്രവർത്തിയുടെയും റാണി താജ് സുൽത്താനയുടെയും ശവകുടീരമാണ്. 1627 ൽ പണി പൂർത്തിയായ ഈ സമുച്ചയമാണ് ഷാജഹാൻ ചക്രവർത്തിക്കു താജ്മഹലിന്റെ രൂപത്തിനുള്ള പ്രചോദനമായത് എന്നു വിശ്വസിക്കുന്നു. കർണാടക–മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിർത്തിക്കു സമീപമുള്ള ഇബ്രാഹിം റൗസയ്ക്കും ‘ഡക്കാനിലെ താജ്മഹൽ’ എന്ന വിശേഷണം ഉപയോഗിക്കാറുണ്ട്..

little taj5

എങ്കിലും ഇന്ത്യയിൽ സൗന്ദര്യവും പ്രൗഢിയും ഒന്ന് ചേർന്ന, ലോക വിസ്മയമായി മാറിയ താജ്മഹൽ ആഗ്രയിലേതു മാത്രം.

Tags:
  • Manorama Traveller