അമേരിക്കയിലെ പുരാതന നഗരങ്ങളിലൊന്നായ ഫിലഡെൽഫിയയിൽ ചരിത്ര സ്മാരകങ്ങൾ ഒട്ടേറെ. അതിൽ പലതും ‘പ്രേതബാധിതം’ എന്നു പ്രസിദ്ധം. ചരിത്രപ്രധാനമായ ഏറ്റുമുട്ടുകൾ നടന്ന സ്ഥലം, മാരകമായ പകർച്ചവ്യാധി നടമാടിയ നാട് , നിഷ്ഠുരമായ കൊലപാതകങ്ങൾ സംഭവിച്ച സ്ഥലം, തകർന്നുകൊണ്ടിരിക്കുന്ന പുരാതന സെമിത്തേരികൾ, സംരക്ഷിത ശേഷിപ്പായി കാത്തുസൂക്ഷിക്കുന്ന ജയിൽ... പ്രേതങ്ങളെ തിരഞ്ഞു നടക്കാൻ ഒട്ടേറെ ഇടങ്ങളുണ്ട് ഫിലഡെൽഫിയയിൽ.
ദി ബിഷപ് വൈറ്റ് ഹൗസ്
ഇൻഡിപെൻഡൻസ് നാഷനൽ ഹിസ്‌റ്ററി പാർക്ക് പ്രദേശത്ത് എല്ലാവരുടേയും പേടിസ്വപ്നമാണ് ബിഷപ് വൈറ്റ് ഹൗസ് എന്ന കെട്ടിടം. പാർക്കിലെ കാവൽക്കാർക്കു പോലും അവിടെ വച്ച് അസുഖകരമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രേ. അമേരിക്കൻ എപിസ്കപോലിയൻ ചർച്ചിന്റെ ആദ്യ ബിഷപ്പായിരുന്ന വൈറ്റ് 1789ൽ ആ കെട്ടിടം നിർമിച്ച കാലം മുതൽ അവിടുത്തെ അന്തേവാസിയായിരുന്നു. 1839 ൽ വീടിന്റെ മൂന്നാം നിലയിലുള്ള ലൈബ്രറിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 1793ൽ 5000 ഫിലഡൽഫിയക്കാർ മരിക്കാനിടയായ മഞ്ഞപ്പനി പകർച്ചവ്യാധി കാലത്ത് വൈറ്റിന്റെ ഒരു കുടുംബാംഗവും ആ മുറിയിൽ മരണമടഞ്ഞിരുന്നു.
ബിഷപ് വൈറ്റ് മരിക്കുന്നതിനു തൊട്ടു മുൻപ് വായിച്ചിരുന്ന പുസ്തകം ഇപ്പോഴും അവിടെയുണ്ട്. നല്ല ഉയരമുള്ള, മെലിഞ്ഞ ശരീരക്കാരനായ ബിഷപ്പ് ഗ്രന്ഥശാലയ്ക്കുള്ളിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം പലരും കണ്ടിട്ടുണ്ട്. അലറിക്കരഞ്ഞ് ഓടി അടക്കുന്ന ഒരു പൂച്ച സമീപത്തെത്തുമ്പോൾ അദൃശ്യമായിപോകുന്ന അനുഭവവും ആ കെട്ടിടത്തിനുള്ളിൽ നിന്നു സന്ദർശകർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒന്നാമത്തെ നിലയിൽ അലഞ്ഞു നടക്കുന്നതായി പലരും കണ്ടിട്ടുള്ള സ്ത്രീ രൂപത്തിന് ഒരു കാലത്ത് വൈറ്റ് കുടുംബത്തിലെ ജോലിക്കാരി ആയിരുന്ന മിസിസ് ബോഗ്സിന്റെ ഛായയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വാഷിങ്ടൺ സ്ക്വയർ
1700 കളുടെ തുടക്കത്തിൽ സെമിത്തേരി ആയി ഉപയോഗിച്ചു വന്ന ഭൂഭാഗമാണ് ഇന്നത്തെ വാഷിങ്ടൺ സ്ക്വയർ. റവലൂഷണറി യുദ്ധകാലത്ത് ആയിരക്കണക്കിന് പട്ടാളക്കാർക്ക് അന്ത്യവിശ്രമം ഒരുക്കിയത് അവിടെ ആയിരുന്നു. ക്വയ്ക്കർ എന്ന ആത്മീയ സൗഹൃദസംഘത്തിൽ ഉൾപ്പെട്ടിരുന്ന ലീയ എന്ന വനിതയുടെ ആത്മാവാണത്രേ വാഷിങ്ടൺ സ്ക്വയറിലെ ഏറ്റവും സജീവമായ പ്രേതം. ശവക്കുഴിയിൽ നിന്നു മോഷ്ടിക്കാൻ എത്തുന്നവരെ പേടിപ്പിച്ച് ഓടിക്കാൻ രാത്രിയിൽ സെമിത്തേരിയുടെ എല്ലാ ഭാഗത്തും സഞ്ചരിക്കുകയാണ് അവർ. വാഷിങ്ടൺ സ്ക്വയർ പൊതുസ്ഥലമായതിനാൽ എല്ലാവർക്കും പ്രവേശനമുണ്ട്.
സിറ്റി ടവേൺ
തോമസ് ജഫേഴ്സൺ സിറ്റി ടവേണിൽ ഇരുന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയാറാക്കുമ്പോഴാണ് ബോസ്‌റ്റണ്‍ ടീ പാർട്ടിയുടെ വാർത്തയുമായി പോൾ റിവേർ ഓടി എത്തുന്നത്. 1854 ൽ പൂർണമായും കത്തി നശിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് പഴയ അതേ മാതൃകയിൽ പുനർ നിർമിച്ച സിറ്റി ടവേൺ ആണ് ഇപ്പോഴുള്ളത്. അന്നത്തെ അഗ്നിബാധയിൽ ജീവൻ വെടിഞ്ഞ ഒരു നവവധുവിന്റെയും ഒരു വഴക്കിനെ തുടർന്ന് കൊല്ലപ്പെട്ട യുവതിയായ ഹോട്ടൽ പരിചാരികയുടെയും ആത്മാക്കൾ ഇന്നും അവിടെയുണ്ടെന്നു വിശ്വസിക്കുന്നു. ഇന്നും ഏറെ തിരക്കുള്ള ഒരു റസ്റ്ററന്റാണ് ടാവേൺ.
എഡ്ഗർ അലൻ പോ നാഷനൽ ഹിസ്‌റ്റോറിക് സൈറ്റ്
ഷ്യുൽകിൽ നദീതീരത്ത് ഫെയർമോണ്ട് വാട്ടർവർക്സിനും അലൻ പോയുടെ പഴയ വീടിനും ഇടയ്ക്കുള്ള ഭാഗത്ത് എഡ്ഗർ അലൻ പോയുടെ പ്രേതത്തെ കണ്ടിട്ടുണ്ടത്രേ. ‘ദി റ്റെൽ റ്റെയ്‌ൽ ഹേർടും’ ‘മർഡേഴ്സ് ഓഫ് റുമോർഗും’ രചിച്ച ‘മാസ്‌റ്റർ ഓഫ് മകാബ്രേ’ ആ വീട്ടിൽ താമസിച്ചാണ് ‘ദി ബ്ലാക്ക് ക്യാറ്റ്’ എഴുതിയത്. ആ കെട്ടിടത്തിൽ സംഭവിക്കുന്ന കഥയായിട്ടാണ് അതിനെ സങ്കൽപിച്ചിരിക്കുന്നത്. കഥ അറിയാവുന്നവർ അതിലെ പൂച്ചയെപ്പറ്റിയും ഭാര്യയെപ്പറ്റിയും വീടിന്റെ ബേസ്മെന്റിനെപ്പറ്റിയും ഓർക്കുന്നുണ്ടാവും. ചില സന്ദർശകർ ഉള്ളിലെ ഇരുണ്ട മുറിയിൽ തങ്ങളെ നിരീക്ഷിക്കുന്ന തിളങ്ങുന്ന പൂച്ചക്കണ്ണുകൾ കണ്ടു എന്നു പറഞ്ഞതായി പാർക്കിലെ കാവൽക്കാർ ഓർക്കുന്നുണ്ട്. ആ മുറിക്കുള്ളിൽ ഒരു തരം ഭീകരത അനുഭവപ്പെടുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നവരും ഒട്ടേറെ. അലൻ പോയുടെ ഏറെ പ്രശസ്തമായ ‘ദി റാവേൻ’ എന്ന കവിതയെ ഓർമിപ്പിച്ചുകൊണ്ട് പടുകൂറ്റൻ കാക്കയുടെ ശിൽപം മുറ്റത്തു കാണാം. അലൻ പോ ഹിസ്‌റ്റോറിക് സൈറ്റിലേക്ക് പ്രവേശനം സൗജന്യമാണ്.
ഫിസിക് ഹൗസ്
അമേരിക്കൻ ശസ്ത്രക്രിയയുടെ പിതാവെന്നാണ് ഫിലിപ് സിങ് ഫിസിക് അറിയപ്പെടുന്നത്. പഠനാവശ്യത്തിനായി ഒട്ടേറെ മൃതശരീരങ്ങൾ ഫിസിക് തന്റെ വീടിന്റെ ബെയ്സ്മെന്റിൽ വച്ച് കീറിമുറിച്ചിരുന്നു. ഫിസിക്കിന്റെ പണിയായുധങ്ങളിൽ ചോരക്കറ പുരണ്ട ഉപകരണങ്ങൾ ഉൾപ്പടെ പലതും അവിടെ കാണാം. 1815 ൽ ഭാര്യ എലിസബത്ത് വേർപിരിഞ്ഞ ശേഷം കുട്ടികൾക്കൊപ്പം ഫിസിക്ക് അവിടെ തന്നെ താമസം തുടർന്നു. ജീവിതത്തിൽ നിന്നു പുറത്താക്കപ്പെട്ട ഭാര്യ ഫിസിക്കിന്റെ വീടിനു പുറത്തു നിന്നു കരയുന്നത് കണ്ടിട്ടുണ്ടത്രേ. ഇവിടേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഈസ്‌റ്റേൺ സ്‌റ്റേറ്റ് പെനിടെൻഷ്യറി
ഒരിക്കൽ ലോകത്ത് ഏറ്റവും പ്രശസ്തവും പണച്ചെലവുള്ളതുമായ ജയിൽ ആയിരുന്നു ഈസ്‌റ്റേൺ സ്‌റ്റേറ്റ് പെനിടെൻഷ്യറി. അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാ തലവൻമാരിൽ ഒരാളായ അൽ കപോൺ അടക്കം ഒട്ടേറെ പ്രസിദ്ധർ ഇവിടെ തടവിലാക്കപ്പെട്ടിട്ടുണ്ട്. 1829 ൽ തുടങ്ങി 1971 ൽ ഉപേക്ഷിക്കപ്പെട്ട ജയിൽ ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ദേശീയ സ്ഥലമാണ്. പ്രേതബാധിതമെന്ന് പറയപ്പെടുന്ന ‘സംരക്ഷിത അവശേഷിപ്പുകളി’ലേക്ക് സന്ദർശകർക്ക് പ്രവേശനമുണ്ട്. ഭയപ്പെടുത്തുന്നതും നിഗൂഢവുമായ സംഭവങ്ങളെപ്പറ്റി
ഇവിടുത്തെ ഉദ്യോഗസ്ഥരും തടവുകാരും പറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവിടത്തെ പാരാനോർമൽ ഘടകങ്ങളെപ്പറ്റി നൂറുകണക്കിന് അന്വേഷണങ്ങളും നടന്നിട്ടുണ്ട്. ഹാലോവീൻ കാലം എത്തുന്നതോടെ അവിടത്തെ വിള്ളലുവീണ ഭിത്തികള്‍ ഹോളിവുഡ് നിലവാരത്തിലുള്ള സ്പെഷൽ എഫക്ടിനും അഭിനേതാക്കൾക്കും ഒപ്പം കാണികളെ ഭയചകിതരാക്കുന്ന ‘ടെറർ ബിഹൈൻഡ് ദി വാൾസ്’ എന്ന ഷോയ്ക്ക് വേദി ഒരുക്കും.
ഗോസ്‌റ്റ് ടൂർ
ഫിലഡെൽഫിയയിലെ പ്രേതങ്ങളെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഗോസ്‌റ്റ് ടൂറുകളിൽ പങ്കാളിയാകാം.
‘സ്പിരിറ്റ്സ് ഓഫ് 76’ എന്നു വിളിക്കുന്ന ടൂറിൽ പഴയനഗരത്തിന്റെ കല്ലു പാകിയ തെരുവുകളിലൂടെ രാത്രിയിൽ നിലാവെളിച്ചത്തിൽ നടന്ന് ഇരുപതിലധികം ‘പ്രേതക്കോട്ടകൾ’ കാണാം. ഇൻഡിപെൻഡൻസ് ഹാൾ താമസസ്ഥലം ആക്കിയിട്ടുള്ള പ്രശസ്തമായ പ്രേതം, കാർപന്റേഴ്സ് ഹാളിലെ ആത്മാക്കൾ ഇവയെപ്പറ്റി കൂടുതൽ അറിയാം. വെള്ളിത്തിരയിലെ ത്രില്ലറുകളായ സിക്സ്ത് സെൻസിന്റെയും നാഷനൽ ട്രഷറിന്റെയും ലോക്കേഷനുകൾ സന്ദർശിക്കാം. പാരാനോർമൽ ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള ഇഎംഎഫ് ഡിറ്റക്ടർ, ഇൻഫ്രറെഡ് തെർമോ മീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെയും പലതരം മാർഗങ്ങളുടെയും സഹായത്തോടെ അംഗീകൃത ഗോസ്റ്റ് ഹണ്ടർമാർക്കൊപ്പം പ്രേതങ്ങളെ തേടി വിഐപി എക്സപഡിഷനുകൾ നടത്താം.
സൊസൈറ്റി ഹിൽ, ഓൾഡ് സിറ്റി പ്രദേശങ്ങളിലെ ഉൾതെരുവുകളിലൂടെയും രഹസ്യ ഉദ്യാനങ്ങളിലൂടെയും മെഴുകുതിരിവെട്ടത്തിൽ നിങ്ങളെ നയിക്കുന്ന ‘ഗോസ്‌റ്റ് ടൂർ ഓഫ് ഫിലഡെൽഫിയ’ പ്രേതഭവനങ്ങളുടെയും ശവക്കോട്ടകളുടെയും നിഗൂഢമായ അനുഭവങ്ങളിലേക്കു സഞ്ചാരികളെ നയിക്കുന്നു.
ഫിലഡെൽഫിയയിലെ ചരിത്രസ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ‘ബ്ലഡ്‌ലെറ്റിങ് ആൻഡ് ബറിയൽസ് സ്‌റ്റോറി സ്ട്രോൾ’ നഗരത്തിന്റെ ചരിത്രത്തിലെ ചോരപ്പാടുകളുള്ള യഥാർഥ ചരിത്രസംഭവങ്ങളിലൂടെ സഞ്ചാരികളെ നയിക്കുന്നു. ഭയം തോന്നുക മാത്രമല്ല, സന്ദർശകരെ ഞെട്ടിപ്പിക്കുന്ന, അവരിൽ ആഘാതമുണ്ടാക്കുന്ന അനുഭവം എന്ന് ഉറപ്പു നൽകുന്ന യാത്രകളാണ് ‘ഗ്രിം ഫിലി ടൂറുകൾ’. വാംപയർ, സെക്സ്, ഗോസ്റ്റ് ടൂറുകളും സീരിയൽ കില്ലേഴ്സ് അൻഡ് സെമിത്തേരി ടൂറുകളും ആണ് അവരുടെ ജനപ്രിയ യാത്രകൾ. ഫിലഡെൽഫിയയുടെ അധികം അറിയപ്പെടാത്ത ഇരുണ്ട ചരിത്രത്തിലേക്കുള്ള രസകരമായ സന്ദർശനമാണ് പ്രേതങ്ങളെ തേടിയുള്ള യാത്രകൾ ഓരോന്നും എന്നതാണ് കൗതുകം.