Wednesday 16 June 2021 04:28 PM IST : By Anjaly Thomas

‘‘ഗർഭപാത്രത്തിന്റെ രൂപമുള്ള തടാകം; വെള്ളത്തിനു നീലനിറം: സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല’’

1 - anjaly

ഇരുട്ടി വെളുക്കുംപോലെ പുതുമോടിയണിഞ്ഞ രാജ്യമാണ് മാസിഡോണിയ. ഇരുപത്തഞ്ചു വർഷത്തിനുള്ളിലാണ് മാസിഡോണിയ ഇന്നു കാണുന്ന രൂപത്തിലേക്ക് ഉയർന്നത്. മുൻ യുഗോസ്ലാവിയയിൽ നിന്നു സ്വാതന്ത്ര്യം നേടിയ ശേഷം മാസിഡോണിയ നടത്തിയ വിജയക്കുതിപ്പ് അതിശയ ജനകമാണ്. യൂറോപ്യൻ യൂണിയനിൽ അംഗത്വമില്ലെങ്കിലും യൂറോപ്പിന്റെ ഭാഗമായി നിലകൊള്ളുന്നു ഈ കടൽത്തീര നഗരം. അതിമനോഹരമായ മലനിരകളും നദിയുമാണ് മാസിഡോണിയയുടെ പ്രകൃതി. ഭംഗിയുള്ള കെട്ടിടങ്ങളും ശ്രേഷ്ഠമായ പാരമ്പര്യവുമുള്ള മാസിഡോണിയ സന്ദർശിക്കാൻ എനിക്ക് അപ്രതീക്ഷിതമായി അവസരം വന്നു ചേർന്നു.

സ്കോപ്ജെയിൽ എത്തിയപ്പോൾ നേരം പുലരുന്നതേയുള്ളൂ. മാസിഡോണിയയുടെ തലസ്ഥാനമാണു സ്കോപ്ജെ. പ്രവേശനാനുമതി നൽകുന്ന ചെക്കിങ് പോയിന്റ് സ്ഥിതി ചെയ്യുന്നത് സെർബിയയുടെ അതിർത്തിയിലാണ്. ആറു മണിക്കൂർ ബസ് യാത്ര ചെയ്ത് അവിടെയെത്തി. തടസ്സങ്ങളില്ലാതെ നടപടികൾ പൂർത്തിയായി. മഞ്ഞു പെയ്യുന്ന നഗരത്തിലേക്ക് ചെറുപുഞ്ചിരിയോടെ ഞാൻ നടന്നിറങ്ങി. മാസിഡോണിയയുടെ തലസ്ഥാനം പുതുമോടിയണിഞ്ഞ് പഴമകളിലേക്കു വെളിച്ചം പരത്തി.

2 - anjaly

ബുഷി റിസോർട്ട് ആൻഡ് സ്പായിലാണ് താമസം. ടാക്സിയിൽ കയറി ഞാൻ ആ ഹോട്ടലിലേക്കു തിരിച്ചു. ആറാം നൂറ്റാണ്ടിൽ നിർമിച്ച കെയ്ൽ കോട്ട സ്ഥിതി ചെയ്യുന്ന നഗരത്തിലാണ് എനിക്ക് അന്തിയുറങ്ങാൻ സ്ഥലം കിട്ടിയിട്ടുള്ളത്. ആകാശത്തിന്റെയും ഭൂമിയുടേയും ചിത്രമെടുക്കാനുള്ള സ്ഥലമല്ല കെയ്‌ൽ, എനിക്ക് ആ കാര്യം നേരത്തേ ബോധ്യമുണ്ടായിരുന്നു.

ഏതു സമയത്തും പ്രവേശനാനുമതിയുള്ള സ്ഥലമാണ് കെയ്ൽ‌ കോട്ട. ഈ സ്ഥലം കാണാൻ രാവിലെ 7.30ന് ഹോട്ടലിൽ നിന്നിറങ്ങി. നഗര ഹൃദയത്തിൽ കുളിരു വീഴ്ത്തിക്കൊണ്ട് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. മഴയ്ക്കുള്ള തയാറെടുപ്പു പോലെ മാനം ഇരുണ്ടു നിന്നു. അതൊന്നും എന്നെ അലോസരപ്പെടുത്തിയില്ല. പുതിയ സ്ഥലങ്ങൾ കണ്ടാസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം പ്രഭാതങ്ങളാണ്. കാരണം, രാവിലെ എല്ലാ സ്ഥലങ്ങളും നിശബ്ദമായിരിക്കും, വൃത്തിയുള്ളതായിരിക്കും. എന്റെ മനസ്സു നിറയാൻ ഇതൊക്കെ മതി.

ഹോട്ടലിൽ നിന്നു നടന്നെത്താവുന്നത്രയും അടുത്താണ് കെയ്ൽ കോട്ട. മതിലിനു സമീപത്തുള്ള നടപ്പാതയിൽ വീണു കിടന്ന ചപ്പിലകളിലൂടെ ഞാൻ നടന്നു. എന്നെ കൂടാതെ ആ നഗരത്തിൽ മറ്റു മൂന്നു പേർ ഉണ്ടായിരുന്നു. നീളമുള്ള തണ്ടുകളിൽ കെട്ടിയ ചൂൽ നിലത്തുരച്ച് നഗരം വൃത്തിയാക്കുകയായിരുന്നു അവർ.

കോട്ടയുടെ മതിലിനു മുകളിൽ നിന്ന് മാസിഡോണിയയെ നോക്കിക്കണ്ടു. ദേശീയ പതാക പാറിക്കളിക്കുന്ന നഗരം പ്രഭാതത്തിന്റെ ആലസ്യത്തിൽ മയങ്ങുകയായിരുന്നു. ആ രാജ്യത്ത് എത്തിയതിന്റെ സന്തോഷത്തിൽ ഞാൻ ഉറക്കെ ശ്വാസമെടുത്തു. നനുത്ത കാറ്റിൽ മുങ്ങി നിന്ന മാസിഡോണിയയുടെ പുലർകാല സൗന്ദര്യം പതുക്കെപ്പതുക്കെ ചാറ്റൽ മഴയായി പെയ്തിറങ്ങി. ഞാൻ നനഞ്ഞു, ആ കുളിരിൽ മനസ്സും ഹൃദയവും പ്രണയ സാന്ദ്രമായി.

മാസിഡോണിയ സ്ക്വയർ

അടുത്ത ദിവസം മാസിഡോണിയൻ ചീസായിരുന്നു പ്രഭാത ഭക്ഷണം. കോഴിമുട്ടയും ബ്രെഡ്ഡും ചേർത്തതായിരുന്നു ആ വിഭവം. യൂറോപ്പിലെ ചീസിന് ആളുകളെ അടിമകളാക്കുന്ന വശ്യതയാർന്ന സ്വാദാണ് ! ചീസിന്റെ കാഠിന്യം ശരീരത്തിന്റെ കനം കൂട്ടാതാരിക്കാൻ ഞാൻ നഗരത്തിലൂടെ നടന്നു. വഴിയുടെ ഇരുവശത്തും ചെറുതും വലുതുമായി ഭംഗിയുള്ള കെട്ടിടങ്ങളുടെ നിരയാണ്. കാഴ്ചകളാസ്വദിച്ചുള്ള നടത്തത്തിനൊടുവിൽ സിറ്റി സെന്ററിൽ എത്തി. അതാണ് പ്രധാന നഗരം. ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപാണ് മുൻ യുഗോസ്ലാവിയയിൽ നിന്ന് മാസിഡോണിയ സ്വാതന്ത്ര്യം നേടിയത്. സമാധാനപരമായ നീക്കങ്ങളിലൂടെയാണ് ഈ രാജ്യം സ്വാതന്ത്രമായത്. രണ്ടര പതിറ്റാണ്ടുകൊണ്ട് സ്വപ്നവേഗത്തിൽ വളർച്ച നേടിയ നഗരത്തിന്റെ കമനീയ ഭംഗി എന്നെ അദ്ഭുതപ്പെടുത്തി.

കോടിക്കണക്കിന് യൂറോ മുടക്കി നഗരം നിറയെ വലിയ ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമകളുടെ ചാരുതയിലാണ് മാസിഡോണിയ പുതുമോടിയണിഞ്ഞത്. യുഗോസ്ലാവിയയുടെ അധിനിവേശ കാലത്തു നഗരസൗന്ദര്യത്തിനു മേൽ മെഴുക്കായി പതിഞ്ഞ സോഷ്യലിസം ഈ ശിൽപ്പങ്ങളുടെ ആകർഷണീയതയിൽ മാഞ്ഞു പോയി. 1963ലെ ഭൂകമ്പത്തിനു ശേഷമാണു നഗരം നവീകരിച്ചു മനോഹരമാക്കിയത്. അതോടെ, മാസിഡോണിയ വിനോദസഞ്ചാരികളുടെ പറുദീസയായി. ശിൽപ്പങ്ങൾ, വലിയ കെട്ടിടങ്ങൾ, മ്യൂസിയം, നാഷനൽ തിയെറ്റർ, അലങ്കാരപ്പണികൾ തുടങ്ങിയവയെല്ലാം ചേർന്ന് മാസിഡോണിയ പുതുലോകത്തിന്റെ അടയാളമായി മാറി. നവീകരണത്തിന്റെ അനുപമ സൗന്ദര്യമാണ് മാസിഡോണിയയുടെ പ്രത്യേകത.

കുതിരപ്പുറത്തിരിക്കുന്ന പടയാളിയുടെ ശിൽപ്പമാണ് എന്നെ ആകർഷിച്ചത്. വലിയൊരു തൂണിനു മുകളിലാണ് കുതിരയുടെയും പടയാളിയുടെയും ശിൽപ്പം സ്ഥാപിച്ചിട്ടുള്ളത്. സ്തൂപത്തിനു താഴെയൊരു കൃത്രിമ തടാകമുണ്ട്. തടാകത്തിന്റെ കൈവരിയിൽ ചെറിയ സിംഹങ്ങളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. കുതിരയും തൂണും പടയാളിയും സിംഹവും എന്തിന്റെ പ്രതീകമാണെന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും, സംഗതി കൊള്ളാം. സമീപത്തുള്ള കഫേയും റസ്റ്ററന്റുകളും സന്ദർശകരുടെ സന്തോഷം വർധിപ്പിക്കുന്നു.

3 - anjaly

ശിൽപ്പം സ്ഥിതി ചെയ്യുന്ന സ്ഥലം നിശാ പാർട്ടികളുടെ കേന്ദ്രമാണ്. റസ്റ്ററന്റുകളിലും പബ്ബുകളിലും എപ്പോഴും തിരക്കാണ്. ഷോപ്പിങ്ങിൽ താത്പര്യമുള്ളവരെ പ്രതീക്ഷിച്ച് പുലരും വരെ ഇവിടത്തെ മാളുകൾ തുറന്നു പ്രവർത്തിക്കുന്നു. അർധ രാത്രിവരെ നീളുന്ന സംഗീത പാർട്ടികൾ നഗരത്തിന്റെ ഹൃദയ താളമായി നിലകൊള്ളുന്നു. നിശാ പാർട്ടികളും സംഗീതവും ഭക്ഷണവും മാസിഡോണിയക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഇതെല്ലാം കണ്ടാസ്വദിച്ച ശേഷം ഞാൻ നഗരത്തിനു താഴേക്കുള്ള റോഡിലൂടെ നടന്നു. മദർ തെരേസയുടെ വീടിനു മുന്നിലാണ് ചെന്നെത്തിയത്. മാസിഡോണിയയിലെ സ്കോപ്ജെയിലുള്ള ചെറിയ വീട്ടിലാണ് കൽക്കത്തയിലെ വിശുദ്ധ ജനിച്ചത്. ലോകത്തിന്റെ അമ്മയാണ് മദർ തെരേസയെന്നു വാഴ്ത്തിക്കൊണ്ട് മാസിഡോണിയക്കാർ അഭിമാനിക്കുന്നു. മരണം വരെ മദർ തെരേസ ജീവിച്ചത് എന്റെ നാടായ ഇന്ത്യയിലാണെന്നോർത്ത് ഞാൻ അഭിമാന പുളകിതയായി.

പള്ളികളും മ്യൂസിയവും

യൂറോപ്പിന്റെ ചരിത്രം മനസ്സിലാക്കുന്നതിൽ സമീപ കാലത്ത് കൗതുകം കണ്ടെത്തിയ ആളാണ് ഞാൻ. കിഴക്കൻ യൂറോപ്പിലെ പള്ളികളും മ്യൂസിയവും കണ്ടപ്പോൾ എന്തൊക്കെയോ നേടിയതായി തോന്നി. മാസിഡോണിയയിൽ ആകെ കുറച്ചു പുരാതന വസ്തുക്കൾ അവശേഷിക്കുന്നത് സ്കോപ്ജെയിലാണ്. സ്കോപ്ജെ ചെറിയ നഗരമാണ്. ഇവിടെയുള്ള ആരാധനാലയങ്ങളെല്ലാം അടുത്തടുത്താണ് സ്ഥി ചെയ്യുന്നത്. സ്കോപ്ജെ നഗരത്തിൽ നടക്കാൻ ഉപ്പൂറ്റിക്ക് ഉയരം കുറഞ്ഞ ചെരുപ്പുകളാണ് നല്ലത്. കാരണം കല്ലുകൾ പാകി മിനുക്കിയതാണ് ഇവിടത്തെ നടപ്പാതകൾ. എങ്കിലും, മിനുസമേറിയ വഴികളിലൂടെ ഹൈഹീൽ ചെരുപ്പുകൾ ധരിച്ച് അടിവച്ചു നീങ്ങുന്ന യുവതികളെ കണ്ടു.

മുസ്തഫ പാഷ മോസ്കാണ് മാസിഡോണിയയിലെ മുസ്‌ലിം പള്ളികളിൽ പ്രസിദ്ധം. ഓട്ടൊമൻ തുർക്കികളുടെ കാലത്ത് നിർമിച്ചതാണ് ഈ ആരാധനാലയം. പാഷയുടെ മകളുടെ മൃതദേഹം അടക്കിയിട്ടുള്ളത് ഈ പള്ളിക്കുള്ളിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും സ്മാരകവും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള റോസാപ്പൂക്കൾ നിറഞ്ഞ തോട്ടമാണ് എന്നെ ആകർഷിച്ചത്. ആ ഉദ്യാനം കണ്ടപ്പോൾ ഫ്രാൻസിലെ ബുർനെറ്റ്സ് സീക്രട്ട് ഗാർഡൻ ഓർമ വന്നു.

പൂക്കൾ പുഞ്ചിരി തൂകിയ സ്മരണകൾ അയവിറക്കിക്കൊണ്ട് ഞാൻ പഴയ ചന്തയിലൂടെ പുറത്തേക്കു നടന്നു. ഓട്ടൊമൻ തുർക്കികളുടെ ഭരണത്തിന്റെ നല്ലകാലം 1392ലാണ് ആരംഭിക്കുന്നത്. പ്രതാപികളായ തുർക്കികളുടെ ഭരണം അഞ്ച് നൂറ്റാണ്ടുകൾ നീണ്ടു നിന്നു. കോഫി ഷോപ്പുകളും മൊരി‍ഞ്ഞ പേസ്ട്രിയും തുർക്കികളുടെ പാരമ്പര്യത്തിന്റെ അടയാളമായി ഇപ്പോഴും ഇവിടെയുണ്ട്. വിശുദ്ധനായ പോരാളിയുടെ (സ്വെതി സ്പാസ് ചർച്ച്) പള്ളിയിലേക്കുള്ള പാതയുടെ ഇരുവശത്തും ഭക്ഷണ ശാലകളാണ്. ഇവിടത്തെ ചുമരുകളിൽ മത വിശ്വാസങ്ങൾ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചുമർ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ മത വിശ്വാസങ്ങളുടെ വൈവിധ്യം ചിത്രീകരിച്ച സ്ഥലം ഇതുപോലെ മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല. തുർക്കികളുടെ ഭരണകാലത്താണ് മാസിഡോണിയയുടെ ദേശീയ നായകൻ ഗോസി ഡെൽഷേവിന് സ്മൃതികുടീരം നിർമിച്ചത്. ക്രിസ്ത്യൻ പള്ളികളുടെ വളർച്ച തുർക്കികൾ പ്രോത്സാഹിപ്പിച്ചില്ല. ഓട്ടൊമൻ‌ തുർക്കി ഉൾപ്പെടെ സാമ്രാജ്യങ്ങളുടെ വളർച്ചയും പതനവുമെല്ലാം ചരിത്ര സംഭവങ്ങളാണ്. എത്ര വർഷങ്ങളുടെ അദ്ധ്വാനത്തിലൂടെയാണ് മാസിഡോണിയ എന്ന നഗരം ഇന്നത്തേതു പോലെ കെട്ടിപ്പടുത്ത് സുന്ദരമാക്കിയതെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. അധിനിവേശത്തിന്റെ തെളിവുകൾ തെളിഞ്ഞു കിടക്കുന്നുണ്ട്. സ്കോപ്ജെയിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ ഇങ്ങനെയൊക്കെ ചിന്തിക്കാൻ തക്ക വണ്ണം എനിക്കു ബുദ്ധി വികാസമുണ്ടായി...

4 - anjaly

പലനിറങ്ങളിൽ വെള്ളം കുതിച്ചുയരുന്ന ജലധാര കാണാൻ‌ വൈകുന്നേരത്ത് നഗര ചത്വരത്തിൽ പോയി. മാസിഡോണിയൻ ശൈലിയിൽ വേവിച്ച കോഴിയിറച്ചിയും ഷോപ്ക്സാ സലാറ്റയും കഴിച്ചുകൊണ്ട് ജലധാരയുടെ സൗന്ദര്യം ആസ്വദിച്ചു. വെളുത്ത നിറമുള്ള ട്രയംഫൽ ആർച്ചാണ് അവിടെ കണ്ട മറ്റൊരു നിർമിതി. ഒരു കാലത്ത് ആ സ്തൂപത്തിന്റെ നിറം വെളുത്തതായിരുന്നു എന്നു പറയുന്നതാണു ശരി. കാരണം, നാട്ടുകാർ ചേർന്ന് പല നിറത്തിലുള്ള ചായം പൂശി ചത്വരത്തെ ഇപ്പോൾ വേറൊരു നിറമാക്കി മാറ്റി. പെയിന്റിങ്ങിനായി സർക്കാർ വെറുതെ പണം ചെലവാക്കുകയാണെന്നു ജനങ്ങൾ കരുതിയിരിക്കാം. മാസിഡോണിയയിലെ ആകെ ജനങ്ങളിൽ മൂന്നിലൊരു ഭാഗവും താമസിക്കുന്നത് നഗരത്തിലാണ്.

വലിയ കുരിശ്

നഗരത്തിനു മീതെ ഉയർന്നു നിൽക്കുന്ന വലിയ കുരിശ് കാണാനാണ് അടുത്ത പ്രഭാതത്തിൽ ആദ്യം പോയത്. വോഡ്നോ എന്ന കുന്നിനു മുകളിലാണ് കുരിശ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നാലും കുരിശിന്റെ ഏതെങ്കിലുമൊരു ഭാഗം കാണാം.

പകൽ സമയത്ത് അൽപ്പ നേരം വിശ്രമിക്കാൻ പറ്റിയ സ്ഥലമാണ് വോഡ്നോ. സാഹസികതയിൽ താത്പര്യമുള്ളവർക്ക് കേബിൾ കാറിൽ മല കയറാം. ആടിയുലഞ്ഞ് നൃത്തം ചെയ്യുന്നതുപോലെയാണ് കേബിൾ കാർ ഓടുന്നത്. അതിലിരുന്ന് മുകളിലേക്കു പോകും വഴിയിൽ കഷ്ടപ്പെട്ട് നടന്ന് മല കയറുന്ന ആളുകളെ കണ്ടു.

ക്രൈസ്തവ വിശ്വാസം രണ്ടായിരം വർഷം പൂർത്തിയാക്കുന്ന വേളയിലാണ് 66 മീറ്റർ ഉയരമുള്ള കുരിശ് സ്ഥാപിച്ചത്. മാസിഡോണിയയുടെ ശിരസ്സിൽ നിലകൊള്ളുന്ന ഈ ക്രൈസ്തവ പ്രതീകം ലോകത്തെ ഏറ്റവും വലിയ കുരിശുകളുടെ നിരയിൽ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നു. കുരിശിന്റെ താഴെ നിന്നാൽ പഴമയുടെയും പുതുമയുടെയും മിശ്രിതമായി മാസിഡോണിയ നഗരം കാണാം. വെയിലുള്ള പകലിന്റെ കാര്യമാണ് ഈ പറഞ്ഞത്. മാസിഡോണിയയുടെ അന്തരീക്ഷം എപ്പോഴാണ് മഞ്ഞിൽ പുതയുകയെന്നു പ്രവചിക്കാനാവില്ല. കുറേ നേരം അവിടെ നിന്നിട്ട് ആകെയൊരു സെൽഫിയെടുക്കാനുള്ള പ്രകാശമേ എനിക്കു കിട്ടിയുള്ളൂ. പനിക്കൂർക്കയിട്ടു തിളപ്പിച്ച ചായ കുടിച്ച് ബാക്കി സമയം തള്ളി നീക്കി.

മാത്ക മലയിടുക്ക്

സ്കോപ്ജെയിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മാത്ക മലയിടുക്കിലെത്താം. കാനനത്തിൽ ഒളിഞ്ഞിരിക്കുന്ന മാണിക്യം എന്നാണ് മാത്കയുടെ വിശേഷണം. മാസിഡോണിയയിലെ മൂന്നാം ദിവസം മാത്കെയിലേക്ക് യാത്ര പ്ലാൻ ചെയ്തു. പാറക്കൂട്ടങ്ങളും ആകാശം മുട്ടി നിൽക്കുന്ന മരങ്ങളും നിറഞ്ഞ സ്ഥലത്തൂ കൂടിയാണ് റോഡ്. രണ്ടു മലകൾക്കു നടുവിൽ നിറഞ്ഞൊഴുകുന്ന ട്രെസ്ക നദിയാണ് മാത്കയുടെ അലങ്കാരം. കാണാൻ നല്ല ഭംഗിയുള്ള സ്ഥലമാണ് എന്നു മാത്രം പറഞ്ഞൊതുക്കിയാൽ മാത്കയെ താഴ്ത്തിക്കെട്ടിയതുപോലെ നിസ്സാരമായിപ്പോകും.

ഗർഭപാത്രത്തിന്റെ രൂപമുള്ള ജലാശയം. നീല നിറമുള്ള തെളിഞ്ഞ വെള്ളം. ഇരുകരകളിൽ ഉയർന്നും താഴ്ന്നും കുന്നും മലകളും. ഇട തൂർന്നു നിൽക്കുന്ന മരക്കൂട്ടം. പക്ഷികളുടെ കളകളാരവം... നദിയിലൂടെ അതിവേഗത്തിൽ കുതിക്കുന്ന വള്ളക്കാരുടെ തുഴപ്പാട്ടുയരുമ്പോൾ പ്രകൃതിയുടെ ഭംഗി ഇരട്ടിയാകുന്നു. ചുണ്ണാമ്പു കല്ല് നിറഞ്ഞ ഗുഹകളുടെ സമീപത്തുകൂടി ധീരന്മാരായ ആളുകൾ വള്ളം തുഴഞ്ഞു നീങ്ങുന്നത് അതിശയകരമായ കാഴ്ചയാണ്. ഈ നദിക്കരയിലുള്ള വ്രേലോ ഗുഹകൾ യൂറോപ്പിലെ ഏറ്റവും വലിയ ചുണ്ണാമ്പു ഗുഹയെന്നാണ് അറിയപ്പെടുന്നത്. നദിയിലും മലയടിവാരത്തും ഒടുക്കത്തെ തണുപ്പാണ്. അതുകൊണ്ടു തന്നെ വ്രേലോ ഗുഹയിലേക്ക് ഞാൻ പോയില്ല. പകരം, കസേരയിൽ ചാരിയിരുന്ന് ചൂടു കാപ്പി കുടിച്ച് പ്രകൃതിയുടെ സൗന്ദര്യം കണ്ടാസ്വദിച്ചു.

നിറമുള്ള ആരാധനാലയം

ബീൻസിന്റെ പേരിൽ അറിയപ്പെടുന്ന ടെറ്റോവോയാണ് പിന്നീട് സന്ദർശിച്ച സ്ഥലം. സറേന സാമിജ മോസ്കാണ് അവിടെ കാണാനുള്ളത്. നിറമണിഞ്ഞ ആരാധനാലയം എന്നാണ് ഈ മുസ്‌ലിം പള്ളി അറിയപ്പെടുന്നത്. വലിയ ഗതാഗതക്കുരുക്കിനെ മറികടന്നാണ് അവിടെ എത്തിയത്.

4 - anjaly

മൂന്നു കാരണങ്ങളാലാണ് ഈ പള്ളി സവിശേഷമാകുന്നത്. ഒന്ന്, സഹോദരിമാരായ രണ്ടു പെൺകുട്ടികളാണ് പള്ളി നിർമിച്ചത്. രണ്ട്, സാധാരണ മുസ്‌ലിം ആരാധനാലയങ്ങളിലേതുപോലെ ഇവിടെ കുംഭഗോപുരമില്ല. മൂന്ന്, ചീട്ടുകൾ നിരത്തി വച്ചതുപോലെ പല വർണങ്ങൾ വാരി വിതറിയാണ് പള്ളിയുടെ ഉൾഭാഗം അലങ്കരിച്ചിട്ടുള്ളത്.

മാസിഡോണിയയുടെ കാര്യത്തിൽ എന്റെ മുൻവിധി തെറ്റി. കിഴക്കൻ‌ യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യമാണത്. അപ്രതീക്ഷിതമായി അവിടെ എത്തിച്ചേരാൻ അവസരം വന്നു ചേരുകയായിരുന്നു. അങ്ങനെ മാസിഡോണിയയുടെ സൗന്ദര്യം ആസ്വദിക്കാൻ എനിക്ക് സാധിച്ചു.

Macedonian Highlights

  1. ദേശീയ ആർട് ഗാലറി (ഹമ്മാം)

  2. വർദാർ നദിക്കു കുറുകെ കല്ലുകൊണ്ടു നിർമിച്ചിട്ടുള്ള പാലം

  3. മാസിഡോണിയയുടെ സമരചരിത്രത്തിന്റെ തെളിവുകൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയം

Must Try

ഷോപ്സ്ക സലാറ്റ : കക്കരിക്ക നുറുക്കിയത്, തക്കാളി, ഒലീവ് ഓയിൽ, കട്ടിത്തൈര് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവം. ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സലാഡാണ് ഷോപ്സ്ക സലാറ്റ. മാസിഡോണിയ സന്ദർശിക്കുമ്പോൾ നിർബന്ധമായും ഇതിന്റെ സ്വാദ് നുകരുക.

ബുറെക് : കട്ടിത്തൈര് ചേർത്ത് വറുത്തെടുത്ത പലഹാരം. തുർക്കികളുടെ പരമ്പരാഗത വിഭവമാണ് ബുറെക്.

ടാവ്സ് ഗ്രേവ്സ് : മസാല ചേർത്തു വേവിച്ച വെളുത്ത ബീൻസ്.

കെബാപി വിത്ത് അജ്‌വർ: ഇറച്ചിയും ചുവന്ന കുരുമുളകും ചേർത്തുണ്ടാക്കുന്ന കബാബ്.

മാസിഡോണിയ വീസ

മാസിഡോണിയ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ല. ഷെങ്കൻ വീസയുണ്ടെങ്കിൽ വിമാനം ഇറങ്ങിയ ഉടനെ വീസ ഓൺ അറൈവൽ സമ്പ്രദായ പ്രകാരം രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിക്കും. വീസ ഓൺ അറൈവൽ ചില രാജ്യങ്ങൾക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.

കറൻസി: ദിനാർ

വിമാനത്താവളം : സ്കോപ്ജെ അലക്സാണ്ടർ ദ് ഗ്രേറ്റ് എയർ പോർട്ട്

ക്രെഡിറ്റ് കാർഡ്: എല്ലായിടത്തും സ്വീകരിക്കും.