അതിജീവനത്തിനു പോരാടുന്ന ടൂറിസം മേഖലയ്ക്ക് അല്‍പം ആശ്വാസം പകര്‍ന്നു റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക പാക്കേജ്. 15,000 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കു സാമ്പത്തിക സഹായം അനുവദിച്ചത്. വിനോദസഞ്ചാരം, വ്യോമയാനം, ഹോട്ടലുകള്‍ എന്നു മേഖലകളില്‍ ഈ തുക വിനിയോഗിക്കാമെന്നാണു ആര്‍ബിഐ പ്രഖ്യാപനം. വായ്പാ പദ്ധതികളിലൂടെയാണു പദ്ധതി നടപ്പാക്കുക.
ഹോട്ടലുകള്‍, ടൂറിസം - ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍, കാര്‍ വര്‍ക് ഷോപ്പുകള്‍, റെന്റ് എ കാര്‍ സേവന ദാതാക്കള്‍, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്പാ, ബ്യൂട്ടിപാര്‍ലര്‍, സലൂണ്‍ തുടങ്ങിയവ ഉള്‍പ്പടെ മേഖലകള്‍ക്കും വായ്പ ലഭിക്കും.
മൂന്നു വര്‍ഷം കാലയളവ് നിശ്ചയിച്ച് നാലു ശതമാനം റിപ്പോ നിരക്കു നിശ്ചയിച്ചാണ് പദ്ധതിക്കുള്ള പണം ബാങ്കുകള്‍ക്ക് നല്‍കുക. അതായത്, 2022 മാര്‍ച്ച് മാസം അവസാനം വരെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും.
കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതല്‍ ബാധിച്ചത് ചെറുകിട വ്യാപാര മേഖലയെയാണ്. അതിനാല്‍ ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായും സിഡ്ബി മുഖേന 16,000 കോടി രൂപയുടെ പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചു. വായ്പയ്ക്കും പുനക്രമീകരണത്തിനുമാണ് ഈ തുക. വായ്പ പരിധി 25 കോടിയില്‍നിന്ന് 50 കോടി രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്.