ADVERTISEMENT

കാടിനു നടുവില്‍ നദിക്കരയോടു ചേർന്ന് തടിയിൽ പണിത മനോഹരമായൊരു വീട്. അവിടെ താമസിച്ച്, നദിയിലൂടെ വള്ളം തുഴയാം, സൗന ബാത്ത് (ഫീനിഷ് ആവിക്കുളി) ആസ്വദിക്കാം, കാട്ടുബ്ലൂബെറി പറിക്കാം, ഇഷ്ടമുള്ളവ ഗ്രിൽ ചെയ്തോ പാകം ചെയ്തോ കഴിക്കാം.... എല്ലാറ്റിലുമുപരി മനസമാധാനത്തോടെ ശുദ്ധവായു ശ്വസിച്ച് കുറച്ചു നാൾ ജീവിക്കാം. ഇങ്ങനെ ഒരു യാത്രയ്ക്ക് അവസരം കിട്ടിയാലോ? ആനന്ദരാജ്യമായ സുഓമിയിലെ വേനൽക്കാല വീടുകളിലെ കാനനവാസം ഇങ്ങനെയാണ്. സുഓമി എന്നാൽ ഫിൻലൻഡ്. ഇവിടുത്തെ വേനൽക്കാല വസതികളെ ഫിന്നിഷ് ഭാഷയിൽ ‘മൊക്കി’ എന്നാണ് പറയുന്നത്. രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗം വനങ്ങളാൽ അനുഗ്രഹീതമായ രാജ്യമാണ് ഫിൻലൻഡ്‌ . അതിനാൽ ‘മൊക്കികൾ’ ധാരാളമുണ്ട് ഇവിടെ. തിരക്കിട്ട നഗരജീവിതത്തിൽ നിന്നും അകലെ പ്രകൃതിയുമായി കൂട്ടുകൂടിയുള്ള ഈ കാട്ടുജീവിതം സുഓമികൾ (ഫിന്നിഷുകാർ) തലമുറകളായി പിന്തുടരുന്നതാണ്. ഫിന്നിഷുകാർ പലർക്കും സ്വന്തമായി വേനൽക്കാല വീടുകളുമുണ്ടാവും. അതിൽ മിക്കതും തലമുറകളായി മാതാപിതാക്കളിൽ നിന്നും കൈമാറിവന്നതാണ്. അത്തരമൊരു ‘മൊക്കി’ യിൽ താമസം തരപ്പെട്ടപ്പോൾ വേറൊന്നും ആലോചിക്കാതെ തനിച്ച് യാത്ര പുറപ്പെട്ടു.


finland02
ADVERTISEMENT

മൊക്കിയില്‍ ഒരു അവധിക്കാലത്ത്

പൊതുവെ ഏകാന്തതയും നിശബ്ദതയും ഇഷ്ടപ്പെടുന്ന ഫിന്നിഷുകാർക്ക് തങ്ങളുടെ വേനൽക്കാലവസതിയായ മൊക്കിയിൽ കുടുംബവുമൊത്തു താമസിക്കുകയെന്നതൊരു വിനോദമാണ്. തടാകക്കരയിലെ ഈ വീടുകളിൽ ചിലവഴിക്കാതെ ഇവരുടെ ‘കുഞ്ഞൻ വേനൽക്കാലം’ സമ്പൂർണമാകില്ല. കോട്ടജുകൾ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഇടയിൽ മാത്രമേ പങ്കിടാറുള്ളൂ. വാരാന്ത്യങ്ങളും വേനൽക്കാല അവധി ദിനങ്ങളും പൂർണമായ സമാധാനത്തിലും ഏകാന്തതയിലും ചെലവഴിക്കാൻ മാത്രം സുഓമികൾ മണിക്കൂറുകളോളം തങ്ങളുടെ കോട്ടജുകൾ ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യാറുണ്ട്. അതിൽ നിന്നു തന്നെ മനസ്സിലാക്കാം, വേനൽക്കാല ‘മൊക്കികൾ ‘ ഇവരുടെ സംസ്കാരവുമായി ഇഴുകിചേർന്ന് കിടക്കുന്നു.

ADVERTISEMENT

വിദേശികളെ സംബന്ധിച്ചിടത്തോളം, ഈ താമസസമ്പ്രദായം ഒരു പക്ഷേ വിചിത്രമായി തോന്നിയേക്കാം. എന്നാൽ 2020-21ലെ കോവിഡ് കാലം ലോകത്തെ ‘ക്വാറന്റീൻ എന്ന രീതി’ പഠിപ്പിച്ചപ്പോൾ ഏറ്റവും അടുത്ത കുടുംബാംഗങ്ങളുമായി മാത്രം വേനൽക്കാല അവധി ചെലവഴിക്കുന്നത് അത്ര മോശമായ ആശയമല്ലെന്ന് ഇവർ തെളിയിച്ചു.

നമ്മുടെ സ്വകാര്യതയിൽ കാടിനു നടുവിലെ മറ്റൊരു വീട് അതാണ് ‘മൊക്കി’. പല കമ്പനികളും ഇത്തരം വേനൽക്കാല വീടുകൾ നിർമിച്ച് സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ ഈ വനവാസം തേടി ഇവിടെ എത്താറുമുണ്ട്. . ഫിൻലൻഡിന്റെ അയൽ രാജ്യങ്ങളായ സ്വീഡനിലും നോർവെയിലുമെല്ലാം ചെറിയ വ്യത്യാസങ്ങളോടെ ഏതാണ്ട് സമാന രീതിയിലുള്ള കോട്ടജ് സംസ്കാരമുണ്ട്.

ADVERTISEMENT

Lomarengas.fi (ലോമാരംഗസ്), mökkihaku.fi (മൊക്കിഹകു) തുടങ്ങിയ വെബ്സൈറ്റുകൾ വഴി വീടുകൾ തിരഞ്ഞുപിടിക്കാവുന്നതാണ്. സൂര്യൻ അസ്തമിക്കാൻ വിമുഖത കാണിക്കുന്ന, ദൈർഘ്യമുള്ള പകലുകളുള്ള ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ് മൊക്കിയ്ക്ക് ആവശ്യക്കാരേറെ. എന്നാൽ ശൈത്യകാലത്തും ഈ കാനനവാസം തിരഞ്ഞെടുക്കുന്നവരുണ്ട് . മഞ്ഞിലെ സ്കീയിങ് പോലുള്ള കായിക വിനോദങ്ങൾ ആസ്വദിക്കുവാൻ കാടുകളിലെ സ്കീയിങ് പാതകളോട് ചേർന്നുള്ള വീടുകൾക്കാണ് മഞ്ഞുകാലത്തു പ്രിയമേറുന്നത്‌

finland05


നിശബ്ദം, വനവാസം

finland06

ഹെൽസിങ്കിയിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള റാസേപൊരി എന്ന സ്ഥലത്താണ് ഞാൻ തിരഞ്ഞെടുത്ത വേനൽകാല വീട്. ഫിന്നിഷ് കാടുകളിലെ വേനൽക്കാല വീടുകളിലെ 'നിശബ്ദതയുടെ സൗന്ദര്യത്തെ’ ഒറ്റയ്ക്ക് അസ്വദിച്ച നാലുദിനങ്ങൾ. സാധാരണ ഫിന്നിഷ് കോട്ടേജുകൾ ഒരു തടാകത്തിനോ കടലിനോ അരികെയാണ് സ്ഥിതി ചെയ്യുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് വീട്ടിൽ നമുക്ക് ആവശ്യമുള്ളവ സജീകരിക്കാം. ഇനിയിപ്പോൾ അയൽവാസിയുമായുള്ള ദൂരം കൂടുതൽ വേണമെകിൽ അതും സാധ്യമാണ്. കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്ന ഈ നാട്ടുകാർക്ക് അയൽവാസിയുടെ ദൂരം കൂടും തോറും സന്തോഷമേറും.

കടകൾ അകലെയായതിനാൽ വേണ്ട ആഹാര സാധനങ്ങൾ വാങ്ങി കയ്യിൽ കരുതി. ഇവ ഫ്രിജിൽ സൂക്ഷിക്കാം. പഴയകാല ഫിന്നിഷ് മൊക്കികളിൽ വൈദ്യുതിയും പൈപ്പ് വെള്ളവും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത തടാകങ്ങളിൽ നിന്നുമാണ് വീട്ടിലെ ആവശ്യങ്ങൾക്കുവേണ്ട വെള്ളം സംഭരിച്ചിരുന്നത്. എന്നാൽ പുതിയ മൊക്കികളിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. ചില ഇടങ്ങളിൽ വീടിന്റെ ഉടമസ്ഥൻ മിക്കവാറും രണ്ടു കിലോമീറ്റർ ചുറ്റളവിൽ തന്നെയാവും താമസം. തികച്ചും സുരക്ഷിതമാണ് ഫിന്നിഷ് വനങ്ങളിലെ കാനനവാസം

സൗനമുറിയിലെ ആവിക്കുളി

finland03

നദിക്കരയോടു ചേർന്നുള്ള സൗനമുറികൾ മൊക്കിയില്‍ സാധാരണമാണ്. സൗനയിലെ 100 ഡിഗ്രി താപനിലയിലെ ആവിയിൽ ബീയർ നുകർന്നിരിക്കുന്നതും ശേഷം തണുത്തു മരവിച്ച വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും ഇവിടത്തുക്കാരുടെ ‘പ്രധാന വിനോദ’ മാണ്. ഒരുപക്ഷേ, കോട്ടജ് ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം സൗന മുറികളാണ് . 80മുതൽ 100 ഡിഗ്രി വരെയുള്ള നീരാവിച്ചൂടിൽ ശരീരം വെട്ടിവിയർത്തു. പിന്നെ നേരെ തടാകത്തിലേക്ക് ഇറങ്ങി. നന്നായൊന്ന് മുങ്ങിക്കുളിച്ചു... നാട്ടിലെ കുളത്തിൽ കുളിച്ച് തിമർത്ത ബാല്യകാലം ഓർത്തു. മനോഹരമായൊരു ‘ഫീൽ’ ആണത്. ഫിൻലാൻഡിലെ തടാകങ്ങളിൽ നീന്തുന്നത് പൂർണമായും സുരക്ഷിതമാണ്.

ശൈത്യകാലത്താണ് മൊക്കിയിലെ താമസം തെരഞ്ഞെടുക്കുന്നതെങ്കിൽ, ചൂടു സൗനയിൽ ഇരുന്നതിനുശേഷം ഐസ് മൂടിക്കിടക്കുന്ന തടാകത്തിലോ കടലിലോ ഇറങ്ങേണ്ടി വരും. ഇത്തരം സന്ദർഭങ്ങളിൽ ഐസിൽ ഒരു ദ്വാരം ഉണ്ടാക്കി മുങ്ങിക്കുളിക്കുന്നതും ഫിൻലൻഡുകാരുടെ വിനോദമാണ് "അവന്തോ" (ഐസിലെ ദ്വാരം ) എന്നാണ് ഈ പ്രതിഭാസത്തിന്റെ ഫിന്നിഷ് നാമധേയം.

വേനൽക്കാല കോട്ടജിലെ മറ്റൊരു ആകർഷണം ബാർബിക്യൂ ആണ്. ചുവന്ന ഇഷ്ടികകൾ കൊണ്ട് നിർമിച്ചിരിക്കുന്ന പരമ്പരാഗത കരി ഗ്രിൽ മുറ്റത്തിന്റെ അരികിലായി കാണാം. എന്നാൽ പുതിയ കോട്ടജുകളിൽ ഗ്യാസ് ഗ്രില്ലുകളാണ് ഉപയോഗിക്കുന്നത്. ഇവ വീടിന്റെ ടെറസുകളിൽ ഒരുക്കി വയ്ക്കും. കുടുംബത്തിലെ എല്ലാവരും പങ്കുചേരുന്ന വേളകളിൽ വിവിധ മാംസങ്ങളും സോസേജുകളും ഗ്രിൽ ചെയ്തെടുക്കുകയും, വിവിധ സാലഡുകൾ തയാറാക്കി തീൻമേശ സജീകരിക്കുകയും ചെയ്യും.

finland04

തടാകങ്ങളിൽ ബോട്ടിൽ ഇരുന്നുകൊണ്ട് മീൻപിടിക്കുന്നതും ഒരു ‘മൊക്കി വിനോദ’മാണ്. മീന്‍പിടിക്കുന്ന വടിയും റീലും അല്ലെങ്കിൽ പരമ്പരാഗത വയർ മീൻ കെണിയും ഉപയോഗിച്ച് പെർച്ച്, പൈക്ക് മുതലായ മീനുകൾ പിടിക്കുന്നത് പൊതുവെ ആയാസരഹിതമാണിവിടെ.

ഫിന്നിഷ് വേനൽകാലങ്ങളെ കൂടുതൽ മധുരതരമാക്കുന്നതു പലവിധം ബെറി പഴങ്ങളാണ്. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി കൂടാതെ ഈ രാജ്യത്തു മാത്രമായി കണ്ടുവരുന്ന മറ്റു പല ഇനം ബെറികൾ വേറെയുമുണ്ട്. വനങ്ങളിൽ ബ്ലൂ ബെറി ചെടികൾ സമൃദ്ധമായി വളരാറുണ്ട്. ജൂലൈ മാസങ്ങളിൽ പാകമാകുന്ന ബ്ലൂ ബെറി പഴങ്ങൾ, പച്ചപ്പിനിടയിൽ കടുംനീല പൊട്ടുപോലെ അലങ്കാരമേകിക്കൊണ്ടു എവിടെയും പടർന്നു കിടക്കുന്നു. കൂടാതെ ഒക്ടോബർ മാസമാകുമ്പോൾ കാടുകളിൽ കൂണുകൾ തേടി പറിക്കുന്നതും ഇവിടുത്തെ വിനോദമാണ്. വിഷാംശമില്ലാത്ത നല്ല കൂണുകൾ തിരഞ്ഞുപിടിക്കുവാൻ സഹായിക്കുന്ന പരിശീലന ക്ലാസ്സുകളും സജീവമാണ് പലയിടങ്ങളിലും.

ഇടയ്ക്കൊക്കെ മാനുകളും മുയലുകളും ഒരു മിന്നലാട്ടം നടത്തുന്നത് കണ്ടിരുന്നു. അതല്ലാതെ മറ്റു വന്യജീവികളൊന്നും അവിടെയില്ല. നദിക്കരയിലെ ചാരുകസേയിൽ ഇരുന്നു. നീല ജലാശയത്തിലൂടെ മിന്നിമായുന്ന മീനുകളും അരയന്നങ്ങളും വിശേഷങ്ങൾ ചോദിക്കാനെന്ന പോലെ ഇടയ്ക്കിടെ തൊട്ടടുത്ത് വന്നു പോകുന്നു.

finland01

ഫിന്നിഷ് സൗന ബാത്തും , ഗ്രില്ല് ചെയ്ത മാംസത്തിന്റെ സ്വാദും, മുങ്ങിക്കുളിയും കാട്ടിലൂടെയുള്ള നടത്തവും ഈ വനവാസത്തെ മനോഹരമാക്കി. മനസിനും ശരീരത്തിനും ഉണർവും ശാന്തതയും ഉത്സാഹവും സമ്മാനിച്ച വീടിനോട് യാത്ര പറഞ്ഞിറങ്ങി.


ADVERTISEMENT