ആദിത്യ ഹൃദയമന്ത്രജപത്തിന്റെ താളത്തിനൊത്ത് തലയാട്ടുന്ന അരയാലിലകൾ. പ്രകാശത്തിന്റെയും ജീവന്റെയും സൃഷ്ടാവിനെ ആരാധിക്കുന്ന ഇടം. ഈ ലോകത്തിന്റെ ഉടയോൻ പ്രത്യക്ഷ ദൈവമായ സൂര്യനെ ആരാധിക്കുകയെന്നത് പണ്ടുമുതല്‍ തന്നെ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. കൊണാർക്കിലെ സൂര്യക്ഷേത്രം തന്നെ അതിന് ഉത്തമ ഉദാഹരണം. കേരളത്തിലും സൂര്യനെ ആരാധിക്കുന്ന ക്ഷേത്രങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കോട്ടയം, കടുത്തുരുത്തിയിലുള്ള ആദിത്യപുരം സൂര്യദേവക്ഷേത്രം. ഇരവിപുരം അഥവാ രവിയുടെ നാടായാണ് ഇവിടം അറിയപ്പെടുന്നത്. രവി എന്നാൽ സൂര്യൻ. അന്തരീക്ഷം ചുട്ടുപഴുത്തുനിൽക്കുന്നൊരു പ്രഭാതത്തിലാണ് ആദിത്യപുരം സൂര്യക്ഷേത്ര ദർശനത്തിനെത്തിയത്.
തപസ്സിരിക്കുന്ന സൂര്യൻ
ഏറ്റുമാനൂർ– തലയോലപ്പറമ്പ് വഴി മുട്ടുചിറയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ആദിത്യപുരം ക്ഷേത്രം. വൃത്താകൃതിയിലാണ് ശ്രീകോവിൽ. പടിഞ്ഞാറു ദർശനമായാണ് സൂര്യപ്രതിഷ്ഠ. പടിക്കെട്ടിനുതാഴെ തണലൊരുക്കുന്ന അരയാൽ മരം. അതിനരികിലായി അമ്പലക്കുളം. ‘ക്ഷേത്രോൽപത്തിയെ കുറിച്ച് ആർക്കും വലിയ അറിവില്ല. ത്രേതായുഗത്തിലാണ് പ്രതിഷ്ഠ നടന്നിട്ടുള്ളതെന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന് അടുത്തുള്ള മരങ്ങാട്ട് മനയിലെ പൂർവികരിലൊരാൾ വലിയ സൂര്യഭക്തനായിരുന്നു. അദ്ദേഹം തപസ്സ് ചെയ്ത് സൂര്യഭഗവാനെ പ്രത്യക്ഷപ്പെടുത്തുകയും വരമായി ലഭിച്ച വിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കുകയുമായിരുന്നെന്നാണ് വിശ്വാസം. നടത്തേണ്ട പൂജാകർമ്മങ്ങൾ തിട്ടുപ്പെടുത്തുകയും തന്റെ പരമ്പരകൾ തന്നെ അവ നിർവഹിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. ഇക്കാലമത്രയും അതു തുടർന്നു പോരുന്നു. ചതുർബാഹുവായി പത്മാസനത്തിൽ തപസിരിക്കുന്ന സൂര്യനാണ് ഇവിടത്തെ പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖം, ചക്രം. മറ്റു രണ്ടു കൈകള്‍ തപോമുദ്രയിലുമാണ്. ഈ പ്രതിഷ്ഠാരൂപത്തിനു പിന്നിലും ഒരു ഐതീഹ്യമുണ്ട്. കൂടുതൽ ശക്തി തനിക്ക് ലഭിക്കാനായി സൂര്യൻ മഹാമായയെ തപസ്സ് ചെയ്യുന്നു. ഇതിൽ പ്രീതിപ്പെട്ട മഹാമായ പ്രത്യക്ഷപ്പെട്ട് ഉദയം മുതൽ ആറേകാൽ നാഴിക വരെ സകല ദൈവങ്ങളുടെയും ശക്തി ആദിത്യനിൽ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു.ഈ തപസ്സിന്റെ സങ്കൽപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റൊരു പ്രധാന സവിശേഷത എണ്ണ ആഗിരണം ചെയ്യുന്ന പ്രത്യേകതരം ശിലകൊണ്ടാണ് വിഗ്രഹത്തിന്റെ നിർമാണം. ജലം ഉപയോഗിച്ച് വെറുതെ കഴുകിയാൽ പോലും വിഗ്രഹത്തിൽ നിന്ന് എണ്ണമയം പാടെ മായുന്നു ’... ക്ഷേത്രത്തിലെ മേൽശാന്തി മരങ്ങാട്ട് മനയിലെ ദിനേശൻ നമ്പൂതിരി പറഞ്ഞു.
കണ്ണിനും ത്വക്കിനും വൈദ്യൻ
മതിൽക്കെട്ടിന് പുറത്തൊരു തറയുണ്ട്. അന്ധനായ ഇട്ടറയെന്ന ഭക്തൻ ഇവിടെയിരുന്നായിരുന്നത്രേ സൂര്യനെ ഭജിച്ചിരുന്നത്. അദ്ദേഹത്തിന് കാഴ്ച കിട്ടുകയും പിന്നീട് പല ദിക്കുകളിലും സഞ്ചരിച്ച് അദ്ദേഹം ക്ഷേത്രത്തിന്റെ മഹത്വം പ്രസിദ്ധമാക്കുകയും ചെയ്തത്രേ. ക്ഷേത്രത്തിലെ പ്രധാന ദിനങ്ങളിലൊന്നായ കാവടി ദിവസം ഈ തറയിൽ വിളക്ക് വച്ച് അവിലും മലരും ശർക്കരയും കരിക്കും സമർപ്പിക്കാറുണ്ട്.
രക്തചന്ദനമാണ് ക്ഷേത്രത്തിലെ പ്രസാദം. ഇത് ത്വക്ക് രോഗങ്ങളിൽ നിന്ന് മോചനം നൽകും. ശ്രീകോവിലിനുള്ളിലെ വിളക്കിൽ നിന്നെടുക്കുന്ന മഷി, പ്രഭാതത്തിൽ കണ്ണിലെഴുതിയാൽ നേത്രരോഗങ്ങളിൽ നിന്ന് മുക്തി കിട്ടും. ഞായറാഴ്ചയാണ് സൂര്യദർശനത്തിന് അനുയോജ്യമായ ദിനം. ശ്രീകോവിലിനു താഴെയായി വച്ചിട്ടുള്ള രക്തചന്ദനമുട്ടികൾ തലയ്ക്കുഴിഞ്ഞ് ദക്ഷിണയോടൊപ്പം സമർപ്പിച്ചാൽ സർവജന്മ പാപമോചനമാകും എന്നാണ് വിശ്വാസം. മേടമാസത്തിലെയും വൃശ്ചികമാസത്തിലെയും അവസാനത്തെ ഞായറാഴ്ച കാവടി ഉത്സവമായി ആഘോഷിക്കുന്നു. ഇതേ ദിവസം മരങ്ങാട്ടുമനയിലെ ഒരംഗം ക്ഷേത്രമതിൽക്കെട്ടിനകത്ത് കാവടിയെടുക്കുന്നു. ഭക്തജനങ്ങളും കാവടിയെടുക്കാറുണ്ട്. തലമുറകളുടെ ശ്രേയസ്സിനും രോഗശാന്തിക്കുമാണ് കാവടി നേർച്ച നടത്തുന്നത്.
ഐശ്വര്യം നൽകും ദുർഗ
വളരെ ചെറിയൊരു ക്ഷേത്രമായിരുന്ന ആദിത്യപുരം സൂര്യക്ഷേത്രം ഇന്നുകാണുന്ന രീതിയിലേക്ക് മാറാൻ പ്രധാനകാരണം ദുർഗ ദേവിയാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ നിന്ന് അകലെ കാക്കത്തുമല എന്ന സ്ഥലത്ത് പൂജകളേതുമില്ലാതെ ജീർണാവസ്ഥയിൽ കഴിഞ്ഞൊരു ദേവീക്ഷേത്രമുണ്ടായിരുന്നു. അവിടുത്തെ ദേവീവിഗ്രഹത്തെയാണ് ഇവിടേക്ക് കൊണ്ടുവന്നത്. ശ്രീകോവിലിന്റെ പുറകിലായി കിഴക്ക് ദർശനത്തോടെ താൽക്കാലികമായി ചാരിവച്ചു. പിന്നീട് പാഴുർ പടിപ്പുരയിൽ പോയി ദേവിയെ എവിടെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നം വച്ച് നോക്കി. ഇരിക്കുന്നിടത്തു തന്നെയാണ് ഉചിതസ്ഥാനമെന്ന് പ്രശ്നവിധിയാൽ തെളിഞ്ഞു. അങ്ങനെയാണ്
പ്രധാന ശ്രീകോവിലിനോടു ചേർക്ക് കിഴക്കുഭാഗത്തേക്ക് ദർശനമായി ദുർഗാദേവിയെ പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രത്തിന് തെക്കുഭാഗത്തായി തണൽവിരിച്ച് നിൽക്കുന്നൊരു പുളിമരമുണ്ട്. ഇതിനടുത്തായാണ് ഉപദേവത പ്രതിഷ്ഠയായ യക്ഷി. ശാസ്താവിനെയും ഇവിടെ ആരാധിക്കുന്നു.
ഉഷപ്പൂജ കഴിഞ്ഞ് നടതുറന്നു. വേനൽ അതിന്റെ മൂർത്തീഭാവത്തിൽ നിലകൊള്ളുന്നുവെങ്കിലും ക്ഷേത്രത്തിനകത്ത് പുളിമരം ഒരുക്കുന്ന തണൽ. സൂര്യതേജസ്സിനു മുന്നിൽ മനസ്സർപ്പിച്ച് കണ്ണടച്ച് നിന്നു. പ്രസാദമായി കിട്ടിയ രക്തചന്ദനകുറി നെറ്റിയിൽ ചാർത്തി. ആരോഗ്യദായകാ സൂര്യഭഗവാനെ സർവ ഐശ്വര്യവും നൽകേണമേ എന്ന ഭക്തരുടെ മനമുരുകിയുള്ള പ്രാർഥനയിൽ കാറ്റിലാടുന്ന അരയാലിലകളും പങ്കുകൊള്ളുന്ന പോലെ...