ADVERTISEMENT

മഞ്ഞിന്റെ നേർത്ത ആവരണം മുറിച്ച് താഴേക്കിറങ്ങുന്ന വെയിൽച്ചീളുകൾ. പ്രകൃതി മിഴിയടച്ചിരുന്ന് ധ്യാനത്തിലാണ്. മരത്തലപ്പുകൾ ചേർന്നൊരുക്കുന്ന പച്ചക്കുടയ്ക്ക് താഴെ അരുവിയുടെ ശിവ കീർത്തനങ്ങൾ... ഭക്തിയുടെ പരകോടിയിലേക്ക് പ്രാർഥനകളുടെ സൗമ്യതയിലേക്ക് ഭക്തരെ കൈപിടിച്ച് നടത്തുന്ന ദൈവം വസിക്കുന്നിടം. കാടിനു നടുവിലെന്ന പോലെ നിലകൊള്ളുന്ന ചെറിയൊരു ക്ഷേത്രം. അതിനുമുന്നിലൂടെ പതഞ്ഞൊഴുകുന്ന അരുവി. ഇൻസ്റ്റഗ്രാം വഴി വൈറലായ ഈ കാഴ്ച തേടിയാണ് കോട്ടയം, കളത്തൂരിനടുത്തുള്ള ശിവ–സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തുന്നത്.

പ്രഭാതത്തിന്റെ ഉണർവിലേക്ക് പൂർണമായും കടന്നിട്ടില്ലാത്ത നാട്. വയൽപ്പച്ചപ്പിനിടയിലൂടെ കിന്നാരം പറഞ്ഞുപോകുന്ന കാറ്റ്. പ്രധാന റോഡിൽ നിന്ന് നാട്ടുവഴികൾ പിന്നിട്ട് ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയാണ് ക്ഷേത്രം നിലകൊള്ളുന്നത്. വഴിയിലുടനീളം ദിശാസൂചിക സ്ഥാപിച്ചിട്ടുണ്ട്. വഴി പിന്നിടും തോറും പ്രകൃതിയുടെ പച്ചപ്പ് കൂടി വന്നു. മഴ സുന്ദരിയാക്കുന്ന നാടിന്റെ തുടിപ്പിലേക്ക്...

ADVERTISEMENT

അച്ഛനും മകനും വാഴുമിടം

laketemple2

അരുവി കടന്ന് വേണം ക്ഷേത്രമതിൽക്കെട്ടിലേക്ക് പ്രവേശിക്കാൻ. അരുവിക്കൽ എന്ന പേരിന്റെ കാരണവും അതുതന്നെ. മഴക്കാലമായതിനാൽ തന്നെ നല്ല ആഴവും ഒഴുക്കുമുണ്ട്. പരന്നൊഴുകിവരുന്ന അരുവി ക്ഷേത്രത്തിന്റെ പ്രധാന കവാടം കടക്കുന്നതോടെ താഴേക്ക് പതിക്കും. വെള്ളച്ചാട്ട സമാനമായ ആ കാഴ്ച ആസ്വദിക്കാം. അധികം വെള്ളമില്ലാത്ത അവസരങ്ങളിൽ ഇറങ്ങി കുളിക്കാൻ വേണ്ടിമാത്രം ഇവിടം തേടി ആളുകളെത്താറുണ്ട്. ഈ ആവേശം അതിരുകവിയുന്നതു കണ്ടപ്പോഴാകണം ക്ഷേത്രക്കമ്മിറ്റിക്കാർ അപകടസാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നൊരു ബോർഡ് ഇവിടെ സ്ഥാപിച്ചത്.

ADVERTISEMENT

സ്വയംഭൂവായ മഹാദേവനാണ് അരുവിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയ്ക്കും ഇവിടെ തുല്യപ്രാധാന്യം നൽകുന്നു. ഇരട്ട ശ്രീകോവിലാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഴ ബാക്കി വച്ചതെല്ലാം ഏറ്റുവാങ്ങി നിൽക്കുന്ന കൽവിളക്ക്. ഭഗവാന് മനസ്സർപ്പിച്ച് കണ്ണുകളടച്ച് അവിടെ നിന്നാൽ ഒഴുകിയകലുന്ന പ്രാർഥനയായി മാറുന്നു അരുവി.

ക്ഷേത്രം മേൽശാന്തി രാജീവ് നമ്പൂതിരി പ്രസാദം നൽകി. മഹാദേവനെ തൊഴുതിറങ്ങിയാൽ ശാസ്താവിനരികിലെത്താം. അതിനടുത്ത് കാവലെന്നോണം നാഗദൈവങ്ങൾ. യക്ഷിയമ്മയെയും ഭദ്രകാളിയെയും വണങ്ങി സുബ്രഹ്മണ്യന്റെ നടയിലെത്താം.

ADVERTISEMENT

ശാസ്താവിന്റെ പ്രതിഷ്ഠയ്ക്ക് അടുത്തായി ഒരു കൽക്കുഴി സംരക്ഷിച്ചിട്ടുണ്ട്. പണ്ട് ഇവിടെ ആനയുണ്ടായിരുന്നു എന്നതിന്റെ അവശേഷിക്കുന്ന ഏക തെളിവ്. നാലുകെട്ടിനകത്താണ് ഗണപതി പ്രതിഷ്ഠ.

പഴമയുടെ പകിട്ടിൽ ക്ഷേത്രചരിത്രം

laketemple3

സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയ്ക്ക് അരികിൽ വച്ചാണ് ക്ഷേത്രസമിതി പ്രസിഡന്റ് ഷാജിയെ പരിചയപ്പെടുന്നത്. പ്രകൃതിയും അരുവിയും ഭക്തിയും സമം ചേർന്ന ക്ഷേത്രചരിത്രം അദ്ദേഹം പറഞ്ഞുതുടങ്ങി. ‘ ഐതിഹ്യങ്ങൾ പ്രകാരം ലോമമഹർഷിയുടെ ശാപത്താൽ പണ്ട് ഏറ്റുമാനൂർ മഹാദേവക്ഷേത്രം കാടുമൂടി കിടക്കുകയായിരുന്നു. സന്ന്യാസിവര്യനായിരുന്ന വില്വമംഗലം സ്വാമിയാർ പലദേശം താണ്ടി ഇവിടെ എത്തുകയും കാടിനുള്ളിലെ ശിവസാന്നിധ്യം തിരിച്ചറിഞ്ഞ് ആരാധന പുനരാരംഭിക്കുകയും ചെയ്തു. ഇങ്ങനെ ഏറ്റുമാനൂർ ശിവക്ഷേത്രം വനമായി കിടന്ന കാലങ്ങളിൽ ശിവ ആരാധനയ്ക്കായി നിർമിക്കപ്പെട്ടതാണ് കളത്തൂർ ശിവസുബ്രമഹ്ണ്യക്ഷേത്രം. അരുവിയൊഴുകി താഴേക്ക് പതിക്കുന്നതിനു അടുത്തായി വലിയൊരു ഗുഹയുണ്ട്. മണൽ അടിഞ്ഞടിഞ്ഞ് ഗുഹാമുഖം അടഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

aruvikkal3

ഈ ക്ഷേത്രത്തിലേക്കു വരുന്ന വഴി ചാലപ്പിള്ളി ശ്രീകൃഷ്ണ സ്വാമിക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായിരുന്ന വൈഷ്ണവ ചൈതന്യമാണ് ചാലപ്പിള്ളി ശ്രീകൃഷ്ണ സ്വാമിയെന്നും ഐതിഹ്യമുണ്ട്. പണ്ട് അഷ്ടമൂർത്തി മംഗലത്ത് മൂത്തതുമാരുടെ ഉടമസ്ഥതയിലായിരുന്നു കളത്തൂർ ശിവ ക്ഷേത്രം. ഏറ്റുമാനൂർ ക്ഷേത്രഭരണം ഏറ്റെടുക്കാൻ ഇവർ നിയോഗിക്കപ്പെട്ടപ്പോൾ അങ്ങോട്ട് താമസം മാറുകയും പിൽക്കാലത്ത് വല്യടെത്തില്ലം എന്ന് അറിയപ്പെടാനും തുടങ്ങി.

ദേശദേവന്മാരുടെ കൂടിക്കാഴ്ച

ശിവരാത്രിയും കർക്കിടകവാവുമാണ് കളത്തൂർ ശിവ സുബ്രമഹ്ണ്യക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. വാവ് ദിനത്തിൽ ബലിതർപ്പണം നടത്താനായി ധാരാളം ഭക്തജനങ്ങൾ പലദേശങ്ങളിൽ നിന്നായി ഇവിടെ എത്തിച്ചേരുന്നു.

കളത്തൂർകരക്കാരുടെ ദേശനാഥന്മാരായ അരുവിക്കൽ മഹാദേവനും ചാലപ്പിള്ളി ശ്രീകൃഷ്ണസ്വാമിയും വർഷത്തിലൊരിക്കൽ കൂടിക്കാഴ്ച നടത്താറുണ്ട്. ചാലപ്പിള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാനദിവസത്തെ ആറാട്ട് നടക്കുന്നത് അരുവിക്കൽ മഹാദേവന്റെ ക്ഷേത്രക്കടവിലാണ്. ഭക്തിനിർഭരമായ ഈ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളെത്താറുണ്ട്.’ ഷാജി പറയുന്നു.

മഴ അതിന്റെ ഏറ്റവും സുന്ദരമായ ഭാവത്തിൽ പച്ചപ്പിനിടയിലൂടെ ഊർന്നിറങ്ങി തുടങ്ങി. മഴപെയ്യുമ്പോഴും തോർന്ന് തുടങ്ങുമ്പോഴും ഈ ക്ഷേത്രവും പരിസരവും കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഭക്തിനിർഭരമായ പ്രകൃതിയുടെ സ്വച്ഛതയിൽ ഭഗവാൻ മഹാദേവൻ ധ്യാനനിരതനായിരിക്കുന്നു, ഗംഗയെന്ന പോലെ ആ അരുവി ഒഴുകികൊണ്ടേയിരിക്കുന്നു...

ADVERTISEMENT