ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രമായ അന്യനിൽ വിക്രമിനൊപ്പം തകർത്തഭിനയിച്ച, സദയെ ഓർമയില്ലേ? തെലുഗു, കന്നഡ, തമിഴ് ചലച്ചിത്രലോകത്ത് നിറഞ്ഞു നിന്ന സദ ‘നോവൽ’ എന്ന മലയാളസിനിമയിലും അഭിനയിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷയായ സദ ഇപ്പോൾ എവിടെയാണ് എന്ന േചാദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സദ സഫാരിയിലാണ്.

കടുവകളെ കാണുന്നതിലും അവയുടെ ചിത്രങ്ങൾ പകർത്തുന്നതിലുമാണ് ഈ താരം ഇപ്പോൾ ഹരം കണ്ടെത്തുന്നത്.  അപൂർവമായ കാട് അനുഭവങ്ങളും ചിത്രങ്ങളും മനോരമ ട്രാവലറിനോടു പങ്കുവയ്ക്കുകയാണു സദ.

ADVERTISEMENT


ക്യാമറയ്ക്കു പിന്നിലേക്ക്...
‘വനം, വന്യജീവി ഫൊട്ടോഗ്രഫിയിലേക്ക് എത്തുന്നതു മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചൊന്നുമല്ല. സിനിമാ ഷൂട്ടിങ്ങിനു വേണ്ടി ഒരിക്കൽ മധ്യപ്രദേശിലെത്തി. ഞങ്ങൾ താമസിച്ച ഇടം പന്ന വന്യജീവി സങ്കേതത്തിനോട് ചേർന്നായിരുന്നു. ആ ദിവസങ്ങളിലാണ് ആദ്യ സഫാരി നടത്തുന്നതും കടുവകളെ ആദ്യമായി കാണുന്നതും.  


ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണു കാടിനോടു ചേർന്ന സ്ഥലത്തു താമസിച്ചതും സഫാരിക്ക് അവസരം ലഭിച്ചതുമൊക്കെ. അന്ന് കടുവയുടെ ഗ്ലാമറിൽ മയങ്ങി എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.

ADVERTISEMENT


പിന്നീട് രാജ്യത്തെ ഒട്ടേറെ കടുവ സംരക്ഷണകേന്ദ്രങ്ങളായ വനങ്ങളിലേക്ക് സഞ്ചരിച്ചു. ബാന്ധവ്ഗഡ്, കാൻഹ, ദുധ്‌വ, പെഞ്ച്, തഡോബ, കോർബറ്റ്, പിലിഭിത്ത്, രന്ഥംബോർ, ടിപേശ്വർ, ബന്ദിപുർ...  ഇതിൽ പലയിടത്തും ഒന്നിലേറേ തവണ പോയിട്ടുമുണ്ട്.

Sadaphotography


അമ്മക്കടുവയും കുട്ടികളും
കാടും കടുവയും... ഫൊട്ടോഗ്രഫിക് അനുഭവങ്ങൾക്ക് അപ്പുറം ഒട്ടേറേ അപൂർവ സുന്ദരങ്ങളായ നിമിഷങ്ങളാണ് സൃഷ്ടിക്കുക. അതിൽ ഒന്നാണ് അമ്മക്കടു
വയും അഞ്ച് കുട്ടികളുമായി സഫാരി ജീപ്പിനു മുൻപിലേക്ക് നടന്നു വന്നത്. മഹാരാഷ്ട്രയിൽ ഉമ്രേദ് ഗോഥൻഗാംവ് വന്യജീവി സങ്കേതത്തിലെ സഫാരിയിൽ ആയിരുന്നു വളരെ അപൂർവമായ ആ കാഴ്ച കണ്ടത്. കാട്ടുവഴികളിലൂടെ സഞ്ചരിക്കവേ പൊടുന്നനെ ഞങ്ങളുടെ മുന്നിലേക്ക് ഒരു കടുവക്കൂട്ടം നടന്നു വന്നു.  
ഒരു കടുവയെക്കാണുന്നതു തന്നെ നെഞ്ചിടിപ്പ് കൂട്ടുമെങ്കിൽ അവിടെ ആറ് കടുവകളായിരുന്നു അപ്പോൾ നിരന്ന് നടന്നത്. അൽപം മുൻപിൽ ആദ്യം ചുവടുകൾ വച്ച് മുതിർന്ന കടുവയും അതിനെ തൊട്ടും ഉരുമ്മിയും കുട്ടിക്കളികൾ നിറഞ്ഞ ചുവടുകളോടെ അഞ്ച് കുട്ടികളും. കുട്ടികളെ ചാടിമറിയാൻ വിട്ട അമ്മക്കടുവ, അൽപസമയത്തിനു ശേഷം കുതിച്ച് പാഞ്ഞ് ഒരു കാട്ടുപന്നിയെ കീഴ്പ്പെടുത്തി കടിച്ചെടുത്തു കൊണ്ടുവരുന്നതു കൂടി കണ്ടപ്പോൾ ആ സഫാരി ഇരട്ടിമധുരമായി.

അംബോസിലിയും മസായി മാരയും മഡഗാസ്കറും സദയുടെ സഫാരി വഴികളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കാലങ്ങൾക്കു മുൻപു കുറേ വനപ്രദേശങ്ങൾ സംരക്ഷിത വനങ്ങളും കടുവാ സംരക്ഷണ സങ്കേതങ്ങളായും പ്രഖ്യാപിച്ചിരുന്നില്ല എങ്കിൽ ഒരുപക്ഷേ, ഇപ്പോൾ കാടോ കടുവകളോ ഇവിടെ കാണണമെന്നില്ല എന്നാണു സദയുടെ അഭിപ്രായം.
 ‘കാടും മൃഗങ്ങളും സംരക്ഷിക്കണമെങ്കിൽ വനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികൾ വേണം. ഇങ്ങനെയായാലേ ഒരു പ്രദേശത്തു മൃഗങ്ങളുടെ എണ്ണം പരിധിയിലേറെയായാൽ അവയ്ക്ക് അടുത്ത മേച്ചിൽപ്പുറം തേടി പോകാനാകൂ.

ADVERTISEMENT


മനുഷ്യന്റെ സ്വാർഥതയും അത്യാഗ്രഹവും  സഹിക്കേണ്ടി വരുന്ന മൃഗങ്ങളുടെ ശബ്ദമാകാനും ആരെങ്കിലുമൊക്കെ വേണമല്ലോ...
ഈ ഭൂമിയിൽ ജീവിക്കാൻ നമ്മളെപ്പോലെ അവകാശമുള്ളവരല്ലേ മൃഗങ്ങളും. അവയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നു എങ്കിൽ ഞാൻ അനുഗൃഹീതയായി..

ADVERTISEMENT