ADVERTISEMENT

മലനിരകളെ വകഞ്ഞ് മാറ്റി രാജ്യത്തിന്റെ തെക്കേ അറ്റത്തേക്ക് നീളുന്ന ദേശീയപാത. ഇരുവശത്തും, കാറ്റിന്റെ മന്ത്രണം കേട്ട് തലയാട്ടുന്ന പോലെ പങ്കകളിളക്കുന്ന ഭീമൻ കാറ്റടികൾ, അതിനോട് മത്സരിച്ചെന്നോണം ഓലകളിളക്കുന്ന തെങ്ങുകളും കതിരുകളാട്ടുന്ന നെൽച്ചെടികളും, സഹ്യനിരകളുടെ അവസാന ഭാഗത്തിന്റെ പ്രകൃതി സൗന്ദര്യം കൺനിറയെ കാണാൻ കാറൊതുക്കി. സായാഹ്ന സൂര്യന്റെ കടുത്ത ചൂടിനെ ശമിപ്പിക്കാനെന്നോണം തഴുകി തലോടുന്ന തണുത്ത കാറ്റേറ്റ് ചുറ്റും കണ്ണോടിച്ചു.

aral3

അൽപം അകലെ ഏതാണ്ട് ഒറ്റയാനെപ്പോലെ നിൽക്കുന്ന കൂറ്റൻ മലമുകളിൽ വെള്ളപൂശിയ ഒരു കെട്ടിടം... ആകൃതി കണ്ടിട്ട് വീടാകാൻ വഴിയില്ല, കോവിലോ പുരാതനമായ എന്തെങ്കിലും നിർമിതിയോ ആകാം. കാറ്റാടിപ്പാടം കടന്നെത്തുന്ന കാറ്റിനെപ്പോലെ അദൃശ്യമായ എന്തോ ഒന്ന് അവിടേക്ക് മാടിവിളിക്കുന്നതുപോലെ. ‘അത് സിദ്ധർഗിരി, മേലേ തെൻപളനി സുബ്രഹ്മണ്യ കോവിൽ. മുകളിലേക്ക് നടന്ന് കയറാനേ പറ്റൂ.’ മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്കുള്ള വളവ് തിരിച്ച് നിർത്തിയ എം 80 യിൽ ഇരുന്ന ചേട്ടൻ പറഞ്ഞു. എന്നാൽ പിന്നെ മടിക്കേണ്ട, ഒന്നു പോയി നോക്കിയാലോ? അദ്ദേഹം ചൂണ്ടിക്കാട്ടിയ വഴിയിലൂടെ കാർ നീങ്ങാൻ ഞങ്ങൾ കയറേണ്ട താമസം മാത്രമേയുള്ളായിരുന്നു.

arlmy3
ADVERTISEMENT

സൂര്യന് പ്രിയപ്പെട്ട ചെക്രഗിരി

arlmy

ദേശീയപാതയിൽ നിന്ന് വഴിതിരിഞ്ഞ് തോവാളയിലേക്കുള്ള റോഡ് മുറിച്ച് കടന്ന് ബെഥേസ്ദ റോഡ് എന്നു പേരുള്ള പാതയിലൂടെ വാഹനം നീങ്ങി. കയറ്റം കയറുന്നതിനിടെ റോഡിന് ഇരുവശത്തെയും വീടുകളിലെയും കടകളിലെയും ആളുകൾ തെല്ലൊരദ്ഭുതത്തോടെ നോക്കുന്നു. കോൺക്രീറ്റ് ചെയ്ത പാതയ്ക്ക് വീതി കുറഞ്ഞ് വന്ന് വഴി ഏറക്കുറേ അവസാനിക്കാറായി. അതിനു സമീപത്ത് എവിടെ നിന്നോ ആണ് ട്രെക്കിങ് ആരംഭിക്കേണ്ടത്. കാറൊതുക്കി വീണ്ടും മുരുഗൻ കോവിലിലേക്കുള്ള വഴി ചോദിച്ചു. മലമുകളിലേതു തന്നെയല്ലേ എന്നുറപ്പിച്ച ശേഷം അണ്ണൻ പറഞ്ഞു, കാർ ഇവിടെ ഒതുക്കി മേലേക്ക് നടന്നോളൂ. അപ്പോൾ വഴി? അങ്ങനെയൊന്നുമില്ല, ആളുകളും ആടുകളും കയറിപ്പോയി തെളിഞ്ഞു കിടക്കുന്നതുകാണാം, അതുവഴിയങ്ങ് പോയാൽ മതി. പിന്നെ, ഇടയ്ക്കൊക്കെ കല്ലുകളിൽ വഴി അടയാളപ്പെടുത്തി അമ്പടയാളവും വേലും വരച്ചിട്ടുണ്ട്. സംഭവം ലളിതമായിട്ട് അണ്ണൻ പറഞ്ഞെങ്കിലും അന്ന് സമയം വൈകി, അടുത്ത ദിവസം പുലർച്ചെ വന്നാൽ സൂര്യോദയക്കാഴ്ച കണ്ട് മടങ്ങാം എന്നുംകൂടി കൂട്ടിച്ചേർക്കാൻ കക്ഷി മറന്നില്ല. കന്യാകുമാരിയിലെ സൂര്യോദയം നോക്കി പുറപ്പെട്ടിട്ട്, സിദ്ധർഗിരിയിലെ സൂര്യോദയം കാണുക, അൽപം വെറൈറ്റി ആകട്ടെ...

aral2
ADVERTISEMENT

നാഗർകോവിലിൽ നിന്ന് പതിനാല് കിലോമീറ്ററുണ്ട് ചെക്രഗിരി എന്നുകൂടി അറിയപ്പെടുന്ന ആറൽവായ്മൊഴി സിദ്ധർഗിരിയിലേക്ക്. 20മിനിറ്റ് കൊണ്ട് നാഗർകോവിൽ ബൈപാസിൽ നിന്ന് തോവാള റോഡിലേക്ക് തിരിയേണ്ട ഇടമെത്തി. അതിന് അൽപം മുൻപ് മുതൽ തന്നെ റോഡിൽ നിന്ന് അൽപം അകന്ന് സിദ്ധർ ഗിരി കാണാം. നിലാവെട്ടം പരന്ന, നക്ഷത്രങ്ങൾ തെളിഞ്ഞ ആകാശത്തിനു ചുവട്ടിൽ മറ്റൊരി ശുഭ്രനക്ഷത്രമായി വെള്ളപൂശിയ മലമുകളിലെ കോവിൽ ഒരു മാന്ത്രിക കഥകളിലെ നിഗൂഢ കൽപനകൾപോലെ തോന്നിച്ചു. ആളും ആരവവുമൊഴിഞ്ഞ ഇടുങ്ങിയ തെരുവീഥികളിലൂടെ നീങ്ങുന്ന കാറിന്റെ പ്രകാശത്തിൽ ഉറക്കം നഷ്ടപ്പെട്ട തെരുവു പട്ടികളും മരക്കൊമ്പിൽ ചേക്കേറിയ കിളികളും പ്രതിഷേധിച്ചത് ഞങ്ങൾ കണ്ടില്ലെന്നു നടിച്ചു.

aralnw2

കഴിഞ്ഞ സായാഹ്നത്തിലെപ്പോലെ ബെഥേസ്ദ റോഡിന്റെ അവസാനത്തിൽ കാർ ഒതുക്കി. പുറത്തെ തണുപ്പിന്റെ കുളിര് ട്രെക്കിങ് തുടങ്ങുന്നതിന്റെ ആവേശച്ചൂടിൽ അലിഞ്ഞു. ആ പരിസരത്ത് എവിടെ നിന്ന് നോക്കിയാലും മുകളിലെ കോവിൽ കാണാനില്ല. വാസ്തവത്തിൽ ഈ സ്ഥലം പോലും മലയുടെ നേരേ താഴ്‌വരയല്ല, അൽപം മുകളിലേക്ക് നീങ്ങിയുള്ള സ്ഥലമാണ്.

ADVERTISEMENT

മലദൈവങ്ങൾ കുടിയിരിക്കും ഊരുകോവില്‍

aralnw

കഷ്ടി മൂന്ന് കിലോമീറ്റർ കയറാനുണ്ട് മലമുകളിലെ ക്ഷേത്രത്തിനു സമീപമെത്താൻ. ചെക്രഗിരി ട്രെക്കിങ്ങിൽ നേരേ മലയുടെ കൊടുമുടിയിലേക്കല്ല കയറുന്നത്. പകരം, ഏകദേശം അപ്രദക്ഷിണമായി അൽപം വളഞ്ഞ് തിരിഞ്ഞാണ് ഒറ്റയടിപ്പാത കടന്നു പോകുന്നത്.

aralnw3

അരണ്ട നിലാവെട്ടത്താണ് മലകയറ്റം തുടങ്ങിയത്. സൂക്ഷിച്ചില്ലെങ്കിൽ തെന്നുന്ന വിധം നന്നേ ചെറിയ ചരൽ പോലുള്ള മണ്ണാണ് തുടങ്ങുന്ന സ്ഥലത്തുള്ളത്. മലദൈവങ്ങളെ കുടിയിരുത്തിയ ഊരുകോവിലിന്റെ ഓരം പറ്റി മുകളിലേക്കു കയറാം. വലിയ ഉരുണ്ട കല്ലുകൾ പടവുകൾപോലെ എടുത്തുവച്ചിട്ടുണ്ട് ഇവിടൊക്കെ. ഉയരം കൂടുന്തോറും മലയുടെ എതിർവശത്തെ അഗാധതയിൽ കാറ്റാടിപ്പാടം വിശാലമായി. കാറ്റിന്റെ താളം മുറുകാത്ത ആ പുലർകാലത്ത് കാറ്റാടി യന്ത്രങ്ങൾ കണ്ണടച്ച് ധ്യാനിക്കുകയാവാം എന്നു തോന്നി.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴകളിൽ മുകളിൽ നിന്നൊഴുകിവന്ന വെള്ളത്തിന്റെ സഞ്ചാരപഥം മണ്ണിൽ തെളിഞ്ഞു കിടക്കുന്നുണ്ട്. അൽപദൂരം കയറിച്ചെന്നപ്പോഴേക്ക് ഭൂപ്രകൃതിയിൽ മാറ്റം വന്നു. ചരൽപോലുള്ള മണ്ണ് മാറി പാറക്കെട്ടുകൾ നിറഞ്ഞു. പാറക്കെട്ടുകളെ പടവുകളാക്കി ചവിട്ടിക്കയറണം.

അപ്പോഴേക്ക് കിഴക്കെ ആകാശത്ത് ചുവപ്പിന്റെ നിറപ്പെരുക്കം തുടങ്ങിയിരുന്നു. ഉദയസൂര്യന്റെ ചെങ്കിരണങ്ങൾ കാറ്റാടി യന്ത്രങ്ങളെ തഴുകി വീണു. ദേവസഹായം പിള്ളയുടെ പേരിലുള്ള ദേവാലയത്തിന്റെ പ്രഭാത സങ്കീർത്തനങ്ങൾ മലനിരകളിൽ വീണ് പ്രതിധ്വനിക്കുന്നതും മലകയറ്റത്തിനിടയിൽ കേട്ടു.

സിദ്ധർഗിരിയുടെ താഴ്‌വരയിൽ ദേശീയപാത പരിസരത്തെ കാറ്റാടിപ്പാടം മുപ്പന്തൽ എന്ന പ്രദേശത്താണ്. തമിഴ് ഭക്തകവി അവ്വയാർ ചോള, ചേര, പാണ്ഡ്യ രാജാക്കൻമാരെയും പരിവാരങ്ങളെയും വിവാഹത്തിനായി ക്ഷണിച്ച് വരുത്തി പ്രത്യേകം മൂന്ന് പന്തലുകളിലായി ഇരുത്തിയ ഇടമാണ് ഇതെന്ന് കരുതുന്നു.

അരമണിക്കൂറിലേറെ നടന്നപ്പോഴേക്ക് പാതയുടെ ചെരിവ് ചെങ്കുത്തായി. അശ്രദ്ധമായി ഒരു ചുവട് വച്ചാൽ, കാലുറപ്പിച്ച കല്ലൊന്നിളകിയാൽ വശത്തേക്ക് പതിക്കുമോ എന്ന ആശങ്കയെ കളിയും തമാശയും പറഞ്ഞ് അതനു പിന്നിൽ മറച്ചു പിടിച്ചു. പാതി ദൂരമേ ആയിട്ടുള്ളു. താഴ്‌വര കാഴ്ചകൾ പുലർവെട്ടത്തിൽ അൽപം കൂടി തെളിഞ്ഞു. ട്രെക്കിങ് പാതയുടെ ഒരുവശത്ത് ഇനിയും കൊടുമുടി കാണാനാകാത്ത വിധം ഉയർന്നു നിൽക്കുന്ന മലതന്നെ. ബാക്കി ചുറ്റുവട്ടത്തെ ഒരു കോട്ടയിലെന്നവണ്ണം വലയത്തിലൊതുക്കിയ പർവത നിര. ഏകദേശം മധ്യഭാഗത്തോളം എത്തിയപ്പോൾ മലയുടെ ഒരു ഭാഗം വലത്തേക്ക് പാറക്കെട്ടുകളായി നീണ്ടു നിൽക്കുന്നു. അവിടെത്തിയാൽ കാറ്റാടിപ്പാടത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ചിത്രങ്ങൾ പകർത്താം. ഇരുവശത്തെയും കാഴ്ചകൾ കണ്ടും ചിത്രം പകർത്തിയും വെള്ളം കുടിച്ച് വിശ്രമിച്ചുമൊക്കെയാണ് മുകളിലേക്ക് നീങ്ങി.

സൂര്യനൊപ്പം സിദ്ധർഗിരി മുകളിൽ

സിദ്ധർഗിരിയെ ചുറ്റിയും പാറക്കെട്ടുകൾക്കിടയിലൂടെയും വെയിൽ താഴെ പതിക്കാൻ തുടങ്ങി. ആടുകളെ മേയ്ക്കുന്ന നീണ്ട വടിയുമായി ഒരാൾ പാറക്കെട്ടുകൾ ചാടിക്കയറി മുകളിലേക്കു വരുന്നതു കണ്ടു. ഞങ്ങൾ കയറിയതിന്റെ നൂറിരട്ടി വേഗതയിൽ, എങ്ങും വിശ്രമിക്കാതെ, ഇരിക്കാതെ അഭ്യാസിയെപ്പോലെ വരുന്നതു കണ്ട് അൽപം അസൂയ തോന്നാതിരുന്നില്ല. അടുത്തെത്തിയപ്പോൾ ഞങ്ങളെ പരിചയപ്പെട്ട് സംസാരിക്കാൻ അൽപ സമയം ആ ആട്ടിടയൻ നിന്നു. തങ്കം, അങ്ങനെയാണ് ആളുടെ പേര്, തലേന്ന് ഈ മലമുകളിൽ മേയാൻ വിട്ട ആടുകളിൽ അഞ്ചെണ്ണം വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. അവയെ തേടി പുലർച്ചെ തന്നെ ഇറങ്ങിയതാണ്. പാറപ്പുറത്ത് കയറി നിന്ന് ഞങ്ങൾക്ക് ചില കാഴ്ചകൾ പരിചയപ്പെടുത്താനും സമയം തങ്കം സമയം കണ്ടെത്തി.

പാതി പിന്നട്ടതോടെ കുത്തനെയുള്ള കയറ്റമാണ്. പാറകൾ തട്ടുകളെന്നോണം കിടക്കുന്നുന്നു. ഓരോ തട്ടും കയറാൻ തുടങ്ങുമ്പോൾ തോന്നും ഇതോടെ മുകളിലെത്തുമെന്ന്. ആ പാറക്കെട്ടിനു മുകളിലെത്തുമ്പോൾ കാണാം അടുത്തതിലേക്ക് നീളുന്ന പാത. ഈ ഭാഗത്ത് പാത അൽപം കൂടി വിഷമമേറിയതാണ്. പുല്ല് മൂടി, മുൾ മരങ്ങൾ നിറഞ്ഞ പാതയുടെ വശങ്ങളിൽ പാറയിൽ വളർന്നു പന്തലിച്ച കൂറ്റൻ കള്ളിമുൾച്ചെടികളും കാണാം. പല പാറകളുടെയും വശങ്ങളിൽ വഴി കാണിച്ചുള്ള അടയാളങ്ങൾ കാണാമെന്നതുകൊണ്ട് മാത്രമാണ് ഇവിടെ വഴി തെറ്റാതെ നടക്കാൻ പറ്റുന്നത്.

ഒടുവിൽ രണ്ട് പാറക്കെട്ടുകൾക്കിടയിൽ വിടവുപോലെ വെട്ടി മുറിച്ച വഴിയുടെ മുൻപിലെത്തി. ഒരരു വശത്ത് പിടിച്ചു കയറാൻ ഇരുമ്പ് കമ്പി ഉറപ്പിച്ചിട്ടുണ്ട്. ആശ്വാസം, ഇതു കയറിയാൽ മുകളിലെത്തുമല്ലോ! എന്നാൽ അത് കയറിച്ചെന്നത് ആരേയും അമ്പരപ്പിക്കുന്ന ഒരു കരിങ്കൽ പാറക്കെട്ടിനു മുകളിലാണ്. കുത്തനെ ചരിഞ്ഞു കിടക്കുന്ന അതിന്മേൽ കല്ലിൽ പടവുകൾ കൊത്തി, ഇരുമ്പ് റെയിലുകൾ പിടിപ്പിച്ച് നടക്കാൻ പാകത്തിലാക്കിയിട്ടുണ്ട്. അവിടേക്ക് കയറും മുൻപ് പന്തലിച്ച വൃക്ഷച്ചുവട്ടിൽ നാഗപ്രതിഷ്ഠ. പാറയിലെ പടവുകളിലൂടെയുള്ള കയറ്റം തുടങ്ങുന്നതിനു സമീപം ചെറുതെങ്കിലും മനോഹരമായൊരു കുളം. വെള്ളത്തിലാശാൻ തെന്നി നടക്കുന്ന ആ തെളിഞ്ഞ, തണുത്ത ജലം കണ്ണീർ പോലെ തെളിഞ്ഞതുമാണ്. ഈ കുളത്തിൽ നിന്നാകാം ട്രെക്കിങ് റൂട്ടിന്റെ പലഭാഗത്തും കണ്ട ചെറിയ നീർച്ചാലുകളിലേക്ക് വെള്ളമെത്തുന്നത്.

ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു പരിസമാപ്തിയായി മലമുകളിലേക്ക് കടന്നു ചെന്നത് ഏറെ ആഹ്ലാദത്തോടെയാണ്. രണ്ടായിരം അടിയിലേറെ താഴെ നിന്ന് വെളുപ്പ് കെട്ടിടംപോലെ കണ്ടത് നീണ്ട മുഖപ്പും കരിങ്കൽ തൂണുകളുമുള്ള, ഏഴ് എട്ട് അടി പൊക്കമുള്ള തെൻപളനി മുരുകൻ കോവിലായി മുൻപില്‍ നിറഞ്ഞു. ക്ഷേത്രത്തിൻ പിൻവശത്തേക്കാണ് കയറ്റം കയറി എത്തുന്നത്. മുൻപിൽ കാഴ്ചകളുടെ താഴ്‌വരയാണ്. വലിയ ജലാശയങ്ങളും കൃഷിയിടങ്ങളും കാറ്റാടിപ്പാടങ്ങളും എല്ലാത്തിനും അതിരുകെട്ടിയ സഹൃനിരകളും എല്ലാം ചേർന്ന മനോഹരദൃശ്യങ്ങൾ.

ക്ഷേത്രത്തിനു ചുറ്റും നടന്ന് താഴേക്ക് നോക്കി, കയറിവന്ന വഴി എവിടെയും കാണുന്നില്ല. കൂടെ വന്ന് പലയിടങ്ങളിൽ തങ്ങിപ്പോയവരുടെ അടയാളങ്ങളും എവിടെയുമില്ല. 1800 കളിൽ നിർമിച്ച ക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിൽ മാത്രമേ പൂജകളുള്ളു. അതിനാൽ ക്ഷേത്രദർശനത്തിനായി ആരും എത്തിയിട്ടില്ല, പൂജയ്ക്കും.

കിഴക്ക് നിന്ന് ആകാശ പാതയിലൂടെ ഞങ്ങളെ പിൻതുടർന്നെത്തിയ സൂര്യനും സിദ്ധർഗിരിയുടെ മുകളിലേക്ക് എത്തി. ആ കിരണങ്ങളുടെ ചൂട് തളർത്തും മുൻപ് ഇനി താഴേക്ക്...

ADVERTISEMENT