ലോകത്തെ ഏറ്റവും വലിയ കരകൗശല വസ്തു നിർമിക്കുന്ന ഇടം, താളത്തിലുള്ള ഐലസ വിളികൾ മുഴങ്ങുന്ന ആ തുരുത്തിലേക്ക്
Mail This Article
കാലങ്ങൾക്കുമുൻപ്, സഹ്യന് പടിഞ്ഞാറ് ആഴി അതിരാക്കിയ പ്രദേശം കേരളം എന്നറിയപ്പെടുന്നതിന് മുൻപായിരുന്നു ഇത് നടന്നത്. അന്ന് കോലത്തിരി, സാമൂതിരി, കോനാതിരി, സ്വരൂപം, കൂറ്, കോവിലകം... ഇവിടത്തെ ചെറു പ്രദേശങ്ങൾ ഓരോന്നും ഓരോ പേരിൽ പലർ ഭരിച്ചിരുന്ന സമയം. കടലിനക്കരെ ഇവിടത്തെ ഉൽപന്നങ്ങൾ പൊന്നിനു തുല്യം വിലമതിച്ചിരുന്ന നാളുകൾ. അവർക്ക് ഈ നാടിന് ഒരൊറ്റപ്പേരായിരുന്നു ‘മലബാർ തീരം’. മലബാർതീരം എന്നാൽ കോഴിക്കോടായിരുന്നു അന്ന്. ചൈന, അറേബ്യ, പേർഷ്യ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള പത്തേമാരികളും കപ്പലുകളും ഇവിടെയെത്തുക പതിവായിരുന്നു. മൊറോ
ക്കോയിൽ നിന്നുള്ള ലോക സഞ്ചാരി ഇബ്നു ബത്തുത്ത കോഴിക്കോട് വന്നിറങ്ങുമ്പോൾ 13 ചൈനീസ് കപ്പലുകളായിരുന്നു അവിടെ കണ്ടത്. ആ കോഴിക്കോടിന്റെ ‘സമുദ്ര കവാടം’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയ ഇടമാണ് ബേപ്പൂർ. മെയ്ഡ് ഇൻ കേരള ചരിത്രത്താളുകളിലെ കൗതുകങ്ങൾ ഓർത്തെടുത്താണ് ബേപ്പൂരിൽ ബസ് ഇറങ്ങിയത്. ചാലിയാറിന്റെ കരയിലെ ജങ്കാർ കടത്ത് കടന്ന് ചാലിയത്ത് എത്തി. മീൻ പിടിക്കാൻ കടലിൽ പോയ ബോട്ടുകളുടെ മടങ്ങിവരവ് കാത്തിരിക്കുന്ന കച്ചവടക്കാരുടെ ഇടയിലൂടെ നടക്കുമ്പോൾ കണ്ണ് ലോകത്തെ ഏറ്റവും വലിയ കരകൗശല വസ്തു നിർമിക്കുന്ന ഇടം തേടി അലയുകയായിരുന്നു. തടികൊണ്ട് നിർമിച്ച് കടൽ യാത്രകൾക്ക് ഉൾപ്പടെ ഉപയോഗിക്കുന്ന വിശേഷ ഇനം വഞ്ചിയാണ് ഉരു. ഇന്ത്യയിലോ അറബിനാടുകളിലോ രൂപപ്പെട്ടതാകാം ഇതെന്നു കരുതുന്നു. നൂറ്റാണ്ടുകൾക്കിപ്പുറത്തും ഇവ കാണുന്നത് ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് ദേശങ്ങളിലാണ്. എന്നാൽ ഉരുവിനെ രൂപപ്പെടുത്തുന്ന പ്രശസ്തി മലയാളക്കരയ്ക്കാണ്, ബേപ്പൂരിന്. മാസങ്ങൾ നീണ്ട കടൽ സഞ്ചാരത്തിനു ശേഷം കോഴിക്കോട് എത്തുന്ന അറബി വ്യാപാരികൾ തങ്ങൾ വന്ന പത്തേമാരികളുടെ അറ്റകുറ്റപ്പണികൾക്ക് ഇവിടത്തെ ആശാരിമാരെ ആശ്രയിക്കുക പതിവായിരുന്നു. അതാണ് മേത്തരം തടി ലഭിക്കുന്ന, പ്രതിഭാശാലികളായ മര ആശാരികളുമുള്ള ഈ നാട്ടിൽ ഉരുവിന്റെ പിറവിക്കു കാരണമായതെന്നു കരുതുന്നു.
ഖലാസികളുടെ കരുത്ത്
ഇന്ത്യയിൽ ബേപ്പൂർ കൂടാതെ ഗുജറാത്തിലെ മാണ്ഡവി തീരത്തു മാത്രമേ ഉരു നിർമിക്കുന്നുള്ളു. നൂറ്റാണ്ട് പിന്നിട്ട കമ്പനി ചാലിയാർ കടലിനെ ആലിംഗനം ചെയ്യുന്ന ബേപ്പൂർ അഴിമുഖത്തിനു സമീപം രൂപപ്പെട്ട തുരുത്താണ് ചാലിയം. ‘ആ കാണുന്ന തുരുത്ത് ഉരു ഉണ്ടാക്കുന്ന ഇടമാണ്.’ ബേപ്പൂർ തുറമുഖത്തിന് എതിർ വശത്തെ തുരുത്ത് ചൂണ്ടി നാട്ടുകാരൻ പറഞ്ഞു. ‘ആ മഞ്ഞ വള്ളം ഇപ്പ വരും, അതില് പോവാം.’ അയാൾ കൂട്ടിച്ചേർത്തു.
ഉളിയും കൊട്ടുവടിയും തടിയിൽ തട്ടുന്ന ശബ്ദവും ഭാരമുള്ള പലക ഉയർത്തുന്നതിന്റെ ആയാസത്തെ മറക്കാൻ താളത്തിലുള്ള ഐലസ വിളികളും മുഴങ്ങുന്ന തുരുത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേ പണിശാലയിലേക്ക് കടക്കുന്ന അനുഭൂതി. നൂറ്റാണ്ടിലേറെയായി ഉരു നിർമിക്കുന്ന ഹാജി പി ഐ മുഹമ്മദ് കോയ എന്ന സ്ഥാപനം പ്രവർത്തിക്കുന്ന തുരുത്തിലാണ് എത്തിയത്. തടിക്കച്ചവടത്തിൽ പ്രമുഖനായിരുന്ന കാമന്റകത്ത് കുഞ്ഞമ്മദ് കോയയുടെ നേതൃത്വത്തിൽ ഈ സ്ഥാപനം 1916 ൽ കുവൈത്തിലേക്ക് കൂറ്റൻ ഉരു നിർമിച്ചത് ചരിത്രത്തിൽ ഇടം പിടിച്ചു. അന്നു മുതൽ ഈ സ്ഥാപനം ഉരു നിർമാണത്തിലുണ്ട്. വൻ അധ്വാനം, കോടികൾ ചെലവ് ഉരു നിർമാണത്തിന്റെ ആദ്യ പടി അതിന്റെ അളവ് നിശ്ചയിക്കുക എന്നതാണ്. അതിനനുസരിച്ച്, കീൽ എന്നു വിളിക്കുന്ന, ഉരുവിന്റെ ബാലൻ സിങ്ങിനു സഹായിക്കുന്ന ഏറ്റവും അടിയിലുള്ള പലക തിരഞ്ഞെടുക്കണം. 62 അടി നീളമുള്ള ഒറ്റപ്പലകയാണ് ഇപ്പോൾ നിർമാണത്തിലുള്ള ഉരുവിന്റേത്. തേക്ക് തടിയാണ് കീലിന് ഉപയോഗിക്കുക. ഇപ്പോൾ മലേഷ്യയിൽ നിന്നു വരുന്ന കൊയില മരത്തിന്റെ തടിയും എടുക്കുന്നുണ്ട്. തുടർന്ന് നീളത്തിലുള്ള പലകകൾ ചേർത്ത് വച്ച് ഉരുവിന്റെ ഘടന തയാറാക്കുന്നു. തേക്ക് കൂടാതെ പ്ലാവ്, കരിമരുത്, തുടങ്ങിയ മരങ്ങളും ഇതിന് എടുക്കാറുണ്ട്. അതിനു ശേഷം വളഞ്ഞ തടികൾ ഉപയോഗിച്ച് ഈ പലകകളെ ബന്ധിപ്പിച്ച് ഉറപ്പിക്കുന്നു. ഇതോടെ ഉരുവിന്റെ രൂപം തയാറാകും. പലകകൾക്കിടയിലെ വിടവ് അടയ്ക്കാൻ പഞ്ഞിയിൽ പശയും എണ്ണയും മുക്കി തയാറാക്കിയ തിരി പോലുള്ള കൽപാത്തുകൾ ഉപയോഗിച്ചിരുന്നു പണ്ട്. രണ്ട് മുതൽ നാല് വർഷം വരെ നീളുന്നതാണ് ഉരു നിർമാണം. ഉരു പൂർത്തിയായാൽ അടിയിൽ ഉരുളൻ തടികൾ വച്ച് തള്ളി ചാലിയാറിലേക്ക് ഇറക്കും. ഖലാസികൾ ചുക്കാൻ പിടിക്കുന്ന ഈ നീറ്റിലിറക്കം നാടിന് ആഘോഷമായിരുന്നു. ചാലിയാറിൽ നിന്ന് കാറ്റ് പിടിച്ച് കടലിലേക്കും തുടർന്ന് ലക്ഷ്യസ്ഥാനത്തേക്കും ഉരു നീങ്ങും. ഇപ്പോൾ എൻജിൻ ഘടിപ്പിച്ചാണ് ഉരു നിർമിക്കുന്നത്.
കടൽ കടക്കുന്ന കരവിരുത്
ഏതാണ്ട് 25 ടൺ തടി ആവശ്യമാണ് ഒരു ഉരുവിന്. കോടികളാണ് നിർമാണ ചെലവ്. ഉരുകാത്ത പെരുമ സംബൂക്ക്, ബർക്കാസ്, ബോബ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഉരുക്കൾ. അതിൽ പിൻഭാഗം പരന്ന ഉല്ലാസക്കപ്പൽ ആയോ ചരക്കു വഞ്ചിയായോ ഉപയോഗിക്കുന്ന സംബൂക്ക് ആണ് ഇപ്പോൾ നിർമാണത്തിലുള്ളത്. ഉരുവിന്റെ ബോഡി ബിൽഡിങ് മാത്രമാണ് ഇവിടെ പൂർത്തിയാകുന്നത്. ഇന്റീരിയർ ജോലികൾ അറബി നാട്ടിൽ ഉടമസ്ഥരുടെ ആവശ്യാനുസരണം ചെയ്യുകയാണ് പതിവ്. ഗൾഫിൽ ബിസിനസ് ചെയ്യുന്ന പി.ഐ. ഹാഷിമാണ് ഇപ്പോൾ ഹാജി പി ഐ മുഹമ്മദ് കോയ ഉരു നിർമാണ കമ്പനിയുടെ ചുമതലയിലുള്ളത്. ഒരേ സമയം നാല് ഉരു വരെ നിർമിച്ചിരുന്നു ഈ പണിശാലയിൽ. ഇപ്പോൾ വലിയ ഉരു കൂടാതെ 32 അടി നീളമുള്ള ഒരെണ്ണം കൂടി തയാറാകുന്നുണ്ട്. ഉരു നിർമിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ബേപ്പൂർ ഉരുവിന്റെ പ്രശസ്തി ഉരുകിയിട്ടില്ല. ഖത്തർ ലോകക്കപ്പിന്റെ സ്മരണികകളിലും ബേപ്പൂർ ഉരു ഇടം നേടിയത് കോട്ടം തട്ടാത്ത ആ പെരുമയുടെ പിൻബലത്തിലാണ്..
