രോഗം തളർത്തിയപ്പോഴും കൂറ്റൻ മുതലയെ കീഴടക്കിയ പോരാളി; ആരോഹെഡ് എന്ന പെൺകടുവയുടെ അവസാന നിമിഷങ്ങൾക്കു സാക്ഷിയായ സദയുടെ അനുഭവം...
Mail This Article
ആരോഹെഡ്... വന്യജീവികളെ സ്നേഹിക്കുന്നവർക്കിടയിൽ പ്രശസ്തമാണ് ഈ പേര്. രന്ഥംബോർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ പ്രശസ്തയായ കടുവയാണ് ആരോഹെഡ്. ൈവൽഡ് ലൈഫി ഫൊട്ടോഗ്രഫറായുള്ള യാത്രയ്ക്കിടെ ആേരാഹെഡിന്റെ അവസാന നിമിഷങ്ങൾ കണ്ട അനുഭവം പങ്കുവയ്ക്കുകയാണു നടി സദ.
രാജ്ഞിയായി വാണ ആരോഹെഡ്
ജൂൺ ആദ്യം രന്ഥംബോറിൽ എത്തിയതു തന്നെ ആരോഹെഡിനെ കാണാനാണ്. തികഞ്ഞ പോരാളിയും തന്റേടിയും ആയിരുന്ന പെൺകടുവ. കാടിന്റെ എല്ലാ വെല്ലുവിളികളെയും നേരിട്ട, സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും കുട്ടികളെ പ്രസവിച്ച് വളർത്തുന്ന പെൺപോരാളി. അമ്പിന്റെ മുനപോലെ നെറ്റിയിലുള്ള അടയാളം കാരണമാണ് ആരോഹെഡിന് ആ പേര് ലഭിച്ചത്. നാലാമത്തെ പ്രസവം ആയപ്പോഴേക്ക് എന്തോ ഗുരുതരമായ രോഗം അവളെ വലച്ചു തുടങ്ങി.
ആദ്യ ദിവസത്തെ സഫാരിയിൽ ആരോഹെഡിന്റെ മകൾ റിദ്ധി ഒരു ദ്വീപിൽ വിശ്രമിക്കുന്നതു കണ്ടു, ഒപ്പം അവളുടെ രണ്ട് ആൺകുട്ടികളെയും. റിദ്ധിയും അമ്മയെപ്പോലെ പ്രശസ്തയാണ്. രാജ്ബാഗ് എന്ന പ്രദേശത്തായിരുന്നു ആ ദ്വീപ്. ഒരുകാലത്ത് ആരോഹെഡ് രാജ്ഞിയെപ്പോലെ വാണ സ്ഥലമാണിത്. അന്വേഷണത്തിനു വൈകാതെ മറുപടി കിട്ടി. ആരോഹെഡ് സമീപത്തു തന്നെയുണ്ടെന്ന സന്ദേശമെത്തി.
വൈകാതെ നന്നേ ക്ഷീണിച്ച്, അസ്ഥികൂടം തെളിഞ്ഞു കാണുന്ന തരത്തിലുള്ള കടുവ ക്ലേശത്തോടെ ആ ദ്വീപിലേക്കു നടന്നടുക്കുന്നത് കണ്ടു... ആരോഹെഡ്!
റിദ്ധി കാട്ടിലെ പ്രധാനിയായ കടുവയായി വളരുന്ന സമയമാണ്. ആരോഹെഡ് നടന്നു കയറുന്നത് അവളുടെ ടെറിറ്ററിയിലേക്കാണ്. അവർ തമ്മിൽ കാണുമ്പോൾ എന്തു സംഭവിക്കുമെന്ന ആകാംക്ഷ നിറഞ്ഞു. ദ്വീപിലെത്തിയ രോഗാതുരയായ ആരോഹെഡ് മകൾക്കും കൊച്ചുമക്കൾക്കും മുൻപിൽ ക്ഷീണിതയായി കിടന്നു. അൽപസമയത്തിനുള്ളിൽ റിദ്ധി തന്റെ കുട്ടികളെയും വിളിച്ച് അവിടെ നിന്നു നടന്നകലുന്ന കാഴ്ചയാണ് ഞങ്ങൾ കണ്ടത്.
അമ്പരപ്പും വേദനയുമേകിയ കാഴ്ച
അടുത്ത ദിവസം രാജ്ബാഗിൽ നിന്ന് ഏറെ അകലെയുള്ള ഒരു വനപ്രദേശത്താണു റിദ്ധിയെ കണ്ടത്. ആരോഹെഡ് എവിടെയാകും എന്ന ആകാംക്ഷയിൽ ഞങ്ങൾ രാജ്ബാഗിലേക്ക് തിരിച്ചു.
രാജ്ബാഗിലെ തടാകക്കരയിൽ എത്തിയ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആരോഹെഡ് ആ ക്ഷീണാവസ്ഥയിലും കൂറ്റൻ മുതലയെ വേട്ടയാടുന്നതാണു കണ്ടത്. മുതലയെ കടിച്ചുതൂക്കി വലിച്ചു പുല്ലിനകത്തേക്ക് ഏന്തിവലിഞ്ഞു നടക്കുന്ന ആരോഹെഡ്. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.
മൂന്നാം ദിവസം വീണ്ടും കാണുമ്പോഴും അതിന്റെ വയർ ഒട്ടിത്തന്നെ കിടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ വേട്ടയിൽ പിടിച്ചത് അത് ഭക്ഷിച്ചിട്ടില്ല എന്നു വ്യക്തം. പദം തടാകത്തിന്റെ കരയിലെ പുൽമേട്ടിൽ ഏതാനും ചുവടു വച്ച് കുഴഞ്ഞുവീണ് അന്ത്യശ്വാസം വലിക്കുന്ന ആരോഹെഡിനെയാണു ഞങ്ങൾ കണ്ടത്. വെറുമൊരു കടുവയുടെ മരണമല്ല, മക്കളെ സ്നേഹിച്ച അമ്മയുടെ അന്ത്യമായിരുന്നു അത്.
