രണ്ടുമാസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് മാർക്കറ്റുകൾ, പാട്ടുപാടുന്ന മൂസ്, വർഷാവർഷം എത്തുന്നത് 5 മില്യൺ സഞ്ചാരികൾ, ഈ നാടിന്റെ ക്രിസ്മസ് ആഘോഷം സ്പെഷലാണ്
Mail This Article
ഏറെ മനോഹരമായി ക്രിസ്മസ് കൊണ്ടാടുന്ന രാജ്യങ്ങളിലൊന്നാണ് ജർമ്മനി. ഇവിടത്തെ ക്രിസ്മസ് മാർക്കറ്റുകൾ ലോകപ്രശസ്തമാണ്. ഡിസംബറിൽ ക്രിസ്മസ് മാർക്കറ്റുകൾ കാണാൻ വേണ്ടി മാത്രം ധാരാളം ടൂറിസ്റ്റുകൾ ജർമ്മനിയിലേക്കെത്താറുണ്ട്. എപ്പോഴും ഉല്ലാസഭരിതമായ അന്തരീക്ഷം, മിന്നിത്തിളങ്ങുന്ന പല നിറങ്ങളിലുള്ള ലൈറ്റുകൾ, ജിഞ്ചർബ്രെഡിന്റെയും വറുത്ത സോസേജുകളുടെയും കൊതിപ്പിക്കുന്ന ഗന്ധം, കുടുംബത്തിനും സൗഹൃദങ്ങൾക്കുമൊപ്പമുള്ള ആഘോഷം... അങ്ങനെ ഒട്ടനവധി സന്തോഷങ്ങൾ കൂടിയുള്ളതാണ് ക്രിസ്മസ് മാർക്കറ്റുകൾ.
ബര്‍മിങ്ഹാമില്‍ ക്രിസ്മസ് മാർക്കറ്റ് എന്നത് രണ്ടുമാസം നീണ്ടു നില്‍കുന്ന വലിയ ആഘോഷമാണ്. യു.കെയിലെ ഏറ്റവും വലിയ ക്രിസ്മസ് മാര്‍ക്കറ്റാണ് ബർമിങ്ഹാമിലെ ‘ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റ്’. ലോകത്ത് ഏറ്റവും കൂടുതൽ പേർ ആഘോഷിക്കുന്ന ഉത്സവമാണെങ്കിലും, ക്രിസ്മസ് എല്ലാ രാജ്യങ്ങളിലും ഒരേ സമയത്തല്ല ആഘോഷിക്കുന്നത്. റഷ്യയിലും, ഗ്രീസിലുമെല്ലാം ക്രിസ്മസ് സാധാരണയായി ജനുവരി 7 നാണ് ആഘോഷിക്കുന്നത്. (ചില കത്തോലിക്ക വിശ്വാസികൾ മാത്രമാണ് ഡിസംബർ 25 ന് ആഘോഷിക്കുന്നത്). റഷ്യൻ ഓർത്തഡോക്സ് സഭ മതപരമായ ആഘോഷ ദിവസങ്ങൾക്ക് പഴയ 'ജൂലിയൻ' കലണ്ടർ ഉപയോഗിക്കുന്നതിനാലാണ് ജനുവരി 7 ക്രിസ്മസ് ദിനമാകുന്നത്. എന്നാൽ യൂറോപ്പിൽ ഒക്ടോബർ അവസാനം ഹാലോവീൻ ആഘോഷങ്ങൾ കഴിയുന്നതോടുകൂടി ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകും.
എങ്ങും നിറയുന്നു ആഘോഷം
നവംബർ ആദ്യത്തോടെ തന്നെ ബർമിങ്ഹാമിൽ ‘ജർമ്മൻ ക്രിസ്മസ് മാർക്കറ്റ്’ പ്രവർത്തനം തുടങ്ങും. നഗരഹൃദയത്തിൽ വിക്ടോറിയ സ്ക്വയർ മുതൽ ബുൾറിങ് വരെയുള്ള തെരുവുകൾ ക്രിസ്മസ് ട്രീ മുതൽ, നക്ഷത്രങ്ങളും, അലങ്കാര ബൾബുകളും, സാന്റാക്ലോസ് രൂപങ്ങളുമൊക്കെയായി നിറയും. ക്രിസ്മസ് എത്താറായി എന്ന പ്രതീതി ആളുകളിലുണ്ടാക്കാൻ ഇതുകൊണ്ട് സാധിക്കും.എല്ലാ വര്‍ഷവും വിക്ടോറിയ സ്ക്വയറില്‍ മുപ്പതടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരു കൂറ്റന്‍ ക്രിസ്മസ് ട്രീ ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. ഡിസംബർ 25 ക്രിസ്മസ്സിന് തൊട്ടു മുൻപുവരെ ജനങ്ങളുടെ ഒഴുക്കായിരിക്കും ഇവിടേക്ക്. വാരാന്ത്യങ്ങളിൽ സൂചി കുത്താൻ പറ്റാത്തത്ര തിരക്കാണ് ബർമിങ്ഹാം ക്രിസ്മസ് മാർക്കറ്റിൽ.
ലോകത്തില്‍ ആദ്യമായി ക്രിസ്മസ് മാര്‍ക്കറ്റ് തുടങ്ങിയത് ജര്‍മന്‍കാരാണത്രെ. ആദ്യത്തെ ക്രിസ്മസ് മാര്‍ക്കറ്റ് 1310 ല്‍ മ്യൂണിക്കിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോപ്പിലെ ജർമ്മൻ സംസാരിക്കുന്ന ഭാഗങ്ങളിൽ ശൈത്യകാലത്തേക്ക് വേണ്ട മാംസവും, മറ്റ് ഭക്ഷ്യവസ്തുക്കളും ശേഖരിക്കാൻ വേണ്ടി തുടങ്ങിയതാണ് വിന്റർ മാർക്കറ്റുകൾ. പിന്നീട് കളിപ്പാട്ട നിർമ്മാതാക്കൾ, കൊട്ട നെയ്യുന്നവർ, മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നവർ തുടങ്ങിയ കരകൗശല വിദഗ്ധരെ കൂടി ഉൾപ്പെടുത്തി "സെന്റ് നിക്കോളാസ് മാർക്കറ്റ്" എന്ന പേരിൽ സ്റ്റാളുകൾ അനുവദിച്ചതോടെ ക്രിസ്മസ് മാർക്കറ്റ് എന്നത് ഒരാചാരം ആയി തുടർന്നു. പിന്നീട് ജര്‍മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ക്രിസ്മസ് മാര്‍ക്കറ്റ് എന്ന ആശയം കടം കൊള്ളപ്പെട്ടു.
ഇരട്ടനഗരങ്ങൾ
ബർമിങ്ഹാമിന്റെ ഇരട്ടനഗരമെന്നാണ് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫർട്ട് അറിയപ്പെടുന്നത്. ഫ്രാൻസിലെ ലിയോൺ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, ഇറ്റലിയിലെ മിലാൻ തുടങ്ങി ലോകത്തിലെ തന്നെ പല പ്രമുഖ നഗരങ്ങളുമായി വളരെ ദൃഢവും, ഔദ്യോഗികവുമായ സൗഹൃദമുള്ള നഗരമാണ് ബർമിങ്ഹാം. സാമ്പത്തിക, സാംസ്കാരികരംഗങ്ങളില്‍ സഹകരിക്കുന്നതിനു വേണ്ടി 1966 ല്‍ ബര്‍മിങ്ഹാമും, ഫ്രാങ്ക്ഫര്‍ട്ടും ഒരു പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചിരുന്നു. തുടര്‍ന്നാണ് ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റിന്റെ ഒരു പതിപ്പ് 1997 ല്‍ ബർമിങ്ഹാമിൽ തുടങ്ങുന്നത്. ബർമിങ്ഹാം ക്രിസ്മസ് മാര്‍ക്കറ്റ് ഔദ്യോഗികമായി ഫ്രാങ്ക്ഫര്‍ട്ട് ക്രിസ്മസ് മാര്‍ക്കറ്റ് എന്നാണ് അറിയപ്പെടുന്നത്. അതിനുള്ള കാരണം ഇവിടെയുള്ള ഭൂരിഭാഗം വ്യാപാരികളും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ളവരായിരുന്നു. യു.കെയിലെ ഏറ്റവും വലിയ ക്രിസ്മസ് മാര്‍ക്കറ്റായ ഇത്, ജര്‍മനിക്കും, ഓസ്ട്രിയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റ് കൂടിയാണ്.
നവംബറില്‍ തുടങ്ങി ക്രിസ്മസിനു തൊട്ടുമുന്‍പ് അവസാനിക്കുന്നവയാണ് എല്ലാ ക്രിസ്മസ് മാര്‍ക്കറ്റുകളും. തിളങ്ങുന്ന ലൈറ്റുകളും, അലങ്കാരങ്ങളും, നല്ല ഭക്ഷണങ്ങള്‍ ലഭിക്കുന്ന കടകളുമൊക്കെയായി ഒരു ഉത്സവാന്തരീക്ഷം തീര്‍ക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകള്‍ യഥാര്‍ത്ഥത്തില്‍ പകലിന്‍റെ ദൈര്‍ഘ്യം കുറവുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടെയുള്ളവര്‍ക്ക് ഒരനുഗ്രഹമാണ്. ആദ്യകാലങ്ങളിലൊക്കെ ക്രിസ്മസ് മാർക്കറ്റുകൾ തുടങ്ങിയിരുന്നത് ക്രിസ്ത്യൻ ചർച്ചുകളോട് ചേർന്നായിരുന്നു. വിശ്വാസികൾക്ക് പള്ളിയിൽ പങ്കെടുത്ത ശേഷം മാർക്കറ്റിലൂടെ ചുറ്റി കറങ്ങാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു ഇത്. കാലക്രമേണ ക്രിസ്മസ് മാർക്കറ്റുകൾ നഗരഹൃദയത്തിൽ ആളുകൾക്ക് എളുപ്പം എത്തിപ്പെടാവുന്ന ഇടങ്ങളിലേക്ക് മാറി.
ബർമിങ്ഹാമിലെ ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റ്, നഗരത്തിന്റെ വാർഷിക കലണ്ടറിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് നവംബർ ഒന്നിനു തന്നെ ക്രിസ്മസ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ തുടങ്ങും. മാർക്കറ്റിന്റെ വരവോടെ ബർമിങ്ഹാം നഗരം കൂടുതൽ സജീവമാകും.
പാട്ട് പാടുന്ന മൂസ്സ്
ബർമിങ്ഹാം കൗൺസിൽ ഹൗസിന്റെ പ്രവേശന കവാടത്തിനു മുന്നിലുള്ള ഷോപ്പിന് മുകളിലാണ് തലയാട്ടി കൊണ്ട് ക്രിസ്മസ് കരോൾ ഗാനങ്ങൾ പാടുന്ന മൂസ്സ് ഉള്ളത്. സദാ തലയാട്ടി പാട്ടുപാടുന്ന മൂസ്സ് മാർക്കറ്റിന്റെ പ്രധാന ആകർഷണമാണ്. ക്രിസ്മസ് കരോൾ പാടിക്കൊണ്ടെയിരിക്കുന്ന ഗായകസംഘങ്ങൾ മാർക്കറ്റിന്റെ മറ്റൊരാകർഷണമാണ്. ഉയരമുള്ള കെട്ടിടത്തിനു മുകളിൽ നിന്നും അവർ പാടുമ്പോൾ, താഴെ ജനം അതിനിപ്പിച്ച് ചുവടു വയ്ക്കും.
ബർമിങ്ഹാം ക്രിസ്മസ് മാര്‍ക്കറ്റിന്റെ വിജയത്തിനു ശേഷം തൊട്ടടുത്ത വര്‍ഷങ്ങളില്‍ മാഞ്ചസ്റ്റര്‍, ബ്രിേസ്റ്റാള്‍, എഡിന്‍ബറ, ബാത്ത്, ലിവര്‍പൂള്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ തുടങ്ങുകയുണ്ടായി. അങ്ങനെ, ജര്‍മ്മന്‍കാരുടെ പ്രത്യേക ക്രിസ്മസ് ആഘോഷങ്ങള്‍ യു.കെക്കാരുടേതു കൂടി ആയി മാറി. ആഘോഷങ്ങള്‍ക് പുറമേ രാജ്യത്തിന്റെ ശൈത്യകാല സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗം കൂടിയാണ് ഈ ക്രിസ്മസ് മാര്‍ക്കറ്റുകള്‍. ശൈത്യകാലത്തിന്‍റെ ആലസ്യത്തില്‍ നിന്ന് ഇവിടെയുള്ളവര്‍ക്ക് ഒരുണര്‍വ് നല്‍കാന്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.