ADVERTISEMENT

ഞങ്ങൾ സൈപ്രസിൽ നിന്നു വന്നതാണ്... ബലാത് സ്ട്രീറ്റിലേക്കുള്ള വഴി അറിയാം.. ഞങ്ങളെ പിന്തുടരൂ..." ചുറുചുറുക്കോടെ പറഞ്ഞു നിർത്തി എമ്മ നടന്നു തുടങ്ങി. മറ്റൊന്നും ചിന്തിക്കാതെ  ആ സ്നേഹത്തെ പിന്തുടരാൻ മാത്രമേ ഞങ്ങൾക്ക്  കഴിഞ്ഞുള്ളു..
 ബൈസാന്റിയൻ കാലത്തെ പഴയ കോൺസ്റ്റാന്റിനേപ്പിളിലെ  പ്രധാന നഗരമായിരുന്നു ബലാത്. വർണാഭമായ വീടുകൾക്കും കല്ലുകൾ പാകിയ തെരുവുകൾക്കും പള്ളികൾ, മോസ്‌ക്കുകൾ, സിനഗോഗുകൾ എന്നിവയ്ക്കും പേരുകേട്ട ഇടം. ചിത്രങ്ങൾ കൊണ്ടുതന്നെ പ്രലോഭിപ്പിച്ച നഗരമാണിത്. പുതുതലമുറ സോഷ്യൽ മീഡിയ ചിത്രങ്ങളിൽ കൂടി  പ്രശസ്തമാക്കിയ ഒരു പഴയ തെരുവ്.


ബലാത്തിലേക്ക്
പത്തു ദിവസമായി ഞാനും ഭർത്താവും ഇസ്താംബുളിലെ നഗരങ്ങളും ഗ്രാമങ്ങളുമൊക്കെ കറങ്ങുകയാണ്.

ADVERTISEMENT


ഉയർന്നും താണുമുള്ള ഭൂപ്രകൃതിയാണ് ഇസ്താംബുളിന്റേത്. വലിയ കയറ്റം കയറി  ബസ്‌സ്റ്റോപ്പ് ആയ എൽമടകിലേക്ക്. അവിടെ നിന്നു നടന്നു നഗരഹൃദയമായ ടാക്സിം ചത്വരത്തിൽ എത്തി...
 വൃത്തിയും വെടിപ്പുമുള്ള നിരത്ത്... പുറപ്പെടാനായി മണിയടിച്ചു നിൽക്കുന്ന ട്രാമുകൾ.. കൂടകളിൽ ആകർഷകമായി നിരത്തി വച്ച പഴങ്ങൾ...  സജീവമാകുകയാണു ടാക്സിം ചത്വരം.
 അവിടെ നിന്നു T55  നമ്പർ ബസിൽ കയറി   ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ബോസ്ബറസ്  പാലത്തിനു സമീപമെത്തി.  ചോദിക്കുന്നതിനൊന്നും ആരും മറുപടി പറയുന്നില്ല. നമ്മൾ പറയുന്നതു തിരിച്ചറിയാത്തതുകൊണ്ടാകാം.


ആ സമയത്താണു പ്രായമുള്ള ദമ്പതികളുടെ സംഘം ഞങ്ങളെ സഹായിക്കാനെത്തിയത്. മുറി ഇംഗ്ലിഷിലാണ് ‘പിന്നാലെ വരൂ ’ എന്നു നേതാവെന്നു തോന്നിപ്പിച്ച എമ്മ ക്ഷണിച്ചത്..  ആ സംഘത്തിനൊപ്പം ഫെനാർ എന്ന ട്രാം സ്റ്റേഷനിലേക്കാണ് എത്തിച്ചേർന്നത്.

ADVERTISEMENT


ട്രാമിൽ കയറിയ ഞങ്ങളുടെ സംഘം ചിരിയും സംസാരവും തുടങ്ങി. വലിയ ജാഥയായി ഞങ്ങൾ ബലാത് തെരുവിലേക്കെത്തി. തെല്ലും ഇംഗ്ലിഷ് അറിയാത്ത ഒരുപറ്റം സ്നേഹശകലങ്ങൾ ഞങ്ങളെ അവിടെ എത്തിച്ചു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.

എങ്ങും നിറങ്ങളുടെ ചേല്
തെരുവ് കണ്ടു വിസ്മയിച്ചു  നിന്നു പോയി. കാർണിവൽ മൈതാനത്ത് എത്തിയതു പോലെയാണ് തോന്നിയത്. പൂക്കൾ നിറഞ്ഞ വള്ളിച്ചെടികൾ പുണരുന്ന റസ്റ്ററന്റുകൾ... ചിലതിൽ മുന്തിരി വള്ളികളാണു പടർന്നു കിടക്കുന്നത്.
നിറങ്ങൾ വാരിയണിഞ്ഞ ചുമരുള്ള ഷോപ്പുകൾ, ഗ്രാഫിറ്റി ചിത്രകലയുള്ള    ചുമരുകൾ... ടർക്കിഷ് കോഫി മണക്കുന്ന വഴികൾ... പല വർണമുള്ള കുടകൾ തൂക്കിയ തെരുവുകൾ... മഴവിൽ നിറങ്ങളിൽ ചായം പൂശിയ പടികളിലിരുന്നു  ചിത്രങ്ങളെടുത്ത് തിമിർക്കുന്ന സുന്ദരികൾ...


ഓട്ടോമാൻ കാലഘട്ടത്തിലെ വീടുകളാണ് ചുറ്റും അവയ്ക്കിടയിൽ കൂടി കല്ല് പതിച്ച ഇടവഴികൾ... പൂക്കൾ ചിരിക്കുന്ന ബാൽക്കണികൾ.. ഇവിടെ നിൽക്കുമ്പോൾ ജീവിതത്തിന് ഒരു ധൃതിയും ഇല്ലെന്നു തോന്നി. ആകർഷകമായി സ്വാഗതം ചെയ്യുന്ന കഫെറ്റീരിയകളിൽ ഇരുന്നു ടർക്കിഷ് കാപ്പി ഊതിക്കുടിക്കുന്ന സുന്ദരികൾ...
പുരാതനമായ പള്ളികൾ.. ബൊഹീമിയൻ ആർട് ഗാലറികൾ..തടി അടുപ്പുകളിൽ   വേവുന്ന ബ്രെഡുകൾ... എങ്ങും പരക്കുന്ന  ബേക്കിങ്ങിന്റെ മാദകഗന്ധം.പഴമയുടെ മണമുള്ള പുസ്തകശാലകൾ.. കുന്നിൻ ചെരിവും സമതലങ്ങളും ചേർന്ന ഭൂപ്രകൃതി....തെരുവിൽ ഉടനീളം സുന്ദരമായി അലങ്കരിച്ച വീടുകൾ.

Belathstreet
ADVERTISEMENT


ബഹുസ്വരതയാണ് ബലാത്തിന്റെ മുഖമുദ്ര. പല തരം സംസ്കാരങ്ങൾ ഒരുമിക്കുന്ന ഇടം. ജൂതവംശജരും ക്രിസ്തുമത, ഇസ്‌ലാം മതവിശ്വാസികളും അർമേനിയക്കാരും ഗ്രീക്കുകാരും ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു.


50 മുതൽ 200 വർഷത്തോളം  പഴക്കമുള്ള വീടുകളും അവയുടെ നിറങ്ങളുമാണു  തെരുവിന്റെ മുഖ്യആകർഷണം. ഏഷ്യയുടെയും യൂറോപ്പിന്റെയും സംഗമനഗരമായ ഇസ്താംബുളിന്റെ യൂറോപ്യൻ വശത്താണ് ഈ തെരുവ്. ഗോൾഡൻ ഹോൺ കടലിടുക്കിന്റെ പടിഞ്ഞാറേ തീരത്തെ വർണങ്ങൾ നിറഞ്ഞ തെരുവ് സോഷ്യൽ മീഡിയകളിലെ താരമാണ്...


പല നിറങ്ങളിൽ ചായം പൂശിയ പടിക്കെട്ടുകൾ.. അവിടെ നിറയെ ഗ്രീക്ക്കഥകളിലേതു പോലെയുള്ള സുന്ദരികൾ.. കിരിമിത്  കദേശി അഥവാ കിരിമിത് തെരുവാണ് ഇതെന്നു കടയുടമ പറഞ്ഞു തന്നു.
സൗഹാർദപൂർവമാണ് ആളുകളുടെ പെരുമാറ്റം. പക്ഷേ, ഭക്ഷണം  കഴിക്കാതെ, അലങ്കരിച്ച  റസ്റ്ററന്റുകളിൽ നിന്നു ഫോട്ടോ എടുക്കാൻ മാത്രം ശ്രമിച്ചാൽ അവരുടെ വിധം മാറും.. ചിരിയോടെ നിന്ന  കടയുടമ  നിമിഷനേരം കൊണ്ട് സംഹാരരുദ്രനായി  വടി എടുത്ത് എല്ലാവരെയും ഓടിക്കുന്ന തമാശയും കണ്ടു.


തെരുവിൽ നഗരം ഓമനിച്ചു വളർത്തുന്ന  പൂച്ചകൾ പ്രതാപികളെപ്പോലെ കണ്ണ് ചിമ്മിയിരുന്നു പാല് കുടിക്കുന്നുണ്ട്‌. സുന്ദരികൾ അവയെ ഓമനിക്കുന്നു... രണ്ട് ലക്ഷത്തിലേറെ തെരുവ് പൂച്ചകൾ സുഖമായി ഈ നഗരത്തിൽ ജീവിക്കുന്നു. സൗഹാർദമായാണ് അവ പെരുമാറുന്നത്.


തെരുവിൽ ചുവന്ന പതാകകൾക്ക് പശ്ചാത്തലമായി പ്രസിഡന്റ് എർദോഗന്റെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്.
 മഴവിൽ നിറമുള്ള വീടുകളുടെ ചിത്രങ്ങൾ എടുക്കാനുള്ള തിരക്കാണ് ചെറിയ ഇടുങ്ങിയ തെരുവുകൾ നിറയെ. അവിടുത്തെ താമസക്കാർ ഈ തിരക്ക് വലുതായി ഗൗനിക്കുന്നില്ല. ഗോവയിലെ ഒരു പോർച്ചുഗീസ് തെരുവിൽ സ്വകാര്യത നഷ്ടപ്പെടുന്നത് കൊണ്ടു തദ്ദേശവാസികൾ വഴക്കുണ്ടാക്കുന്നത് കണ്ടതോർമ വന്നു. ഇവിടെ ടൂറിസത്തിൽ നിന്ന് അവർക്കു സമ്പാദിക്കാൻ കഴിയുന്നുണ്ട്.


 200 വർഷം പഴക്കമുള്ള പല വീടുകളും പണ്ടത്തെ ബലാത്തിലെ ഉന്നതകുല ജാതരുടേതാണ് എന്നു പറയുന്നു. ഇന്ന് അവയെല്ലാം ഭക്ഷണശാലകളും ഹോംസ്റ്റേകളും ആണ്.  കാല്പനികമായി  അലങ്കരിച്ച രുചിയിടങ്ങളിൽ ടർക്കിഷ് റാപ്പുകളിൽ മെഡിറ്ററേനിയൻ പച്ചക്കറികളും ഇറച്ചി കഷണങ്ങളും കബാബും നിറച്ചു വച്ചിട്ടുണ്ട്. തദ്ദേശീയമായ ആഹാരങ്ങളുടെ കലവറ കൂടിയാണ് ഇവിടം.
സിമിറ്റ് എന്ന എള്ളു പതിച്ച ബ്രെഡ് കഴിച്ചു നടക്കുന്നവരെ വഴിയിൽ കാണാം.. മിക്ക തെരുവുകളിലും സിമിറ്റ് നിറച്ച ട്രോളി കാണാം. താരതമ്യേന വിലകുറഞ്ഞ വിഭവമാണിത്. പാൽക്കട്ടിയുടെയും ചായയുടെയും അകമ്പടിയോടെ രുചിച്ച സിമിറ്റ് എനിക്കും ഇഷ്ടമായി.

ADVERTISEMENT