ADVERTISEMENT

ലബനനിലെ ബാൽബക്കിലേക്കുള്ള  ടൂർ ബസിൽ വച്ചാണു ധാനിയയെ പരിചയപ്പെട്ടത്. അമേരിക്കയിൽ ജോലി ചെയ്യുന്ന സിറിയക്കാരി. സിറിയ ട്രിപ്പ് എന്ന മോഹം വീണ്ടും തളിരിട്ടു. നിങ്ങളുടെ രാജ്യം ഇപ്പോൾ എങ്ങനെ? സേഫ് ആണോ? എന്ന എന്റെ ചോദ്യത്തിനു ‘തലസ്ഥാനമായ ഡമാസ്കസ് സുരക്ഷിതമാണ്’ എന്നു മറുപടി.


സിറിയയിലെ വിശേഷങ്ങൾ കൗതുകത്തോടെ തേടിയപ്പോൾ ധാനിയയുടെ ചോദ്യം, ‘എന്താ, അവിടേക്കു വരാൻ പ്ലാനുണ്ടോ?’ ഞങ്ങളുടെ ഈ സംഭാഷണം കേട്ട് അരികിലൂടെ പോയ, ഇറ്റലിക്കാരൻ  അന്റോണിയോ, സിറിയയ്ക്ക് പോകുന്നതിനെക്കുറിച്ചാണോ ചർച്ച? എങ്കിൽ ഞാനുമുണ്ട് എന്നായി. വൈകിയില്ല, ധാനിയ  ഞങ്ങളെ രണ്ടുപേരെയും ഉൾപ്പെടുത്തി  വാട്സാപ് ഗ്രൂപ്പ് തുടങ്ങി അതിലായി ആസൂത്രണം.

ഡമാസ്കസിലേക്ക്

‘സഞ്ചരിക്കാൻ ഏറ്റവും ഭയപ്പെടേണ്ട മൂന്നു രാജ്യങ്ങളിലൊന്ന്’ എന്നു േലാകരാജ്യങ്ങളുടെ ടൂറിസം മാപ്പിൽ മുന്നറിയിപ്പുള്ള സിറിയ. പതിറ്റാണ്ടുകള്‍ നീണ്ട സ്വേച്ഛാധിപത്യ ഭരണം, പതിന്നാലു വര്‍ഷം നീണ്ട അറബ് വസന്തത്തിന്റെ ഭാഗമായ ആഭ്യന്തരയുദ്ധം... സിറിയൻ മണ്ണിൽ ചോര ഒഴുകാൻ കാരണങ്ങളേറെ.
ഇപ്പോഴും ആ നാട്ടിൽ ത്രീവവാദികൾ കാണില്ലേ? അവർ പിടികൂടുമോ, തെരുവിലൂെട നടക്കുന്നതിനിടെ ബോംബ് വല്ലതും വന്ന് പതിച്ചാലോ? ഒടുവിൽ മനസ്സ് സഞ്ചാരിയുടെ തട്ടിലേക്ക് താഴ്ന്നു. തനിച്ചു പ്ലാൻ ചെയ്ത് സിറിയ ട്രിപ്പ് നടത്തുക എന്നത് എളുപ്പമല്ല. ഇപ്പോഴാണെങ്കിൽ കൂടെ യാത്ര ചെയ്യാൻ ആളുണ്ട്.  

ADVERTISEMENT

ലബനൻ സ്വദേശിയായ ഡ്രൈവർ മുഹമ്മദ് ആഴ്ചയിൽ മൂന്നോ നാലോ തവണ സിറിയയിൽ പോയി വരാറുണ്ട് എന്നു കേട്ടതും ആശ്വാസം തോന്നി. സലഫി വിഭാഗക്കാരായ ഇസ്‌ലാമിക വിശ്വാസികളുടെ പ്രദേശമാണ്. ഭർത്താവോ രക്തബന്ധമുള്ളവരോ അല്ലാത്ത പുരുഷനൊപ്പം സ്ത്രീകൾ സഞ്ചരിക്കാൻ പാടില്ലാത്ത സ്ഥലം... യൂറോപ്യൻ ആയ അന്റോണിയോയെ തട്ടിക്കൊണ്ടു പോകാനുമിടയുണ്ട്‌. ഒടുവിൽ അൽപം വൈകി എത്തിയ അന്റോണിയോയെയും കയറ്റി കാർ പുറപ്പെട്ടു.
മൗണ്ട് ലബനന്റെ പച്ച പുതച്ച മലനിരകളിലൂടെ, ചെറുഗ്രാമങ്ങൾ പിന്നിട്ട് കാർ നീങ്ങി. 130 കിലോമീറ്ററുണ്ട് ഡമാസ്കസിലേക്ക്. 

മസ്നയിലെ ചെക്ക്പോസ്റ്റിൽവച്ച് പാസ്പോർട്ടിൽ ലബനനിന്റെ എക്സിറ്റ് മുദ്ര പതിച്ചു. രണ്ടു മൂന്ന് ചെക്ക് പോയിന്റ് കടന്നു നോ മാൻസ് ലാൻഡിലൂടെ വണ്ടി ഓടി സിറിയയുടെ ചെക്ക് പോയിന്റായ ജഡെയ്ദത് യാബൂസിൽ എത്തി.

ADVERTISEMENT


ഇന്ത്യൻ പൗരൻമാർക്ക് വീസ ഓൺ അറൈവൽ ആണെങ്കിലും അവിടെ ചെന്നപാടേ എമിഗ്രേഷൻ ഓഫിസർ വീസ ആവശ്യപ്പെട്ടു. കാര്യങ്ങൾ വ്യക്തമാക്കി അൽപനേരത്തിനു ശേഷം 25 ഡോളർ വീസ ഫീ വാങ്ങി പാസ്പോർട്ടിൽ സിറിയൻ സ്റ്റാംപ് പതിച്ചു. ഭയം... അനിശ്ചിതത്വം.. അതിർത്തി കടന്ന നിമിഷം   പലതും മനസ്സിലൂടെ കടന്നു പോയി. ഓരോ ചെക്ക് പോയിന്റിലെയും കർശന പരിശോധനകൾ ഓർമിപ്പിച്ചു, എത്തിയത് ഒരു സാധാരണ രാജ്യത്തല്ല...


ജാഗ്രതയുടെ നിഴൽ പരന്ന ഡമാസ്കസ്

ലോകത്തിലെ ഏറ്റവും പഴയ ജനവാസ കേന്ദ്രമാണ് ഡമാസ്കസ്. ചരിത്രത്തിന്റെ നിഴൽ വീണ വഴികൾ. യുദ്ധത്തിന്റെ മുറിപ്പാടുകളായി തകർന്ന കെട്ടിടങ്ങൾ, വെടിയുണ്ടകൾ തുളച്ച ചുമരുകൾ,  പൊടിയിൽ പൊതിഞ്ഞ വാഹനങ്ങൾ..

ADVERTISEMENT


അര മണിക്കൂർ കൊണ്ടു വലിയ കെട്ടിടങ്ങൾ നിറഞ്ഞ മറ്റൊരു ലോകത്തെത്തി. സംസ്‌കാരവും ചരിത്രവും നിറഞ്ഞ നഗരം, ജാഗ്രതയുടെ നിഴൽ പരന്നിട്ടുണ്ട്. ഹോട്ടൽ കിട്ടാൻ ബുദ്ധിമുട്ടി. അവസാനം ഇടുങ്ങിയ തെരുവിലെ ഫ്രഞ്ച് പാലസ് ഹോട്ടലിൽ മുറി ലഭിച്ചു. ദിവസം 40 ഡോളർ.. ആറു മണിക്കൂർ വൈദ്യുതി ഉണ്ടാവില്ലെന്ന് അറിയിപ്പ് കിട്ടി. സന്ധ്യയാവാൻ മണിക്കൂറുകൾ മാത്രമേ ഉള്ളു. റൂമിൽ ചെന്നു ഫ്രഷ് ആയി പുറത്തേക്കിറങ്ങി.

Damascusmartyrsquare


സിറിയയിലെ ആദ്യദിവസം സ്വന്തം ഭയത്തെയാണു ഞാൻ നേരിട്ടത്. ഇരുണ്ട വർഷങ്ങൾ സഹിച്ച നഗരത്തിൽ നിൽക്കുന്നതിന്റെ ഭയം.
പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സുലൈമാനിയ്യ തക്കിയ മോസ്ക്കിൽ കയറാനായില്ല. നാഷനൽ മ്യൂസിയത്തിനു സൈഡിലെ റോഡിലൂടെ അൽപം പേടിയോടെ ഞാനും അന്റോണിയോയും നടന്നു. ധാനിയ തന്ന, കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കയ്യിലുണ്ട്.


 വീതിയേറിയ നടപ്പാതയുടെ ഒരു ഭാഗത്ത് ഇരുമ്പു സ്റ്റാന്റുകളിൽ അറബി പുസ്തകങ്ങളുമായി അഞ്ചാറു പേർ ഇരുന്നു സൊറ പറയുന്നു. സ്റ്റാന്റുകളിൽ ഒന്നിൽ ഗാന്ധിജിയുടെ ചിരിക്കുന്ന മുഖം. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, അവാർഡ് കിട്ടിയ ഒരു എഴുത്തുകാരി ഇല്ലേ നിങ്ങൾക്കെന്നാണ് ചോദിച്ചത്, അരുന്ധതിറോയിയെ പറ്റിയാണോ എന്നു ചോദിച്ചപ്പോൾ അതെ എന്ന് ഉത്തരം.
ഗാന്ധിജിയുടെ പുസ്തകത്തിൽ എത്തി നിന്നു ചർച്ച. ആ പുസ്തകം സമ്മാനമായി കിട്ടി. പണം നൽകിയെങ്കിലും വാങ്ങിയില്ല. സംഘർഷങ്ങളുടെ സിറിയൻമണ്ണിൽ, സമാധാന പ്രിയനായ ഗാന്ധിജിയിലൂടെ കുറച്ചു നല്ല സൗഹൃദങ്ങൾ കിട്ടി.


ഇംഗ്ലിഷ് വശമുള്ള, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ. നല്ല പെരുമാറ്റവും. കൂടെ വരാമോ എന്ന ചോദ്യത്തിന് ആ ചെറുപ്പക്കാരിൽ രണ്ടുപേർ, അലിയും ഫാദിയും സമ്മതം മൂളി.


1916 ൽ ഒട്ടോമൻ ഭരണത്തിനെതിരെ പോരാടിയ പത്തുപേരെ പരസ്യമായി തൂക്കിക്കൊന്ന മാർട്ടിയർസ് ( മ ർജെ) സ്ക്വയറിലേക്കാണ് പോയത്. ബറാരാ നദിയുടെ തീരത്തെ രക്തസാക്ഷി ചത്വരം കണ്ടു.
ആയിരം വർഷത്തെ പഴക്കവും ചരിത്രവും ഉള്ള ഡമാസ്കസ് കോട്ടയിലെത്തി. അകത്തു കയറുമ്പോൾ മേൽക്കൂരയുള്ള വലിയ സ്ട്രീറ്റിലേക്കാണ് എത്തുക. ചെറിയ ചെറിയ നൂറുകണക്കിനു കടകൾ. ജനങ്ങൾ നിറഞ്ഞൊഴുകുന്നു. പഴയ മാളിൽ എത്തിയപോലെ.


ഹമീദിയാ ബസാറിന് രണ്ടായിരംവർഷത്തെ ചരിത്രമുണ്ട്. ഒട്ടോമൻ കാലഘട്ടത്തിലെ   രാജാവിന്റെയോ ഭടന്റെയോ വേഷം ധരിച്ചു കോഫീപോട്ട് പിടിച്ച് ആളുകൾ തിരക്കിനിടയിലൂടെ കാപ്പി വിൽക്കുന്നു. മേൽക്കൂര ഓട്ടോമാൻ തുർക്കികളുടെ കാലത്ത് 600 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ്. നൂറു വർഷം മുമ്പ് ഫ്രഞ്ചുകാർക്കെതിരെ പ്രക്ഷോഭം നടന്നപ്പോൾ വെടിയുണ്ടകൾ തറച്ച പാടുകളാണു മേൽക്കൂരയിൽ കാണുന്ന തുളകൾ. ബോംബു വീണു തകർന്ന ഭാഗങ്ങളും ഉണ്ട്.


അവസാന കടയും കവാടവും കടന്ന ശേഷം ഫാദി പറഞ്ഞു, ഇവിടെ വച്ചാണ് സെന്റ് ജോണിന്റെ തലവെട്ടിയതെന്നും ആ നിണമൊഴുകിയ ഈ റോഡ് സ്ട്രൈറ്റോഡ് എന്നാണ് അറിയപ്പെടുന്നതെന്നും. അപ്പസ്തോലൻ പോളിന് കാഴ്ച കിട്ടിയതായി ബൈബിളിൽ പറയുന്ന വഴിയാണിത്.

ADVERTISEMENT