‘മണൽക്കാറ്റിൽ താഴെ വീണ എനിക്കു രക്ഷയായത് കൃത്യസമയത്ത് അവിടെയെത്തിയ പട്ടാളക്കാർ.’ ഒറ്റചക്ര സൈക്കിൾ സഞ്ചാരത്തിനിടെയുണ്ടായ അപകടം അതിജീവിച്ച അനുഭവത്തിലൂടെ സഞ്ചാരി സനീദ്...
Mail This Article
‘ഉമിങ് ലാ ചുരം കയറുകയെന്ന സ്വപ്നവുമായി സഞ്ചരിക്കുമ്പോഴാണ് ആ അപകടമുണ്ടായത്. ’ വീലി’ എന്ന സ്റ്റണ്ട് പൊസിഷനിൽ ഒറ്റചക്ര സൈക്കിളിൽ സഞ്ചരിച്ചപ്പോൾ അപകടം മുന്നിൽ കണ്ട അനുഭവം പങ്കിടുകയാണ് കണ്ണൂർ സ്വദേശിയും സഞ്ചാരിയുമായ സനീദ് പി. പി.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഹൻലെ ഗ്രാമത്തിൽ വച്ച് ഒരു അപകടത്തിൽപെട്ടു. കനത്ത മണൽക്കാറ്റിൽ ഞാൻ താഴെ വീണു. കണ്ണിൽ ഇരുട്ട് കയറി, രക്തസമ്മർദം കുറഞ്ഞു. ശരീരത്തെ ജലാംശം താഴ്ന്നു പോയിരുന്നു.
40 കിലോമീറ്ററോളം ചുറ്റളവിൽ വീടുകളോ താമസക്കാരോ ഇല്ലാത്ത പ്രദേശം. കൃത്യസമയത്താണ് അതുവഴി ഇന്ത്യൻ ആർമിയുടെ വാഹനമെത്തിയത്. അവർ എന്നെ പട്ടാള ഹോസ്പിറ്റലിൽ എത്തിച്ചു. ചികിത്സയ്ക്കു ശേഷമേ പുറത്തു പോകാൻ അനുവദിച്ചുള്ളു.
ആ പട്ടാളക്കാരുടെ സഹായമില്ലായിരുന്നെങ്കിൽ ഉമിങ് ലാ എന്ന ചുരം കയറാൻ എനിക്ക് സാധിക്കില്ലായിരുന്നു. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള, ഗതാഗതയോഗ്യമായ പാതയാണ് ഉമിങ് ലാ. സമുദ്രനിരപ്പിൽ നിന്നു 19024 അടി ഉയരത്തിലുള്ള ചുരം താണ്ടിയതു സ്വപ്ന സാക്ഷാത്കാരമായി.
സോജി ലായും ഖർദുങ് ലായും
കശ്മീരിനെ ല-ലഡാക്ക് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് സോജിലാ. ലോകത്തെ ഏറ്റവും അപകടകരമായ പാതകളിലൊന്ന്. 11649 അടി ഉയരത്തിലൂടെ സഞ്ചരിക്കുമ്പോൾ കയ്യിലെ ഭക്ഷണവും വെള്ളവുമൊക്കെ തീർന്നു. കഠിനാധ്വാനവും ഉയരമേറിയ പ്രദേശവും കഠിനമായ ഭൂപ്രകൃതിയും വിശപ്പും എല്ലാം വെല്ലുവിളിയായി. ആ സമയത്ത് അതുവഴി വന്ന ലോറി ഡ്രൈവറാണു രക്ഷകനായത്. അദ്ദേഹം പങ്കുവച്ച ഭക്ഷണവും വെള്ളവും എനിക്കു പുനർജന്മമേകി.
17582 അടി ഉയരത്തിലുള്ള ഖർദുങ് ലാ താണ്ടാൻ രണ്ടു ദിവസം വേണ്ടി വന്നു. മലമടക്കുകളിലെ പാതയിലൂടെ ചവിട്ടിക്കയറി മുകളിലെത്തി ടെന്റടിക്കാൻ ശ്രമിച്ചപ്പോൾ പട്ടാളക്കാർ അനുമതിയേകിയില്ല. കഠിനമായ തണുപ്പുള്ള, ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടേക്കാവുന്ന അവിടെ തങ്ങാൻ അനുവദിക്കില്ലത്രേ... പിന്നെ താഴെയുള്ള ഗ്രാമം ലക്ഷ്യമാക്കി റൈഡ് ചെയ്തു. കയ്യിൽ ഭക്ഷണവും വെള്ളവുമുണ്ടായിട്ടും കഠിനമായി തോന്നി ആ റൈഡ്!
ഇനി ഇബിസിയിലേക്ക്
ഒരു പകൽ കൊണ്ട് 100 കിലോമീറ്റർ റൈഡ് ചെയ്ത ദിവസവും കേവലം അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ പറ്റിയ ദിവസവും ഈ പര്യടനത്തിൽ ഉണ്ടായിരുന്നു. വഴിനീളെ കൗതുകത്തോടെയും സ്നേഹത്തോടെയും സ്വാഗതം ചെയ്തവർ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടായിരുന്നു. കടൽക്കാറ്റിന്റെ സംഗീതത്തിൽ തുടങ്ങി മഞ്ഞുമലകളെ തഴുകിയെത്തുന്ന കാറ്റിനെ തൊട്ട് മടങ്ങി സഹ്യപർവതം കടന്നപ്പോൾ മുന്നിലെ ചക്രം ഇല്ലെങ്കിലും മുന്നോട്ട് ഉരുണ്ട സൈക്കിൾ അതിന്റെ വൃത്തം പൂർത്തിയാക്കി.
മടങ്ങിയെത്തി ദിവസങ്ങൾ പിന്നിടുമ്പോൾ തടങ്കലിലായതുപോലെ... വീണ്ടും നിരത്തിലേക്ക് ഇറങ്ങാതെ വയ്യ. പുതിയ ലക്ഷ്യമാണിപ്പോൾ മനസ്സിൽ.. നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാംപ്. പുതിയ വഴി... പുതിയ അനുഭവങ്ങൾ.. പോകുന്നതു പഴയതുപോലെ മുൻചക്രമില്ലാത്ത ഒറ്റവീൽ സൈക്കിളിൽത്തന്നെ...
