ADVERTISEMENT

മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയുടെ തീരം തൊട്ടു മൂന്നു സൈക്കിളുകൾ സാവധാനം നീങ്ങുന്നു. അതിൽ ഒരെണ്ണം മുൻകാലുകൾ ഉയർത്തി നിൽക്കുന്ന കുതിരയെ ഓർമിപ്പിക്കും വിധം ‘വീലി’ എന്നു വിളിപ്പേരുള്ള സ്റ്റണ്ട് പൊസിഷനിൽ ഉയർന്നു പിന്നിലെ ചക്രത്തിലാണ് ഉരുളുന്നത്. ആ സൈക്കിളിന്റെ മുൻചക്രത്തിന്റെ സ്ഥാനം ശൂന്യമാണ്... ഒറ്റചക്രത്തിൽ ഉരുണ്ടു നീങ്ങുന്ന സൈക്കിൾ. അങ്ങ് വടക്ക് കശ്മീരിലെ ഉയരമേറിയ ചുരങ്ങൾ കയറി ഇറങ്ങി തിരികെ കേരളത്തിലേക്കു വീണ്ടും ഉരുണ്ട സൈക്കിൾ ... അയ്യായിരത്തിലേറെ കിലോമീറ്ററുകൾ താണ്ടി, സാഹസികസഞ്ചാരം നടത്തിയ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സനീദ് പി. പി. യുടെ അനുഭവങ്ങളിലൂടെ...


ആദ്യം കേരള റൈഡ്

ADVERTISEMENT


സിവിൽ എൻജിനിയറിങ്ങും ഇന്റിരീയർ ഡിസൈനിങ് കോഴ്സും പൂർത്തിയാക്കി ജോലിചെയ്യുമ്പോഴാണു റോഡ്ട്രിപ്പുകളെപ്പറ്റിയുള്ള ആലോചന തുടങ്ങിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ എന്നത് എക്കാലവും സഞ്ചാരികളുടെ സ്വപ്നവഴികളിലൊന്നാണ്. ബൈക്ക്, കാർ, സൈക്കിൾ എന്നു വേണ്ട നടന്നുപോലും ഈ വഴി സഞ്ചരിച്ചവർ ഏറെ. തികച്ചും വേറിട്ട, പുതുമയാർന്ന രീതിയിൽ സഞ്ചരിക്കണമെന്നായി ആഗ്രഹം. അങ്ങനെയാണു മുൻചക്രം അഴിച്ച് വച്ചു സൈക്കിളോടിക്കുക എന്ന യത്നത്തിലേക്ക് എത്തിയത്. വർഷങ്ങളായി പ്രഫഷനൽ മോട്ടർസൈക്കിൾ സ്റ്റണ്ടറായി പ്രകടനം നടത്താറുണ്ട്. ആ പരിചയമാണു സഞ്ചാരവും സ്റ്റണ്ടും ഒരുമിപ്പിച്ചാലോ എന്ന ആലോചനയിലെത്തിച്ചത്. പൊതുനിരത്തിൽ സ്റ്റണ്ട് ശൈലിയിൽ മോട്ടർസൈക്കിൾ ഓടിക്കുന്നതു നിയമപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാലാണ് സൈക്കിൾ തിരഞ്ഞെടുത്തത്.


മുൻചക്രം തറയിൽ നിന്ന് ഉയർത്തി, പിന്നിലെ ചക്രത്തിൽ സൈക്കിൾ ബാലൻസ് ചെയ്തു വേണം പെഡൽ ചവിട്ടേണ്ടത്. വീലീ എന്നാണ് ഈ അഭ്യാസപ്രകടനത്തിന്റെ പേര്. ഏറെ അധ്വാനവും പരിശീലനവും വേണ്ട അഭ്യാസം. അപകട സാധ്യതകളേറെ.

ADVERTISEMENT


മൂന്നു വർഷത്തെ ആലോചനകൾക്കും പരിശീലനത്തിനും ശേഷമാണു 2023 ഡിസംബറിൽ കന്യാകുമാരിയിൽ നിന്നു റൈഡ് തുടങ്ങാൻ നിശ്ചയിച്ചത്. അതിനു മുന്നോടിയായി കാസർകോട് നിന്ന് കന്യാകുമാരിയിലേക്ക് ഫ്രണ്ട് ടയർ ഇല്ലാത്ത സൈക്കിളിൽ റൈഡ് നടത്തി. ആ സഞ്ചാരത്തോടെ ഓൾ ഇന്ത്യാ റൈഡ് എന്ന സ്വപ്നത്തിലേക്ക് ഇറങ്ങാം എന്നു തീരുമാനിച്ചു. ചങ്ങാതിമാരായ ജുനൈദ് സി. കെ, താഹിർ, അഭി, ഹഷ്മി, ഷഹീബ് തുടങ്ങിയവരും ആദ്യത്തെ കുറേ ദിവസങ്ങൾ ഒപ്പം േചർന്നു.


ഇന്ത്യ എന്ന വിസ്മയം
മലയാളമല്ലാതെ ഭാഷകൾ വശമില്ല... ഇംഗ്ലിഷ് കഷ്ടിച്ച് കൈകാര്യം ചെയ്യാം എന്ന ധൈര്യമുണ്ട്. ഹിന്ദി ഒട്ടും വശമില്ല. എന്തും നേരിടാം എന്ന ധൈര്യത്തിലാണു പുറപ്പെട്ടത്. നേരത്തേ ബൈക്കിൽ അഖിലേന്ത്യാ സഞ്ചാരം നടത്തിയമൂത്ത സഹോദരൻ സവാദ് ഉൾപ്പെടെ കുറച്ചു പേരോടു ട്രിപ്പിനെപ്പറ്റി അന്വേഷിച്ചു.
മംഗളൂരു വഴി കശ്മീർ ലക്ഷ്യമാക്കിപ്പോകുക എന്നു മാത്രമേ റൂട്ട് തീരുമാനിച്ചിരുന്നുള്ളു. പിന്നീട് ഓരോ ദിവസവും മെച്ചപ്പെട്ട കാഴ്ചകളും നിരത്തുകളും നോക്കി അങ്ങ് ചവിട്ടി.

ADVERTISEMENT

മഹാരാഷ്ട്രയ്ക്ക് അപ്പുറത്ത് മുതൽ ഹിന്ദി നാട് എന്ന ചിന്ത മാറ്റി, ഗുജറാത്തിയും രാജസ്ഥാനിയും പഞ്ചാബിയും ഹിന്ദിയുടെ തന്നെ പല പ്രാദേശിക ഭേദങ്ങളും കണ്ടറിഞ്ഞു. ഭക്ഷണം, വസ്ത്രം, പെരുമാറ്റ രീതികൾ... എല്ലാം ഒന്നിനൊന്ന് വേറിട്ടത്.
സഹ്യനിരകൾക്കപ്പുറത്ത് വിന്ധ്യനും സമതലങ്ങളും രാജസ്ഥാനിലെ മരുപ്രദേശവും കടന്നാണു കശ്മീരിന്റെ മണ്ണിൽ കയറിയത്. ചിനാർ മരങ്ങൾ വരിയിട്ട നിരത്തുകൾ താണ്ടി ഹിമാലയത്തിന്റെ താഴ്‌വരകളും പിന്നിട്ട് എത്രയോ ചുരങ്ങൾ താണ്ടിയാണു പർവതങ്ങൾക്കിടയിലെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നത്... ഓരോ ദിനവും വ്യത്യസ്തമായിരുന്നു എന്നു പറയാം.

Saneedonewheel


ടെന്റ് അടിച്ചാണു ട്രിപ്പിലുടനീളം താമസിച്ചത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പല ഇടങ്ങളിലും പ്രദേശവാസികൾ നിർബന്ധിച്ച് അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടക്കാൻ ഇടം നൽകി. ഭക്ഷണം നൽകി സൽക്കരിച്ചവരും ധാരാളം. പറഞ്ഞറിയിക്കാനാകാത്തത്ര സൗഹൃദബന്ധങ്ങളാണ് ഈ സഞ്ചാരത്തിൽ ലഭിച്ചത്.


വാഗയിലെ പ്രകടനം
വാഗയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങിനു മുൻപ് ചെറുപ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചതാണ് ഈ സഞ്ചാരത്തിലെ ഏറ്റവും തിളക്കമേറിയ മുഹൂർത്തം. റൈഡ് 200 ദിവസം പിന്നിട്ട ശേഷമാണ് പഞ്ചാബിന്റെ മണ്ണിലെത്തിയത്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും താമസവും ഭക്ഷണവും നൽകുന്ന ഗുരുദ്വാരകൾ ഇവിടത്തെ പ്രത്യേകതകളാണ്.


 213ാം ദിവസമാണു ശരീരത്ത് രോമങ്ങളോരോന്നും എഴുന്നേറ്റ് നിന്ന ആ അനുഭവം സമ്മാനിച്ച വാഗാ അതിർത്തിയിലെത്തിയത്. അമൃത്സറിൽ നിന്ന് രാവിലെ പുറപ്പെട്ട് വൈകിട്ടോടെയാണ് അതിർത്തിയിലെത്തിയത്. ഒരുപക്ഷേ, ആദ്യമായാകും മുൻചക്രമില്ലാതെ ഒരു സൈക്കിൾ അവിടെത്തിയത്. പട്ടാളച്ചിട്ടയിൽ തീവ്രമായ ആവേശത്തോടെ, വീര്യത്തോടെ പട്ടാളക്കാർ പരേഡ് ചെയ്യുന്ന ആ നിരത്തിൽ എന്നോട് സൈക്കിളിൽ പ്രകടനം നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.


പരേഡ് കാണാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എത്തിയവർ ആവേശത്തോടെ ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കുന്ന പശ്ചാത്തലത്തിൽ ത്രിവർണ പതാകയുമേന്തി വീലി സ്റ്റണ്ട് നടത്തിയത് ഏത് ബഹുമതി നേടുന്നതിനേക്കാളും വലിയ നേട്ടം തന്നെ.

ADVERTISEMENT