ADVERTISEMENT

തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും സൗന്ദര്യം നിറഞ്ഞ കിണ്ണക്കോരൈയിലൂടെയുള്ള യാത്രയിലാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലമാണു കിണ്ണക്കോരൈ സന്ദർശിക്കാൻ അനുയോജ്യം.  തോഡരുടെ കഥകൾ കേട്ടു കഴി‍ഞ്ഞു. ഇനി അറിയേണ്ടതു ബഡഗരുടെ ലോകത്തെക്കുറിച്ചാണ്.
 
ബ‍ഡഗരുടെ ഗ്രാമം
തിരികെ വരുമ്പോൾ വഴിയിൽ നിറയെ കൃഷിയിടങ്ങൾ കണ്ടു. ഇതെല്ലാം ബഡഗരുടെ കൃഷിയാണ്. വണ്ടി നിർത്തിച്ചു വഴികാട്ടിയായ സുദേശൻ അതെല്ലാം കാണിച്ചു തന്നു. ഇവിടെ നീലഗിരിക്കുന്നുകളിൽ അവർ കൃഷി ചെയ്യുന്നു. ഓരോ വർഷവും പുതിയ പുതിയ ഭൂമിയിലേക്കു കൃഷി മാറ്റുന്നതു ബഡഗരുടെ  പ്രത്യേകതയാണ്.


ബീൻസ്, കാബേജ്, ഗ്രീൻപീസ്, റാഗി, തുവര ഗോതമ്പ് ഇതൊക്കെ ഇവർ കൃഷി ചെയ്യും. അരി മാത്രം വാങ്ങിക്കും. തേയില കൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചതോടെ ഇങ്ങനെയുള്ള ധാന്യങ്ങളുടെയും പച്ചക്കറി വിളകളുടെയും കൃഷി അന്യമാകുകയാണ്. കാപ്പികൃഷിക്കു പേരുകേട്ട സ്ഥലങ്ങൾ തേയില കൃഷിക്കു വഴി മാറി.

ADVERTISEMENT


ടിപ്പുവിന്റെ പടയോട്ട കാലത്ത്  മൈസൂർ നിന്നു ബ ഡഗർ   നീലഗിരിക്കുന്നുകളിൽ എത്തിയതെന്നും വിജയനഗര രാജാക്കന്മാരുടെ പതനവും ബഡഗരുടെ പലായനവും തമ്മിൽ ബന്ധമുണ്ടെന്നും ഒക്കെ ചരിത്രം പറയുന്നുണ്ട്. മൈസൂരിന്റെ താഴ്‌വരകളിൽ നിന്നു നീലഗിരിക്കുന്നുകളുടെ വടക്കൻ മേഖലകളിലേക്ക് അവർ ചേക്കേറി. കന്നഡയും തമിഴും കലർന്ന ബഡഗ ഭാഷയ്ക്ക് ലിപിയില്ല. കന്നഡയുമായി ആദിമബന്ധം പുലർത്തുന്ന ഭാഷയാണിത്. ബന്ധങ്ങൾക്കും ആചാരങ്ങൾക്കും ഇവർ വലിയ മൂല്യം കൊടുക്കുന്നുണ്ട്.


റാഗി മുദ്ദയും കറിയും
കിണ്ണക്കോരൈയിലെ മേലൂർ  ഗ്രാമത്തിൽ വച്ചാണു  രാമൻ ചേട്ടനെയും ലക്ഷ്മി ചേച്ചിയെയും പരിചയപ്പെട്ടത്.  ഗ്രാമം ഇപ്പോൾ  വയോജനങ്ങൾ മാത്രം താമസിക്കുന്ന ഇടമായി പരിണമിച്ച മട്ടാണ്. പുതിയ തലമുറ ജീവിതസൗകര്യങ്ങൾ തേടി താഴ്‌വരകളിലേക്ക് ചേക്കേറി. അറിയിക്കാതെയാണു ചെന്നത്. പക്ഷേ, അതിഥ്യ  മര്യാദ കൊണ്ട് അമ്പരപ്പിച്ചു കളഞ്ഞു  ഇരുവരും.. വൃത്തിയുള്ള ചെറിയ കുടിലിലെ ഏക ആഡംബരമായ ടിവിയിൽ കണ്ണും നട്ടു സീരിയൽ കാണൽ ആണ് ആകെയുള്ള സന്തോഷം. വയ്യാത്ത കാൽ വലിച്ചു വലിച്ചു ലക്ഷ്മി ചേച്ചി ചായ ഇട്ടു തന്നു. കിടക്കയുടെ അടിയിലുള്ള ഡബ്ബയിൽ നിന്നും കുറേ പലഹാരങ്ങൾ എടുത്തു നിരത്തി രാമൻ ചേട്ടൻ. ഒന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ ഊട്ടിയിലെ പ്രശസ്തമായ ‘ഊട്ടി വർക്കി’ എന്ന പലഹാരം നൽകി സന്തോഷിപ്പിച്ചു. ഊട്ടി വർക്കി ചില്ലറക്കാരനല്ല. ഭൗമ സൂചിക പദവിയൊക്കെ ലഭിച്ചിട്ടുണ്ട്.

Kinnakkorabadaga
ADVERTISEMENT


അവർ സംസാരിച്ചപ്പോൾ പഴയ നീലഗിരിയുടെ ചിത്രം തെളിഞ്ഞു വന്നു. റാഗി മുദ്ദ മാത്രമായിരുന്നത്രേ അക്കാലം ആഹാരം. കൊഴുക്കട്ട പോലെ ഉണ്ട ഉരുട്ടിയ റാഗി മാവിൽ ഒരു കുഴി  കുഴിച്ചു അതിൽ  നെയ്യ്  ഇട്ട് ആവിയിൽ വേവിച്ചാൽ  റാഗി മുദ്ദ ആകും. നമ്മുടെ കൊഴുക്കട്ട പോലെ... പന്നിക്കറി, കീര (ചീര ) യുടെ ചാറ്, പച്ചമല്ലി കൂടുതൽ അരച്ചുള്ള കറുത്ത കോഴിക്കറി പോലെയുള്ള ബഡഗ വിഭവങ്ങൾ വല്ലപ്പോഴും മാത്രമാണു കിട്ടിയിരുന്നത്. സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.  യാത്ര പറയാൻ നേരം കൈകൂപ്പി കയ്യിലുള്ള കുറച്ചു രൂപ പോക്കറ്റിൽ വച്ചു നൽകിയതോടുകൂടി രാമൻ ചേട്ടൻ  കരച്ചിലിന്റെ വക്കത്തായി.


ഹെത്തയ് ഹെബ്ബ
അവിടെ നിന്ന് ഇറങ്ങി  ഞാൻ അടുത്ത താഴ്‌വരയിലേക്കാണു പോയത്. തലപ്പാവും വേഷ്ടിയും അണിഞ്ഞ മൂപ്പന്റെ വീടും ആതിഥ്യമര്യാദയുടെ അവസാനവാക്കായി.
തിരികെ കാറിനടുത്തു വന്നപ്പോൾ കനത്ത  ഉച്ചവെയിൽ കണക്കാക്കാതെ എന്നെ യാത്രയാക്കാനായി രാമൻ ചേട്ടൻ അവിടെ ഒരു കല്ലിന്റെ പുറത്തു മണിക്കൂറുകളായി കാത്തിരിക്കുകയാണ്. കൈകൾ മുറുകെപ്പിടിച്ച് ഇനി ഹെത്തയ് ഹെബ്ബ ഉത്സവത്തിനു വരണം എന്നു നിറകണ്ണുകളോടെ പറഞ്ഞു. മാർഗഴി മാസത്തിൽ നടക്കുന്ന ഹെത്തയ് ഹെബ്ബ എന്ന ബഡഗ  ഉത്സവത്തെപ്പറ്റിയായി പിന്നെ സംസാരം. പൂർവികരെ സ്മരിക്കുന്ന ഉത്സവമാണത്.

ADVERTISEMENT


 തലപ്പാവ് കെട്ടി  ആണുങ്ങളും ശുഭ്രവസ്ത്രധാരികളായി  പെണ്ണുങ്ങളും അന്നു പച്ച നിറമുള്ള തേയിലക്കാടുകളുടെ  പശ്ചാത്തലത്തിൽ നൃത്തം ചവിട്ടും...തങ്ങളുടെ സംസ്കാരത്തോടും പൈതൃകത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കും. വാഴയിലയിൽ  വിളമ്പിയ ചൂടുചോറും നെയ്യും സാമ്പാറും രസവും  ഒരുമിച്ചിരുന്നു കഴിക്കും. നല്ല വിളവ് തന്ന ദൈവത്തോടു നന്ദി പറയും.
മടങ്ങുമ്പോൾ സൂര്യൻ മറഞ്ഞെങ്കിലും സൗഹൃദത്തിന്റെ വെളിച്ചമാണു മനസ്സ് നിറയെ. സ്നേഹത്തിന്റെ ലോകത്തേക്കു തുറക്കുന്ന വാതിലുകളാണല്ലോ ഓേരാ സഞ്ചാരവും..


ADVERTISEMENT