ADVERTISEMENT

കിണ്ണക്കോരൈയിലെ മനോഹരമായ പൂക്കൾ നിറഞ്ഞ ആ ഹോംസ്റ്റേയിലേക്കാണു യാത്ര. വൈകുന്നേരമാകുന്നു. റോഡിൽ പുലി ഇറങ്ങാറുണ്ടത്രേ. വളവു തിരിയുമ്പോൾ മുന്നിൽ കാട്ടുപോത്തുകളുടെ കൂട്ടം... വള്ളിച്ചെടികളും അതിൽ നിറയെ പൂക്കളും ചേക്കേറിയ കുരുവികളും  ഒക്കെ ചേർന്നു സുന്ദരമാണു താമസസ്ഥലം.


 കുറച്ചു താഴേക്കു നടന്നാൽ പ്രധാന ജംക്‌ഷൻ എത്തും. ചുറ്റും കുഞ്ഞുകുഞ്ഞു വീടുകൾ. മഞ്ഞു പുതച്ച മലകളുടെ വിദൂരദൃശ്യങ്ങൾ. വായുവിനു കാപ്പിയുടെയും പൈൻ മരത്തിന്റയും ഗന്ധം. മൂന്നു മണിക്കു തന്നെ സൂര്യൻ അസ്തമിച്ചു.
നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലാണു കിണ്ണക്കോരൈ. സൂര്യപ്രകാശം വളരെ കുറച്ചു മാത്രം എത്തുന്ന... വളരെപ്പെട്ടെന്നു സൂര്യൻ അസ്തമിക്കുന്ന ഈ ഗ്രാമം ഊട്ടിയിൽ നിന്ന് അൻപതു കിലോമീറ്റർ അകലെയാണ്.

ADVERTISEMENT


അണ്ണാമലൈ മുരുക ക്ഷേത്രം

തേയിലത്തോട്ടങ്ങളും കൃഷിയിടങ്ങളും  വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും  ഒക്കെയുള്ള അതിർത്തി ഗ്രാമം. ഇരുളരും ബഡഗരും തോടരും മലയാളികളും  അടങ്ങിയ ഗ്രാമവാസികൾ...
മഞ്ഞിൽ കുളിച്ച് അണ്ണാമലൈ മുരുക ക്ഷേത്രം
മുല്ലപ്പൂക്കളുടെ സുഗന്ധമാണു ബസ് സ്റ്റാൻഡിലും പരിസരത്തും. രണ്ടോ മൂന്നോ ചെറിയ ഹോട്ടലുകൾ.

ADVERTISEMENT

വൈകുന്നേരം ഊരുചുറ്റാൻ ഇറങ്ങിയപ്പോഴാണു  മഞ്ചേരിക്കാരൻ ജയകുമാറിനെ പരിചയപ്പെടുന്നത്. ജയകുമാറിന്റെ മകന് ഊട്ടിയിലെ ബാങ്കിലാണു ജോലി. മകൻ എത്തുമെന്നു കരുതി കാത്തുനിൽക്കുകയാണ്.
‘ഇടയ്ക്കിടെ പുലിയിറങ്ങും. അതുകൊണ്ട് പേടിയാണ്. ജോലി കഴിഞ്ഞു മോൻ വരാൻ ഏറെ വൈകും. നിങ്ങളുടെ വണ്ടിയിൽ കയറട്ടെ? താഴ്‌വാരം വരെ പോകാം.’ വണ്ടിയിലിരുന്നു ജയകുമാർ കിണ്ണക്കോരൈയുടെ കഥ പറഞ്ഞു. ചെറിയ ടൗൺ ആണെങ്കിലും ഇഷ്ടം പോലെ ബസുകൾ ഉണ്ട്. വേനൽക്കാലത്തു പോലും മഞ്ഞാണ്. ഇപ്പോൾ ധാരാളം മലയാളികൾ ഇങ്ങോട്ട് വന്നു തുടങ്ങി.
തേയില നുള്ളുന്നതു ബഡഗരും   ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുമാണ്. ഓനിക്കണ്ടി  എന്ന സ്ഥലം എത്തിയപ്പോൾ ശ്രീലങ്കയിൽ നിന്നുള്ള  കുടിയേറ്റക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ കാണിച്ചു തന്നു.  സൗകര്യമില്ലാത്ത ലയങ്ങൾ... ദാരിദ്ര്യത്തിന്റെ ചിത്രങ്ങളാണു ചുറ്റും.


‘രാത്രി അണ്ണാമലൈ  മുരുകൻ ക്ഷേത്രം കണ്ടിട്ടുണ്ടോ? മലമുകളിലെ വ്യൂ പോയിന്റിലാണ്. ആന വരാതിരിക്കാൻ ഞങ്ങൾ മതിൽ കെട്ടിയിട്ടുണ്ട്.’ ക്ഷേത്രം കണ്ടു ഞങ്ങൾ അതിശയിച്ചു നിന്നു. വനത്തിനുള്ളിൽ കോടമഞ്ഞിൽ കുളിച്ചു മലമുകളിൽ നിൽക്കുന്ന അമ്പലം. ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ മുയലുകൾ ചിതറിയോടി. ഉറങ്ങാനായി കയറിയ പൂജാരിയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി. രാവിലെ വരാം എന്ന ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.

ADVERTISEMENT


അതിരാവിലെ ജയകുമാറിന്റെ  കൂടെ അണ്ണാമലൈ മുരുക ക്ഷേത്രം  കാണാൻ പോയി. ഇത്രയും സുന്ദരമായ ക്ഷേത്രം അടുത്തകാലത്തെങ്ങും കണ്ടിട്ടില്ല എന്ന് മനസ്സിലോർത്തു. ഒന്നാന്തരം വ്യൂ പോയിന്റിലാണു ക്ഷേത്രം. ഊട്ടിയിലേക്കുള്ള വഴി മാത്രമല്ല, അട്ടപ്പാടി വരെയും അവിടെ നിന്നാൽ കാണാൻ  കഴിയും.

KinnakkoraTamilnadu


തോഡ ഗ്രാമങ്ങളിലേക്ക്
കവലയിൽ സുദേശൻ ചേട്ടൻ  ചന്ദനക്കുറിയണിഞ്ഞു  ശുഭ്രവസ്ത്രധാരിയായി  കാത്തുനിൽപ്പുണ്ട്. വനംവകുപ്പിൽ ജോലിയുള്ള സുദേശൻ ചേട്ടനാണു ബഡഗ, തോഡ ഗ്രാമങ്ങളിലെ വഴികാട്ടി.    കിണ്ണക്കോരയിലെ തോഡ ഗ്രാമങ്ങളിലേക്ക് യാത്രയായി. തായ് ചോല എസ്റ്റേറ്റ്... സംഗീതജ്ഞൻ ഹരിഹരന്റെ വേനൽക്കാലവസതി...  ഇങ്ങനെ പോകുംവഴി ലൈവ് കമന്ററി ഉണ്ട്. ഒലിയുട്ട്  എന്ന ബോർഡ് കണ്ടപ്പോൾ ബഡഗ ഗോത്രക്കാരുടെ ധൈര്യത്തെ പറ്റി  ആയി സംസാരം. ആക്രമിക്കാനെത്തിയ പുലിയെ കൊന്നു തോളിലേറ്റി വിജയം ആഘോഷിച്ച ഇടമാണത്രേ ഇത്. ബഡഗരും തോഡരുമാണ് ഇവിടുത്തെ പ്രബല വർഗം.

തോഡരുടെ കഥ..
മലഞ്ചെരുവിലെ ഒരു ഗുഹയിൽ നിന്നു പോത്തുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ, അവസാന പോത്തിന്റെ വാലിൽ തൂങ്ങിയാണു തോഡർ  വന്നതെന്നാണു വിശ്വാസം. തമിഴിൽ ‘ തൊദാ’   എന്നാൽ കാലിക്കൂട്ടം എന്നാണർഥം.


നീലഗിരിയിലെ മറ്റു ഗോത്രവർഗങ്ങളേക്കാൾ മികച്ചതാണു തങ്ങൾ എന്നാണു തോഡർ വിശ്വസിക്കുന്നത്. പോത്തിനെ മേയ്ക്കുന്നതും എരുമയുടെ കറവയും ഒക്കെയാണ് ഇവരുടെ പരമ്പരാഗത ഉപജീവന മാർഗം.
അലക്‌സാണ്ടറുടെ പിൻഗാമികൾ എന്നും ഇവർ അറിയപ്പെടുന്നു. തങ്ങളുടെ ചർമത്തിന്റെ നിറം അതിന്റെ സാക്ഷ്യപത്രമെന്നാണ് ഇവരുടെ വിശ്വാസം. ബുദ്ധിശാലികളും ധൈര്യവാന്മാരുമെന്നു ബ്രിട്ടീഷുകാർ  തോഡരെ വാഴ്ത്തിയിട്ടുണ്ട്.


ഒരുപാട് പ്രത്യേകതകളുണ്ട് ഇവരുടെ വിവാഹച്ചടങ്ങുകൾക്ക്... വിവാഹസമയത്തു വധു ഗർഭിണിയായിരിക്കും. പരസ്പരം ഇഷ്ടപ്പെട്ടാൽ ഒരുമിച്ചു കഴിയുന്ന രീതിയുണ്ട് ഇവർക്കിടയിൽ. ഗർഭിണിയായി ഏഴാം മാസത്തിലാണു വിവാഹച്ചടങ്ങുകൾ.
നാഗമരത്തിനു താഴെ വധു കണ്ണാടിയിലേക്കു നോക്കിയിരിക്കും. വരൻ കാട്ടിൽ പോയി പൂമരത്തിന്റെ ചില്ല  കൊണ്ട് ഉണ്ടാക്കിയ അമ്പും വില്ലുമായി മടങ്ങി വരും. വ ധു കത്തിച്ചു വച്ച  വിളക്കിനു സമീപം അവ വയ്ക്കും. പിന്നീട്  പരസ്പരം മാല അണിയിക്കും. ചടങ്ങു കഴിഞ്ഞാൽ പിന്നെ  നൃത്തമാണ്. കൈകൊണ്ടു തുന്നിയെടുക്കുന്ന ചിത്രപ്പണികൾ നിറഞ്ഞ ഉത്തരീയങ്ങൾ  നൃത്തം കൂടുതൽ വർണാഭമാക്കും.


തോഡർ സസ്യഭുക്കുകളാണ്. അരിയും   പാലും വെണ്ണയുമാണ് ഇവർ കൂടുതലും കഴിക്കുക. കൃഷി ഇവർക്കു വശമില്ല. തോഡ വിഭാഗത്തിലെ പുരോഹിതന്മാർ പലോൽ എന്നാണറിയപ്പെടുന്നത്. ചില എരുമകളെ പുരോഹിതർക്കു മാത്രമേ തൊടാൻ അധികാരമുള്ളൂ. എരുമകളെ  സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ദൈവം തങ്ങളെ  സൃഷ്ടിച്ചത് എന്നു തോഡർ കരുതുന്നു.


‘മണ്ട്’എന്നറിയപ്പെടുന്ന ചെറിയ ഗ്രാമങ്ങളിലാണ് ഇവർ താമസിക്കുന്നത് . നാലോ അഞ്ചോ ചെറിയ കുടിലുകൾ ചേർന്നതാണു മഠം.  പാൽ സംഭരിക്കുന്നതിനു വേണ്ടിയുള്ളതാണു വലിയ കുടിൽ. എരുമയെ കെട്ടുന്നതും അതിൽ  തന്നെ.
വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം എരുമയെ ആലേഖനം ചെയ്തിട്ടുണ്ടാകും. തോഡർ മരിക്കുമ്പോൾ ഒരു പോത്തിനെയും അടക്കം ചെയ്യുമത്രേ. ആത്മാവിനു കൂട്ടു പോകുന്നതിനു വേണ്ടിയെന്നാണു ഭാഷ്യം.


 തോഡ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ‘ചെരുപ്പ് ഊരിയിടൂ’ എന്ന് ഒരു സമീപവാസി വിളിച്ചു പറഞ്ഞു. ആദ്യകാല തോഡ ഭവനങ്ങൾ പോലെയാണു ക്ഷേത്രവും. രണ്ടായി മുറിച്ച വീപ്പ കമഴ്ത്തി വച്ചിരിക്കുന്ന ആകൃതിയിലുള്ള കുടിലുകളിലാണ് പണ്ട് ഇവർ താമസിച്ചിരുന്നത്. വാതിൽ വളരെ ചെറുതാണ്. ഇഴഞ്ഞു വേണം  അകത്തേക്ക്  പ്രവേശിക്കാൻ. വന്യമൃഗങ്ങളിൽനിന്നും രക്ഷനേടാനാകണം ഈ നിർമിതി.

KinnakkoraThodaTemple


അകത്തെ ഉയർന്ന തറ കിടക്കാൻ ഉള്ളതാണ്. ധാന്യം ഇടിച്ചു പൊടിക്കാനുള്ള  കുഴിയും തറയിലുണ്ട്. കല്ല് പാകിയതാണ്. വീടിനു മുകളിൽ റാഗിപ്പുല്ലു മേഞ്ഞു വൃത്തിയാക്കും. വീടിനു ചുറ്റും മൺതിട്ട  കെട്ടിപൊക്കും. ഇപ്പോൾ വീടുകൾ കോൺക്രീറ്റിലേക്കു വഴി മാറി. എങ്കിലും ഇവരുടെ ക്ഷേത്രങ്ങൾ പഴയ രീതിയിൽ തന്നെയാണ്. ക്ഷേത്രവും പരിസരവും വൃത്തിയാക്കി വച്ചിട്ടുണ്ട്.

ADVERTISEMENT