ADVERTISEMENT

‘എട്ടുവർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട ദിനം, ദൈവം ഞങ്ങളെ അത്രമേൽ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ കുഞ്ഞുമുഖത്ത് ചുംബിച്ച ആ നിമിഷത്തോളം വലുതായി ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടോ. എല്ലാ അമ്മമാരും ഇങ്ങനെയാവും അല്ലേ! പക്ഷേ, എന്റെ കഥയില്‍ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പൊട്ടിക്കരഞ്ഞത് ആ നിമിഷത്തിലല്ല. പങ്കാളി റോണി, ഞങ്ങളുടെ കുഞ്ഞിന് പേരിട്ട വേളയിലായിരുന്നു. സിസേറിയന്റെ മുഴുവൻ വേദനയും ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയ പോലെ...! ‘ ലെവി’... ആ വിളിയ്ക്ക് അവൻ മറുവിളി കേട്ടിരുന്നോ? അറിയില്ല. ലെവി എന്റെ അനിയന്റെ പേരാണ്. ഏഴുവർഷം മുൻപ് ഞങ്ങളെ വിട്ട് പോയ മോനുട്ടൻ എന്ന് ഞാൻ വിളിച്ചിരുന്ന എന്റെ ലോകം. കുഞ്ഞുങ്ങളില്ലാത്ത ഞങ്ങളുടെ വേദന മാറ്റാൻ അവൻ എന്റെ ഉദരത്തിൽ വീണ്ടും പിറവിയെടുത്തിരിക്കുന്നു. അങ്ങനെയൊരു കുഞ്ഞിന് ഈ ലോകം മുഴുവൻ ചുറ്റി കാണിക്കുക എന്നതിലും വലുതായി എന്ത് സമ്മാനമാണ് ഞങ്ങൾക്ക് കൊടുക്കാനാവുക!’...

linturony2

നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്യുവൻസറുമായ ലിന്റു മേരി തോമസും ഭർത്താവ് റോണിയും കുഞ്ഞിനൊപ്പം ലോകസഞ്ചാരത്തിലാണ്. ലെവിയ്ക്ക് ഇപ്പോൾ രണ്ടുവയസ്സും മൂന്നു മാസവുമാണ് പ്രായം. ഇതിനിടയിൽ 24 രാജ്യങ്ങൾ കുഞ്ഞിനൊപ്പം ഈ കുടുംബം സന്ദർശിച്ചു. ആ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ലിന്റു റോണി.

linto
ADVERTISEMENT

സ്കോട്ട്ലൻഡ് വിളിക്കുന്നു

‘ജനിച്ച് രണ്ടാം മാസത്തിലാണ് ലെവിയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ട് കിട്ടുന്നത്. അധികം വൈകാതെ ആദ്യയാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. കുടുംബത്തോടൊപ്പം സ്കോട്ട്ലൻഡിലേക്കായിരുന്നു പോയത്. ലണ്ടനിലാണ് ലെവി ജനിച്ചത്. ആദ്യത്തെ മാസം അവിടത്തെ കാഴ്ചകളിലൂടെയാണ് അവന്റെ സഞ്ചാരത്തിന്റെ തുടക്കം.

linturony
ADVERTISEMENT

ബജറ്റ് ഫ്രണ്ട്‌ലിയായിയാണ് ഞങ്ങളുടെ യാത്രകളെല്ലാം. കുഞ്ഞ് വന്ന ശേഷം അവനെ കംഫേർട്ടാക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പുതിയ ഇടങ്ങളെ എങ്ങനെ ഉൾക്കൊള്ളും എന്നൊരു ഭയം തുടക്കകാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഓരോ ഇടങ്ങളും പുതിയ കാഴ്ചകളും ആസ്വദിച്ചാണ് മകൻ വളരുന്നത്. കൃത്യമായ ഭക്ഷണം, ഉറക്കം, വിനോദം ഇവ ക്രമീകരിച്ച് വച്ചിരിക്കുന്നതിനാൽ യാത്രയിൽ അവനെകൊണ്ട് വലിയ ബുദ്ധിമുട്ടുകളില്ല. ഉദാഹരണത്തിന്, വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് വരെ അവനെ ഓരോ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കും, കളിപ്പിക്കും. ശേഷം, വയറു നിറയെ ഭക്ഷണം കൊടുത്ത് അവന്റെ ദേഹം കഴുകി വൃത്തിയാക്കി, ഉടുപ്പ് മാറ്റും. ഇത്രയും കഴിയുന്നതോടെ അവന് നന്നായി ഉറക്കം വരും. നീണ്ട വിമാനയാത്രയുടെ മുഷിപ്പ് അറിയാതെ അവൻ സുഖമായി ഉറങ്ങും. ഉറങ്ങില്ല എന്ന് തോന്നിയാൽ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊടുത്ത് സമയം നീക്കും. പുതിയ ഭക്ഷണങ്ങൾ, പുതിയ കാര്യങ്ങൾ ഇവയൊന്നും യാത്രയ്ക്കിടെ കുഞ്ഞിന്റെ മേൽ പരീക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് ആ പരീക്ഷണം മൂലമുണ്ടായാൽ മുഴുവൻ യാത്രയും പാഴാകും.

ഓരോ മാസവും ഓരോ യാത്ര

lintus2
ADVERTISEMENT

ദുബായ്, സിംഗപ്പുർ, മലേഷ്യ, ഓസ്ട്രേലിയ, ബഹ്റൈൻ, ഇന്ത്യ, തുർക്കി, അയർലൻഡ്, അൽബേനിയ, വെയിൽസ്, സെർബിയ, നേർത്തേൺ അയർലൻഡ്, ഐസ്‌ലൻഡ്, പോർച്ചുഗൽ, നെതർലൻഡ്സ്, ബെൽജിയം, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, മൊറോക്കോ, വിയറ്റ്നാം, കാനഡ, ലണ്ടൻ...തുടങ്ങി ലെവിയുടെ യാത്രകൾ തുടരുന്നു. വീക്കെഡ്സ് നോക്കിയാണ് അധികവും ഞങ്ങൾ ട്രിപ് പ്ലാൻ ചെയ്യുന്നത്. മുട്ട, കോൺഫ്ലോർ പോലുള്ള ചില ഭക്ഷണങ്ങൾ കുഞ്ഞിന് അലർജിയുണ്ടാക്കും എന്നതിനാൽ പോകുന്നിടത്ത് കഴിക്കാൻ വേണ്ടത് തനിയെ പാചകം ചെയ്യാറാണ് പതിവ്. ഹോട്ടൽ അപാർട്മെന്റുകളാണ് താമസത്തിനായി തെരഞ്ഞെടുക്കാറുള്ളത്. എൻജിനീയറിങ്ങാണ് റോണിയുടെ പ്രൊഫഷൻ. ചില യാത്രകള്‍ ഞാനും മകനും തന്നെ നടത്തിയിട്ടുണ്ട്. അതിൽ വളരെ മോശം അനുഭവം ഉണ്ടായിട്ടുള്ള ഒരു യാത്ര ഇന്ത്യയിലേക്കുള്ളതാണ്. ബെംഗളൂരു എയർപോർട്ടിലാണ് അന്ന് ഇറങ്ങിയത്. പൊതുവെ ഇങ്ങനെയുള്ള യാത്രയിൽ കുഞ്ഞിന് വേണ്ടെതെല്ലാം ഹാൻഡ് ബാഗിൽ കരുതും. അവനെ കംഫേർട്ടാക്കാൻ ബേബി സ്ട്രോളർ ഉപയോഗിക്കാറുണ്ട്.

അന്നത്തെ ആ യാത്രയിൽ സ്ട്രോളർ വിമാനത്തിൽ കയറ്റിയില്ല. ലഗേജിനൊപ്പം അയച്ചു. ഇറങ്ങി കഴിഞ്ഞ് സ്ട്രോളർ ചോദിക്കുമ്പോൾ അധികൃതരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം. കുഞ്ഞും സാധനങ്ങളുമൊക്കെയായി ശരിക്കും പാടുപെട്ടു. ഈ അനുഭവം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചു. അടുത്തദിവസം തന്നെ ബെംഗളൂരു എയർപോർട്ട് അധികൃതർ ക്ഷമാപണം നടത്തിയുള്ള മെയിൽ അയച്ചു. ആവശ്യത്തിനുള്ള ബേബി സ്ട്രോളർ എയർപോർട്ടിൽ തയാറാക്കിയിട്ടുണ്ടെന്ന അറിയിപ്പോടെ.

ലോകം മുഴുവൻ ചുറ്റണം

lintus

ലെവിയുടെ വളർച്ചയുടെ ഓരോ മൈൽ േസ്റ്റാണും സഞ്ചാരത്തിനിടെ ആയിരുന്നു. ആദ്യമായി കമിഴ്ന്നത്, ഇരുന്നത്, പിച്ചവച്ചത്, സംസാരിച്ചത്... അങ്ങനെ തുടങ്ങി ഓരോ കാര്യങ്ങളും ആ യാത്രകളെ കൂടി ഓർമിപ്പിക്കും.നീന്തൽ ഏറെയിഷ്ടമാണ് അവന്. അതുകൊണ്ടു തന്നെ ഏതു രാജ്യത്ത് പോയാലും ഹോട്ടൽ അപാർട്മെന്റ് എടുക്കുമ്പോൾ സ്വിമ്മിങ് പൂൾ ഉണ്ടോ എന്ന് നോക്കാറുണ്ട്. അൽബേനിയയിൽ വച്ചാണ് ലെവിയുടെ ആദ്യ ഹൈക്കിങ്. അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ അടുത്താണ് ലേക്ക് ബൊവില്ല. ലെവിയെ കൂട്ടി അത്ര ഉയരെ കയറുകയെന്നത് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമായതിനാൽ ഞങ്ങളൊന്ന് മടിച്ചു. പക്ഷേ, കൂടെ വന്ന ഗൈഡ്, ഡെഫ്രോൻ പ്രോത്സാഹിപ്പിച്ചു. അദ്ദേഹം ലെവിയെ കൂട്ടി നടത്തവും തുടങ്ങി. ഒരു പക്ഷേ, അന്ന് പിൻവാങ്ങിയിരുന്നെങ്കിൽ ജീവിതത്തിൽ കണ്ടേക്കാവുന്ന സുന്ദരമായൊരു ദൃശ്യം നഷ്ടമായേനെ.

linturony3

അത്ര മനോഹരമായിരുന്നു മുകളിൽ നിന്നുള്ള കാഴ്ച. കപ്പടോഷ്യയിലെ ഹോട്ട് എയർ ബലൂൺ കണ്ടെങ്കിലും അതിൽ കയറാൻ കഴിഞ്ഞില്ല. കുഞ്ഞിന് ആറുവയസ്സായിട്ട് വേണം ആ അനുഭവം ആസ്വദിക്കാൻ. അതുവരെ ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ കിടക്കട്ടെ. ആംസ്റ്റർഡാമിലെ ടുലിപ് ഗാർഡനിലേതു പോലെ എപ്പോഴും ജീവിതം വർണ്ണാഭമല്ലല്ലൊ. ഇടയ്ക്കൊക്കെ സഞ്ചാരത്തിന്റെ സന്തോഷങ്ങളെ തല്ലിക്കെടുത്താൻ ചില വില്ലന്മാർ എത്താറുണ്ട്. അത്തരമൊരു സന്ദർഭം സ്തനാർബുദത്തിന്റെ രൂപത്തിൽ മുഖാമുഖം കണ്ടു. പക്ഷേ, ആ വില്ലനെയും കീഴടക്കി ഞങ്ങളിങ്ങനെ യാത്ര തുടരുകയാണ്. ഈ ചെറിയ ജീവിതം കൊണ്ട് കാണേണ്ടതൊക്കെ കണ്ട് തീർക്കണ്ടേ! നോക്കൂ, ലോകം ഇതാ നിങ്ങളെയും വിളിക്കുന്നുണ്ട്. പോകുമ്പോൾ കുഞ്ഞിനെയും ഒപ്പം കൂട്ടിക്കോളൂ. ആ നിമിഷങ്ങൾ ജീവിതത്തിലെ അമൂല്യ സമ്പത്താകും, ഉറപ്പ്.

ADVERTISEMENT