കാടിന്റെ ഹൃദയം കാണണോ? മേഘങ്ങളെ െതാട്ടുനിന്നു കാണാം ഹൃദയതടാകം. വയനാടിന്റെ നെറുകയിലെ ചെമ്പ്ര പീക്കിൽ കാത്തിരിക്കുന്നതു പ്രകൃതിയൊരുക്കും വിസ്മയം...
Mail This Article
മേഘങ്ങളെ തൊട്ടുനിൽക്കുന്ന കൊടുമുടിയുടെ മുകളിൽ നിന്നു കാടിന്റെ ഭംഗി ആസ്വദിക്കണോ? ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര പീക്കിലേക്കു പോകാം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് സ്ഥലങ്ങളിലൊന്നാണു വയനാട് സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി.
പ്രകൃതിയെ അറിഞ്ഞ്...
കാടിനെ അറിയുക, വന്യമൃഗങ്ങളെയും ജന്തുജാലങ്ങളെയും അടുത്തറിയുക... ഈ മോഹവുമായാണു ഞാൻ പ്രകൃതിപഠന ക്യാംപുകളിൽ പങ്കെടുത്തു തുടങ്ങിയത്. കാട് എന്താണ്, കാടുകളുടെ സ്വഭാവം എന്താണ്, വന്യജീവികളുടെ രീതികൾ എങ്ങനെയാണ് എന്നെല്ലാം ഇത്തരം ക്യാംപുകളിലൂടെയാണു ഞാൻ മനസ്സിലാക്കിയത്.
കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള ആളുകൾ ഈ ക്യാംപുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ഒരേ ഇഷ്ടമുള്ളവരുടെ കൂട്ടായ്മയായി ഞങ്ങളുടെ സൗഹൃദം വളർന്നു... ട്രെക്കിങ് നടത്താൻ തീരുമാനിച്ചപ്പോൾ ഞങ്ങളുടെ കൂട്ടായ്മ ആദ്യത്തെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തതു ചെമ്പ്ര പീക്ക് ആണ്.
സമുദ്രനിരപ്പിൽ നിന്നു 2100 മീറ്റർ ഉയരത്തിൽ സ്ഥിതി െചയ്യുന്ന ചെമ്പ്ര വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കൽപ്പറ്റയിൽ നിന്നു 17 കിലോമീറ്റർ അകലെയാണ് ഈ ഇടം. വനംവകുപ്പിന്റെ ചെമ്പ്ര ഇക്കോ ടൂറിസം സെന്ററാണു ട്രെക്കിങ് സംഘടിപ്പിക്കുന്നത്.
ചെലവ് ചുരുക്കി കൂട്ടം ചേർന്നുള്ള യാത്ര
പല ഇടങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കൾ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഒരുമിക്കാനാണു തീരുമാനിച്ചത്. ചെലവ് പരമാവധി ചുരുക്കി യാത്ര ചെയ്യാമെന്നു പദ്ധതിയിട്ടു. അകലെയുള്ളവർ ട്രെയിൻ മാർഗം കോഴിക്കോട് എത്തി. രാത്രി 10 മണിയോടെ എല്ലാവരും സ്റ്റാൻഡിലെത്തി. അവിടെ അടുത്തുള്ള തട്ടുകടയിൽ നിന്ന് ദോശ കഴിച്ച ശേഷം, രാത്രി 12 മണിയുടെ കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ മൂന്നു മണിയോടെ കൽപ്പറ്റയിൽ എത്തി.
ബസിൽ നിന്ന് ഇറങ്ങിയത് ഒരു ചായക്കടയുടെ മുന്നിലേക്കാണ്. ചൂടുചായ കുടിച്ച്, നേരം വെളുക്കുന്നതുവരെ ഒരു കടയുടെ മുന്നിൽ വിശ്രമിച്ചു. രാവിലെ ആറു മണിക്ക് മേപ്പാടിയിലേക്കുള്ള ബസ് കിട്ടി. മേപ്പാടിയിലെത്തി പ്രഭാതഭക്ഷണം കഴിച്ചു. ഉച്ചയ്ക്കു കഴിക്കാൻ വേണ്ടി കുറച്ചു ഭക്ഷണം പാഴ്സലായും വാങ്ങി. അവിടെ നിന്ന് ടാക്സിയിൽ നേരേ ചെമ്പ്ര പീക്കിന്റെ ടിക്കറ്റ് കൗണ്ടറിലേക്ക്...
ആവേശം ചോർന്ന നിമിഷം
ചെമ്പ്രയിലേക്കു പുറപ്പെടുന്നതിനു മുൻപു ഹോട്ടലിൽ വച്ചു കർണാടകയിൽ നിന്നു സഞ്ചാരികളുമായെത്തിയ വലിയ ബസ് കണ്ടു. അവരെ കൈവീശി ഞങ്ങൾ യാത്രയാക്കി. ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കിയത്: കൗണ്ടർ അടച്ചു!
ഒരു ദിവസം 88 പേർക്കു മാത്രമേ ചെമ്പ്രയിലേക്കു പ്രവേശനമുള്ളൂ. ഞങ്ങൾ വഴിയിൽ വച്ചു കണ്ട ആ ബസിലെ സഞ്ചാരികൾ ടിക്കറ്റ് എടുത്തതോടെ അന്ന് അനുവദനീയമായ എണ്ണം പൂർത്തിയായി. ആദ്യമായി ട്രെക്കിങ്ങിനായി തിരഞ്ഞെടുത്ത യാത്ര... കയറാൻ കഴിയാതെ തിരിച്ചിറങ്ങേണ്ടി വന്നതിൽ നിരാശ തോന്നി. എങ്കിലും സമയം പാഴാക്കാതെ ഞങ്ങൾ അടുത്തുള്ള സൂചിപ്പാറ വെള്ളച്ചാട്ടം കാണാൻ പോയി. രാത്രി മേപ്പാടിയിൽ തന്നെ റൂമെടുത്തു തങ്ങി. നേരത്തേ കിടന്നുറങ്ങി.
ഹൃദയതടാകത്തിലേക്ക്
അതിരാവിലെ എഴുന്നേറ്റു. രാവിലെ കൗണ്ടറിൽ എത്തി ടിക്കറ്റ് സ്വന്തമാക്കി. അവിടെ നിന്ന് രണ്ടു കിലോമീറ്റർ റോഡ് മാർഗം നടന്നാണു ടിക്കറ്റ് ചെക്കിങ് കൗണ്ടറിൽ എത്തുന്നത്. അവിടെ നിന്ന് അങ്ങോട്ടു കാഴ്ചകൾ മാറിമറിഞ്ഞു. ഒരുവശത്ത് മനോഹരമായ തേയിലത്തോട്ടങ്ങൾ. മറുവശത്തു നിബിഢവനം. ഈ കാഴ്ചകൾ കണ്ടുകൊണ്ടു വാച്ച് ടവർ കടന്നാണു യഥാർഥ ട്രെക്കിങ് ആരംഭിക്കുന്നത്.
തുടക്കത്തിൽ വനത്തിലൂടെയുള്ള വഴി, പിന്നീട് ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ പുൽമേടുകൾക്കിടയിലൂടെയായി. വഴുക്കലുള്ള പാറകളിലൂടെയുള്ള കയറ്റം അത്ര എളുപ്പമായിരുന്നില്ല. ട്രെക്കിങ്ങിനിടെ നിർദേശങ്ങൾ നൽകാനായി ഓരോ പോയിന്റുകളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുണ്ടാകും.
ചെങ്കുത്തായ കയറ്റം കഴിഞ്ഞു പുൽമേടുകളിൽ എത്തുമ്പോൾ, ക്ഷീണം മാറ്റാനായി പ്രകൃതി ഒരുക്കിയ സമ്മാനം പോലെ വഴിയിൽ നീരുറവകൾ. ടിക്കറ്റിനൊപ്പം കൗണ്ടറിൽ നിന്നു ലഭിച്ച വെള്ളം തീർന്നപ്പോൾ ഞങ്ങൾ ഈ ശുദ്ധജലം ശേഖരിച്ചു.
പച്ചപ്പിനു നടുവിലെ പ്രണയ തടാകം
വീണ്ടും മുന്നോട്ട് കയറിയപ്പോൾ ഞങ്ങൾ ആദ്യത്തെ തടാകത്തിനടുത്തെത്തി. ചതുപ്പായതിനാൽ അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല. അവിടെ നിന്ന് ഫോട്ടോയെടുത്ത് വിശ്രമമില്ലാതെ കയറി. ഒടുവിൽ ലക്ഷ്യസ്ഥാനം!
പച്ചപ്പരവതാനി പോലെ പരന്നു കിടക്കുന്ന ഗ്രൗണ്ടിന്റെ നടുവിൽ, ചെമ്പ്ര പീക്കിന്റെ ഏറ്റവും ഉയർന്ന ഭാഗത്തെ സാക്ഷിയാക്കി ഹൃദയതടാകം (Love Lake)! വലത്തോട്ട് നോക്കുമ്പോൾ നമ്മൾ കയറി വന്ന കൊക്കയും ഇടത്തോട്ട് ചെമ്പ്രയുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും. ആ കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മനോഹരമാണ്.
തടാകത്തിനരികെ നിന്നു ഞങ്ങൾ ഫോട്ടോകൾ എടുത്തു. അവിടെ നിന്നു വീണ്ടും മുന്നോട്ടു നടന്നപ്പോൾ കണ്ട കാഴ്ച അതിലേറെ വിസ്മയിപ്പിച്ചു. നമ്മൾ സഞ്ചരിച്ച വഴികളും റോഡുകളും നഗരങ്ങളും ചെറുപക്ഷികളെപ്പോലെ താഴെ കാണാം. ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണമെല്ലാം ആസ്വദിച്ചു കഴിച്ച്, ഏറെ നേരം ശുദ്ധവായു ശ്വസിച്ച് വിശ്രമിച്ചു. (നിലവിൽ ചെമ്പ്രയുടെ ഏറ്റവും മുകളിലെ പീക്കിലേക്കു വനംവകുപ്പിലെ പ്രത്യേക ഉദ്യോഗസ്ഥർക്കു മാത്രമേ പ്രവേശനമുള്ളൂ.)
കാടിന്റെ ഹൃദയം കാണണമെങ്കിൽ ഒരിക്കലെങ്കിലും വയനാടിന്റെ നെറുകയിലുള്ള ചെമ്പ്രയിലെത്തണം. പ്രകൃതിയുടെ യഥാർഥ സൗന്ദര്യമെന്തെന്ന് ഈ മനോഹരമായ കാഴ്ചകൾ നിങ്ങളെ പഠിപ്പിക്കും.