ജീവിതത്തിൽ എന്നെന്നും പ്രണയം നിറയണോ? പ്രണയികൾക്കുള്ള ഈ ദേവാലയം സന്ദർശിച്ചോളൂ... ജപ്പാനിലെ അഓഷിമ ജിഞ്ച ദേവാലയത്തിലേക്കുള്ള സഞ്ചാരം...
Mail This Article
മിയാസാക്കി നഗരത്തിന്റെ തെക്കുഭാഗത്തു കടൽത്തീരങ്ങൾക്കു സമീപം സ്ഥിതി ചെയ്യുന്ന ചെറുതും സുന്ദരവുമായ അഓഷിമ ദ്വീപിലേക്കാണു യാത്ര. ദ്വീപിന്റെ മധ്യത്തിലെ വനവും ചുറ്റുമുള്ള വെളുത്ത മണൽത്തീരവുമാണ് ഈ ദ്വീപിനെ ആകർഷകമാക്കുന്നത്.
പ്രണയത്തിന്റെ ദേവാലയം
ദ്വീപിന്റെ മധ്യത്തിലാണ് അഓഷിമ ജിഞ്ച ദേവാലയം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി പ്രണയികൾക്കു സമർപ്പിച്ചതാണു നിറപ്പകിട്ട് കൊണ്ടു സുന്ദരമായ ഈ ദേവാലയം. അതിമനോഹരമായ കലാസൃഷ്ടികളും മോട്ടിഫുകളും ഈ ക്ഷേത്രത്തെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു. ഈ ആരാധനാലയത്തിൽ ഷിന്റോ വിഭാഗത്തിലുള്ളവരുടെ വിവാഹചടങ്ങുകൾ നടത്താറുണ്ട്. ഇവിടെയെത്തി പ്രാർഥിക്കുന്ന ദമ്പതികൾക്കു ഭാഗ്യവും െഎശ്വര്യവുമുണ്ടാകുമെന്നാണു വിശ്വാസം.
ദേവാലയത്തിലെ പ്രധാന കെട്ടിടത്തിന്റെ വലതുവശത്തു കൂടെ കാടിനുള്ളിലൂടെ പോകുന്ന ചെറിയ പാതയുണ്ട്. ആ പാതയിലുടനീളം കാണുന്ന ദൃശ്യങ്ങൾ ഏറെ മനോഹരമാണ്. ആ പാതയുടെ അറ്റത്ത് ഉള്ള ചെറിയ ദേവാലയത്തിൽ നിന്നു സഞ്ചാരികൾ ക്ലേ ഡിസ്ക് വാങ്ങുന്നതു കാണാം. ഈ ഡിസ്ക് ലക്ഷ്യസ്ഥാനത്തേക്ക് എറിയണം. ലക്ഷ്യത്ത് എറിഞ്ഞുകൊള്ളിക്കുന്നവർക്കു ഭാഗ്യം സ്വന്തമാകും എന്നാണ് ഇവിടെയുളളവരുടെ വിശ്വാസം.
ചിത്രഭംഗി തെളിയും പാറക്കൂട്ടങ്ങൾ
അഓഷിമ ദ്വീപിനെ ആകർഷകമാക്കുന്ന അപൂർവ ദൃശ്യമാണു ‘ഡെവിൾസ് വാഷ്‌ബോർഡുകൾ’. സമുദ്രനിരപ്പ് വർഷങ്ങളായി ഉയരുകയും താഴുകയും ചെയ്തതിന്റെ ഫലമായി, മണ്ണൊലിപ്പുകൊണ്ട് രൂപപ്പെട്ട വരകളും പാടുകളുമുള്ള പാറക്കൂട്ടങ്ങളാണിവ. ഏറെ ആകർഷകമായ കാഴ്ചയാണത്.
വിശ്രമിക്കാനും ശാന്തമായി ഇരുന്ന് തിരമാലകളുടെ ഭംഗി ആസ്വദിക്കാനും കഴിയുന്ന ഇടം കൂടിയാണ് അഓഷിമയിലെ ബീച്ച്. വഴിയിലുടനീളം സുവനീർ നിൽക്കുന്ന ചെറിയ സ്റ്റാളുകളും കാണാം. ദ്വീപ് കാൽനടയായിത്തന്നെ ചുറ്റിക്കാണണം.
മനുഷ്യനും മൃഗങ്ങളും സൗഹാർദത്തോടെ വസിക്കുന്ന ഇടങ്ങൾക്ക് അപൂർവമായ ഭംഗിയുണ്ടെന്ന് ഓർമിപ്പിക്കുന്ന എഹിമെ പ്രിഫെക്ചറിലെ അഓഷിമ... പ്രകൃതിസൗന്ദര്യവും നിശബ്ദതയും ഒത്തൊരുമിക്കുന്ന മിയാസാക്കിയിലെ അഓഷിമ... ഒരേ പേരിൽ രണ്ടുതരം വ്യത്യസ്ത ചിത്രങ്ങൾ മനസ്സിൽ പകർത്തിയാണു ജപ്പാനിൽ നിന്നു മടങ്ങിയത്.