ADVERTISEMENT

ക്രിസ്മസ് െഎലൻഡ്! ആ പേരിലുളള കൗതുകമാണ് ഈ  സഞ്ചാരത്തിനു പിന്നിൽ. വിമാനം താഴേക്കിറങ്ങുമ്പോള്‍ ജനാലയിലൂടെ കണ്ട കാഴ്ച ! ഇന്ദ്രനീല നിറമുള്ള സമുദ്രത്തിനു നടുവില്‍ മരതകനിറമുള്ള ദ്വീപ്! ഹൃദയം കവരുന്ന വിസ്മയക്കാഴ്ചകളുടെ തുടക്കം മാത്രമാണതെന്ന് അപ്പോൾ അറിഞ്ഞില്ല.


ചരിത്രമുറങ്ങും ദ്വീപ്
ഓസ്‌ട്രേലിയയില്‍ നിന്ന് 240 കിലോമീറ്റർ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ ജാവയുടെ ഉള്‍ഭാഗത്തായാണു ക്രിസ്മസ് െഎലൻഡ്. 1643 ല്‍ ക്യാപ്റ്റന്‍ വില്യം മൈനോര്‍സ് ആണ് ക്രിസ്മസ് ദിനത്തില്‍ കണ്ടെത്തിയ ദ്വീപിന് ആ പേര് സമ്മാനിച്ചത്.

ADVERTISEMENT


ഓസ്‌ട്രേലിയയുടെ അധികാര പരിധിയിലുള്ള ഈ ദ്വീപിനു 135 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണു വിസ്തൃതി. ഇംഗ്ലിഷാണ് ഔദ്യോഗിക ഭാഷ.  'ഫ്‌ളൈയിങ് ഫിഷ് കോവ്' ആണു തലസ്ഥാനം.  ദ്വീപിലെ പ്രധാന താമസകേന്ദ്രം അഥവാ സെറ്റിൽമെന്റ് ആണിത്.  രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണു ജനസംഖ്യ.


ദ്വീപിലെ ജനസംഖ്യയിൽ 65 ശതമാനത്തോളം ചൈനീസ് വംശജരാണ്.  മലായ്, യൂറോപ്യന്‍ വംശജരുമുണ്ട്. പലതരം സംസ്കാരങ്ങളുടെ സമന്വയം കൂടിയാണ് ഈ ചെറിയ ഗ്രാമം.
പരിസ്ഥിതി ടൂറിസത്തിനു പ്രാധാന്യം നല്‍കുന്ന ദ്വീപിന്റെ മൂന്നില്‍ രണ്ട് ഭാഗവും ദേശീയോദ്യാനമാണ്. അപൂര്‍വ ഇനം ജീവജാലങ്ങളുടെ ആവാസഭൂമി കൂടിയായ ദ്വീപിന്റെ  പ്രധാന വരുമാനമാർഗം ടൂറിസമാണ്.

ADVERTISEMENT


മിസിസ് ലിമ്മിന്റെയും കുടുംബത്തിന്റെയും ഗസ്റ്റ് ഹൗസിലാണ് എന്റെ താമസം ഏർപ്പാടാക്കിയത്. ഗൈഡ് മൈക്കിളിനൊപ്പം പുറത്തേക്കിറങ്ങി. കാണാനുള്ള സ്ഥലങ്ങള്‍ പല സ്ഥലത്തായി ചിതറിക്കിടക്കുന്നു. എവിടെ എത്തണമെങ്കിലും ഇരുപതു മിനിറ്റിലേറെ വേണ്ടി വരില്ല! ആവശ്യമെങ്കിൽ കാറും സ്‌കൂട്ടറും വാടകയ്ക്കെടുക്കാം. ടാക്‌സികള്‍ വളരെ കുറവാണ്.


ഈ ചെറു പട്ടണത്തില്‍ ട്രാഫിക് ലൈറ്റുകളോ വലിയ ഷോപ്പിങ് കോംപ്ലക്‌സുകളോ ഇല്ല. പ്രധാന സ്ട്രീറ്റില്‍ ചെറിയ കടകള്‍, ഒരു സൂപ്പര്‍മാര്‍ക്കറ്റ്, ഏതാനും ഭക്ഷണശാലകൾ... അത്രമാത്രം.

ADVERTISEMENT


ചുവന്ന നദി പോലെ ഞണ്ടുകൾ...
പിറ്റേന്നു രാവിലെ ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തിറങ്ങിയ ഞാൻ ആ കാഴ്ച കണ്ടു സ്തബ്ധനായി നിന്നു. റോഡ് ചുവപ്പുനദിയായി ഒഴുകി വരുന്നു! റോഡില്‍, പൂന്തോട്ടത്തില്‍... എല്ലായിടത്തും ചുവന്ന ഞണ്ടുകള്‍! പ്രകൃതിയുടെ വിസ്മയം... ഞണ്ടുകളുടെ ഹണിമൂണ്‍ ഘോഷയാത്ര!


അനങ്ങിയാൽ ഞണ്ടിനെ ചവിട്ടിയാലോ എന്നു ഭയം തോന്നി. പിന്നീട് മനസ്സിലായി. നമ്മൾ സാവധാനം നടന്നാല്‍ മതി. അവർ ഒഴിഞ്ഞു മാറിപ്പോകും!
അന്‍പത് ദശലക്ഷത്തോളം ചുവന്ന ഞണ്ടുകള്‍ ഇവിടുത്തെ മഴക്കാടുകളില്‍ വസിക്കുന്നു. വര്‍ഷം തോറും നവംബറിനോടനുബന്ധിച്ച് ഇവ കിലോമീറ്ററുകൾ അകലെയുള്ള കടല്‍ക്കര ലക്ഷ്യമാക്കി യാത്ര തിരിക്കും. ഇവയെ പിന്തുടർന്നു പെണ്‍ഞണ്ടുകളുമെത്തും. അവിടെ വച്ച് ഇണചേരുന്ന ഞണ്ടുകള്‍ കടല്‍ത്തീരത്തു മുട്ടകളിട്ട ശേഷം  മഴക്കാടുകളിലേക്കു മടങ്ങും. മുട്ടവിരിഞ്ഞു പുറത്ത് വരുന്ന കുഞ്ഞുഞണ്ടുകള്‍ പ്രകൃതിയുടെ വിളി കേട്ടെന്നതുപോലെ അച്ഛനമ്മമാരെ പിന്തുടർന്നു മഴക്കാടുകളിലെത്തും. ഞണ്ടുകളുടെ ഹണിമൂൺ സഞ്ചാരം ദീപിലെ പ്രധാന ആഘോഷമാണ്.  


ഞണ്ടുകളുടെ സഞ്ചാരത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ദ്വീപില്‍ ചെറിയ ‘ലോക്ഡൗണ്‍’ തന്നെ നടപ്പിലാക്കും. പ്രധാന റോഡുകൾ കയ്യേറി യാത്രയാകുന്ന ഇവയ്ക്കു തടസ്സമില്ലാതെ സഞ്ചരിക്കാന്‍ പ്രത്യേക റോഡുകളും മേല്‍പ്പാലങ്ങളും പണിതിട്ടുണ്ട്. വാഹനങ്ങള്‍ വേഗം കുറച്ചാണു നിരത്തുകളിലൂടെ പോകുക. ചില റോഡുകൾ പൂർണമായി അടയ്ക്കും. ‘ഈ ഞണ്ടുകള്‍ ദ്വീപിന്റെ ആത്മാവാണ്. അവരെ സംരക്ഷിക്കേണ്ടതു ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’ ഗൈഡ് മൈക്കിൾ പറഞ്ഞു.

ADVERTISEMENT