അന്നപൂർണ മലനിരകളുടെ മടിയില് സ്വർഗം പോലൊരു ഗ്രാമം, ഗണ്ഡ്രുക്
Mail This Article
മലകയറ്റവും ട്രെക്കിങ്ങും ആസ്വദിക്കാൻ നേപ്പാളിലെത്തുന്ന സഞ്ചാരികൾക്ക് പഴമയുടെ മധുരത്തോടെ ഊഷ്മളമായ ആതിഥേയത്വം പകരുന്ന ഗ്രാമമാണ് ഗണ്ഡ്രുക്. മലനിരകളാൽ ചുറ്റപ്പെട്ടയിടം. കല്ല് കെട്ടി പടുത്ത്, സ്ലേറ്റ് കല്ലുകളാൽ മേൽക്കൂര പാകിയ കെട്ടിടങ്ങൾ, ചോളവും നെല്ലും പലവിധം പച്ചക്കറികളും സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങൾ, വർണ തിളക്കമുള്ള വേഷവിധാനങ്ങളിൽ ഗ്രാമീണർ, പ്രാദേശികമായ നേപ്പാളി ഭാഷയ്ക്കൊപ്പം ലോകത്തിന്റെ നാനാഭാഗാത്തു നിന്നെത്തിയവരുടെ ഭാഷകൾ അലയടിക്കുന്ന അന്തരീക്ഷം...കാഠ്മണ്ഡുവിനും പൊഖാറയ്ക്കുമൊക്കെ അപ്പുറത്ത്, അന്നപൂർണ മലനിരകളുടെ മടിത്തട്ടിലുള്ള ഗണ്ഡ്രുക് ഗ്രാമം സഞ്ചാരികൾക്ക് പകരുന്നത് സ്വർഗതുല്യമായ അനുഭവമാണ് ഒരുക്കുന്നത്.
മലകയറ്റവും ട്രെക്കിങ്ങും ആസ്വദിക്കാൻ നേപ്പാളിലെത്തുന്ന സഞ്ചാരികൾക്ക് പഴമയുടെ മധുരത്തോടെ ഊഷ്മളമായ ആതിഥേയത്വം പകരുന്ന ഗ്രാമമാണ് ഇത്. ഗാംഭീര്യമുള്ള കൊടുമുടികളുടെയും സ്വച്ഛമായ ഗുരുങ് ജനങ്ങളുടെയും ഇടപഴകലും ഒന്നിച്ച് ആസ്വദിക്കാം.
പഴമയുടെ മധുരം ആസ്വദിക്കാൻ നേപ്പാളിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകളുടെയും അനുഭവങ്ങളുടെ സ്വർഗമൊരുക്കുന്ന പശ്ചിമ നേപ്പാളി ഗ്രാമമാണ് ഗണ്ഡ്രുക്. അന്നപൂർണ ട്രെക്ക് സർക്കീട്ടിന്റെ പാതയിൽ ഉൾപ്പെടുന്ന ഈ ഗ്രാമം പ്രകൃതിയുടെയും സ്വച്ഛമായ ഗ്രാമീണ ജീവിതത്തിന്റെയും ഹിമാലയൻ വന്യതയുടെയും എല്ലാം സൗന്ദര്യം ഒത്തിണങ്ങുന്ന ഇടമാണ്.
കല്ലുകളുടെ ഗ്രാമം
ഗണ്ഡ്രുക് എന്നാൽ നേപ്പാളി ഭാഷയിൽ കല്ലുകൾ എന്നാണ് അർത്ഥം. 'േസ്റ്റാൺ വില്ലേജ്' എന്നും വിളിപ്പേരുണ്ട്. സഞ്ചാരികൾക്കിടയിൽ ഗംഭീര ഹോംസ്‌റ്റേകൾക്കും ഏറെ ഉയർന്ന മലനിരകളുടെ മനോഹര ദൃശ്യങ്ങൾക്കും ഇവിടം പ്രശസ്തമാണ്. നേപ്പാളിലെ കസ്കി ജില്ലയിലെ അന്നപൂർണ പ്രദേശത്താണ് ഈ ഗ്രാമം. സമുദ്രനിരപ്പിൽ നിന്നും 1945 മീറ്റർ (6381 അടി) ഉയരത്തിലാണ് ഗണ്ഡ്രുക്. ട്രെക്ക് ചെയ്യാൻ എത്തുന്നവർക്ക് പ്രകൃതിയുടെ സൗന്ദര്യവും സമ്പന്നമായ പരമ്പരാഗത സംസ്കാരവും ഒരുമിച്ച് ആസ്വദിക്കാം.
അന്നപൂർണ ദക്ഷിണം (7,225 മീറ്റർ), ഹിചുലി (6,441 മീറ്റർ), ഗംഗാപുര്‍ണ്ണ (7,455 മീറ്റർ), മാച്ചപുച (6,995 മീറ്റർ) തുടങ്ങി അനേകം മലനിരകൾ ചേർന്ന 360 ഡിഗ്രി കാഴ്ച ഗണ്ഡ്രുക് സമ്മാനിക്കുന്നു. ഹിമാലയത്തിനു മേൽ സൂര്യപ്രകാശം പ്രതിഫലിക്കുന്ന കാഴ്ചയും ഇവിടെ നിന്ന് ആസ്വദിക്കാം. അന്നപൂർണ പ്രദേശത്ത് ട്രെക്ക് ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഘോറിപാണി പൂൺ ഹിൽ, അന്നപൂർണ ബേസ് ക്യാംപ്, അന്നപൂർണ റൗണ്ട് ട്രെക്ക് എന്നിവയിൽ പങ്കെടുക്കുന്നവർ ഈ ഗ്രാമത്തിൽ രാത്രി ചെലവിടാറുണ്ട്.
ചോളം കൊണ്ട് തോരണം
ഗ്രാമത്തിലേക്ക് ഞങ്ങൾ കയറുമ്പോൾ തന്നെ അടുത്തടുത്തായി കാണുന്ന കുഞ്ഞു വീടുകൾ കാണാം. ഒരു ക്ലസ്റ്റർ പോലെ. വീടുകൾക്ക് ഇടയിലൂടെ നടന്നു പോകാൻ ചെറിയ ഇടവഴികൾ. താമസക്കാരായി ഇവിടെ അധികം ആളുകളില്ല. എല്ലായിടത്തും പുഞ്ചിരി തൂകുന്ന മുഖം. കുട്ടിക്കൂട്ടം ആഘോഷപൂർവം കളികളിലാണ്. അവരുടെ ഗ്രാമത്തിന് പുറത്തു നിന്ന് വരുന്ന ആൾക്കാരെ കാണുമ്പോൾ അദ്ഭുതത്തോടെ നോക്കിനിൽക്കും. ട്രെക്കിങ്ങിന്റെ പ്രധാനറൂട്ടായതിനാലാണത്രേ ഇത്രയും കൂടുതൽ ഹോംേസ്റ്റകൾ ഈ ഗ്രാമത്തിലുണ്ടായത്. തണുപ്പ്, എല്ലുകൾ തുളച്ച് കയറുന്നു. പോകുന്ന വഴിയിലെല്ലാം കടും നിറത്തിലുള്ള പലവിധം പൂക്കൾ. മിക്ക വീടിനും ചുറ്റുമായി തോരണം തൂക്കിയപോലെ ചോളം കെട്ടിയിരിക്കുന്നു. വ്യാപാര പാതയിൽ ഒരു പ്രധാന ഇടത്താവളമാണ് ഇന്നും ഈ ഗ്രാമം. ബ്രിട്ടീഷ്, ഇന്ത്യൻ സൈന്യങ്ങളിലുണ്ടായ ഗൂർഖാ സൈനികന്മാരുടെ സമ്പന്നമായ ചരിത്രമുണ്ടായിരുന്നത്രേ ഇവിടെ. പാറയും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത ഗുറുങ് വീടുകൾ. അത് അലങ്കരിച്ചിരിക്കുന്ന ചോളമാലകൾ. സഞ്ചാരികൾക്ക് ഗുറുങ് സമൂഹത്തെ പരിചയപ്പെടാനും അവരുടെ ആചാരങ്ങളും അറിയാനും, പരമ്പരാഗത നൃത്തങ്ങൾ കാണാനും, അവിടെ നടത്തുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ട്.
ഗണ്ഡ്രുകിലെ ഗുരുങ് സമൂഹം
ടിബറ്റൻ വംശത്തിൽ നിന്ന് രൂപപ്പെട്ടതെന്ന് കണക്കാക്കുന്ന ഗുരുങ് വിഭാഗത്തിൽപ്പെട്ടവരാണ് ഗണ്ഡ്രുക് നിവാസികൾ. ഗുറുങ് ഗ്രാമം അതിന്റെ കയ്യൊപ്പുള്ള പ്രവർത്തനത്തിനും, പ്രത്യേകിച്ച് ഹാൻഡിക്രാഫ്റ്റുകളിലും പ്രശസ്തമാണ്. സ്ത്രീകൾ പരമ്പരാഗത നെയ്ത്തിലൂടെ അതി സങ്കീർണമായ പാറ്റേണുകൾ നിർമ്മിക്കുന്നത് കാണാം. ഇത് അവരുടെ സജീവമായ സാംസ്കാരികതയുടെ പ്രതിരൂപമാണ്.
ഗുറുങ് സമുദായത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ് അവരുടെ ഉറപ്പുള്ള വീടുകൾ. പാറക്കല്ലുകളും മരങ്ങളും മണ്ണും ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. ഗുരുങ് സ്ത്രീകൾ (ഗുരുങ്‌നികൾ) മുഗിയ, ജാരി, മഖമലി ചോലോ, പട്ടുക, ഘാലെക്, ടിലാരി, ജന്തർ, റിബാൻ, ചുറ, നോവ്ഗേദി എന്നീ വേഷങ്ങൾ ധരിക്കുന്നു. ഗുരുങ് സമൂഹം സംഗീതത്തെയും ഗൗരവത്തോടെ സമീപിക്കുന്നു. അവരുടെ ഉത്സവങ്ങളിലോ വിവാഹകാലങ്ങളിലോ സംഗീതം പ്രധാന ഘടകമാണ്.