ADVERTISEMENT

പ്രകാശം തേടിയുള്ള യാത്ര. െഎടി രംഗത്തെ കരിയർ ഉപേക്ഷിച്ചു ഫൊട്ടോഗ്രഫിയിലേക്കു തിരിയാനുള്ള തീരുമാനത്തെ അരുൺ അങ്ങനെയാണു വിശേഷിപ്പിക്കുക. പ്രിയപ്പെട്ടവർ എതിർപ്പുമായെത്തിയപ്പോഴും ഹൃദയം പറയുന്നതു കേൾക്കാനാണ് അരുൺ തീരുമാനിച്ചത്.

ADVERTISEMENT

ഫൊട്ടോഗ്രഫി മേഖലയിൽ കാലുറപ്പിച്ചപ്പോഴേക്കും വില്ലനായി കോവിഡെത്തി. ഒന്നിനു പുറകെ ഒന്നായെത്തിയ വെല്ലുവിളികൾ അതിജീവിച്ച അരുൺ ഹെഗ്ഡെനു കാലം നൽകിയതു മികച്ച ചിത്രങ്ങളുടെ മേൽവിലാസമാണ്. സഞ്ചാരവും ഫൊട്ടോഗ്രഫിയും കഥപറച്ചിലും ചേർത്തുവയ്ക്കുന്ന ‘ടെയ്ൽസ് ആൻഡ് ട്രെയ്ൽസ് ’ എന്ന കൂട്ടായ്മയുടെ ഫൗണ്ടർ കൂടിയാണു മലയാളിയായ അരുൺ ഹെഗ്ഡെൻ.

പുതിയ കാഴ്ചകൾ

ADVERTISEMENT

കോട്ടയം ഏറ്റുമാനൂരാണു നാട്. വരയോടും വർണങ്ങളോടുമായിരുന്നു കുട്ടിക്കാലത്തു താല്പര്യം. ഏയ്റോസ്പേസ് എൻജിനിയറിങ് പഠനകാലത്തു സ്വന്തമാക്കിയ ക്യാമറാഫോണിൽ ചിത്രങ്ങൾ പകർത്തി തുടങ്ങിയതോടെയാണു മനസ്സിൽ ഫൊട്ടോഗ്രഫി ഇടം പിടിച്ചത്. പഠനം കഴിഞ്ഞു മൈസൂർ ഇൻഫോസിസിൽ േജാലി കിട്ടി. അപ്പോഴും ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടം മാഞ്ഞുപോയില്ല. ഫൊട്ടോഗ്രഫി കൂട്ടായ്മകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴുള്ള അഭിനന്ദനങ്ങൾ ഊർജമായി. കൂടുതൽ മികവുള്ള ചിത്രങ്ങൾക്കു വേണ്ടി ക്യാമറയും സ്വന്തമാക്കി.

വഴിത്തിരിവായ ചിത്രം

ADVERTISEMENT

സുന്ദരമായ കാഴ്ചകൾ തേടിയാണു യാത്ര ചെയ്യാൻ തുടങ്ങിയത്. 2013 ൽ സുഹൃത്തുക്കളോെടാപ്പം ലഡാക്കിലേക്കു ബൈക്കിൽ യാത്ര പോയി. അവിടെ നിന്നു ചിത്രങ്ങൾ പകർത്തി. ആ ചിത്രങ്ങളിലൊന്ന് ചെന്നൈയിൽ വീക്കെൻഡ് ക്ലിക്കേഴ്സ് എന്ന സംഘടന 2014ൽ ലളിതകലാ അക്കാദമിയിലെ മേളയിൽ പ്രദർശിപ്പിച്ചു. ഞാൻ ആദരവോടെ കണ്ടിരുന്ന ഫൊട്ടോഗ്രഫേഴ്സ് ‘ അടുത്ത കാലത്തു കണ്ട നല്ല ചിത്രം’ എന്നു പറഞ്ഞാണ് എന്നെ അഭിനന്ദിച്ചത്. ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസമേകി.ഹോബി എന്ന നിലയിൽ നിന്നു കുറേക്കൂടി ഗൗരവമായി ഫൊട്ടോഗ്രഫിയെ കാണണമെന്ന് അന്നു ഞാൻ തീരുമാനിച്ചു.

പിന്നീട് ഫൊട്ടോഗ്രഫി പ്രോജക്ടുകൾ ഏറ്റെടുത്തു. നല്ല ചിത്രങ്ങളും കഥകളും തേടി കൂടുതൽ സഞ്ചരിക്കാൻ തുടങ്ങി. കടം വാങ്ങിയാണു പലപ്പോഴും യാത്രകൾക്കു വേണ്ടി പണം കണ്ടെത്തിയത്. 2014 ൽ വെഡ്ഡിങ് ഫൊട്ടോഗ്രഫി ആരംഭിച്ചു. തുടക്കകാലത്തു തിരിച്ചടികളും വിമർശനങ്ങളും നേരിടേണ്ടി വന്നു.

പാഷനു പിന്നാലെ

2018 ൽ ഞാൻ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനമെടുത്തു. ജോലി രാജി വയ്ക്കുക. പിന്നീട് ചിത്രങ്ങൾ പകർത്താൻ െഎസ്‍ലൻഡിലേക്കു പോയി. ആദ്യ രാജ്യാന്തരയാത്ര. ജീവിതം മാറിമറിഞ്ഞു. കൈ നിറയെ പ്രോജക്ടുകൾ തേടിയെത്തി. കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ േകാവിഡും േലാക്ഡൗണും വന്നു. ജോലിയില്ല. വരുമാനമില്ല. ഞാൻ തിരഞ്ഞെടുത്തതു ശരിയായ വഴിയാണോയെന്നു പലപ്പോഴും സംശയം തോന്നി. അപ്പോഴെല്ലാം ഞാൻ എന്റെ ക്യാമറ ചേർത്തു പിടിച്ചു. ഒപ്പം പ്രതീക്ഷയും.

ലോക്ഡൗൺ കഴിഞ്ഞതോടെ വീണ്ടും ഫൊട്ടോഗ്രഫിയിലേക്കു തിരിച്ചെത്തി. 25 ലേറെ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിച്ചു. 2022 ൽ ഫൊട്ടോഗ്രഫി ടൂർ സംഘടിപ്പിക്കാൻ തുടങ്ങി.

2023 ൽ സ്പിതി താഴ്‌വരയിൽ ക്യാംപ്ഫയറിനു ചുറ്റുമിരുന്നു ഞങ്ങൾ കഥ പറയുമ്പോഴാണു ‘ടെയ്ൽസ് ആൻഡ് ട്രെയ്ൽസ്’ എന്ന ആശയം മനസ്സിൽ ഉടലെടുത്തത്... ഫൊട്ടോഗ്രഫി ആംഗിളിലെ ക്യുറേറ്റഡ് യാത്രയാണു ‘ടെയ്ൽസ് ആൻഡ് ട്രെയ്‍ൽസ്’ സമ്മാനിക്കുക.മനോഹരമായ പ്രകൃതിദൃശ്യം, സുന്ദരമായ സൂര്യോദയവും സൂര്യാസ്തമയവും തെളിയുന്ന ഇടങ്ങൾ... ഇങ്ങനെ ഭംഗിയിൽ കാഴ്ചകൾ അടുക്കിയൊരുക്കിയ, മെല്ലെപ്പോകുന്ന യാത്രയാണിത്. ഈ ആശയം മനസ്സിലാകുന്നവരെ മാത്രമാണ് ഒപ്പം കൂട്ടാറ്.

കരിങ്കുളികൻ തെയ്യം

അപ്രതീക്ഷിതമായ നേരങ്ങളിലാകും ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ പിറവി. കണ്ണൂരുള്ള സുഹൃത്തുക്കൾ ക്ഷണിച്ചിട്ടാണു തെയ്യം കാണാൻ മട്ടന്നൂരിനടുത്തുള്ള കാവിലെത്തിയത്. നല്ല ചിത്രം കിട്ടുമെന്ന പ്രതീക്ഷയില്ലാതെയാണ് അവിടെയെത്തിയത്. ഞങ്ങൾ അവിടെ എത്തുമ്പോൾ തിരക്കൊന്നുമില്ല. ആളുകളൊന്നുമില്ലല്ലോയെന്ന് ആദ്യം ചിന്തിച്ചു. തെയ്യം തുടങ്ങാറായപ്പോഴേക്കും നല്ല തിരക്ക്. കരിങ്കുളികൻ തെയ്യമാണ്. ഇടയ്ക്കു തെയ്യം ക്യാമറയിലേക്കു നോക്കുന്നതു പോലെയുള്ള ഭാവം കിട്ടി. ആ ചിത്രം വൈറലായി...

ADVERTISEMENT