ട്രെക്കിങ് ഇഷ്ടമെങ്കിൽ പുറപ്പെട്ടോളൂ. മാർച്ച് മുതൽ ജൂൺ വരെയുള്ള സീസണിൽ മനോഹാരിതയേറും ത്രിയുണ്ടിലേക്ക്...
Mail This Article
ത്രിയുണ്ടിലേക്കു യാത്ര പോകാൻ ഇതാണു യോജിച്ച സമയം. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലത്തു മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയുമായാണു ത്രിയുണ്ട് സഞ്ചാരികളെ വരവേൽക്കുക. ത്രിയുണ്ടിേലക്കുള്ള ട്രെക്കിങ്ങിൽ കണ്ട കാഴ്ചകളിലൂടെ സഞ്ചരിച്ചാലോ?...
ബേസ് പോയ്ന്റിലെ ഗല്ലു ടെംപിൾ
ഗല്ലു ടെംപിളും ഒന്ന് രണ്ട് ചെറിയ കടകളും ചേർന്നതാണു ത്രിയുണ്ടിന്റെ ബേസ് പോയിന്റ്. അവിടെ അൽപനേരം വിശ്രമിക്കാൻ തീരുമാനിച്ചു. അടുത്തുള്ള കടയിൽ നിന്ന് കടുപ്പത്തിലുള്ള കാപ്പിയും നാരങ്ങാവെള്ളവും ഓർഡർ ചെയ്തു.
തൊട്ടടുത്തുള്ള ഗല്ലു ടെംപിളിലേക്കു നടന്നു. തീരെ ചെറിയ അമ്പലം. ഗല്ലു ദേവിയാണു പ്രതിഷ്ഠ. അമ്പലം ചുറ്റിനടന്നു തിരിച്ചെത്തിയപ്പോഴേക്കും കാപ്പിയും നാരങ്ങാവെള്ളവും ടേബിളിലെത്തിയിട്ടുണ്ട്.
ഇൻഫാസ് ആസ്വദിച്ചു കാപ്പി കുടിക്കുമ്പോഴാണ് എനിക്ക് അക്കിടി മനസ്സിലായത്. തണുപ്പും പുളിയും കാരണം നാരങ്ങാവെള്ളം വായിൽ വയ്ക്കാൻ പോലുമാവുന്നില്ല. വേറെ വഴിയില്ലാതെ ഒരു കാപ്പി വാങ്ങിക്കുടിച്ചു.
ബാഗുകൾ ആ കടയിലേൽപിച്ച് അത്യാവശ്യസാധനങ്ങളുമായി ഞങ്ങൾ മലകയറിത്തുടങ്ങി. അധികം കുത്തനെയല്ലാത്തതും അത്ര നിരപ്പല്ലാത്തതുമായ പാതയാണു ത്രിയുണ്ടിലേക്കുള്ളത്. വേറെയും യാത്രക്കാർ വഴിയിലുടനീളമുണ്ട്.
ആദ്യമാദ്യം കാണുന്നതു വീതിയുള്ള കല്ലുകളിട്ട റോഡാണ്. മുന്നോട്ടു പോകുന്തോറും റോഡിന്റെ വീതി കുറഞ്ഞും കല്ലുകളുടെ വലുപ്പം കൂടിയും വരുന്നതറിയാം.
മെല്ലെപ്പോക്കിന്റെ യുട്ടോറി സങ്കൽപം
പ്രകൃതി ഭംഗി ആസ്വദിച്ചും ഫോട്ടോയും വിഡിയോയുമെടുത്തും മെല്ലെയാണ് എന്റെയും ഇൻഫാസിന്റെയും നടപ്പ്. ബോധപൂർവം കാര്യങ്ങൾ മെല്ലെയാക്കുക എന്നതാണു ജാപ്പനീസിലെ ‘യുട്ടോറി’ എന്ന സങ്കൽപം. യാത്രകളിലാണു ഞാനതു കൂടുതലും പ്രാവർത്തികമാക്കാറ്. എത്തിച്ചേരുന്ന ലക്ഷ്യത്തേക്കാൾ എന്നെ എപ്പോഴും ആവേശം കൊള്ളിക്കുന്നത് അവിടേക്കെത്താനുള്ള വഴികളും ആ വഴികൾ സമ്മാനിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്.
ഗല്ലു ടെംപിളിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലെയുള്ള ത്രിയുണ്ടിലേക്ക് ആദ്യമായി യാത്ര ചെയ്യുന്ന ആളുകൾക്കു പോലും വലിയ പ്രയാസമില്ലാതെ ട്രെക്കിങ് നടത്താം. സമുദ്രനിരപ്പിൽ നിന്ന് 2150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ത്രിയുണ്ടിൽ നിന്നു കാംഗ്ര താഴ്‌വരയുടെയും ധൗലാധാർ പർവതനിരകളുടെയും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാനാകും. ഹിമാചലിലെ അനേകം ട്രെക്കിങ് പാതകളിൽ അനായാസവും മനോഹരവുമായ ഒന്നാണ് ത്രിയുണ്ട്.
മനോഹരപാതയിലേക്ക്
ഞങ്ങളുടെ നടത്തം പകുതി ദൂരം പിന്നിട്ടു. തീരെ ചെറിയ നടപ്പാതയുടെ ഒരു ഭാഗത്തു കുത്തനെയുള്ള പച്ചപ്പട്ടണിഞ്ഞ മലകളും മറുഭാഗത്തു വലിയ താഴ്ചയിലുള്ള കൊക്കയുമാണ്. എവിടേക്കു നോക്കിയാലും കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ. മുന്നോട്ടു നടക്കുന്തോറും ആ കാഴ്ചകളുടെ മനോഹാരിതയേറുകയാണ്.
ഓക്ക് മരങ്ങളെ പിന്തള്ളി മുന്നോട്ടു നടക്കുമ്പോൾ ക്ഷീണിക്കുന്ന കാലുകൾക്ക് ഊർജം പകർന്നതു മുകളിലെ കാഴ്ചകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. മുന്നോട്ടു പോകുന്തോറും താഴേക്കു നോക്കുമ്പോൾ ഭയത്തിനു പകരം ഒരുതരം ഉന്മാദമാണ് അനുഭവപ്പെട്ടത്. പ്രകൃതിയെ ഏറ്റവും മനോഹരമായി കാണാനാകുന്ന അപൂർവ അവസരങ്ങളാണല്ലോ ഇതെല്ലാം.
നാലു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവിൽ ഞങ്ങൾ ത്രിയുണ്ടിന്റെ ഒടുവിൽ ഏറ്റവും ഉയരെ എത്തി. പ്രകൃതിയുടെ സർവഭംഗിയുമണിഞ്ഞു നിൽക്കുകയാണു ത്രിയുണ്ട്. ചുറ്റും പർവതങ്ങൾ തലയുയർത്തി നിൽക്കുന്നു. അവയെ മൂടിയ മഞ്ഞിൽ വെയിലിന്റെ തിളക്കം. മുന്നിലുള്ളതു സ്വർണമലകളെന്നേ തോന്നൂ. കുറച്ചു സമയം മതിമറന്നു നിൽക്കുമ്പോഴേക്കും പൊടുന്നനെ മഴ പെയ്യാൻ തുടങ്ങി.
മഴ കനത്തപ്പോൾ എല്ലാവരും ആകെയുള്ള രണ്ടു കടകളിലേക്കായി ഓടിക്കയറി. പ്രത്യേകതരം ഓല മേഞ്ഞ് അതിന് മുകളിൽ ടാർപോളിൻ ഷീറ്റിട്ട ചെറിയ കടകളാണത്. കൊടുംതണുപ്പായതുകൊണ്ട് ആളുകൾ ചൂടുചായയും മാഗിയുമെല്ലാം ഓർഡർ ചെയ്യുന്നുണ്ട്. അടുപ്പിൽ നിന്നെടുത്തു നിമിഷങ്ങൾക്കുള്ളിൽ അതു തണുക്കുകയും ചെയ്യും.
നല്ല വിശപ്പുണ്ട്. ഒരു പ്ലേറ്റ് രാജ്മ ചാവലിന് ഓർഡർ നൽകി. മുന്നൂറു രൂപ വില. ഇത്ര ഉയരത്തിൽ സാധനങ്ങളെല്ലാം ചുമന്നെത്തിച്ചും കൊടുംതണുപ്പ് അതിജീവിച്ചുമാണ് അവർ ഈ കട നടത്തുന്നത്. അതുകൊണ്ടു വില കൂടുതലായി തോന്നിയില്ല. ഭക്ഷണം കഴിച്ചപ്പോഴേക്കും മഴ മാറി വീണ്ടും അന്തരീക്ഷം തെളിഞ്ഞു.
മനസ്സില്ലാമനസ്സോടെ മടക്കയാത്ര
യാത്രക്കാരെല്ലാം കടകൾക്കു പുറത്തിറങ്ങി വീണ്ടും ആ നയനമനോഹര താഴ്‌വരയിലൂടെ ഉലാത്താൻ തുടങ്ങി. ദോലാദാറിന്റെ സ്വർണമലകളുടെ ആ സൗന്ദര്യവലയത്തിൽ മതിമറന്നു നിന്നു. ത്രിയുണ്ടിലെത്തുന്ന ഭൂരിഭാഗം േപരും ആ ദിവസം അവിടെ ക്യാംപ് ചെയ്ത് അടുത്ത ദിവസമാണു തിരിച്ചിറങ്ങുക. സൂര്യോദയം കണ്ടു പതിയെ മലയിറങ്ങാം. ഞങ്ങൾക്കു പെട്ടെന്നു തിരികെയെത്തേണ്ടതുണ്ട്. അതുകൊണ്ട് അവിടെ തങ്ങേണ്ട എന്ന തീരുമാനത്തിലെത്തി. മനസ്സില്ലാമനസ്സോടെയാണു ഞങ്ങളാ സ്വർണമലയിറങ്ങിയത്.