ADVERTISEMENT

കരെഡിയോ മെയ്‌ദം,‘കുന്നുകളുടെ മുകളിലെ തിളങ്ങുന്ന നഗരം’, ‘കരെഡിയ’ എന്ന തായ് വാക്കിന്റെ അർത്ഥം അതാണ്. അഹോം രാജാക്കന്മാരുടെ ആദ്യ തലസ്ഥാനം എന്ന് പുകൾപ്പെറ്റയിടം. പിന്നീട് തലസ്ഥാനം പല സ്ഥലങ്ങളിലേക്ക് മാറിമറിഞ്ഞുവെങ്കിലും കരെഡിയ തന്റെ ആദ്യത്തെ പ്രതാപം എല്ലാ കാലവും നിലനിർത്തി. ഉയർന്നു നിൽക്കുന്ന പച്ചപ്പുൽക്കുന്നുകൾ. യുനെസ്കോയുടെ പൈതൃക പട്ടികയിൽ കരെഡിയോ കുന്നുകൾ സ്ഥാനം നേടിയിട്ടുണ്ട്. ജീവനില്ലാത്തവരുടെ പ്രതാപം നിലനിർത്താനായി ജീവനുള്ളവരെയും അടക്കിയെന്നു ദുഷ്പേരുള്ള സ്ഥലമാണിത്. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റെതാണ്. ധാരാളം നിലവറകളുള്ള, വിലയേറിയ സ്വത്തുക്കളാലും രാജാക്കന്മാരുടെ ശവശരീരങ്ങളാലും നിറയ്ക്കപ്പെട്ട മെയ്ദങ്ങൾ. ഏതാണ്ട് ആറ് നൂറ്റാണ്ടുകൾ അസമിനെ ഭരിച്ച അഹോം രാജാക്കന്മാരുടെ അന്ത്യവിശ്രമ കുടീരങ്ങളാണ് മെയ്ദങ്ങൾ.

കിഴക്കൻ അസാമിൽ പട്കായ് മലനിരകളുടെ താഴ്‌വരയിൽ ജലാശയങ്ങളാലും വൃക്ഷലതാദികളാലും പച്ച പുൽത്തകിടിയാലും ചുറ്റപ്പെട്ട മനോഹര സ്ഥലം. കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി. ഈജിപ്തിലെ പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇതിന്റെ നിർമിതി. ഫറവോമാരെപ്പോലെ മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഒരു രാജവംശത്തിന്റെ ശേഷിപ്പുകൾ...

ADVERTISEMENT

ജീവനോടെ അടക്കം ചെയ്തവർ

ahom

സ്വർണ്ണവജ്രാഭരണങ്ങളാലും ആനക്കൊമ്പിന്റെ അലങ്കാരവസ്തുക്കളാലും മോടി കൂട്ടിയ ഒരിടം. തദ്ദേശീയനായ ഒരാൾ ചെവിയിൽ വന്നു പറഞ്ഞത് മരിച്ചുപോയ രാജാവിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുചരരെ കൂടെ ജീവനോടെ അടക്കം ചെയ്തതിന്റെ കഥകളാണ്.

ADVERTISEMENT

ഏതാണ്ട് 10 പേരെയെങ്കിലും ജീവനോടെ രാജാക്കന്മാരുടെ കൂടെ അടക്കം ചെയ്തിട്ടുണ്ടത്രെ. മരണാനന്തര ജീവിതത്തിലും അനുചരന്മാരില്ലാതെ എന്ത് രാജജീവിതം! ഒടുവിൽ രുദ്രസിൻഹ രാജാവിന്റെ കാലത്താണ് അതിനു മാറ്റം വന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ അഹോം രാജാക്കന്മാർ ഹിന്ദുമതം സ്വീകരിച്ചതോടുകൂടി ഈ മരണാനന്തര ജീവിതങ്ങൾക്ക് പൂർണമായും മാറ്റം വന്നു.

ahom3

തായ് പദമായ ഫ്രാങ്ക് മായ് ദം എന്ന വാക്കിൽ നിന്നും മെയ്ദം എന്ന വാക്കുണ്ടായത് എന്ന് കരുതുന്നു. ‘ഫ്രാങ്ക് മായ്’ എന്നാൽ അടക്കുക എന്നർത്ഥം. ‘ദം’ എന്നാൽ ആത്മാവ് എന്നും.

ADVERTISEMENT

കിഴക്കൻ അസാമിലെ ജോർഖണ്ഡ്, ദിബ്രുഗഡ് ജില്ലകളിൽ എല്ലാം ഈ മെയ്‌ദങ്ങൾ വ്യാപിച്ചു കിടക്കുന്നു. ഏതാണ്ട് 150 മെയ്ദങ്ങളിൽ 90 എണ്ണം മാത്രമാണ് പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്നത്. ബാക്കിയുള്ളതൊക്കെയും തദ്ദേശീയരാൽ കൊള്ളയടിക്കപ്പെട്ടും മറ്റും നാശത്തിന്റെ വക്കിലാണ്.

മെയ്ദങ്ങളുടെ ആകൃതി

ahoom2

ആഘോഷിക്കപ്പെടേണ്ട ആത്മാവിന്റെ മരണാനന്തര ജീവിതമാണ് ഈ കുന്നുകളിലുടനീളം കാണാൻ കഴിയുക. അക്കാലം ഒരു മെയ്ദത്തിന്റെ നിർമാണം നാലുമാസം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയായിരുന്നത്രേ. ഓരോ മെയ്ദമിനും വ്യക്തമായ രൂപ ഘടനയുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഒരു അറ . അറയുടെ മുകളിൽ ഗോളാകൃതിയിലുള്ള മൺകൂന. ഇതിനുമുകളിൽ മൺകട്ടകൾ കൊണ്ടുണ്ടാക്കിയ സ്തൂപം. ഇങ്ങനെയാണ് പൊതുവെ കാണുന്നത്.

ahoom3

മധ്യകാല ഏഷ്യയിലെ ഏറ്റവും പ്രതാപികൾ ആയിരുന്ന അഹോം രാജാക്കന്മാരുടെ പ്രൗഢി വെളിപ്പെടുത്തുന്നതാണ് ഇതിന്റെ നിർമ്മാണ രീതികളും. ഇന്ന് പുരാവസ്തു ഗവേഷകരുടെ ഇഷ്ടഭൂമിയാണിത്. രാജാക്കന്മാരുടെ പ്രാധാന്യം അനുസരിച്ച് മെയ്ദത്തിന്റെ വലിപ്പവും കൂടും. പ്രകൃതിക്ഷോഭങ്ങളാൽ മിക്കതിനും തേയ്മാനം സംഭവിച്ചിട്ടുണ്ട്.

അക്കാലത്ത് പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമേ രാജാവിന്റെയും രാജ്ഞിയുടെയും മൃതദേഹങ്ങൾ സ്പർശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. അവരെ മരണശേഷം കുളിപ്പിക്കുന്ന കുളക്കടവും മൃതദേഹം കൊണ്ടുപോകാനുമുള്ള വഴികളും പോലും പ്രത്യേകമായിരുന്നു. രാജകീയ ശവപ്പെട്ടികൾ ഉണ്ടാക്കുന്നതിനു പ്രത്യേക മരം പോലും ഉണ്ടായിരുന്നു.

കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ, രാജകീയ മുദ്രകൾ, വസ്ത്രങ്ങൾ, ഇതെല്ലാം ഇവിടെ നിന്ന് ഇപ്പോൾ ആർക്കിയോളജിക്കൽ മ്യൂസിയങ്ങളിൽ എത്തിക്കഴിഞ്ഞു. വെള്ളി കൊണ്ട് ഉണ്ടാക്കിയ പല്ലുകുത്തി വരെ ഇവിടെ നിന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ahom2

മധ്യകാല അഹോം രാജാക്കന്മാർ പ്രതാപികളായ് ജീവിച്ചു, പ്രതാപികളായി തന്നെ മരിച്ചു വാഴുന്ന ഇടങ്ങൾ.എല്ലാ രാജാക്കന്മാരും അവരുടെ പ്രമുഖന്മാരും അനുചരരും മരണശേഷം ഇവിടെയെത്തും. ചില നേരങ്ങളിൽ അനുയായികളും സഹായികളും ജീവനോടെയും അടക്കം ചെയ്യപ്പെടും. ഭാര്യമാരെയും അടക്കം ചെയ്തെന്ന കഥകളുണ്ട്.

ADVERTISEMENT