ADVERTISEMENT

ഉഴുന്നു കുഴച്ച് ഉപ്പു ചേർത്ത് പപ്പടമുണ്ടാക്കുന്ന ലാഘവത്തോടെയാണ് റഷ്യയിലെ നാണ്യവിളകളെക്കുറിച്ച് രാജൻ സംസാരിക്കുന്നത്. ഇന്ത്യയുടെ അഞ്ചിരട്ടി വലുപ്പമുള്ള അമേരിക്കയിൽ ആകെ മണ്ണിന്റെ നാലിലൊരു ഭാഗത്തു മാത്രമാണു കൃഷിയെന്നും ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചെറുപ്പക്കാർ ദൈവവിശ്വാസത്തിൽ നിന്ന് അകന്നു പോയതാണെന്നും അദ്ദേഹം ഊന്നിയൂന്നി പറഞ്ഞപ്പോൾ ചർച്ച വഴിമാറിപ്പോകുമെന്നു സംശയിച്ചു. പക്ഷേ, അതു വെറും തോന്നലായിരുന്നു. ഒരു കെട്ട് പപ്പടം കയ്യിലെടുത്ത് ടപ്പ് ടപ്പേ എന്നു രണ്ടടിയടിച്ച് ട്രാവൽ ഹിസ്റ്ററി പൊടി തട്ടിയെടുത്തു, കോട്ടയം കങ്ങഴ സ്വദേശി പി.കെ. രാജൻ. വർഷങ്ങളായി നാട്ടുകാർക്ക് രാജനോട് ഒരു കാര്യമേ ചോദിക്കാനുള്ളൂ. പപ്പട കച്ചവടം കൊണ്ട് ഇത്രയധികം വിദേശയാത്ര നടത്തുന്നതെങ്ങനെ? അവരോടു പറയാറുള്ള മറുപടി അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിച്ചു... ‘‘ദിവസക്കൂലിയിൽ നിന്ന് ചെറിയൊരു തുക നീക്കിവയ്ക്കാൻ തയാറാണെങ്കിൽ നിങ്ങൾക്കും അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലുമൊക്കെ പോകാം.’’

pappdm2

ഇതിനെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കോട്ടയം കങ്ങഴ ശിവക്ഷേത്രത്തിനു സമീപത്തു പ്രവർത്തിക്കുന്ന ശിവശക്തി പപ്പട നിർമാണ കേന്ദ്രം സന്ദർശിക്കണം. ശിവോദയ ഭവനിൽ കൃഷ്ണപിള്ളയുടെ മകൻ പി. കെ. രാജൻ പപ്പട നിർമാണം തുടങ്ങിയിട്ട് അൻപത്തഞ്ചു വർഷം പിന്നിടുന്നു. മാവു കുഴയ്ക്കുമ്പോൾ മുതൽ പപ്പടം ഉണക്കിയെടുക്കും വരെ ഉറക്കമൊഴിഞ്ഞ് അധ്വാനിക്കുന്നയാളാണു രാജൻ. വിറ്റുവരവിന്റെ പകുതി തുക യാത്രകൾക്ക് നീക്കി വയ്ക്കുമ്പോഴാണ് ജീവിതത്തിൽ സന്തോഷം നിറയുന്നതെന്ന് അദ്ദേഹം പറയുമ്പോൾ സംശയം പ്രകടിപ്പിച്ചവരുണ്ട്. അവരെ ബോധ്യപ്പെടുത്താനായി അദ്ദേഹം പാസ്പോർട്ട് കാണിച്ചു. ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, അമേരിക്ക, യൂറോപ്പ്, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പുർ, തുർക്കി, ശ്രീലങ്ക – എഴുപതു വയസ്സിനിടെ പാസ്പോർട്ടിൽ പതിഞ്ഞ വിദേശ രാജ്യങ്ങളുടെ മുദ്രകൾ...

ADVERTISEMENT

വിദേശയാത്രകൾ

pappdm

ആദ്യ യാത്ര ചൈനയിലേക്കായിരുന്നു. ചൈന, ഹോങ്കോങ്, മക്കാവു – 18 ദിവസത്തെ പാക്കേജ് ടൂർ. ‘മത ചിഹ്നങ്ങൾ പ്രടിപ്പിക്കുന്ന വസ്ത്രങ്ങളും വേഷങ്ങളും ഒഴിവാക്കണം’ ഇതായിരുന്നു ബീജിങ്ങിൽ ഇറങ്ങിയപ്പോൾ കിട്ടിയ ആദ്യ നിർദേശം. ചൈനയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്കിലും പുരോഹിതന്മാരില്ല, നടത്തിപ്പുകാരാണുള്ളത്. ബീജിങ്ങിൽ വിമാനമിറങ്ങിയ ശേഷം കമ്യൂണിസ്റ്റ് ചൈനയിലൂടെ ആറായിരം കിലോമീറ്റർ സഞ്ചരിച്ചു. വൻമതിൽ കണ്ടു. ക്ഷേത്രങ്ങളിൽ ദർശനം നടത്തി. മക്കാവുവിലെ ആഡംബര പാർട്ടികളിൽ പങ്കെടുത്തു. ചൈനയിലെ തെരുവുകളുടെ വൃത്തി മാതൃകാപരമാണ്. വഴിയോരങ്ങളിൽ കെട്ടുപിണഞ്ഞ വൈദ്യുതി ലൈനുകളില്ല, മാലിന്യക്കൂമ്പാരമില്ല, തെരുവുനായ്ക്കളില്ല. ലക്ഷക്കണക്കിനാളുകൾ വന്നു പോകുന്ന വൻമതിലിനു മുന്നിൽ പോലും ക്യൂ നിൽക്കേണ്ടി വന്നില്ല. നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിലെ തിക്കും തിരക്കും ആലോചിച്ചപ്പോൾ ചിരി വന്നു. അമേരിക്കയിൽ പോയപ്പോഴാണ് ലോകത്തിന്റെ മറ്റൊരു മുഖം കണ്ടത്. ഇന്ത്യയുടെ അഞ്ചിരട്ടിയാണ് യുഎസിന്റെ ഭൂവിസ്തൃതി. ജനവാസം നഗരങ്ങളിൽ മാത്രം. ബാക്കി ഭൂമി കാടും തരിശും. വാഷിങ്ടൺ ഡിസി, ന്യൂയോർക്ക് നഗരങ്ങൾ കാണാൻ പോയി. നയാഗ്ര വെള്ളച്ചാട്ടവും കണ്ടു. ദക്ഷിണാഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ പകുതി വലുപ്പമുള്ള പ്രവാഹമാണ് നയാഗ്ര ഫാൾസ്. പക്ഷേ, അമേരിക്കയിലായതിനാൽ അതിനു കൂടുതൽ പരസ്യം കിട്ടി.

pappadam2
ADVERTISEMENT

വാഷിങ്ടണിലേക്ക് ബസ് യാത്രയായിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ മുൻവശത്തു നിന്നു സന്ദർശകർക്ക് ഫോട്ടോ എടുക്കാം. അവരുടെ പാർലമെന്റിലും ടൂറിസ്റ്റുകൾക്കു പ്രവേശനമുണ്ട്. നമ്മുടെ നാട്ടിലോ? ന്യൂയോർക്ക് സിറ്റി ടൂർ രസകരമാണ്. തീവ്രവാദികൾ തകർത്ത വേൾഡ് ട്രേഡ് സെന്റർ സ്മാരകം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. മുപ്പത്തഞ്ചു കോടി അമേരിക്കക്കാരുടെ മനസ്സിൽ ഇന്നും നീറുന്ന വേദനയാണ് 2001ലെ ഭീകരാക്രമണം.

ഗാന്ധിയെ സ്നേഹിക്കുന്ന ആഫ്രിക്ക

pappadam
ADVERTISEMENT

ആഫ്രിക്ക പാക്കേജ് ടൂർ പോകുമ്പോൾ താമസം ഫൈവ് സ്റ്റാർ ഹോട്ടലിലാണ്. ചൈനീസ്, ഇറ്റാലിയൻ, കോണ്ടിനെന്റൽ എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേയും സ്റ്റാർ ഹോട്ടലുകളിൽ ഫുഡ് മെനു ഒരേപോലെയായിരിക്കും. ബിരിയാണി, ചപ്പാത്തി, നൂഡിൽസ് എല്ലായിടത്തും കിട്ടും. ദക്ഷിണാഫ്രിക്കയിലാണ് ഇറച്ചി വിഭവങ്ങളുടെ നീണ്ട നിര കണ്ടത്. പുള്ളിമാൻ, ഒട്ടകം, മുതല എന്നിവയെ കൊന്ന് കറിവച്ച് പാത്രത്തിൽ വിളമ്പിയതു കണ്ട് അമ്പരന്നു. സാംബിയ, സിംബാബ്‌വെ എന്നിവിങ്ങളിലൂടെ രണ്ടു പകൽ സഞ്ചരിച്ചു. ഈ രണ്ടു രാജ്യങ്ങളുടെ നടുവിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. കുത്തിയൊലിച്ച് കുഴിയിലേക്കു പതിക്കുമ്പോൾ ചിന്നിച്ചിതറുന്ന വെള്ളം എതിർവശത്ത് മഴയായി പെയ്തിറങ്ങുകയാണ്. റെയിൻ കോട്ട് ധരിച്ചോ കുട ചൂടിയോ ആണ് സന്ദർശകർ വെള്ളച്ചാട്ടം കാണാനെത്തുന്നത്.

ജൊഹന്നാസ്ബർഗിൽ ഗാന്ധിജി താമസിച്ച സ്ഥലത്തു പോയിരുന്നു. മഹാത്മജിയുടെ വീട് പഴയ കാലത്തേതു പോലെ പുല്ലു മേഞ്ഞ് സംരക്ഷിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവിന്റെ പായയും കസേരയും ആഫ്രിക്കക്കാർ അവരുടെ അമൂല്യ പൈതൃകമായാണ് പരിപാലിക്കുന്നത്. ജൊഹന്നാസ്ബർഗിലെ ചില തെരുവുകളിൽ മഹാത്മജിയുടെ പ്രതിമയുമുണ്ട്. ലെനിന്റെ മൃതദേഹം കണ്ടു കേരളത്തിലെ ഒട്ടുമിക്ക ട്രാവൽ ഏജൻസികളും യൂറോപ്പിലേക്കു ഗ്രൂപ്പ് ടൂർ നടത്തുന്നുണ്ട്. എന്റെ യാത്ര സമ്പൂർണ യൂറോപ്പ് പാക്കേജായിരുന്നു. ലണ്ടനിലാണ് വിമാനമിറങ്ങിയത്. പഴയ കെട്ടിടങ്ങളാണ് അവിടെ കണ്ടത്. മുൻപ് എങ്ങനെയാണോ ഉണ്ടായിരുന്നത് അതൊക്കെ അതേപടി ഇപ്പോഴും കേടില്ലാതെ സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഇപ്പോൾ ഒരുപാടു മലയാളികളുണ്ട്. എന്റെ ഇളയ മകൻ രതീഷിന്റെ ഭാര്യ നിഷ യുകെയിലാണു ജോലി ചെയ്യുന്നത്. ഫ്രാൻസിൽ പോയപ്പോൾ ഐഫൽ ടവറിൽ കയറി. നഗരത്തിനരികിലൂടെ ഒഴുകുന്ന നദിയിലൂടെ ബോട്ട് സവാരി നടത്തി. ഇരുകരയിലും ഒരേ നിറമുള്ള കെട്ടിടങ്ങളുടെ നിര. കൊട്ടാരങ്ങളും സിറ്റി സ്ക്വയറുകളും ഫ്രഞ്ച് ചക്രവർത്തിമാരുടെ ചരിത്ര ശേഷിപ്പുകളുമാണ് ഫ്രാൻസിലെ മറ്റു കാഴ്ചകൾ.

മഞ്ഞുവീഴുന്ന സ്വർഗം

യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യമായ സ്വിറ്റ്സർലൻഡിൽ മഞ്ഞുമൂടിയ കുന്നുകളാണ്. ഗ്രാമങ്ങളിൽ മനോഹരമായ വീടുകളും പശുക്കൾ മേയുന്ന പറമ്പുമുണ്ട്. കേബിൾ കാറിൽ കയറി ഒരു മലയുടെ മണ്ടയിലേക്ക് പോയത് മറക്കാനാവില്ല. ബ്രിട്ടനേക്കാൾ തണുപ്പുള്ള രാഷ്ട്രമാണ് റഷ്യ. അവരുടെ ആകെ ഭൂമിയിൽ മൂന്നിലൊരു ഭാഗത്തു മാത്രമാണു മനുഷ്യവാസം. ബാക്കി പ്രദേശം മഞ്ഞു മൂടി കിടക്കുകയാണ്. സർ ചക്രവർത്തിമാരുടെ കൊട്ടാരങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു. നൂറ്റാണ്ടു കഴിഞ്ഞിട്ടും ലെനിന്റെ മൃതദേഹം അനശ്വരമായി കാത്തു സൂക്ഷിക്കുന്നവരാണ് റഷ്യയിലെ ഭരണകർത്താക്കൾ. കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു പതിനായിരക്കണക്കിനാളുകൾ അവിടെ വരുന്നുണ്ട്. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശം ഐസ് മലകളാണ്. വാസയോഗ്യമായ സ്ഥലം മൂന്നിലൊന്നു മാത്രം. നിത്യോപയോഗ സാധനങ്ങൾ പോലും അയൽരാജ്യങ്ങളിൽ നിന്നു കൊണ്ടു വരുകയാണത്രേ. അതെല്ലാം ഇന്ത്യയിലുണ്ട്, പക്ഷേ... ഇന്ത്യയിൽ നിന്നു കുറഞ്ഞ ചെലവിൽ പാക്കേജ് ടൂർ കിട്ടുന്ന വിദേശ രാജ്യമാണ് തായ്‌ലൻഡ‍്. ക്ലബ്ബ് ലൈഫ് ഇഷ്ടപ്പെടുന്നവരാണ് തായ്‌ലൻഡ് സന്ദർശകരിലേറെയും. ബീച്ചുകൾ, റിസോർട്ടുകൾ, കടൽത്തീര വിനോദങ്ങൾ, നൈറ്റ് പാർട്ടി, നിശാ മാർക്കറ്റ് എന്നിങ്ങനെ ആഘോഷങ്ങൾ പലതരം. പുലിയെ മടിയിലിരുത്തി ഫോട്ടോ എടുക്കാം. പാർക്കുകളിൽ ഉല്ലസിക്കാം. കടലിനടിയിലൂടെ നടന്ന് മീനുകളെ കാണാം. സ്കൈ റൈഡ് കണ്ടപ്പോൾ ഞങ്ങളുടെ സംഘത്തിലുള്ളവർ മാറി നിന്നു. പണ്ടേയ്ക്കു പണ്ടേ ജീവിതത്തിന്റെ എല്ലാ പരീക്ഷണങ്ങൾക്കു വിധേയനായതുകൊണ്ട് ഞാൻ അതിലും കയറി പറന്നു.

pappdm3

ചരിത്ര നഗരമായ തുർക്കിയും മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും അവർക്കു പ്രകൃതി നൽകിയ വിഭവശേഷികൾ ഉപയോഗിച്ച് വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കുന്നു. ഈ രാജ്യങ്ങളെല്ലാം സന്ദർശിച്ചു കഴിഞ്ഞപ്പോൾ അവിടെയുള്ളതെല്ലാം ഇന്ത്യയിലുണ്ട് എന്നുള്ള കാര്യമാണു തിരിച്ചറിഞ്ഞത്. മലയും കടലും കായലും ഗ്രാമങ്ങളും നഗരങ്ങളും പാറക്കൂട്ടങ്ങളും മരുഭൂമിയും വൈവിധ്യമാർന്ന വന്യജീവികളും നമ്മുടെ രാജ്യത്തുണ്ട്. അതൊന്നും വേണ്ടവിധം ആസൂത്രണം ചെയ്ത് ഉപയോഗപ്പെടുത്തുന്നില്ല. അതുകൊണ്ടാണല്ലോ ആളുകൾ അവധിക്കാലം ചെലവഴിക്കാൻ ഇന്ത്യയിൽ നിന്നു വിദേശത്തേക്കു വിമാനം കയറുന്നത് – രാജൻ പറഞ്ഞു നിർത്തി.

ADVERTISEMENT