ഓരോ വളവിലും അദ്ഭുതങ്ങളാണു കാത്തിരുന്നത്... കാട് പറയുന്ന കഥകൾ കേട്ടു തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ സഞ്ചരിച്ചിട്ടുണ്ടോ?
Mail This Article
രാവിലെ തിരുവനന്തപുരത്തു നിന്നു ബസിൽ കോതമംഗലത്തേക്ക്. അവിടെ നിന്നു പ്രൈവറ്റ് ബസിൽ 20 മിനിറ്റ് സഞ്ചരിച്ചു ലക്ഷ്യസ്ഥാനത്തെത്തി. ദക്ഷിണേന്ത്യയിലെ പക്ഷിനിരീക്ഷകരുടെ സ്വർഗം. തട്ടേക്കാട് പക്ഷി സങ്കേതമാണു മുന്നിൽ.
തണലും തണുപ്പും കാടിന്റെ സംഗീതവും
1983ലാണു സുപ്രസിദ്ധ പക്ഷി ഗവേഷകനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. സാലിം അലിയുടെ മുൻ ശുപാർശയുടെ അടിസ്ഥാനത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്. സാലിം അലി പക്ഷി സങ്കേതമെന്നും പേരുണ്ട്. പലതരത്തിലുള്ള നാട്ടുപക്ഷികളുടെ പക്ഷിസങ്കേതമാണ്. വനപക്ഷികൾ, ജലപക്ഷികൾ, ദേശാടനപക്ഷികൾ എന്നിവയും ഇവിടം സന്ദർശിക്കാറുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണു തട്ടേക്കാട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
66 രൂപയുടെ എൻട്രി ടിക്കറ്റ് എടുത്ത്, സാലിം അലി ബേഡ് ട്രെയിൽസ് എന്ന പാതയിലേക്ക്. കോഴി വേഴാമ്പലിന്റെ മുഴക്കവും കാടുമുഴക്കിയുടെ സംഗീതവും പച്ചിലക്കുടുക്കയുടെ ശബ്ദങ്ങളും നിറഞ്ഞ കാട്ടുപാത സംഗീതവേദി പോലെ തോന്നി.
കിന്നരി പ്രാപ്പരുന്ത്, ചെവിയൻ രാച്ചുക്ക്, കുഞ്ഞൻ പൊന്മാൻ (Oriental Dwarf Kingfisher) തുടങ്ങി തദ്ദേശീയവും അപൂർവവുമായ പക്ഷികൾക്കു പേരുകേട്ടതാണു തട്ടേക്കാട് പക്ഷിസങ്കേതം. നിത്യഹരിതവനങ്ങളിലും ഇലപൊഴിയും ഈർപ്പ വനങ്ങളിലും കാണപ്പെടുന്ന മാക്കാച്ചികാട ആണ് ഇവയിൽ മുഖ്യം.
തിളങ്ങുന്ന നിറങ്ങൾ അണിഞ്ഞ തീക്കാക്ക, അപൂർവമായി മാത്രം കാണപ്പെടുന്ന റിപ്ലി മൂങ്ങ തുടങ്ങിയവയെ കണ്ടുപിടിക്കാൻ ക്ഷമയും നിശബ്ദതയും കാടിനെ പരിചയമുള്ള ഗൈഡിന്റെ സഹായവും വേണം.
ചെളിയേറിയ പാതകളിലൂടെ നീങ്ങുമ്പോൾ, ഓരോ വളവിലും അദ്ഭുതങ്ങളാണു കാത്തിരുന്നത്. ആകാശത്തു വട്ടമിട്ട് പറക്കുന്ന ചുട്ടിപ്പരുന്ത്, നീലക്കല്ലുപോലെ മിന്നുന്ന പൊന്മാൻ, പച്ചപ്പിന്റെ തിരമാല പോലെ ഉയർന്നിറങ്ങുന്ന തത്തകളുടെ കൂട്ടം.
കോഴി വേഴാമ്പൽ തട്ടേക്കാട്ടിലെ സ്ഥിരം സാന്നിധ്യമാണ്. കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും പരുക്കൻ ശബ്ദം മുഴക്കി പറക്കുന്ന ഇവയെ കാണാം.
എല്ലാം കാണുന്നുണ്ട് മീൻകൂമൻ
കുറച്ച് അകലേക്ക് മാറി ഒരു മരച്ചില്ലിന്റെ മുകളിൽ മഞ്ഞ കണ്ണുകളുമായി തുറിച്ചു നോക്കി ഒരാൾ ഇരിപ്പുണ്ട്. പരുന്തിനോളം വലുപ്പമുള്ളതും പൂച്ചയുടേതുപോലെ തോന്നുന്ന മുഖമുള്ളതുമായ ഒരിനം പക്ഷിയാണ് മീൻകൂമൻ (Brown Fish Owl).
ഊമൻ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു. ഭൂമിയിൽ ഉള്ള നാലു തരം മീൻ മൂങ്ങകളിൽ, കൂടുതൽ കാണപ്പെടുന്നത് ഇവയാണ്. രാത്രി കാലങ്ങളിൽ ഇര തേടി ഇറങ്ങുന്ന ഇവർ, പകൽസമയങ്ങളിൽ വഴിയേ പോകുന്നവരെ തുറിച്ചു നോക്കിയിരിക്കും..
കുറച്ച് ഉള്ളിലേക്ക് മാറി ആനപ്പിണ്ടം കണ്ടു. തട്ടേക്കാട് പക്ഷികളുടെ മാത്രം ആവാസവ്യവസ്ഥ അല്ല. കാടിന്റെ അതിർത്തിയിൽ നിന്ന് ആനകൾ ഇവിടെയെത്താറുണ്ട്. പെരിയാറിന്റെ വെള്ളവും മരങ്ങളുടെ തണലും ഈ ജീവജാലലോകത്തിന് ആശ്വാസമാണ്.
മീൻകൊത്തിച്ചാത്തൻ, ചെറിയ മീൻകൊത്തി, ചേരക്കോഴി, കുളക്കൊക്ക് തുടങ്ങിയവ എല്ലാം ഫ്രെയിമിലായി. ഇന്ത്യയുടെയും മധ്യേഷ്യയുടെയും ചില ഭാഗങ്ങളിൽ കാണപ്പെടുന്ന മഞ്ഞക്കിളി, എങ്ങോട്ടോ നോക്കി ഇരിപ്പുണ്ട്. ആൺകിളിയുടെ ശരീരം ശോഭയുള്ള മഞ്ഞ നിറമാണ്. കറുത്ത ചിറകുകളുളം ചുവന്ന ചുണ്ടുകളുമുണ്ട്. പെൺകിളിയുടെ ശരീരത്തിനു മഞ്ഞ കലർന്ന പച്ച നിറമാണ്.
േപാസ് ചെയ്തു മലയണ്ണാൻ
തലയ്ക്കു മുകളിൽ നിന്ന് ഒരാൾ എന്തോ കഴിക്കുന്ന ശബ്ദം കേൾക്കാം. വൈകുന്നേരത്തെ ലഘുഭക്ഷണം കഴിക്കാൻ ഇറങ്ങിയ മലയണ്ണാനാണ്. പെട്ടെന്നു ക്യാമറ ക്ലിക് ചെയ്തു. നേരേ ക്യാമറയിലേക്കു നോക്കി മലയണ്ണാൻ ഹീറോയിസം കാണിച്ചു. അണ്ണാൻ വർഗത്തിൽ ലോകത്തിൽ ഏറ്റവും വലുപ്പവും സൗന്ദര്യവുമുള്ള ഇനമാണു മലയണ്ണാൻ. വേഗത്തിൽ മരങ്ങൾക്കിടയിൽ ചാടാനും ആറു മീറ്റർ വരെ ഉയരത്തിൽ കുതിക്കാനും ഇതിന് കഴിയും.
ശലഭങ്ങൾ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, കുഴിമണലി മുതൽ പെരുമ്പാമ്പും രാജവെമ്പാലയും പോലെയുള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്. പല സ്ഥലങ്ങളിലും പാമ്പുകളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് കാണാം. ജീവജാലങ്ങളുടെ അഭയകേന്ദ്രം മാത്രമല്ല തട്ടേക്കാട് പക്ഷി സങ്കേതം. ക്ഷമയും നിശബ്ദതയുമുണ്ടെങ്കിൽ കേൾക്കാനാകും കാട് പറയുന്ന ജീവനുള്ള കഥകൾ..