ADVERTISEMENT

എറണാകുളത്തുനിന്നു പത്തു കിലോമീറ്റർ ദൂരത്ത്  തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നിലെത്തി. കൊച്ചി രാജവംശത്തിന്റെ പരദേവതാ ക്ഷേത്രമാണിത്. മഹാവിഷ്ണുവിനെ സന്താനഗോപാല മൂർത്തി സ്വരൂപമായി, പൂർണത്രയീശൻ എന്ന പേരിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.

സന്താനഗോപാലവും വിഗ്രഹപ്രതിഷ്ഠയും
സന്താനഗോപാലം കഥയ്ക്കു ശേഷം അർജുനനു ലഭിച്ച മഹാവിഷ്ണു വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി തെക്കോട്ടു യാത്ര ചെയ്തു പിപ്പലാരണ്യത്തിലെത്തി. അവിടെ വച്ച്  ആവനാഴി എന്ന ‘പൂണി’ തുറന്നു വിഗ്രഹം പുറത്തെടുത്ത സ്ഥലത്തിനു ‘പൂണിത്തുറ’ എന്ന നാമം വന്നെന്നാണു വിശ്വാസം. അതിനോടടുത്തു പ്രതിഷ്ഠ നടത്തിയതിനാലാണു തൃപ്പൂണിത്തുറ എന്ന സ്ഥലനാമം വന്നതത്രേ.

ADVERTISEMENT

രാജവംശത്തിന്റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട് ഈ ക്ഷേത്രത്തിന്.  പഴമയുടെ ഏടുകൾ നോക്കിയാൽ കൊച്ചി രാജവംശത്തിലെ എട്ടു രാജക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവുമുണ്ട് പൂർണത്രയീശ ക്ഷേത്രത്തിന്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തന്റെ പിറന്നാൾ ദിനത്തിൽ ഈ ക്ഷേത്രത്തിൽ വന്നു തൊഴുതു പ്രാർഥിക്കുമായിരുന്നു.  സൂര്യവംശജാതരാണു കൊച്ചി രാജാക്കന്മാർ എന്നാണു വിശ്വാസം. ശ്രീരാമന്റെ മക്കളായ ലവകുശന്മാരിൽ ലവന്റെ പരമ്പരയിലെ ഒരു രാജാവിനെ തൃപ്പൂണിത്തുറയിൽ കൊണ്ടുവന്നു വാഴിച്ചു എന്നും ആ രാജാവിന്റെ സന്താനപരമ്പരയാണ് കൊച്ചി രാജകുടുംബം എന്നും ഐതിഹ്യമുണ്ട്.

സന്താനഭാഗ്യവും െഎശ്വര്യവും
വൃശ്ചികോത്സവമാണ് ഏറ്റവും വലിയ ഉത്സവം. പതിനഞ്ച് ആനകൾക്കു നടുവിലെ ആനപ്പുറത്താണു പഞ്ചാരിമേളത്തോടൊപ്പമുള്ള പൂർണത്രയീശ ഭഗവാന്റെ എഴുന്നെള്ളിപ്പ്. ചിങ്ങത്തിലെ പടഹാതി ഉത്സവവും കുംഭത്തിലെ പറയുത്സവവുമാണ് ഇവിടത്തെ മറ്റുത്സവങ്ങൾ. ഈ മൂന്ന് ഉത്സവങ്ങളും ചോതിനക്ഷത്രത്തിൽ കൊടിയേറി തിരുവോണ നക്ഷത്രനാളിൽ സമാപിക്കും.

ADVERTISEMENT

ഉത്രം നാളിലെ അപ്പം വഴിപാടിന് ഏറെ പ്രചാരമുണ്ട്. സൽസന്താന ലാഭത്തിനും ഐശ്വര്യം ലഭിക്കുന്നതിനുമായാണ് ഈ അപ്പം നൈവേദ്യം.
1921 ൽ ഉണ്ടായ അഗ്നിബാധയിൽ കിഴക്കേ ഗോപുരം കത്തിനശിച്ചതോടെ 1924 ൽ പുനരുദ്ധരിച്ചതാണ് ഇന്നു കാണുന്ന കിഴക്കേഗോപുരമെന്നു ഭക്തനായ ഗോപി പറഞ്ഞു. പടിഞ്ഞാറേ ഗോപുരം അതിപുരാതനമാണ്. ഭൂതങ്ങൾ ഒറ്റ രാത്രികൊണ്ട് കെട്ടിപ്പടുത്തതാണ് ഈ േഗാപുരമെന്നാണു വിശ്വാസം.

മറ്റു പ്രതിഷ്ഠകളായ ഭദ്രകാളി, ശിവൻ ഉൾപ്പെടെ സമ്പൂർണ വിരാളത്തിൽ എല്ലാ ദേവന്മാരും ദേവതമാരും ഇവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്ന പൂർണത്രയീശ ക്ഷേത്രത്തിന്റെ പുണ്യപുരാണങ്ങൾ കേട്ടു മനം കുളിർത്തു.  

ADVERTISEMENT
ADVERTISEMENT