ADVERTISEMENT

പശ്ചിമഘട്ട മലനിരയുടെ തെക്കേയറ്റത്ത് കന്യാകുമാരിയിൽ മഴക്കാടുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന കലക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിന്റെ ഭാഗമായ വീരപുലി റിസേർവ് വനത്തിനുള്ളിലെ മനോഹരമായ ഗ്രാമമാണ് കാളികേശം. കാടും അരുവികളും വെള്ളച്ചാട്ടങ്ങളും കാടതിരിലെ ഗ്രാമീണജീവിതങ്ങളുമൊക്കെ ചേർന്ന കലർപ്പില്ലാത്ത പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇവിടേക്കുള്ള സഞ്ചാരം. പച്ചപ്പിനിടയിലെ ചെറിയ വഴികളിലൂടെ കാടിന്റെ ഗന്ധം അനുഭവിച്ചറിഞ്ഞ്, വഴിയോരത്തെ ചെറുകടകളിൽ ചായയും നാട്ടുവർത്തമാനങ്ങളും ആസ്വദിച്ച് ഗ്രാമീണതയിലേക്കൊരു നടത്തം.

kaali

തിരുവനന്തപുരത്തു നിന്നു എൺപത് കിലോമീറ്റർ അകലെയാണ് കാളികേശം. ഇവിടം ചുറ്റിയുള്ള കലക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട റിസേർവ് വനങ്ങളിലൊന്നാണ്. വിവിധതരം കാടുകളുടെ ഒരു കൂട്ടമാണിത്. അഗസ്ത്യമലനിരകളുടെ തെക്കുകിഴക്കായിട്ടാണ് ഇതിന്റെ സ്ഥാനം. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ സംരക്ഷിത വനമേഖലയാണിത്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക്, കാടറിഞ്ഞ് യാത്ര ചെയ്യുന്നവർക്ക് മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന യാത്ര.

ADVERTISEMENT

നെട്ട വഴി കാളികേശം

kalikesam

ഒരു ദിവസം പൂർണമായും വേണ്ട യാത്രയായതുകൊണ്ട് തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെട്ടു. കാരോട്-പാറശ്ശാല വഴി ഇവിടേക്ക് എത്താൻ കഴിയുമെങ്കിലും കാട്ടാക്കട- വെള്ളറട വഴിയുള്ള പാത കാഴ്ചകൾ കൊണ്ടു സുന്ദരമായതിനാൽ ഈ വഴി തന്നെ തിരഞ്ഞെടുത്തു. അതിർത്തിയിലെ നെട്ട ചെക്ക്പോസ്റ്റിനോട് ചേർന്ന് ചിറ്റാർ ഡാമിന്റെ റിസർവോയറിന്റെ മനോഹരമായ ദൃശ്യം കാണാം. ജലാശയവും കാടും അതിനപ്പുറം തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ട മലനിരകളും നീലാകാശവുമൊക്കെ ചേർന്നൊരുക്കുന്ന പ്രകൃതിയുടെ ചന്തമുള്ളൊരു കാൻവാസ്. ഉച്ചയൂണ് നെട്ടയിൽ നിന്നായിരുന്നു. അമ്മച്ചിക്കട എന്നറിയപ്പെടുന്ന ചെറിയ ഹോട്ടൽ. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടുത്തെ ഭക്ഷണത്തിന്റെ രുചിതേടി ധാരാളം പേരെത്തുന്നു. പ്രായമായൊരു സ്ത്രീ ആണ് കടയുടെ ഉടമ. അവരുതന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും.

ADVERTISEMENT



കാളികേശം ചെക്ക് പോസ്റ്റ്

kalikesam3
ADVERTISEMENT

വണ്ടി കാളികേശത്തേക്ക് അടുക്കുംതോറും വനമേഖലയിൽ മഴമൂടിത്തുടങ്ങിയിരുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കേചെരിവ് പെയ്തുനിറയാൻ പാകത്തിന് കരിനിഴൽ പടർത്തി നിന്നു. മഴ പെയ്തുതുടങ്ങിയാൽ പിന്നെ കാടിനും പച്ചപ്പിനുമൊക്കെ അഴക് കൂടും. ഇരുളുവീണ പച്ചക്കാടിന്റെ വന്യമായ സൗന്ദര്യത്തെ അതെടുത്തണിയുന്നു. വഴിയോരത്ത് ആൽമരച്ചുവട്ടിൽ ചെറിയൊരു ക്ഷേത്രം കണ്ടു. അതിനു പിന്നിലെ കാടുകളിൽ നിന്നും ചെറിയ നീർച്ചോല ആ കുഞ്ഞുക്ഷേത്രത്തെ ചുറ്റിക്കടന്നുപോകുന്നു. മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന സുന്ദരമായൊരു കാഴ്ച. പതുക്കെ വണ്ടിയൊതുക്കി. ക്യാമറയുമായി ക്ഷേത്രത്തിന് സമീപത്തേക്ക് നീങ്ങി. നടവഴിയിൽ പായൽപ്പച്ചകൾ. തെന്നിവീഴാതിരിക്കാൻ ശ്രദ്ധയോടെ നടന്നു. ആൽമരചുവട്ടിൽ നിറയെ ചെറിയ തൊട്ടിലുകൾ. സന്താനസൗഭാഗ്യം പ്രതീക്ഷിച്ച് ആളുകൾ ദൈവത്തിന് സമർപ്പിക്കുന്നതാകാം. അവിടെ നിന്ന് മടങ്ങാൻ നേരം ഈ പാതയിലെ അവസാനഗ്രാമമായ കീരിപ്പാറയിലേക്കുള്ള ബസ് കടന്നുപോയി. കാഴ്ചകൾ കണ്ട് ഫോറസ്റ്റ് ഡിപാര്‍ട്മെന്റ് വക ചെക്പോസ്റ്റിലെത്തിയപ്പോഴേക്കും മഴ മാറി വെയിൽ വീണ്ടുമെത്തി.

kaali2

കാടിനുള്ളിലേക്ക് പ്രവേശിക്കാൻ വനംവകുപ്പിന്റെ അനുവാദം ആവശ്യമാണ്. മഴക്കാലത്ത് ഇവിടം പൂർണമായി അടച്ചിടും. മുപ്പത് രൂപയാണ് പ്രവേശനനിരക്ക്. കൂടാതെ ക്യാമറയ്ക്കും പാർക്കിങ്ങിനുമായി ചെറിയ തുക വേറെ കൊടുക്കണം. ചെക്പോസ്റ്റിനോട് ചേർന്ന് തമിഴ്നാട് വനംവകുപ്പ് ഓഫിസും കാന്റീനും പ്രവർത്തിക്കുന്നുണ്ട്. കാടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ മുൻകൂട്ടി പറഞ്ഞ് സഞ്ചാരികൾക്കും ഭക്ഷണം ഓർഡർ ചെയ്യാം. വനംവകുപ്പിന്റെ ഓഫിസിനപ്പുറം ചെറിയൊരു പുൽമേടും വ്യൂ പോയിന്റും കാണാം. ചെക് പോസ്റ്റിൽ പ്രവേശനഫീസ് നൽകി കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോഴേക്കും കീരിപ്പാറയിലേക്ക് പോയ യാത്രാബസ് മടങ്ങിയെത്തി. യാത്രക്കാർ നന്നേ കുറവ്. പ്ലാന്റേഷനുകളിലെ ജോലിക്കാരാണ് ബസ്സിലെ യാത്രക്കാർ.



കാടിനുള്ളിലെ ഗ്രാമത്തിൽ

kalikesam2

ഏകദേശം മൂന്നോ നാലോ കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും വണ്ടി കീരിപ്പാറ ഗ്രാമത്തിലെത്തി. ചെറിയ ബസ് േസ്റ്റാപ്പ്, അതിനോട് ചേർന്ന് പഴക്കം ചെന്ന കെട്ടിടത്തിൽ ചായക്കട ഇതാണ് ആദ്യകാഴ്ച. കാളികേശത്തെപ്പറ്റി കേട്ടറിഞ്ഞ് സഞ്ചാരികൾ ഇപ്പോൾ ഇവിടേക്കെത്തുന്നുണ്ടെന്ന് ചായക്കടക്കാരന്റെ സംസാരത്തിൽ നിന്ന് മനസിലായി. ചുവരിലെ സ്പീക്കറിൽ നിന്നും തമിഴ് പാട്ടുകളുടെ മേളപ്പെരുക്കം. ചായക്കടയ്ക്കപ്പുറം ഗ്രാമത്തിലേക്ക് നീളുന്ന ചെറിയ വഴിയും വീതികുറഞ്ഞ കോൺക്രീറ്റ് പാലവും കാണാം. അതിനപ്പുറം വീടുകളും കൃഷിയിടങ്ങളുമാണ്. കീരിപ്പാറയിൽ നിന്നും രണ്ടുകിലോമീറ്റർ പിന്നിട്ടാൽ കാളികേശമെത്തി.

kaali3

വീരപുലി റിസേർവ് ഫോറസ്റ്റിൽ ഇക്കാലമത്രയും പുറംലോകം അത്രയൊന്നും ശ്രദ്ധിക്കാതിരുന്ന, ആരും പരുക്കേൽപ്പിക്കാതെ കിടന്ന പ്രകൃതിയുടെ ഒരു പച്ചത്തുരുത്ത്. ഉരുളൻകല്ലുകളെ തള്ളി തെളിഞ്ഞൊഴുകുന്ന കാളികേശം പുഴ. സമീപഗ്രാമങ്ങളിൽ നിന്നും സന്ദർശനത്തിനെത്തിയവരെയും ഭക്തരെയും അവിടെ കാണാം. ഉച്ചപൂജയ്ക്കുള്ള സമയമായതിനാലാകും പ്രധാന പൂജാരിയും സഹായിയും അതിനുള്ള തിരക്കിലാണ്. ക്ഷേത്രത്തിന്റെ മുന്നിലൂടെ പുഴ ഒഴുകുന്നതിനാൽ പ്രദക്ഷിണ വഴികളില്ല. ക്ഷേത്രത്തിനോടൊപ്പം പ്രകൃതിയെ അനുഭവിച്ചറിയാം എന്നതാണ് ഇവിടേക്കുള്ള യാത്രയിലെ സന്തോഷം. പതുക്കെ പുഴയിലേക്കിറങ്ങി. തെളിഞ്ഞ ജലത്തിലെ ഉരുളൻ കല്ലുകളിൽ ചവിട്ടുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്, ഇടയ്ക്കിടെ വഴുക്കലുള്ള കല്ലുകൾ. നല്ല ഒഴുക്കുണ്ട്. ശ്രദ്ധയോടെ നടന്ന് മറുകരയിലെത്തി. ആറിന് കുറുകെയുള്ള ഈ ഒഴുക്ക് തന്നെയാകും മഴക്കാലത്ത് ഇവിടേക്ക് പ്രവേശനം അനുവദിക്കാത്തതിന്റെ പ്രധാന കാരണം. മറുകരയിൽ പുഴയോരത്ത് ചില മൂർത്തിയുടെ കോവിലുകളുണ്ട്. അവിടെ പൂജ നടക്കുന്നു. ഭക്തർ പുഴ കടന്ന് അവിടെയെത്തി പ്രാർഥിക്കുന്നു. ക്ഷേത്രത്തിന് അൽപം മുകളിലായിട്ടാണ് കാളികേശം വെള്ളച്ചാട്ടം. ഉയരത്തിന്റെ കാര്യമെടുത്താൽ ഇതൊരു വെള്ളച്ചാട്ടമേയല്ല. ചെങ്കുത്തായ പാറയുടെ ചെരുവിലൂടെ പലതട്ടുകളായി ജലത്തിന്റെ മനോഹരമായ ഒഴുക്ക്. പെരുമഴക്കാലത്ത് പരന്നൊഴുകുന്നതുകൊണ്ടാകാം നടവഴി നിറയെ ഉരുളൻ കല്ലുകൾ. അധികദൂരം പിന്നിടേണ്ടി വന്നില്ല, മുന്നിൽ ആ വെള്ളച്ചാട്ടം പ്രത്യക്ഷപ്പെട്ടു.

kali2

അതിനുതാഴെ സുന്ദരമായൊരു മണൽതീരം. കാടിനുള്ളിൽ നിന്നും ഒഴുകിയെത്തുന്നതുകൊണ്ടാകാം ഉച്ചവെയിലിലും അത്ര തണുപ്പ്. അരുവിയോട് ചേർന്നുള്ള ചെങ്കുത്തായ പാറയിൽ ക്ഷേത്രത്തിന്റെ ഭാഗമായുള്ള ഒരു മൂർത്തിയുടെ പ്രതിഷ്ഠയുണ്ട്. ചെരുവിലെ ചെറിയൊരു ഗുഹാമുഖത്താണ് അത് സ്ഥാപിച്ചിരിക്കുന്നത്. എത്തിപ്പെടാൻ അൽപം പ്രയാസമാണ്. എങ്കിലും കേട്ടറിഞ്ഞ് ചില ഭക്തർ അവിടേയ്ക്ക് വരുന്നുണ്ട്.

കാളികേശം ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും അവിടെ പൂജയ്ക്കുള്ള സമയമായിരുന്നു. പുഴയ്ക്കപ്പുറം കാടിനുള്ളിൽ തലയെടുപ്പോടെ നിൽക്കുന്ന കാളികേശം മല. ഗ്രാമീണ ജീവിതത്തിന്റെ, പ്രകൃതിയുടെ മുഴുവൻ നന്മയും മനസ്സിൽ നിറച്ച് മടക്കം.

ADVERTISEMENT