പശുക്കളെ തേടിപ്പോയ ബാലൻ ഒരു ഗുഹ കണ്ടുപിടിച്ച കഥ കേട്ടിട്ടില്ലേ. കാലികളെ മേയ്ക്കാൻ പോയ ഇടയന്റെ വഴിയിലൂടെ ക്യാമറയുമായി നടന്നപ്പോൾ രസകരമായ ഒട്ടേറെ കാഴ്ചകൾക്കു സാക്ഷ്യം വഹിച്ചു. ഛത്തീസ്ഗഡിലെ കുടുംസേർ ഗുഹയുടെ ഉള്ളറകളിൽ കണ്ടത്, ക്യാമറയിൽ പകർത്തിയത്...
2023ലെ സംസ്ഥാന തിരഞ്ഞെടുപ്പ് കവറേജിനായാണ് ഛത്തീസ്ഗഡിൽ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ആക്രമണങ്ങൾ കാരണം വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ബസ്തർ മേഖലയിലെ ഇലക്ഷനുശേഷം വീണുകിട്ടിയ ഒരു ദിവസത്തെ ഇടവേളയിൽ ജഗദൽപുരിലെ കാംഗേർ വാലി നാഷണൽ പാർക്കിലെ കുടുംസർ ഗുഹ സന്ദർശിക്കാൻ തീരുമാനിച്ചു.
ഗോത്ര വിഭാഗക്കാർ പശുവളർത്തലും കൃഷിയുമായി കഴിഞ്ഞ മേഖലയായിരുന്നു ബസ്തർ. കാണാതായ പശുക്കളെ തേടിച്ചെന്ന ഒരു ആദിവാസി ബാലൻ ഈ പ്രദേശത്തിന്റെ തലവര മാറ്റി. കാലികളെ തിരഞ്ഞു പോയ പയ്യൻ ഒര ഗുഹയുടെ മുന്നിലെത്തുകയായിരുന്നു. അവൻ നൽകിയ വിവരങ്ങൾ പ്രകാരം ഗ്രാമവാസികൾ ഇവിടെയെത്തി. തീപ്പന്തത്തിന്റെ വെട്ടത്തിൽ ഗുഹയുടെ ഉള്ളറയിലെ ചുണ്ണാമ്പുകല്ലകൾ അവർ കണ്ടു. ശിൽപങ്ങൾ പോലെ മനോഹരമായിരുന്നു അവ.
അക്കാലത്ത് ‘ഗോപൻഗുഹ’ എന്നായിരുന്നു പേര്. പിൽക്കാലത്ത് ‘കുടുംസേർ’ എന്ന ഗ്രാമത്തിന്റെ പേര് വന്നു ചേർന്നു.
കുടുംസർ ഗുഹാശൃംഖല
കുടുംസർ ഗുഹകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 560 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്നു ഇൗ ഗുഹാശൃംഖല. ഒരാൾക്ക് ഇറങ്ങാവുന്ന ചെറിയ പ്രവേശനകവാടം. കുത്തനെയുള്ള പടികൾ ഇറങ്ങി ഗുഹയിലേക്ക് കടന്നു. ചുറ്റും ഇരുട്ട്, തണുപ്പ്, നനഞ്ഞ ചുണ്ണാമ്പുശിലകളിൽ നിന്നുള്ള രൂക്ഷ ഗന്ധം. അതുമായി പൊരുത്തപ്പെടാൻ എതാനും നിമിഷങ്ങള്‍ വേണ്ടി വന്നു. ഗുഹയിൽ വഴികാട്ടിയായി എത്തിയയാൾ ലൈറ്റ് തെളിച്ചു.
‘‘ഫൊട്ടോഗ്രഫി അനുവദനീയമല്ല’’ – അകത്തേക്ക് കടന്ന സമയത്ത് ഗൈഡിന്റെ ശാഠ്യം. 200 രൂപ ഫീസ് അടച്ച് പ്രത്യേക പെർമിഷൻ എടുത്ത് പ്രശ്നം പരിഹരിച്ചു. അപ്പോൾ അടുത്ത നിർദേശം ‘‘ ഹൈപവർ ഫ്ലാഷുകൾ ഉപയോഗിക്കാൻ പാടില്ല’’. നിക്കോൺ ഡി6 ക്യാമറയിലെ ഐഎസ്ഒ പെർഫോമൻസിൽ വിശ്വസിച്ച് അതും ഓക്കെ പറഞ്ഞു.
ഗുഹയുടെ ഇരുട്ടിൽ തപ്പിതടഞ്ഞ് നടന്നു. ചുണ്ണാമ്പുകല്ലുകളിലെ മനോഹരമായ നിറങ്ങളും രൂപങ്ങളും കണ്ടു. ഗുഹകൾക്കുളിൽ ചെറിയ അരുവിയുണ്ട്. മഴക്കാലത്ത് ഇതിൽ വെള്ളം നിറയും. ജൂൺ മുതൽ ഒക്ടോബർ വരെ സന്ദർശകർക്കു പ്രവേശനമില്ല.
ഇത് ഒരു ഗുഹയല്ല, ഗുഹാശ്യംഖലയാണ്. പ്രധാന ഭാഗത്തിന് 200 മീറ്റർ നീളം. നാലു നിലയുള്ള കെട്ടിടത്തിന്റെ ഉയരം. നൂറ്റാണ്ടുകളായി മണ്ണിനടിയിലെ ജലപ്രവാഹത്തിൽ രൂപപ്പെട്ടതാണ് ഇതെല്ലാം. ഭൗമശാസ്ത്രജ്ഞനായ ഡോ.ശങ്കർ തിവാരിയാണ് 1950ൽ ഈ ഗുഹയെക്കുറിച്ചു പഠനം നടത്തിയത്. 1980ൽ ഗുഹയെക്കുറിച്ചുള്ള വിശദമായ രേഖ തയാറാക്കി.
ഗോത്രവാസികളുടെ സങ്കേതം
കുടുംസർ ഗുഹയിൽ പ്രവേശിക്കുന്നവർക്കു വെളിച്ചം കിട്ടാൻ ഒരേയൊരു മാർഗം ഗൈഡിന്റെ കയ്യിലുള്ള വിളക്കു മാത്രമാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി ഗുഹക്കുള്ളിൽ വൈദ്യുത ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. പക്ഷേ, ഗുഹയിലെ ചെറുജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് വെളിച്ചം ശല്യമാകുമെന്നു തിരിച്ചറിഞ്ഞതോടെ വിളക്കുകൾ നീക്കം ചെയ്തു. തുടർച്ചയായി വൈദ്യുതി വിളക്കുകൾ തെളിക്കുന്നതിലൂടെ മണ്ണിനടിയിലെ ജീവികൾക്ക് കാഴ്ച നഷ്ടപ്പെടുമെന്നു ഗവേഷകർ കണ്ടെത്തിയിരുന്നു. ഗുഹയിലെ വഴികൾ ഇടുങ്ങിയതാണ്. പലഭാഗത്തും വെള്ളം നിറഞ്ഞുകിടക്കുന്നു. വെള്ളക്കെട്ടില്‍ മീനുണ്ട്. ചെറുവിരലിന്റെ നീളമുള്ള മീനുകള്ളാണിത്.
ഗുഹാമുഖത്ത് ഗോത്രവിഭാഗക്കാർ നടത്തുന്ന ചന്തയുണ്ട്. വനവിഭവങ്ങളും കരകൗശലവസ്തുക്കളുമാണു വിൽക്കുന്നത്. സന്ദർശകർക്കു വേണ്ടി നൃത്തം അവതരിപ്പിക്കാന്‍ തയാഴായി നിൽക്കുന്ന ഗോത്രവിഭാഗക്കാരേയും കണ്ടു. പരമ്പരാഗത വസ്ത്രം ധരിച്ച് നൃത്തത്തിനു തയാറായി നിൽക്കുന്നവർ ഛത്തീസ്ഗഡിന്റെ ചരിത്രമാണ്, മുഖചിത്രമാണ്.
How to reach
ഛത്തീസ്ഗഡിലെ ജഗദല്‍പൂരാണ് എറ്റവും അടുത്ത പ്രധാന നഗരം. ജഗദല്‍പൂരിനേയും സുക്മയേയും ബന്ധിപ്പിക്കുന്ന പ്രധാനപാതയിലാണ് ദേശീയോദ്യാനം. ഗുഹകള്‍ സ്ഥിതി ചെയ്യുന്ന കാംഗേര്‍വാലി ദേശീയോദ്യാനത്തിലേക്ക് 35 കിലോമീറ്റര്‍. ദേശീയോദ്യാനത്തിന്റെ പ്രധാനകവാടത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് പ്രവേശന കവാടം. പ്രവേശനം വൈകിട്ട് 4 വരെ. സമീപ റെയില്‍വേ സ്‌റ്റേഷൻ – ജഗദല്‍പുര്‍. വിമാനത്താവളം - ജഗദല്‍പുര്‍, റായ്പുര്‍.