Friday 17 February 2023 03:23 PM IST

ടുമാറോലാൻഡ് വിന്റർ ഫെസ്റ്റിവലിൽ പങ്കെടുക്കാനൊരുങ്ങി ധ്യാൻ ശ്രീനിവാസൻ, ഇനി യാത്ര യൂറോപ്പിലേക്ക്

Akhila Sreedhar

Sub Editor

dhyan 011

അഭിനയിച്ച സിനിമകളേക്കാൾ ഹിറ്റാണ് സോഷ്യൽ മീഡിയകളിലെ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ. ഓരോ ചോദ്യത്തിനും കുറിക്ക്കൊള്ളുന്ന തഗ് മറുപടികളുമായി ധ്യാൻ വരുമ്പോൾ അഭിനയത്തിന്റെ മേമ്പൊടിയില്ലാത്ത സംസാരശൈലി ആസ്വദിക്കാനെത്തുന്ന ആരാധകരുടെ എണ്ണവും കൂടി. സിനിമ പോലെ നല്ല സൗഹൃദങ്ങൾ പോലെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ധ്യാൻ. അച്ഛന്റെ കൈപിടിച്ച് ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് നീളുന്ന അവധിക്കാല യാത്രകളുടെ ഓർമകളാണ് ആദ്യം പറഞ്ഞുതുടങ്ങിയത്. ആ സഞ്ചാരം നീണ്ടു, കണ്ണൂരിലെ കുട്ടിക്കാലത്തേക്ക്, കൗമാരത്തിലെ കുസൃതിയിലേക്ക്, സിനിമയുടെ ലോകത്തേക്ക്, പ്രണയത്തിലേക്ക്, കുടുംബയാത്രകളിലേക്ക്, സ്വപ്നസഞ്ചാരങ്ങളിലേക്ക്....


അതോടെ അച്ഛൻ ഡ്രൈവിങ് നിർത്തി

വാഹനങ്ങൾ വളരെയധികം ക്രേസുള്ള ആളാണ് ഞാൻ. ഇഷ്ടപ്പെട്ട വാഹനങ്ങൾ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. പ്രധാനമായും സൂപ്പർ ബൈക്കുകൾ. നിലവിൽ എട്ട് ബൈക്കുകൾ ഉണ്ട്. സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഏറിയപങ്കും നീക്കി വയ്ക്കുന്നത് ഈ ഹോബിക്കാണ്. യാത്രകൾ പറഞ്ഞു തുടങ്ങുമ്പോൾ വാഹനങ്ങളെ കുറിച്ചാണ് ആദ്യം ഓർക്കുന്നത്. കുട്ടിക്കാലത്ത് ഏപ്രിൽ– മെയ് അവധിക്കാലം ലൊക്കേഷനുകളിലൂടെയുള്ള യാത്രകളുടേതാണ്. അച്ഛൻ ഒരുപാട് സിനിമകൾ ചെയ്യുന്ന സമയമാണ്. ഒരു മറവത്തൂർ കനവിന്റെ ചിത്രീകരണം പൊളാച്ചിയിൽ നടക്കുന്നു. നാലാം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലം ആഘോഷിക്കാനാണ് അന്ന് പൊളാച്ചിയിൽ പോയത്. അന്നത്തെ ആ ഓർമകളിൽ തിളങ്ങിനിൽക്കുന്നൊരു രംഗം മമ്മൂട്ടിയങ്കിള്‍ പച്ച സാൻട്രോ കാറിൽ വന്നിറങ്ങുന്നതാണ്. ആയിടെ മാത്രം ഇന്ത്യയിൽ ഇറങ്ങിയ സാൻട്രോ ആദ്യമായി നേരിൽ കണ്ട കൗതുകത്തിൽ നിന്നിട്ടുള്ള ‘കുഞ്ഞിധ്യാൻ’ ഇന്നും എന്റെയുള്ളിലുണ്ട്.

അച്ഛന്റെ കയ്യിലുണ്ടായിരുന്ന കാർ ഫിയറ്റ് പ്രീമിയർ പത്മിനിയായിരുന്നു. ആ വണ്ടി അന്ന് അച്ഛൻ ഓടിക്കാറുമുണ്ടായിരുന്നു. അച്ഛൻ ഡ്രൈവിങ് നിർത്താൻ കാരണം എന്റെ കുട്ടിക്കാലത്തുണ്ടായൊരു വാഹനാപകടമാണ്. ഞാനും അച്ഛനും മാത്രമേ അന്ന് കാറിലുണ്ടായിരുന്നുള്ളൂ. അപകടത്തെ തുടർന്ന് ഞാൻ തെറിച്ച് വീണു. പരിക്കൊന്നും പറ്റിയില്ലെങ്കിലും, അന്നത്തെ ആ അനുഭവത്തോടെ അച്ഛൻ ഡ്രൈവിങ് സീറ്റ് ശശിചേട്ടന് കൈമാറി. കുട്ടിക്കാലത്ത് അച്ഛൻ നാട്ടിലുള്ളപ്പോൾ ഓണക്കാലത്തൊക്കെ വെറുതെ ബെംഗളൂരു പോകും. ഇരിട്ടി, കൂട്ടുപുഴ – വിരാജ്പേട്ട – കൂർഗ് – മൈസൂരു വഴി ബെംഗളൂരു ഇതായിരുന്നു ഞങ്ങളുടെ സ്ഥിരം റൂട്ട്. റോഡുമാർഗം ആറോ ഏഴോ മണിക്കൂർ കൊണ്ട് ബെംഗളൂരു എത്താം. പക്ഷേ, ഞങ്ങളുടെ ഡ്രൈവർ ശശി ചേട്ടനാണ് കാറോടിക്കുന്നതെങ്കിൽ ആറുമണിക്കൂർ യാത്രാസമയം എന്നത് 12 മണിക്കൂർ വരെയൊക്കെയാകും, അത്ര പതുക്കെ, ശ്രദ്ധയോടെയാണ് പുള്ളിക്കാരൻ വണ്ടി ഓടിക്കുക.

എന്റെ വാഹനക്രേസിന്റെ തുടക്കം ചെന്നൈയിൽ നിന്നാണ്. തലശേരിയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറുമ്പോൾ ഞാൻ ആറാം ക്ലാസിൽ പഠിക്കുകയാണ്. പുതിയ ഇടവുമായി പെട്ടെന്ന് ഇണങ്ങി. വളർന്നപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വലിയ സുഹൃദ് വലയമുണ്ടായി. ചങ്ങാതിമാരോടൊപ്പം ചേർന്നുള്ള അടിപൊളി യാത്രകളായിരുന്നു പിന്നീടങ്ങോട്ട്...


മാജിക്ക് മഷ്റൂം തേടി...!

ചെന്നൈയിലെ പഠനക്കാലത്ത് വീക്കെൻഡ് ട്രിപ് മിക്കവാറും പോണ്ടിച്ചേരിയിലേക്ക് ആയിരിക്കും. ഫ്രഞ്ച് ശേഷിപ്പുകളും, കടൽത്തീരവും, അവിടുത്തെ സ്ട്രീറ്റുകളും ഓറോവില്ലയും തുടങ്ങി ഫുൾ ടൈം എൻജോയ്മെന്റ് പാക്കേജാണ്. മാജിക്ക് മഷ്റൂം ഒക്കെ അന്ന് പ്രചാരത്തിലധികം എത്താത്തൊരു കാലമാണ്. ഹീറോയിസം കാണിക്കുന്ന പ്രായമാണല്ലോ! ഈ സംഭവം എന്താണെന്നോ അത് ഉപയോഗിച്ചാൽ എന്തു സംഭവിക്കുമെന്നോ ഒന്നും അറിയില്ല. പക്ഷേ, അന്ന് പേര് കൊണ്ടു ട്രെൻഡിങ് ആയി നിൽക്കുന്ന മാജിക്ക് മഷ്റൂം തേടി വലിയൊരു യാത്ര തന്നെ നടത്തി, വട്ടക്കനാലിലേക്ക്... ഒരു മലയുടെ മുകളിൽ കയറി, മാജിക്ക് മഷ്റൂം അന്വേഷിച്ച് കണ്ടെത്തി ഉപയോഗിച്ച രംഗങ്ങള്‍ ഒരു സിനിമ കാണും പോലെ ഇന്നും ഓർമയിലുണ്ട്.

goa 03

അക്കാലത്തെ മറ്റൊരു ഡെസ്റ്റിനേഷൻ ഗോവയായിരുന്നു. ഒപ്പം പഠിച്ചവരിൽ മൂന്നോ നാലോ പേർ ഗോവക്കാരായിരുന്നു. സ്ഥലം കാണുക എന്നതിലുപരി സുഹൃത്തുക്കളെ കാണാൻ പോകാനാണ് കൂടുതലും യാത്രകൾ നടത്തിയത്.സൗത്ത് ഗോവയായിരുന്നു ഞങ്ങളുടെ സ്ഥിരം ഇടം. പബ്ബും ബാറുകളും നോർത്ത് ഗോവയെ അപേഷിച്ച് കുറവാണ്. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കുക അവിടുത്തെ ഒരു വൈബ് ആസ്വദിക്കുക എന്നതാണ് ഗോവൻ യാത്രകളുടെ ലക്ഷ്യം. ഇന്ത്യയിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ ഞാൻ യാത്ര ചെയ്ത സ്ഥലമാണ് ഗോവ. പിന്നെ പോണ്ടിച്ചേരി, കൊടൈക്കനാൽ, ബെംഗളൂരു....


കശ്മീർ യാത്ര വിത് ഫാമിലി

dhyan 013

അർപ്പിത ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. പഠനക്കാലത്ത് തുടങ്ങിയ പ്രണയമാണ് ഞങ്ങളുടേത്. 2017 ൽ ആയിരുന്നു വിവാഹം. മകൾ ആരാധ്യ ജനിച്ച ശേഷം നടത്തിയ കുടുംബയാത്രകളിൽ ആദ്യം പറയേണ്ടത് ഈയടുത്ത് നടത്തിയ കശ്മീർ യാത്രയാണ്. കുളു– മണാലി, പഞ്ചാബ് ഒക്കെ സ്ഥിരമായി യാത്ര പോയിട്ടുണ്ടെങ്കിലും കശ്മീരിൽ അർപ്പിത പോയിട്ടുണ്ടായിരുന്നില്ല. മഞ്ഞുകാണുക എന്നൊരു ആഗ്രഹം അവൾ പറഞ്ഞപ്പോഴാണ് കശ്മീർ ഞങ്ങളുടെ വിഷ്‌ലിസ്റ്റിൽ ഇടം പിടിക്കുന്നതും പോയതും.

യൂടൂബിലും മറ്റു മാധ്യമങ്ങളിലുമൊക്കെ ട്രാവൽ വീഡിയോസ് ഒക്കെ വന്നുതുടങ്ങുന്നതിനും എത്രയോ വർഷം മുൻപ് സഫാരി, നാഷനൽ ജിയോഗ്രഫി, ടി എൽ സിയും തുടങ്ങി ടെലിവിഷനിലൂടെ സഞ്ചാരവും അതിനോടനുബന്ധ വിഷയങ്ങളും കൃത്യമായി ഫോളോ ചെയ്യാറുണ്ടായിരുന്നു ഞാൻ. അതുകൊണ്ട് വന്ന ഒരു പ്രശ്നമെന്തെന്നാൽ എവിടെയെങ്കിലും പോയി മനോഹരമായൊരു കാഴ്ച കണ്ടാൽ എനിക്ക് അരേവാാാഹ്... ഫീലിങ് വരാറേയില്ല. കാരണം ഞാൻ ടിവിയിലൂടെ ആ കാഴ്ച നിരവധി തവണ കണ്ടതാണ്. പിന്നെ നേരിട്ട് കാണുമ്പോൾ പുതുമയില്ല. ഗുൽമർഗിലെ പ്രധാന ആകർഷണമാണല്ലോ കേബിൾ കാർ. ആദ്യമായി കേബിൾ കാറിൽ കയറിയപ്പോൾ വലിയ എക്സൈറ്റ്മെന്റ് തോന്നിയില്ല. കാരണം ചാനലുകളിലൂടെ തുടരെ കണ്ട് അതിന്റെ ചരിത്രം, നിർമാണം തുടങ്ങി എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. മുൻപ് ഞാൻ ഇത് ആസ്വദിച്ചതാണല്ലോ എന്നാണ് തോന്നിയത്. ദേജാവൂ എന്നൊക്കെ നമ്മൾ പറയുന്ന സംഭവം തന്നെ. ഫയൽഗാവ്, സോനാമാർഗ്, കാർഗിൽ, ദ്രാസ് ആയിരുന്നു പിന്നീട് പോയ ഇടങ്ങൾ. കാശ്മീരിൽ പോയതിൽ ലാസ്റ്റ് ഡെസ്റ്റിനേഷനായിരുന്നു സോനാമാർഗ്. ഈ യാത്രയിൽ എന്നെ ഏറെ ആകർഷിച്ച ഇടമായിരുന്നു അത്.

dhyan 014ഇനി നോർത്ത് അമേരിക്ക

േസ്റ്റജ് ഷോകൾ ചെയ്യാനായി അച്ഛനു കിട്ടിയ അവസരങ്ങളിലൂടെയാണ് എന്റെ വിദേശയാത്രകളുടെ തുടക്കം. അങ്ങനെ ഓർമയിലുള്ള വലിയൊരു യാത്ര 1999ൽ നടത്തിയ യൂറോപ്യൻ ട്രിപാണ്. സിനിമാരംഗത്തുള്ള കുറേ അധികം ആർട്ടിസ്റ്റുകളും അവരുടെ മക്കളുമൊക്കെയായി രസകരമായൊരു യാത്രയായിരുന്നു അത്. ഓസ്ട്രിയ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്...തുടങ്ങി ഷെങ്കൻ വീസയിൽ പോകാവുന്ന മിക്ക രാജ്യങ്ങളിലും അന്ന് പോയി. ജർമനിയിലായിരുന്നു ആദ്യ ഷോ. അവിടുത്തെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലാണ് വിമാനമിറങ്ങിയത്. കൗതുകമുള്ളൊരു കാര്യമെന്തെന്നാൽ ഓരോ വീക്കെൻഡും ഓരോ രാജ്യത്തായിരിക്കും. വലിയൊരു വാനിൽ റോഡുമാർഗമാണ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കുള്ള ആ യാത്ര. ആദ്യമായി മഞ്ഞുകാണുന്നത് ഈ യാത്രയുടെ ഭാഗമായാണ്. യു.കെ, അറേബ്യൻ നാടുകൾ തുടങ്ങി വിദേശയാത്രകളുടെ ലിസ്റ്റ് നീണ്ടു.

ഏഷ്യൻ രാജ്യങ്ങളെല്ലാം ഏതാണ്ട് കണ്ടു. നോർത്ത് അമേരിക്കയും സ്വീഡനും ഫിൻലൻഡുമാണ് ഇനി പോകാൻ ആഗ്രഹിച്ചിരിക്കുന്നത്. കുറേയധികം കൂട്ടുകാരുണ്ട് നോർത്ത് അമേരിക്കയിൽ. ഷൂട്ടിങ്ങിന്റെയും മറ്റു ജീവിതത്തിരക്കുകളും കഴിയുമ്പോൾ പോകണം. ചരിത്രവും അത്തരം കാഴ്ചകളും ഏറെ ഇഷ്ടമാണ്. യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ ചരിത്രശേഷിപ്പുകളെ സംരക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ട്. മഹത്തായൊരു ചരിത്രം നമ്മുടെ രാജ്യത്തിനും ഉണ്ടെങ്കിലും അതിന്റെ അടയാളങ്ങൾ വേണ്ടവിധം സൂക്ഷിക്കാനും സംരക്ഷിക്കാനും നമ്മുടെ ഭരണസംവിധാനങ്ങൾ ശ്രമിക്കുന്നില്ല.

സന്തോഷം വരുമ്പോൾ കൂടുതലായി സന്തോഷിക്കുകയോ ദുഃഖം വരുമ്പോൾ വളരെയധികം ദുഃഖിക്കുകയോ ചെയ്യാറില്ല. ഇതേ പോളിസിയാണ് യാത്രകളുടെ കാര്യത്തിലും ഞാൻ പിന്തുടരുന്നത്. ഏതെങ്കിലും ഒരു കാഴ്ച കണ്ടാലോ അനുഭവം ഉണ്ടായാലോ അധികം എക്സൈറ്റ്മെന്റ് ഉണ്ടാകാറില്ല. ജീവിതത്തിലും കരിയറിലും അപ് ആൻഡ് ഡൗൺസ് വരുമ്പോൾ ‘ഇതൊക്കെ എന്ത്’ എന്ന ആറ്റിറ്റ്യൂടിൽ എടുക്കാൻ കഴിയുന്നതും അതുകൊണ്ടാണ്.


സ്ക്രീനിലെ ഞാനല്ല, ശരിക്കും ഞാൻ

dhyan 012

സിനിമ എനിക്ക് ഇഷ്ടമാണ്. പക്ഷേ, ചേട്ടന്റെ അത്ര പാഷനല്ല. അത്രയും ഡെഡിക്കേഷൻ കാണിക്കുക എന്നത് എനിക്ക് പറ്റാത്ത ‘പണി’യാണ്. കോവിഡ്ക്കാലത്ത് 34 സിനിമയാണ് കമ്മിറ്റ് ചെയ്തത്. അതിൽ 17 ചിത്രം ഏതാണ്ട് ഷൂട്ടിങ് തീർന്നു. പത്ത് സിനിമകള്‍ ഉടനെ റിലീസാണ്.

സിനിമയുടെ ഇടവേളയിൽ ഇനി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്ന അടുത്ത യാത്ര യൂറോപ്പിലേക്കാണ്. ഫ്രാൻസിലെ ആൽപ്സ് ഡി ഹ്യൂസിൽ വച്ച് മാർച്ച് 18 മുതൽ 25 വരെ ടുമാറോലാൻഡ് വിന്റർ ഫെസ്റ്റിവൽ നടക്കുന്നുണ്ട്. ഈ വിന്റർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പാണ് 2023 ൽ നടക്കുന്നത്. മഞ്ഞും മ്യൂസിക്കും സാഹസികതകളുമായി ആഘോഷിക്കുന്ന ആ പാർട്ടിയിൽ പങ്കെടുക്കണമെന്ന് കുറേക്കാലമായി ആഗ്രഹിച്ചതാണ്. എന്തായാലും ഇത്തവണ ടിക്കറ്റ് ബുക്ക് ചെയ്തു. ഈ ട്രിപ്പിനൊപ്പം യൂറോപ്പിലെ കുറച്ച് രാജ്യങ്ങൾ കൂടി സന്ദർശിക്കാൻ പദ്ധതിയുണ്ട്.

ലോകത്തിന്റെ ഏതു കോണിൽ പോയാലും എനിക്ക് പ്രിയം ഞാൻ ജനിച്ച് വളർന്ന എന്റെ നാട് തന്നെയാണ്. ഇവിടുത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം എന്തും ആയിക്കോട്ടെ ഞാൻ വിമർശിച്ചെന്ന് വരും. എന്നു കരുതി ഈ നാടിനെ ഒരിക്കലും തള്ളിപറയില്ല. വേരുകൾ അറ്റുപോകാതെ കാക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന മൂല്യം. അച്ഛൻ, അമ്മ കുടുംബം ഇതൊന്നും വിട്ട് മാറിനിൽക്കാൻ പറ്റില്ല, എത്രയൊക്കെ ഉയരങ്ങളിലെത്തിയാലും മാതാപിതാക്കളുടെ അവസാനക്കാലത്ത് അവരുടെ കൂടെ നിൽക്കണം. അതാണല്ലോ നമ്മളൊക്കെ പഠിച്ച് വളർന്ന നൈതികത.