‘വെനീസ്, വെറോണ, വാൾഗാഡേന എന്നിങ്ങനെ മൂന്നു സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള ഹണിമൂൺ യാത്രയിലാണ്. ശൈത്യക്കാലത്തിന്റെ വരവറിയിച്ച് നിൽക്കുന്നൊരു ഫെബ്രുവരി. വിവാഹം കഴിഞ്ഞ് വിശാലിന്റെ കൂടെ ജർമനിയിൽ താമസം തുടങ്ങിയിട്ട് ഏതാണ്ട് രണ്ടുമാസം ആകുന്നതേയുള്ളൂ. ജർമനിയിൽ നിന്ന് ഓസ്ട്രിയ വഴി ട്രെയിനിൽ വെനീസിലേക്ക് പോകാം എന്നായിരുന്നു പ്ലാനിങ്. ഓസ്ട്രിയയിലേക്ക് എത്തിയ ട്രെയിൻ ഒരുമണിക്കൂർ വൈകി ഓടിയതോടെ ഓസ്ട്രിയ– വെനീസ് ട്രെയിൻ ഞങ്ങൾക്ക് കിട്ടിയില്ല. ഇരുട്ടിന്റെ പുതപ്പിട്ട് മൂടി പ്രകൃതി ഉറങ്ങാൻ തുടങ്ങിയിരുന്നു. അന്നുരാത്രി ഇനി ട്രെയിൻ ഒന്നും തന്നെയില്ല. കുറേ അലഞ്ഞുനടന്നുള്ള അന്വേഷണത്തിനൊടുവിൽ ഇറ്റലിയിലെ ഉഡിനേ (Udine) വില്ലേജ് കടന്ന് പോകുന്ന ബസ്സിനെ കുറിച്ച് അറിഞ്ഞു. അവിടെ നിന്ന് വെനീസിലേക്ക് ലോക്കൽ ട്രെയിൻ കിട്ടും. ഓടിപിടിച്ച് ആ ബസ്സിൽ കയറിപ്പറ്റി. വിശപ്പും ദാഹവും ക്ഷീണവും കാരണം തളർന്നുറങ്ങി. ബസ്സ് അവസാന േസ്റ്റാപ്പിൽ നിർത്തി. വികസനത്തിന്റെ നിറപ്പകിട്ടില്ലാത്ത ഉഡിനേ ഗ്രാമം. അവിടെയുള്ളവർക്ക് ഇംഗ്ലീഷോ ജർമനോ സംസാരിക്കാൻ അറിയില്ല. ഞങ്ങൾക്ക് അവരുടെ ഭാഷയും. ഒടുവിലെങ്ങനെയോ ട്രെയിനിൽ കയറി, ലോക്കൽ ട്രെയിൻ ടിക്കറ്റ് ആയിരുന്നു കയ്യിൽ. അതുവച്ച് ആ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് ടിക്കറ്റ് ചെക്കർ തീർത്ത് പറഞ്ഞു. ആംഗ്യഭാഷയും ഇംഗ്ലീഷും ജർമനും കലർന്നൊരു മിശ്രഭാഷയിൽ അയാളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. പുതിയൊരു ടിക്കറ്റെടുത്ത് യാത്ര തുടർന്നു... മനോഹരമായൊരു സിനിമ കാണും പോലെ മനസ്സിന്റെ സ്ക്രീനിൽ തെളിയുന്നുണ്ട് ഒരുമിച്ചുള്ള ആ ആദ്യയാത്രയുടെ ഓർമകൾ. ഹണിമൂൺ യാത്ര ഇത്രമേൽ സാഹസികസഞ്ചാരമായി മാറിയ വേറെ ദമ്പതികളുണ്ടോ എന്ന കാര്യം സംശയമാണ്... ജർമനിയിൽ ഡോക്ടർമാരായ കപ്പിളാണ് രോഹിണി ശ്രീകുമാറും വിശാൽ രാജും. പതിെനാന്ന് രാജ്യങ്ങളിലൂടെ ഇവരൊരുമിച്ച് നടത്തിയ യാത്രകളുടെ മനോഹരമായ ഓർമകളിലൂടെ ഒരു പിൻനടത്തം.
പ്രണയ നഗരത്തിൽ
‘എറണാകുളമാണ് എന്റെ സ്വദേശം, വിശാലിന്റേത് ചേർത്തലയിലും. കോലഞ്ചേരി മെഡിക്കൽ കോളജിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. വിവാഹശേഷം പഠനത്തിനും ജോലിയ്ക്കുമായി ജർമനിയിലേക്ക് താമസം മാറി. ഞാൻ ജനറൽ സർജറിയിലാണ് പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്നത്. വിശാൽ അനസ്തേഷ്യയിലും. ഒപ്പം ജോലിയും യാത്രകളും ഒരുമിച്ച് മുന്നേറുന്നു. കുട്ടിക്കാലം തൊട്ട് അച്ഛനോടൊപ്പമുള്ള യാത്രകളാണ് എന്നെ സഞ്ചാരപ്രിയയാക്കി മാറ്റിയത്. വിശാൽ ഫൊട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. നല്ല ചിത്രങ്ങൾ തേടിയാണ് യാത്രകളുടെ തുടക്കം. ഹണിമൂൺ യാത്രയ്ക്ക് ശേഷം ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ചെക്ക് റിപബ്ലിക്, ഫ്രാൻസ്, ഹംഗറി, ഇറ്റലി, പോർച്ചുഗൽ,സ്പെയിൻ, ഗ്രീസ്, തുർക്കി... തുടങ്ങി പതിനൊന്ന് രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. വെനീസ് യാത്ര കഴിഞ്ഞ് വെറോണയിലേക്കാണ് പോയത്. ഹണിമൂൺ ട്രിപിന് പറ്റിയ ഇടമാണ് വെറോണ. കാരണം, ഷേക്സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ് ജനിച്ച് വളർന്ന് പ്രണയിച്ച് മരിച്ചതായി അടയാളപ്പെടുത്തുന്ന സിറ്റിയാണത്.
ഇഗ്ലൂവിനുള്ളിലെ രാത്രി
ഇതുവരെ പോയ ഇടങ്ങളിൽ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഇടം സ്വിറ്റ്സർലൻഡിന്റെ ഐക്കണിക് ലാൻഡ് മാർക്കായ മാറ്റർഹോണും സെർമറ്റ് താഴ്‌വരയുമാണ്. വാക്കുകളിൽ വർണിക്കാൻ പറ്റാത്തത്ര സുന്ദരമാണ് മാറ്റർഹോൺ കൊടുമുടി. വൃത്തിയുടെ പര്യായം എന്നു വേണമെങ്കിൽ വിളിക്കാവുന്ന ഇടം. ഒരു രീതിയിലുള്ള മലിനീകരണവും കൊണ്ട് മങ്ങലേൽക്കാൻ അനുവദിക്കാതെ ഇവിടം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനത്തിലാണ് സെർമറ്റിലേക്ക് എത്തുന്നത്. ഹൈക്കിങ് ഇഷ്ടമുള്ളവർക്ക് അതിനുള്ള അവസരവുമുണ്ട്. അവിടെ നിന്ന് മാറ്റർഹോണിന്റെ നല്ലൊരു വ്യൂ കിട്ടുന്നിടത്ത് എത്താൻ ഗോർണർഗ്രാട്ട് എന്നൊരു ട്രെയിൻ സംവിധാനം ഉണ്ട്.
അവിടുത്തെ മറക്കാനാവാത്ത ഒരു അനുഭവം ഇഗ്ലൂവിൽ താമസിക്കാൻ അവസരം കിട്ടിയെന്നതാണ്. നോർവെ അല്ലെങ്കിൽ ഫിൻലൻഡിൽ കണ്ടുവരുന്ന ഗ്ലാസ് ഇഗ്ലൂസ് ആയിരുന്നില്ല സെർമറ്റിലേത്. പൂർണമായും മഞ്ഞുകൊണ്ട് നിർമിച്ചതായിരുന്നു. ശൈത്യകാലത്ത് ഇവിടം സന്ദർശിക്കുന്നവർക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണിത്. ഫോൺഡു എന്നൊരു തദ്ദേശീയ വിഭവം അവിടെ നിന്ന് കഴിക്കാൻ അവസരം കിട്ടി.
ബലൂൺകൾക്കൊപ്പം പറന്ന് പറന്ന്
മാജിക്കൽ മൊമന്റ് ആയി തോന്നിയ ഇടം തുർക്കിയിലെ കപ്പഡോഷ്യയാണ്. ഹോട്ട് എയർ ബലൂണുകൾക്ക് പേരുകേട്ട ഇടമാണ് കപ്പഡോഷ്യ. മലതുരന്ന് വീടുകളും മറ്റ് കെട്ടിടങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കും. സ്വിറ്റ്സർലൻഡിലേതു പോലെ സുഖമുള്ള കാലാവസ്ഥയല്ല ഇവിടെ, പൊടിയും ചൂടും നിറഞ്ഞ അന്തരീക്ഷമാണ്. എങ്കിലും ആകാശത്തിലൂടെ നൂറുക്കണക്കിന് വർണബലൂണുകൾ പാറിപ്പറക്കുന്ന കാഴ്ച വിസ്മയിപ്പിക്കും. ഹോട്ട് എയർ ബലൂണിൽ കയറി നിന്നുള്ള കാഴ്ചകളേക്കാൻ ഭംഗി താഴെ നിന്ന് ബലൂണുകൾ ആകാശത്ത് പാറിപ്പറക്കുന്ന കാഴ്ചയാണെന്നാണ് എന്റെ പക്ഷം. ആ അനുഭവത്തെ മാജിക്കൽ എന്നല്ലാതെ വിശേഷിപ്പിക്കാൻ പറ്റില്ല.
സ്ലോ ട്രാവൽ ചെയ്യാനുള്ള അവസരം ഞങ്ങൾക്കില്ല. 24 മണിക്കൂറും നീളുന്ന ജോലിയാണ്. അധിക ഡ്യൂട്ടിയെടുത്തും അവധികിട്ടുന്ന ദിനങ്ങളിലും പ്ലാൻ ചെയ്ത് കണ്ടെത്തുന്ന ചെറിയ കാലയളവിലാണ് ഞങ്ങൾ ട്രിപ് പ്ലാൻ ചെയ്യുന്നത്. സീസൺ, സമയം, ചെലവ് തുടങ്ങിയവയെല്ലാം ചേർത്താണ് യാത്ര പോകുന്ന സ്ഥലം തീരുമാനിക്കുന്നത്. ജർമനിയിലെ വർക്ക് കൾചർ അനുസരിച്ച് അടുത്ത വർഷത്തെ വെക്കേഷൻ ദിനങ്ങൾ നേരത്തെ സ്ഥാപനത്തെ അറിയിക്കണം. അതുതന്നെ വലിയൊരു പ്ലാനിങ്ങാണ്. ഒരു സ്ഥലത്ത് പോയാൽ അവിടെ കാണാൻ ഉള്ളതെല്ലാം കണ്ടുതീർത്ത് വരണം എന്നൊന്നില്ല. പോകുന്ന ഇടം പരമാവധി ആസ്വദിക്കുകയാണ് ഞങ്ങളുടെ ട്രാവൽ പോളിസി. വിവിധരീതിയിൽ ഗവേഷണം നടത്തി യാത്ര പ്ലാൻ ഉണ്ടാക്കാനുള്ള ക്ഷമ വിശാലിനില്ലാത്തതിനാൽ പ്ലാനിങ്ങിന്റെ ഫുൾ ഉത്തരവാദിത്തം എനിക്കാണ്.
യാത്ര സ്വപ്നം കണ്ടുനടക്കുന്നതുകൊണ്ട് ഞങ്ങൾക്ക് വലിയൊരു ബക്കറ്റ് ലിസ്റ്റ് തന്നെയുണ്ട്. അതിൽ ഞങ്ങൾ രണ്ടുപേരും ഒരു പോലെ പോകാൻ കൊതിക്കുന്നത് നോർത്തേൺ ലൈറ്റ്സ് കാണാനാണ്. പിന്നെ ന്യൂയോർക്ക്. ഭൂമി ഇങ്ങനെ വിശാലമായി കിടക്കുകയല്ലേ. ഓരോ രാജ്യങ്ങളായി പിന്നിട്ട് പിന്നിട്ട് മരിക്കും മുൻപേ ഈ ലോകം മുഴുവൻ ഒരുമിച്ച് കണ്ടുതീർക്കണം