ADVERTISEMENT

തനിക്കു മുൻപിൽ തടസം സൃഷ്ടിച്ച മലയെ പിളർന്നു മാറ്റിയ അദ്ഭുത മനുഷ്യരെപ്പറ്റി നാടോടിക്കഥകളിൽ കേട്ടിട്ടുണ്ടാകും... എന്നാൽ അതു പോലെ തന്റെ ജീവിതം സമർപ്പിച്ച് മല തുരന്ന ഒരു മനുഷ്യൻ നമ്മുടെ രാജ്യത്തുണ്ടായിരുന്നു – ദശരഥ് മാംഝി. രണ്ടു വർഷം മുൻപ് ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ ബൈക്ക് പര്യടനത്തിനിടെയാണ് ‘മൗണ്ടൻ മാൻ ഓഫ് ഇന്ത്യ’ മാംഝിയുടെ ഗ്രാമത്തിൽ എത്തിയത്.

mountainman2-JPG

ബീഹാറിലെ നളന്ദയിൽ നിന്ന് 40 കിലോ മീറ്റർ ദൂരെ ഗഹലൂർ ഗ്രാമത്തിലാണ് ദശരഥ് മാംഝി എന്ന കർഷകൻ ജീവിച്ചത്. നിഷ്ഠുരമായ ജാതി വ്യവസ്ഥകൾ നിലനിന്നിരുന്ന ഗ്രാമത്തിൽ പിന്നോക്ക ജാതിക്കാരായ തൊഴിലാളികളെ ജന്മിമാർ അടിമകളായി കണക്കാക്കിയിരുന്ന കാലം. ഗഹലൂരിലെ ഗ്രാമീണർക്ക് തൊട്ടടുത്തുള്ള പട്ടണത്തിൽ എത്തണമെങ്കിൽ ഒരു മല ചുറ്റി 50 കിലോ മീറ്റർ സഞ്ചരിക്കണം.

mountainman3-JPG
ADVERTISEMENT

1960 കളിൽ ഒരു നാൾ പാടത്ത് പണിക്കുപോയ മാംഝിക്ക് ഉച്ചഭക്ഷണവുമായി വന്ന പത്നി ഫാൽഗുനി ദേവി മലയിൽ നിന്നു വീണു. ഗർഭിണിയായിരുന്ന അവർക്കു സാരമായ പരിക്കേറ്റു. ഫാൽഗുനി ദേവിയെ തോളിലേറ്റി ദശരഥ് മാംഝി മല ചുറ്റി സഞ്ചരിച്ച് ആശുപത്രിയിൽ എത്തിയപ്പോഴേക്ക് അൽപം വൈകി. കുട്ടിയെ രക്ഷിക്കാനായി എങ്കിലും ഫാൽഗുനിയുടെ ജീവൻ നഷ്ടപ്പെട്ടു.

mountainman5-JPG

ഗഹലൂർ ഗ്രാമത്തിൽ ഇനിയൊരാൾക്കു കൂടി ഈ ദുർവിധി ഉണ്ടാകരുത് എന്ന ചിന്തയിൽ മല തുരന്ന് വഴി വെട്ടാൻ ദശരഥ് മാംഝി നിശ്ചയിച്ചു. ഉളിയും ചുറ്റികയുമെടുത്ത് ഒറ്റയ്ക്കു വഴിപ്പണി തുടങ്ങിയ മാംഝിയെ പലരും ഭ്രാന്തനെന്നു വിളിച്ചു പരിഹസിച്ചു. കൊടിയ വേനലിൽ ജലക്ഷാമം രൂക്ഷമായി ഒട്ടുമിക്ക ആൾക്കാരും ഗ്രാമം വിട്ടു പോയപ്പോഴും മാംഝി തന്റെ ജോലി തുടർന്നു. 1975 ൽ ഗയയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളനത്തിൽ സ്‌റ്റേജിന്റെ കാല് ഒടിഞ്ഞ സംഭവമുണ്ടായി. അവിടെയുണ്ടായിരുന്ന മാംഝിയൂൾപ്പെടെ ഏതാനും ഗ്രാമീണർ തങ്ങളുടെ ചുമലിൽ സ്‌റ്റേജ് താങ്ങി നിന്നാണ് യോഗം പൂർത്തിയാക്കിയത്. യോഗാവസാനം സംഭവമറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ ഗ്രാമീണരുമായി സംസാരിക്കുമ്പോൾ ദശരഥ് മാംഝി താൻ നിർമിക്കുന്ന മലമ്പാതയുടെ കാര്യം പങ്കു വെച്ചു. അങ്ങനെയാണ് ഈ അധ്വാനം പുറം ലോകം അറിയുന്നത്.

mountainman4-JPG
ADVERTISEMENT

1982 ൽ ദശരഥ് മാംഝിയുടെ പ്രയത്നം പൂർത്തിയായി. ഗഹലൂരിൽ നിന്ന് തൊട്ടടുത്ത പട്ടണത്തിലേക്കുള്ള ദൂരം 50 കിലോ മീറ്ററിൽ നിന്ന് 15 കിലോ മീറ്ററായി കുറഞ്ഞു. 2007 ൽ മാംഝി നിര്യാതനായി. ഗഹലൂരിലെ ഘിവ്റ മൗജിനെ വസീർ ഗഞ്ജിലെ അടാർ പ്രഖണ്ഡുമായി ബന്ധിപ്പിക്കുന്ന മലമ്പാത ഇപ്പോൾ തുടക്കത്തിൽ മാംഝി കവാടത്തോടുകൂടിയ ടാർ ചെയ്ത മനോഹരമായ റോഡാണ്. ആദ്യം പരിഹസിച്ച ഗ്രാമീണർ മാത്രമല്ല ലോകം മുഴുവൻ ഈ കഠിന പ്രയത്നത്തെ അംഗീകരിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾ പർവത മനുഷ്യനെ തേടിയെത്തി. 2007ൽ മാംഝിയുടെ മരണശേഷം ഗഹലൂർ ദശരഥ് മാംഝി ഗാവ് എന്ന് പുനർനാമകരണം ചെയ്തു. കന്നഡയിലും ഹിന്ദിയിലും ഈ മാതൃകാ ജീവിതത്തെ അടിസ്ഥാനമാക്കി ചലച്ചിത്രങ്ങളും ഉണ്ടായി.

ADVERTISEMENT
ADVERTISEMENT