എവിടെ നിന്നോ കാറ്റിൽ പറന്നുവന്ന കുമിളകൾ ഒരു മലമുകളിൽ പലഭാഗത്തായി വീണുകിടക്കുന്ന പോലെ... അതിനുള്ളിൽ ആഢംബര സൗകര്യങ്ങളോടെ ഉറങ്ങാം. മഞ്ഞും മഴയും ആസ്വദിക്കാം, രാത്രി, നിലാവിൽ കുളിക്കാം. ആകാശം കണ്ട് കിടക്കുമ്പോൾ നക്ഷത്രങ്ങളോട് കിന്നാരം പറയാം... ഈ മാസ്മരിക അനുഭവം തേടിയാണ് പൂപ്പാറയിൽ നിന്ന് എട്ടുകിലോമീറ്റർ അകലെ ചുണ്ടലിലെ മലമുകളിൽ സ്ഥിതി ചെയ്യുന്ന ഗ്ലാംപിങ് സ്പോട്ടായ ലക്സ് ഗ്ലാപിലെത്തുന്നത്. ആഡംബരസൗകര്യങ്ങളോടു കൂടിയ ക്യാംപിങ് അഥവാ ഗ്ലാമറസ് ക്യാംപിങ്ങാണ് ഗ്ലാംപിങ് എന്നു പറയുന്നത്. സൗത്തിന്ത്യയിലെ തന്നെ ആദ്യത്തെ ബബിൾ ഗ്ലാംപിങ് സ്പോട്ടാണ് പൂപ്പാറയിലെ ലക്സ് ഗ്ലാംപ് എന്നാണ് ഉടമസ്ഥർ അവകാശപ്പെടുന്നത്. ആറു ബബിളുകളിലായി സഞ്ചാരികളുടെ സ്വകാര്യത പൂർണമായും ഉറപ്പുവരുത്തും രീതിയിലാണ് ഈ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തെത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ ലക്സ് ഗ്ലാംപിങ് കവാടം തുറക്കപ്പെടും. മറ്റേതോ ലോകത്തെത്തിയ അനുഭൂതി. പച്ചപ്പിനു നടുവിൽ മനോഹരമായി അലങ്കരിച്ച ബബിൾ റൂമിനുള്ളില്‍ നിന്നുള്ള അവിസ്മരണീയ കാഴ്ച അസ്തമയമാണ്. അങ്ങ് ആകാശത്ത് സൂര്യൻ ചുവപ്പുപടർത്തുമ്പോൾ താഴെ ആനയിറങ്കൽ ഡാമിൽ ആ കിരണങ്ങൾ പ്രതിഫലിക്കും. അസ്തമയം കഴിഞ്ഞാൽ കുമിളകൾക്കുമേൽ പ്രകൃതി ഇരുട്ടിന്റെ പുതപ്പ് വീഴ്ത്തും. ആകാശത്ത് കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ നോക്കി പ്രിയപ്പെട്ടവരോടൊപ്പം വർത്തമാനം പറഞ്ഞിരിക്കാം. മഴ ആണെങ്കിൽ അതിന്റെ പൂർണ ഭംഗിയിൽ ആസ്വദിക്കാം. വാക്കുകൾക്ക് അതീതമായ അനുഭവമാണത്.
പ്രകൃതിയെ മുറിവേൽപ്പിക്കാതെ...
കവാടം കടന്നാൽ കുത്തനെയുള്ള കയറ്റമാണ്. വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കും വിധം കോൺക്രീറ്റ് ചെയ്ത വഴി മാത്രമാണ് ലക്സ് ഗ്ലാംപ് നിലനിൽക്കുന്ന എേസ്റ്ററ്റിൽ ചെയ്ത ഏക മാറ്റം. ആ കയറ്റം ചെന്നുനിൽക്കുന്നത് പാർക്കിങ് ഏരിയയിലേക്കാണ്. അവിടെ നിന്ന് മുകളിലേക്ക് നടന്നുകയറണം. ഏലത്തോട്ടങ്ങളും മരങ്ങളും ചെടികളും നിറഞ്ഞ പ്രദേശവും, കാൽ പതിഞ്ഞുണ്ടായ നടവഴികളുമെല്ലാം ‘കോൺക്രീറ്റ് മേക്കപ്പി’ല്ലാതെ അതുപോലെ തന്നെ കാത്തുസൂക്ഷിക്കുന്നു. പൂർണമായും ഇക്കോ ഫ്രണ്ട്‌ലി ഗ്ലാംപിങ് സ്പോട്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആറു ബബിള്‍ ടെന്റുകളാണ് ലക്സ് ഗ്ലാംപിലുള്ളത്. ഓരോ ബബിളുകളും പരസ്പരം കാണാത്തവിധം സ്വകാര്യത ഉറപ്പാക്കിയാണ് നിർമാണം. തൃശൂർ സ്വദേശി ആന്റണി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് പൂപ്പാറയിലെ ലക്സ് ഗ്ലാംപ്.
‘മലയാളികൾക്ക് ക്യാംപിങ് പരിചിതമെങ്കിലും ഗ്ലാംപിങ്ങിനെ കുറിച്ച് അറിയാമോ എന്ന ചിന്തയാണ് ഈ സംരംഭത്തിന് പിന്നില്‍. ദുബായിൽ ബിസിനസ്സാണ് എനിക്ക്. വിദേശരാജ്യങ്ങളിലൂടെ ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട്. അവിടങ്ങളിലൊക്കെ സർവസാധാരണമാണ് ഗ്ലാംപിങ്. പ്രകൃതിയെ ഒരു തരത്തിലും മുറിവേൽപ്പിക്കാതെ സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുക എന്ന ആശയം മനസ്സിലുദിച്ചപ്പോൾ അതിനു പറ്റിയ സ്ഥലം അന്വേഷിച്ച് കുറേ അലഞ്ഞു. അങ്ങനെ അവിചാരിതമാണ് ഈ മൂന്നേക്കർ വാങ്ങുന്നത്. ഏലകൃഷിയാണ് ഇവിടെ പ്രധാനം. ചുറ്റും കാവൽ നിൽക്കുന്ന മലനിരകൾ, ഓരോ മിനിട്ടിലും മുഖം മാറുന്ന പ്രകൃതി, ആനയിറങ്കൽ ഡാമിന്റെ ഭംഗി, മനോഹരമായ സൂര്യാസ്തമയം തുടങ്ങി മനസ്സിൽ ഉദ്ദേശിച്ച പോലെ ഒരു ഇടം. ചൈനയിൽ നിന്നാണ് ബബിൾ ടെന്റ് കൊണ്ടുവന്നത്. വായുമർദ്ദം നിയന്ത്രിച്ചാണ് അതിന്റെ പ്രവർത്തനം. അഞ്ചുമാസം സമയമെടുത്താണ് മരത്തടികൊണ്ട് പ്ലാറ്റ്ഫോം കെട്ടി ബബിൾ ടെന്റ് തയാറാക്കിയെടുത്തത്. ടെന്റ് പോലെ തന്നെ എപ്പോൾ വേണമെങ്കിലും ഇവ ഊരിമാറ്റാം.
വീട്ടിലെ എല്ലാ സൗകര്യവുമുള്ള ഒരു മുറിയിൽ നിന്ന് അത്രതന്നെ സൗകര്യമുള്ള ഏതെങ്കിലും റിസോർട്ടിന്റെ നാലുചുവരുകളിലേക്ക് മാറി താമസിക്കുക എന്ന പതിവ് ശൈലിയിൽ നിന്ന് ഒരു മാറ്റം. അങ്ങനെ തീർത്തും വിഭിന്നമായൊരു അനുഭവമാണ് ലക്സ്ഗ്ലാംപ് സഞ്ചാരികൾക്ക് നൽകുന്നത്’, ആന്റണി പറഞ്ഞു.
ബബിൾ ടെന്റിനുള്ളിലെ സായാഹ്നം
അസ്തമയച്ചായം കൊളുക്കുമലയ്ക്കു താഴെ ചിത്രപ്പണി നടത്തിത്തുടങ്ങി. കാടിന്റെ സ്വച്ഛതയിൽ തടാകം ഉറങ്ങിക്കിടക്കുന്ന പോലെ. കാപെല്ല, വേഗ, റിഗെൽ, പൊലാരിസ്, കനോപസ്, സിരിയസ് തുടങ്ങി ഓരോ ബബിൾ ടെന്റിനും പേരുകളുണ്ട്. ഈ പേരുകളെല്ലാം ആകാശത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടേതാണ്. ബബിൾ ടെന്റിനുള്ളിലെ ഏറ്റവും സുന്ദര അനുഭവം ആകാശത്തെ നക്ഷത്രത്തെ കണ്ടുകിടക്കാമെന്നതാണല്ലോ. അതാണത്രേ പേരുകളിലും ആ നക്ഷത്രത്തിളക്കം. കൊളുക്കുമല ട്രെക്കിങ്, ഹണിഹണ്ടിങ്, വില്ലേജ് വിസിറ്റ് തുടങ്ങി സഞ്ചാരികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ലക്സ്ഗ്ലാംപിൽ എക്സ്ട്രാ ആക്ടിവിറ്റികളുണ്ട്.
സായാഹ്നസൂര്യനെ മറച്ചുകൊണ്ട് പെട്ടെന്നാണ് ചാറ്റൽ മഴ തുടങ്ങിയത്. ആനയിറങ്കൽ ഡാമിന്റെ ഭാഗമായ തടാകത്തിൽ മഴ തുള്ളിത്തൂവുന്ന വിദൂരകാഴ്ച ബബിൾ ടെന്റിനുള്ളിലിരുന്ന് ആസ്വദിച്ചു. പെട്ടെന്ന്, ആകാശത്തിൽ നിന്ന് മേഘങ്ങൾ മണ്ണിലേക്ക് ഇറങ്ങിവന്നപോലെ മൂടൽമഞ്ഞ് ആ പ്രദേശമാകെ മൂടി. ഇരുട്ടിന്റെ പുതപ്പിനുള്ളിൽ ആകാശത്തിനുതാഴെ പ്രകൃതിയുടെ മടിത്തട്ടിൽ ഇനി സുഖനിദ്ര.