Thursday 30 December 2021 03:43 PM IST : By സ്വന്തം ലേഖകൻ

പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യക്കാർക്ക് കാലുകുത്താനൊരിടം, കർത്താർപൂർ ഇടനാഴിയിലെ സൗഹൃദവും കാഴ്ചകളും...

kartarpur-1

ഇന്ത്യക്കാർക്ക് പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള ഏക അവസരമാണ് കർത്താർപൂർ ഇടനാഴി. ചരിത്രവും അതിർത്തിയും വിദ്വേഷവും പകയുമെല്ലാം വിശ്വാസത്തിനു മുന്നിൽ വഴി മാറിക്കൊടുത്ത ഇടം. പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയുണ്ട്, ദർബാർ സാഹിബ്. ഇന്ത്യയിലെ സിഖ് മതക്കാരുടെ പുണ്യസ്ഥലമായ ഗുരുദാസ്പൂരിലും ദേരാ ബാബാ നാനക് എന്നൊരു ഗുരുദ്വാരയുമുണ്ട്. ഈ രണ്ട് ഗുരുദ്വാരകളും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം ലഭ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നീണ്ടുനിൽക്കുന്ന നാല് കിലോമീറ്റർ നീണ്ട തീർഥാടനപാത. പണ്ട് ഇന്ത്യയിലെ സിഖുകാർ പഞ്ചാബിലെ ദേരാ ബാബാ നാനക് ഗുരുദ്വാരയിൽ നിന്ന് ദൂരദർശിനി വച്ചായിരുന്നു നാല് കിലോമീറ്റർ അകലെ പാകിസ്ഥാന്റെ മണ്ണിലുള്ള ഗുരുനാനാക്കിന്റെ സമാധിസ്ഥലം കണ്ടിരുന്നത്.

kartarpur-2

ഇന്ന് ഏതൊരു ഇന്ത്യക്കാരനും പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള അവസരമാണ് ഈ സൗഹൃദ ഇടനാഴി ഒരുക്കുന്നത്. കർത്താർപൂർ യാത്രയ്ക്ക് മുൻകൂട്ടി അപേക്ഷിക്കണം. പാസ്പോർട്ട് വേണം. പക്ഷേ വീസ എന്റർ ചെയ്യില്ല. എൻട്രി ഫീ അടയ്ക്കുമ്പോൾ ലഭിക്കുന്ന എൻട്രിപാസിൽ സീൽ വയ്ക്കും. ഇന്ത്യ പാക് അതിർത്തി വിട്ട് അഞ്ച് കിലോമീറ്റർ ദൂരം പോകാൻ മാത്രമേ അനുവാദമുള്ളൂ. അതിർത്തി വിട്ടാൽ പിന്നെ ബഗ്ഗിയിൽ കയറി വേണം അകത്തുകടക്കാൻ. ചുറ്റും മൂടൽമഞ്ഞാണ്. തൊട്ടുമുന്നിലുള്ളതു പോലും കാണാൻ കഴിയാത്ത അവസ്ഥ. 20 US ഡോളറാണ് പ്രവേശന ഫീസ്. മണി എക്സ്ചേഞ്ച് ഓഫിസിൽ നിന്ന് കറൻസി മാറ്റി വാങ്ങാം. ദർബാർ സാഹിബ് ഗുരുദ്വാരയ്ക്ക് അടുത്തുള്ള മാർക്കറ്റിൽ നിന്നും ചെറിയ ഷോപ്പിങ് നടത്താം. ഇന്ത്യൻ കറൻസി എടുക്കില്ല. പാകിസ്ഥാൻ കറൻസി മാത്രം. നമ്മുടെ നാട്ടിലെ ഉദ്ഘാടനഫലകം ഇല്ലേ, അതുപോലെ കത്തിയുടെ ആകൃതിയിലുള്ള ഒരു ഫലകമാണ് ആദ്യകാഴ്ച. അതിൽ കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന വിവരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഗുരുദ്വാരയിൽ പ്രവേശിക്കും മുൻപ് തല തുണി വച്ച് മറയ്ക്കണം. നമ്മൾ ശബരിമല പോകുമ്പോൾ പമ്പയിൽ കുളിക്കും പോലെ ഇവിടെ കുളിക്കാൻ ‘സരോവർ ’ എന്ന പേരിലൊരു കുളമുണ്ട്. എല്ലാ ഗുരുധ്വാരകളിലെയും പോലെ അന്നദാനമുണ്ട്. ഗുരുദ്വാര തകർക്കാനായി ഇന്ത്യൻ ആർമി ഇട്ടതെന്ന് കരുതപ്പെടുന്ന ബോംബ് ഒരു സ്ഫടിക പാത്രത്തിൽ ഈ പുണ്യസ്ഥലത്തിന്റെ അദ്ഭുതപ്രതീകമായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം, ബായ് അജീതാ ജീ ബസാർ എന്ന മാർക്കറ്റുമാണ് മറ്റു കാഴ്ചകൾ.

kartarpur-3
Tags:
  • Manorama Traveller