Saturday 08 January 2022 02:54 PM IST : By സ്വന്തം ലേഖകൻ

ദൈവങ്ങളുടെ ദ്വീപ്:ഇറ്റ്സുകുഷിമ

jp1

ജപ്പാനിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി 17–ാം നൂറ്റാണ്ടിൽത്തന്നെ സഞ്ചാരികളുടെ പട്ടികയിൽ ഇടംപിടിച്ച ദ്വീപാണ് ഇറ്റ്സുകുഷിമ. എന്നാൽ ഈ പേര് ഒരുപക്ഷേ, അധികം കേട്ടിരിക്കാനിടയില്ല. മിയാജിമാ ദ്വീപ് എന്ന വിളിപ്പേരിലാണ് ഈ സ്ഥലത്തിനു കൂടുതൽ പ്രശസ്തി. ഹിരോഷിമ നഗരത്തിനു സമീപം ജപ്പാൻ ഉൾകടലിൽ, മലനിരകളുടെയും വനത്തിന്റെയും പശ്ചാത്തലഭംഗിയിൽ ശോഭിക്കുന്ന ദ്വീപിനു സമീപം കടലിൽ ഉയർന്നു നിൽക്കുന്ന അരുണ വർണത്തിലുള്ള കവാടങ്ങളും കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ക്ഷേത്രവും സഞ്ചാരികൾക്കു കൗതുക കാഴ്ചയാണ്.

ഫ്ലോട്ടിങ് ടെംപിളിന്റെ ദ്വീപ്

ജപ്പാനിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ ഇറ്റ്സുകുഷിമ ക്ഷേത്രം അഥവാ ഫ്ലോട്ടിങ് ടെംപിൾ മിയാജിമാ ദ്വീപിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിലെ ആരാധനകൾക്ക്. കടലിൽ ഉറപ്പിച്ച തൂണുകളിലാണ് നീണ്ട വരാന്തകളും ഹാളുകളുമായി വിശാലമായ ക്ഷേത്രം. ക്ഷേത്രസന്ദർശനത്തിന് എത്തുന്നവരുടെ പാദങ്ങൾ ഈ ദ്വീപിൽ പതിയുന്നത് ഒഴിവാക്കാനാണത്രേ തടിപ്പാലങ്ങളിൽ കടലിലേക്ക് ഇറക്കി ക്ഷേത്രം നിർമിച്ചത്. എഡി 593ൽ ആണ് ഇവിടെ ആദ്യം ക്ഷേത്രം നിർമിച്ചതെന്നു കരുതുന്നു. ഇപ്പോഴുള്ള നിർമിതി 1168ൽ നവീകരിച്ചതാണ്.

jp3

ഹിരോഷിമയിലെ കടവിൽനിന്നു ബോട്ടിൽ ദ്വീപിലേക്കു സഞ്ചരിക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുന്നത് ഫ്ലോട്ടിങ് ടോറി ഗേറ്റ് ആണ്. വേലിയേറ്റ സമയത്ത് കടലിൽ പൊങ്ങിക്കിടക്കുന്നതായി കാണപ്പെടുന്ന ഈ കവാടത്തിന്റെ നിർമാണ രഹസ്യം അറിയണമെങ്കിൽ വേലിയിറക്കസമയത്ത് ചെല്ലണം. ആ സമയത്ത് കവാടങ്ങളുടെ കാലുകൾ സമുദ്രതീരത്ത് ഉറപ്പിച്ചിരിക്കുന്നതു വ്യക്തമായി കാണാം. ടോറി ഗേറ്റിലൂടെ സൂര്യാസ്തമയം കാണുന്നതാണ് സഞ്ചാരികൾക്കു പ്രിയം.

സെൻജോകകു ടെംപിൾ

മിയാജിമ ദ്വീപിൽ തടികൊണ്ടു നിർമിച്ച ഒരു ക്ഷേത്രമാണിത്. 1000 തതാമി പായ വിരിക്കാൻ പാകത്തിൽ വിശാലമായ ഹാൾ ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. 1587 ൽ നിർമിച്ച ഈ ഹാൾ ഈ ടെംപിളിലെ പ്രധാന ഹാളാണ്. സെൻജോകകു ടെംപിളിന്റെ നിർമാണം അവസാനഘട്ടം പൂർത്തിയാകാതെ നിലച്ചുപോയതാണ് എന്നു കരുതുന്നു. ഈ ക്ഷേത്രത്തിനു സമീപം 1407ൽ നിർമിച്ച അഞ്ചുനില പഗോഡയും കാണാം. മൈസൺ മലനിരകളുടെ താഴ്‌വരയിലെ ദായിഷോ ഇൻ ടെംപിൾ ഉൾപ്പടെ ഏതാനും പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ഈ ദ്വീപിൽ കാണാൻ സാധിക്കും

jp2

മുട്ടിയുരുമ്മി മാനുകൾ

കാട്ടുമൃഗങ്ങളിൽ ഏറ്റവും സാധുക്കൾ എന്നു വിശേഷിപ്പിക്കുന്ന മാനുകളെ ഇവിടെ ഒട്ടേറെ കാണാം. ഒരു ഡിയർ പാർക്ക് തന്നെ ഈ ദ്വീപിൽ ഒരുക്കിയിട്ടുണ്ട്. പൊതുവെ സഞ്ചാരികളോടു സൗഹൃദത്തോടെ മുട്ടിയുരുമ്മി നിന്നു ഫോട്ടോ എടുക്കാൻ സമ്മതിക്കുന്ന മാനുകൾ ഈ ദ്വീപിന്റെ ഒരു പ്രത്യേക ആകർഷണമാണ്.

jp5

ദ്വീപിന്റെ സ്വാഭാവിക പ്രകൃതിഭംഗിക്ക് തിലകം ചാർത്തുന്ന മെസൺ മലനിരകളാണ് സഞ്ചാരികൾക്കു കൗതുകമാകുന്ന മറ്റൊരു ഡെസ്റ്റിനേഷൻ. താഴ്‌വരയിൽ നൂറുകണക്കിനു മേപ്പിൾ മരങ്ങൾ തണൽ വിരിക്കുന്ന മേപ്പിൾ പാർക്കും മലമുകളിലേക്കുള്ള കേബിൾ കാറും ട്രെക്കിങ് വഴികളും സഞ്ചാരികളുടെ തിരക്ക് വർധിപ്പിക്കുന്നു.

ജനനവുമില്ല മരണവുമില്ല ഇവിടെ

jp4

നാമമാത്രമായ ജനവാസം മാത്രമുള്ള മിയാജിമാ ദ്വീപിൽ പൂർണഗർഭിണികളെയും ഏറെ പ്രായമായവരെയും കാണാൻ സാധിക്കില്ല. ഈ രണ്ടു കൂട്ടരും ഇവിടെനിന്നു മറ്റേതെങ്കിലും ദ്വീപുകളിലേക്കു മാറിനിൽക്കുകയാണ് പതിവ്. കാരണം ഷിന്റോ ദൈവത്തിന്റെ മൂന്നു പുത്രിമാർക്കു സമർപ്പിച്ചിരിക്കുന്ന ഇറ്റ്സുകുഷിമ ക്ഷേത്രത്തിനു സമീപം ജനനമോ മരണമോ ശുഭകരമല്ല എന്നാണ് ജപ്പാൻകാർ വിശ്വസിക്കുന്നത്. ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഒരുമിച്ചു ചേർന്ന് 24 മണിക്കൂർ ചെലവഴിക്കാൻ ഒരു ദ്വീപ്, അതാണ് ദൈവങ്ങളുടെ ഈ ഭൂമി.

Tags:
  • Manorama Traveller